ജാലകം നിത്യജീവൻ: ജീവനും മരണവും

nithyajeevan

nithyajeevan

Friday, July 29, 2011

ജീവനും മരണവും

ഈശോ  ജനക്കൂട്ടത്തോടു സംസാരിക്കയാണ്.
"വചനത്തിനായി നോക്കിയിരിക്കുന്ന നിങ്ങള്‍ക്കു സമാധാനം.  ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും പരിഗണിക്കുമ്പോഴും ഈ രണ്ടു പദങ്ങള്‍  ഉപയോഗിക്കുമ്പോള്‍ത്തന്നെയും മനുഷ്യന്‍  തെറ്റായി ധരിക്കുന്നു. മനുഷ്യന്‍  ജീവിതം എന്നു വിളിക്കുന്നത് ഒരു കാലഘട്ടത്തെയാണ്.  അതായത് - അമ്മയുടെ ഉദരത്തില്‍  നിന്നു ജനിച്ച്, ശ്വസിക്കാന്‍  തുടങ്ങി, ഭക്ഷണം കഴിച്ചുതുടങ്ങി, ചലിക്കുവാനും പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തുടങ്ങി, അങ്ങനെ പോകുന്ന ഒരു കാലഘട്ടത്തെയാണ്.  മരണം എന്നു വിളിക്കുന്നതാകട്ടെ, ശ്വാസോച്ഛാസം നിന്നുപോയി, ഭക്ഷണം കഴിക്കാതെയായി, ചലനവും ചിന്തയും പ്രവൃത്തിയുമെല്ലാം നിന്നുപോയി, തണുത്ത് ശവകുടീരത്തിലേക്ക് പോകാന്‍  പാകമായിത്തീരുന്ന അവസ്ഥയും... എന്നാല്‍ അതങ്ങനെയല്ല. ജീവനെന്താണെന്ന് നിങ്ങൾ  മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ജീവനു യോജിച്ച പ്രവൃത്തികളെന്താണെന്നു ചൂണ്ടിക്കാട്ടുവാനും ആഗ്രഹിക്കുന്നു. ഉണ്ടായിരിക്കുക എന്നതല്ല ജീവന്‍. ഉണ്ടായിരിക്കുക  എന്നത് ജീവനുമല്ല. ഈ തൂണുകളിന്മേല്‍  പടര്‍ന്നു കിടക്കുന്ന മുന്തിരിവള്ളി 'ഉണ്ട്'.  എന്നാൽ  അതിന് ഞാൻ പറയുന്ന ജീവനില്ല. അതുപോലെ, അവിടെ അകലെയുള്ള മരത്തില്‍  കെട്ടിയിരിക്കുന്ന, കരയുന്ന ആടിന് അസ്തിത്വമുണ്ട്. എന്നാല്‍   അതിന് ഞാന്‍  പറയുന്ന ജീവനില്ല. ഞാന്‍  പറയുന്ന ജീവന്‍, ശരീരത്തിന്റെ അസ്തിത്വത്തോടെ  ആരംഭിക്കുന്നതല്ല;  മാംസത്തിന്റെ അന്ത്യത്തോടെ അവസാനിക്കുന്നുമില്ല.  ഞാന്‍  പരാമര്‍ശിക്കുന്ന ജീവന്‍  അമ്മയുടെ ഉദരത്തിലല്ല ആരംഭിക്കുന്നത്; ഒരു  ശരീരത്തില്‍  വസിക്കാന്‍  ദൈവം  ഒരാത്മാവിനെ സൃഷ്ടിക്കുമ്പോഴാണ് ആ ജീവന്‍  ആരംഭിക്കുന്നത്. ആ ജീവന്‍  അവസാനിക്കുന്നത് പാപം അതിനെ കൊല്ലുമ്പോഴാണ്.
മനുഷ്യന്‍  ആദ്യം  ഒരു വിത്താണ്. വളരുന്ന ഒരു വിത്ത്; മാംസളമായ ഒരു വിത്ത്. ധാന്യങ്ങളുടേയും പഴങ്ങളുടേയും വിത്തു പോലെയല്ല.  ആദ്യം അവന്‍  രൂപം പ്രാപിക്കുന്നത് ഒരു   മൃഗമായിട്ടാണ്. എന്നാല്‍  ശാരീരികമല്ലാത്ത ഭാഗം,   
 അതായത് ആത്മാവ്,  അതിലേക്കു നിവേശിക്കപ്പെടുന്നു. ഈ   അരൂപി വളരെ ശക്തിയുള്ള ആത്മീയജീവനാണ്. ഈ നിവേശനം കഴിയുമ്പോൾ ഭ്രൂണം ചലനമുള്ള ഒരു ചങ്കു മാത്രമായിരിക്കുന്നില്ല. സൃഷ്ടാവിന്റെ ചിന്തക്കനുസൃതമായി അതു ജീവിക്കുന്നു; അത് മനുഷ്യനായിത്തീരുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ  പുത്രന്‍; സ്വര്‍ഗ്ഗത്തിലെ ഭാവിപൗരന്‍.
 
ഇതു സംഭവിക്കണമെങ്കില്‍ ജീവന്‍  തുടരണം. മനുഷ്യനല്ലാതായിക്കഴിയുമ്പോഴും, അതായത് മരിച്ചു കുഴിഞ്ഞാലും മനുഷ്യന്റെ ഛായയില്‍  അവന് ആയിരിക്കുവാന്‍  കഴിയും.  അതുകൊണ്ടാണ് ഞാന്‍  പറയുന്നത് ജീവിതം ആരംഭിക്കുന്നത് മാംസത്തിന്റെ  ആരംഭത്തിലല്ല; അതവസാനിക്കുന്നത് മാംസത്തിന്റെ  അവസാനത്തിലുമല്ല എന്ന്. ജനിക്കുന്നതിനു മുമ്പ് ജീവിതം ആരംഭിക്കുന്നു; ജീവിതം ഒരിക്കലും അവസാനിക്കുന്നുമില്ല. കാരണം, ആത്മാവ് മരിക്കയില്ല. അതായത് ഇല്ലായ്മയായിത്തീരുന്നില്ല. പാപം വഴി അതിന്റെ ലക്ഷ്യത്തിന് അതു മരിച്ചതായിത്തീരുന്നു. ലക്ഷ്യം സ്വര്‍ഗ്ഗമാണ്.  കൃപാവരത്തിനു മരിച്ചു കഴിയുമ്പോൾ അതിന്റെ  സൗഭാഗ്യകരമായ ലക്ഷ്യത്തിന് മരിച്ചതായിത്തീരുന്നു. എന്നാല്‍   ശിക്ഷയ്ക്കായി അതു  ജീവിതം  തുടരുന്നു. നിത്യതയോളം തുടരുന്നു. എന്നാല്‍  ആത്മീയജീവന്‍  ഭദ്രമായി സംരക്ഷിക്കപ്പെടുന്നെങ്കില്‍  അത് ജീവന്റെ പൂര്‍ണ്ണതയിലെത്തുന്നു; നിത്യതയിലേക്ക് സൃഷ്ടാവിനെപ്പോലെ ആനന്ദത്തോടെ ചെന്നുചേരുന്നു.
 

മഞ്ഞുവീണ് ഇലകൊഴിഞ്ഞ് നഗ്നമായി മരവിച്ചു നില്‍ക്കുന്ന ഒരു വനത്തേക്കാൾ  കഷ്ടമാണ് മൃതമായ ഒരാത്മാവിന്റെ സ്ഥിതി. എന്നാല്‍  എളിമ, സന്മനസ്സ്, പ്രായശ്ചിത്തം, ഇവ നിങ്ങളില്‍  തറഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ ജീവന്‍   നിങ്ങളിലേക്കു തിരിയെ വരും. വസന്തകാലത്തിലെ വനം പോലെയായിത്തീരും അത്. ദൈവത്തിനായി നിങ്ങൾ പുഷ്പിക്കും. നിത്യം നിലനില്‍ക്കുന്ന ജീവന്റെ  ഫലങ്ങൾ നിങ്ങളിലുളവാകും.അത് അവസാനമില്ലാതെ നൂറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിടും.
ജീവനിലേക്കു വരൂ.. ഉണ്ടെന്ന അവസ്ഥയില്‍  മാത്രമായിരിക്കാതെ, ജീവിക്കാന്‍  ആരംഭിക്കൂ. അപ്പോൾ മരണം അവസാനമായിരിക്കയില്ല. പ്രത്യുത, ആരംഭമായിരിക്കും. ഒരിക്കലും അവസാനിക്കാത്ത സമാധാനവും  അളക്കാനാവാത്ത സന്തോഷവും നിറഞ്ഞ ഒരു     ദിവസത്തിന്റെ തുടക്കമായിരിക്കുമത്. ആവശ്യമുള്ളവർക്കെല്ലാം സത്യദൈവത്തിന്റെ നാമത്തില്‍  ഈ  ജീവിതം ഞാന്‍  വാഗ്ദാനം ചെയ്യുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍  അവര്‍  ജഡികാശകളും ദുർമോഹങ്ങളും പാദത്തിനടിയിലാക്കി ഞെരിച്ചു  കളയണം.
സമാധാനത്തില്‍  പോവുക. കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ."