ഈശോ പറയുന്നു: "ആരോഗ്യമുള്ളപ്പോൾ ആരാണ് ശരീരത്തെക്കുറിച്ച് ചിന്തിക്കുക? എന്നാൽ പനിയുടെ ആദ്യത്തെ കിടുകിടുപ്പ് അനുഭവപ്പെടുമ്പോൾ അഥവാ ഒരു പാണ്ട് ശരീരത്തിലെവിടെയെങ്കിലും കാണപ്പെട്ടാൽ ഭയമാകും. രോഗത്തിന്റെ കൂടെ ഭയവും കൂടിയാകുമ്പോൾ രോഗം മൂർഛിക്കുന്നു. ശരീരത്തിന്റെ ശക്തി മുഴുവൻ ക്ഷയിപ്പിക്കുന്നു. നേരെമറിച്ച്, സ്നേഹം സൃഷ്ടിപരമാണ്.
അത് നിർമ്മിക്കുന്നു; ഉറപ്പിക്കുന്നു; ഒരുമിപ്പിക്കുന്നു; നിലനിർത്തുന്നു. സ്നേഹം ദൈവത്തിൽ പ്രത്യാശ നൽകുന്നു. സ്നേഹം തിന്മകളകറ്റുന്നു; തന്നോടു തന്നെ ജ്ഞാനിയായി വർത്തിക്കുന്നതിനു കഴിവു നൽകുന്നു. അഹംഭാവികൾ, പ്രപഞ്ചത്തിന്റെ കേന്ദ്രം തങ്ങൾ തന്നെയാണെന്നു വിശ്വസിക്കുകയും അങ്ങനെ ജീവിക്കയും ചെയ്യുന്നു. അവർ വ്യക്തിയുടെ ഒരു ഭാഗത്തെ - മഹിമ കുറവുള്ള ഭാഗത്തെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. തന്നിമിത്തം, അമർത്യവും വിശുദ്ധവുമായ ഭാഗത്തിന് നാശം വരുത്തുന്നു.
എല്ലാ രോഗങ്ങളും സഹനങ്ങളും തിന്മയുടെ ഫലമോ ശിക്ഷയോ ആണെന്നു കരുതുന്നതു ശരിയല്ല. കർത്താവ് തന്റെ നീതിമാന്മാരായ മക്കൾക്കു നൽകുന്ന പരിശുദ്ധമായ രോഗങ്ങളും സഹനങ്ങളുമുണ്ട്. മറ്റുള്ളവരുടെ രക്ഷയ്ക്കായി മോചനദ്രവ്യമായി - ജാമ്യത്തടവുകാരായിത്തീരുന്ന ആളുകളെപ്പോലെ സഹിക്കുന്ന ഇവർ, ലോകം അനുദിനം ചെയ്തുകൂട്ടുന്ന കുറ്റങ്ങൾക്ക് തങ്ങളുടെ വ്യക്തിപരമായ സഹനങ്ങളിലൂടെ പരിഹാരം ചെയ്യുന്നു.
കർത്താവിന്റെ നാമത്തിൽ ജോഷ്വാ യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയത്ത് വൃദ്ധനായ മോശ പ്രാർത്ഥിച്ചിരുന്നത് നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? എല്ലാ തിന്മകളുടേയും ആരംഭകനും മനുഷ്യരാശിയുടെ പീഢകനുമായ സാത്താന്, ഏറ്റം ഉഗ്രനായ ശത്രുവിന്, കനത്ത പ്രഹരം ഏൽപ്പിക്കുന്നത് വിശുദ്ധമായി സഹിക്കുന്ന ആത്മാക്കളാണെന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കണം. എല്ലാ മനുഷ്യരുടേയും പേർക്ക് അവർ യുദ്ധം ചെയ്യുന്നു. ദൈവം അയയ്ക്കുന്ന വിശുദ്ധമായ ആ രോഗങ്ങളും ഇന്ദ്രിയസന്തോഷങ്ങളെ പാപമാക്കുന്ന തിന്മയുടെ ഫലമായ രോഗങ്ങളും തമ്മിൽ എത്ര വലിയ അന്തരമാണുള്ളത്! ആദ്യത്തെത് ദൈവകാരുണ്യത്തിന്റെ നിശ്ചയമാണ്; രണ്ടാമത്തേത് പൈശാചികമായ അഴിമതികളുടെ തെളിവ്. അതിനാൽ സ്നേഹിക്കേണ്ടത് ആവശ്യമാണ്. വിശുദ്ധമായി ജീവിക്കാൻ സ്നേഹം ആവശ്യമാണ്. കാരണം, സ്നേഹം സൃഷ്ടിക്കുകയും കാത്തുസൂക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു."
("ദൈവമനുഷ്യന്റെ സ്നേഹഗീത"യിൽ നിന്ന്)