ജാലകം നിത്യജീവൻ: ധനവാനും ലാസറും

nithyajeevan

nithyajeevan

Sunday, July 24, 2011

ധനവാനും ലാസറും


വളരെ പാവപ്പെട്ട ഏതാനും കൃഷിക്കാരൊത്ത് ഈശോ ഒരു സാബത്ത് ദിവസം ചെലവഴിക്കയാണ്.  
സമ്പന്നനും ക്രൂരനുമായ ഒരു പ്രീശന്റെ പണിക്കാരായിരുന്നു അവർ. തങ്ങളുടെ 
ദുരിതപൂർണ്ണമായ ജീവിതത്തെക്കുറിച്ച് അവർ ഈശോയോടു പറയുന്നു.
 ഈശോ    ഈ ഉപമ പറയുന്നു.


"ഒരിടത്ത് വളരെ ധനവാനായ ഒരു മനുഷ്യനുണ്ടായിരുന്നു. ദീവ്സ് എന്നു നമുക്കയാളെ വിളിക്കാം. എല്ലാവരും അയാളെ ബഹുമാനിച്ചു.  എല്ലാ ദിവസവും വലിയ വിരുന്നു 
സൽക്കാരങ്ങൾ അയാൾ നടത്തിയിരുന്നു.
ഈ പട്ടണത്തിൽത്തന്നെ വളരെ ദരിദ്രനായ ഒരു ഭിക്ഷുവും ജീവിച്ചിരുന്നു. ലാസർ എന്നു പേരായ അവൻ വളരെ അരിഷ്ടത അനുഭവിച്ചിരുന്നു. എന്നാൽ, മാനുഷികമായ ദുരിതം കൊണ്ടു മൂടപ്പെട്ടിരുന്ന ഒരു വലിയ നിധി ഭിക്ഷുവിലുണ്ടായിരുന്നു. അത് ലാസർ എന്നു വിളിക്കപ്പെട്ടിരുന്ന ഈ മനുഷ്യന്റെ കളങ്കമറ്റ വിശുദ്ധിയായിരുന്നു. അയാൾ നിയമങ്ങൾ ഒന്നും ലംഘിച്ചില്ല; ആവശ്യവും ന്യായവുമാണെന്നു തോന്നിയപ്പോൾപ്പോലും. ഏറ്റം ഉപരിയായ സ്നേഹത്തിന്റെ പ്രമാണം - ദൈവത്തോടുള്ള സ്നേഹവും സഹോദരനോടുള്ള സ്നേഹവും - അയാൾ വിശ്വസ്തതയോടെ അനുസരിച്ചു. എല്ലാ  ദരിദ്രരും ചെയ്യാറുള്ളതുപോലെ അയാളും ധനവാന്മാരുടെ പടിക്കൽ ചെന്ന് ഭിക്ഷ യാചിച്ച് ജീവിച്ചു. എല്ലാ ദിവസവും സന്ധ്യയാകുമ്പോൾ അയാൾ ദീവ്സിന്റെ വീട്ടിലേക്കു പോകും. അവിടത്തെ വലിയ സദ്യയുടെ ഉഛിഷ്ടങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ച് പടിക്കൽ വെളിയിലുള്ള വഴിയിൽ ക്ഷമാപൂർവ്വം കിടക്കും. 

ദീവ്സ് അയാളെക്കണ്ടാൽ അന്നേരം അവിടെ നിന്നോടിക്കും. ദീവ്സിന്റെ പട്ടികൾക്ക് യജമാനനേക്കാൾ കാരുണ്യമുണ്ടായിരുന്നു. അവ ലാസറിന്റെ അടുത്തുചെന്ന് അയാളുടെ വൃണങ്ങൾ നക്കും. മേശപ്പുറത്തു നിന്നു വീഴുന്ന ഭക്ഷണത്തിന്റെ കഷണങ്ങൾ അവ 
അയാൾക്കു കൊണ്ടു കൊടുക്കുമായിരുന്നു. അങ്ങനെ ലാസർ  ധനവാന്റെ നായ്ക്കളെ ആശ്രയിച്ചു ജീവിച്ചു.
ഒരു ദിവസം ലാസർ മരിച്ചു. ഒരുത്തരും അതറിഞ്ഞില്ല. ആരും അയാളെ ഓർത്തു വിലപിച്ചില്ല. എന്നാൽ ദീവ്സ്  സന്തോഷിച്ചു. കാരണം, അയാളുടെ പടിക്കൽ ആ ദുരിതത്തെ പിന്നീട് കണ്ടിട്ടില്ല. എന്നാൽ സ്വർഗ്ഗത്തിലെ ദൈവദൂതന്മാർ അതുകണ്ടു. അന്ത്യശ്വാസം വലിച്ചുകൊണ്ട് തണുത്ത് ശൂന്യമായ ഗുഹയിൽ കിടക്കുന്ന ലാസറിന്റെ  പക്കലേക്ക് ദൈവദൂതന്മാരുടെ ഒരു അകമ്പടി പറന്നിറങ്ങി. വലിയ  പ്രകാശധോരണിയോടെ അയാളുടെ  ആത്മാവിനെ എടുത്ത് ഓശാന പാടിക്കൊണ്ട് അബ്രഹാമിന്റെ മടിയിലേക്ക് കൊണ്ടുപോയി.
കുറെനാൾ കഴിഞ്ഞപ്പോൾ ദീവ്സ്  മരിച്ചു. ഓ! എത്ര കേമമായ ശവസംസ്കാരം! അയാളുടെ മരണത്തെക്കുറിച്ച് കേട്ടറിഞ്ഞ നഗരവാസികൾ, നഗരം ഒന്നടങ്കം, അയാളുടെ  ഭവനത്തിൽ തടിച്ചുകൂടി. അവരുടെ വിലാപം ആകാശത്തേക്കുയർന്നു. അതോടൊപ്പം മുഖസ്തുതിയുടെ കപടവാക്കുകളും. ഇയാൾ എത്ര നീതിമാനും എത്ര വലിയവനുമായിരുന്നു!
ദൈവത്തിന്റെ വിധിയെ മനുഷ്യന്റെ വാക്കുകൾക്ക് മാറ്റാനാവുമോ? ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നത് റദ്ദാക്കാൻ മനുഷ്യന്റെ  ക്ഷമാപണത്തിനു കഴിയുമോ? ഇല്ല, സാദ്ധ്യമല്ല. വിധിക്കപ്പെട്ടത് അങ്ങനെതന്നെ. ശവസംസ്കാരം വളരെ കേമമായിരുന്നെങ്കിലും ദീവ്സിന്റെ  ആത്മാവ് നരകത്തിൽ കുഴിച്ചു മൂടപ്പെട്ടു.

ഭയാനകമായ ആ കാരാഗൃഹത്തിൽ,  അഗ്നിയും അന്ധകാരവും ഭക്ഷിക്കയും പാനം ചെയ്യുകയും ചെയ്യുന്ന ആ സ്ഥലത്ത് എല്ലാ നിമിഷങ്ങളും അതു തന്നെ. ഇതു ഗ്രഹിച്ച അയാൾ, 
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി. ഒരു മിന്നൽപ്രകാശത്തിൽ, ഒരു നിമിഷത്തേക്കാൾ വളരെക്കുറഞ്ഞ ഒരു  സമയത്തേക്ക് സ്വർഗ്ഗത്തിന്റെ മനോഹാരിത, വർണ്ണനാതീതമായ സൗന്ദര്യം അയാൾ കണ്ടു. ആ കാഴ്ച അയാളുടെ മനസ്സിൽപ്പതിഞ്ഞു.  അതയാളെ വല്ലാതെ അലട്ടുകയും ചെയ്തുകൊണ്ടിരുന്നു. പുറമേ, മറ്റ് കഠോര പീഡകളും.... സ്വർഗ്ഗത്തിൽ അബ്രഹാത്തെ അയാൾ കണ്ടു. അബ്രഹാമിന്റെ മടിയിൽ പ്രകാശിതനായി സന്തോഷഭരിതനായി ലാസർ ഇരിക്കുന്നു. ഒരു കാലത്ത്, നിന്ദിതനായി, അറപ്പുളവാക്കുന്നവനായി ദുരിതമനുഭവിച്ചിരുന്ന പാവം ലാസർ; എന്നാൽ ഇപ്പോൾ ദൈവത്തിന്റെ പ്രകാശത്തിലും സ്വന്തം വിശുദ്ധിയിലും സുന്ദരനായിത്തീർന്നിരിക്കുന്നു! മാലാഖമാർ അവനെ നോക്കി അത്ഭുതപ്പെടുന്നു. 
ദീവ്സ് കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു; "പിതാവായ അബ്രഹാമേ, എന്റെമേൽ കരുണയുണ്ടാകണമേ. ലാസറിനെ ഇങ്ങോട്ടയയ്ക്കണമേ... ലാസർ അവന്റെ വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കുവാൻ ഇങ്ങോട്ടയയ്ക്കണമേ... കാരണം, ഈ തീജ്വാലകളിൽ ഞാൻ ദഹിപ്പിക്കപ്പെടുന്നു..."
അബ്രഹാം മറുപടി പറഞ്ഞു: "എന്റെ മകനേ, നിന്റെ ജീവിതകാലത്ത് നിനക്ക് എല്ലാ നല്ലകാര്യങ്ങളും ഉണ്ടായിരുന്നു. ലാസറിനാകട്ടെ, എല്ലാം ദുരിതങ്ങളായിരുന്നു. എല്ലാ  ദുരിതങ്ങളും അവൻ നന്മയായിപ്പകർത്തി. എന്നാൽ നിന്റെ നന്മകളെല്ലാം നീ ദുരിതമായിപ്പകർത്തി. അതിനാൽ ഇപ്പോൾ അവൻ ആശ്വസിപ്പിക്കപ്പെടണമെന്നുള്ളത് നീതിയത്രേ. എങ്ങനെയായാലും നീ ആവശ്യപ്പെടുന്നത് ചെയ്യാൻ സാദ്ധ്യമല്ല. വിശുദ്ധരായ മനുഷ്യർ ലോകത്തിന്റെ എല്ലാ  ഭാഗങ്ങളിലുമുണ്ട്. ജനങ്ങൾക്ക് അവർ നിമിത്തം നന്മയുണ്ടാകുന്നതിനാണ് അവരുടെ സാന്നിധ്യം നൽകിയിരിക്കുന്നത്. എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ഒരു  മനുഷ്യന് മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കിൽ വിശുദ്ധരുടെ സഹായം തേടുന്നതുകൊണ്ട് ഉപകാരമുണ്ടാകയില്ല.   വയലിൽ ചെടികളും പുല്ലും എല്ലാം ഇടകലർന്നു നിൽക്കുന്നു. അവ ശേഖരിക്കുമ്പോൾ 
നല്ലതും ചീത്തയും വേർതിരിക്കപ്പെടും. അതാണ് ഇപ്പോൾ  ഇവിടെ സംഭവിച്ചിരിക്കുന്നത്. നമ്മൾ ഭൂമിയിൽ ഒരുമിച്ചായിരുന്നു. നീ ഞങ്ങളെ നിരസിച്ചു. സ്നേഹത്തിന്റെ പ്രമാണത്തിനു വിരുദ്ധമായി നീ ഞങ്ങളെ വിസ്മരിച്ചു. ഇപ്പോൾ നമ്മൾ വേർതിരിക്കപ്പെട്ടിരിക്കയാണ്. നമുക്കിടയിൽ ഒരഗാധ ഗർത്തമുണ്ട്. അതു തരണം ചെയ്ത് നിന്റെ പക്കലേക്കു വരാൻ 
ഞങ്ങൾക്കു കഴിയുകയില്ല. ഭയാനകമായ ആ ഗർത്തം കടന്ന് ഇവിടേക്കു വരാൻ നിനക്കും കഴിയുകയില്ല."
ദീവ്സ് കുറേക്കൂടി ഉച്ചത്തിൽ കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു; "വിശുദ്ധനായ പിതാവേ, കുറഞ്ഞപക്ഷം ലാസറിനെ എന്റെ പിതാവിന്റെ വീട്ടിലേക്കെങ്കിലും പറഞ്ഞയയ്ക്കണമേ. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. സ്നേഹമെന്തെന്ന് ബന്ധുക്കൾക്കിടയിൽ നിന്നുപോലും ഞാനറിഞ്ഞിട്ടില്ല. എന്നാൽ സ്നേഹിക്കപ്പെടാതിരിക്കുക എന്നത് എത്ര കഠിനമായ വിഷമമാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. വിദ്വേഷത്തിന്റെ ഈ സ്ഥലത്തായിരിക്കേ, ഒരുനിമിഷത്തേക്കാൾ കുറഞ്ഞ സമയത്തേക്ക് എന്റെ ആത്മാവ് ദൈവത്തെ കണ്ടപ്പോൾ സ്നേഹം എന്തെന്നു് എനിക്കു മനസ്സിലായി. ഞാൻ അനുഭവിക്കുന്ന വേദനകൾ എന്റെ  സഹോദരന്മാർക്കും ഉണ്ടാകരുതെന്ന് ഞാനാഗ്രഹിക്കുന്നു. ഞാൻ ജീവിച്ചതുപോലെ തന്നെയാണ് അവരും ജീവിക്കുന്നത് എന്നോർക്കുമ്പോൾ ഞാൻ  ഭയപ്പെട്ടുപോകുന്നു. ഞാൻ  എവിടെയാണെന്നും എന്തുകൊണ്ടാണിവിടെ ആയിരിക്കുന്നതെന്നും അവരോടു പറയുവാൻ ലാസറിനെ അവരുടെ പക്കലേക്ക് അയയ്ക്കണമേ. നരകമുണ്ടെന്നും അത് ഭയങ്കരമാണെന്നും അവർ അറിയട്ടെ... അവനെ അയയ്ക്കണമേ. നിത്യമായ പീഡകളുടെ ഈ സ്ഥലത്ത് വന്നു ചേരാതിരിക്കാൻ അവർ മുൻകൂട്ടി ഒരുങ്ങട്ടെ."
എന്നാൽ അബ്രഹാം ഇങ്ങനെയാണ് മറുപടി പറഞ്ഞത്: "നിന്റെ സഹോദരന്മാർക്ക് മോശയും പ്രവാചകന്മാരുമുണ്ടല്ലോ. അവരെ ശ്രവിക്കട്ടെ."
വലിയ വേദനയോടെ കരഞ്ഞുകൊണ്ട് ദീവ്സ് പറഞ്ഞു; "ഓ! പിതാവായ അബ്രഹാമേ, എന്നെ ശ്രവിക്കണമേ... എന്റെമേൽ കരുണയുണ്ടാകണമേ... മരിച്ചവരിൽ നിന്നൊരാൾ ചെന്നു പറഞ്ഞാൽ അവർ  കൂടുതൽ ശ്രദ്ധിക്കും."
എന്നാൽ  അബ്രഹാം പറഞ്ഞു: "മോശയേയും പ്രവാചകന്മാരേയും ശ്രവിക്കാത്തവരാണെങ്കിൽ  മരിച്ചവരിൽ നിന്നുയിർത്ത ഒരുവൻ സത്യത്തിന്റെ വചസ്സുകൾ അവരോടു  പറഞ്ഞാലും അവർ  വിശ്വസിക്കയില്ല. എങ്ങനെയായാലും എന്റെ മടിയിൽ ഭാഗ്യമോടെ വാഴുന്ന ഒരാത്മാവ് അവിടം വിട്ടുപോയി ശത്രുവിന്റെ മക്കളാൽ അവഹേളിക്കപ്പെടുന്നത് ഉചിതമല്ല. നിന്ദനങ്ങൾ സഹിക്കാനുണ്ടായിരുന്ന കാലം കഴിഞ്ഞുപോയി. ദൈവത്തിന്റെ കൽപ്പനയാൽ അവനിപ്പോൾ സമാധാനത്തിൽ കഴിയുന്നു. ദൈവവചനം വിശ്വസിക്കയോ അവ അനുസരിക്കയോ ചെയ്യാത്തവരെ മാനസാന്തരപ്പെടുത്താൻ ശ്രമിക്കുന്നത് പ്രയോജനരഹിതമാണെന്ന് അവിടുത്തേക്കറിയാം."
എന്റെ സ്നേഹിതരേ,  വിശദീകരണം ആവശ്യമില്ലാത്തതു പോലെ അത്ര വ്യക്തമായ ഉപമയാണിത്. നിങ്ങളെ എല്ലാവരേയും സഹായിക്കുവാൻ, സാമ്പത്തികമായും സഹായിക്കുവാൻ എനിക്കാഗ്രഹമുണ്ട്. എന്നാൽ  അത് സാദ്ധ്യമല്ലാത്തതിൽ എനിക്കു ദുഃഖമുണ്ട്. സ്വർഗ്ഗം കാണിച്ചുതരാനേ എനിക്കു കഴിയൂ. മനസ്സിന്റെ വഴക്കത്തിന്റെ വില, അതിനുള്ള ജ്ഞാനം, നിങ്ങളെ  പഠിപ്പിക്കാൻ മാത്രമേ എനിക്കു സാധിക്കൂ. അങ്ങനെ വരാനിരിക്കുന്ന രാജ്യം നിങ്ങൾക്കു വാഗ്ദാനം ചെയ്യുവാനും....  
ഒരിക്കലും ദ്വേഷിക്കരുത്; ഒരു കാരണത്താലും. ദ്വേഷം ലോകത്തിൽ വളരെ ശക്തി പ്രാപിച്ചിരിക്കയാണ്. എന്നാലും അതിനു പരിധിയുണ്ട്. സ്നേഹത്തിനാകട്ടെ, ഒരു പരിധിയുമില്ല. ശക്തിയിലും സമയത്തിലും ഒതുങ്ങാത്തതാണു സ്നേഹം. ദീവ്സ് ആകുന്നതിനേക്കാൾ നല്ലത് ലാസർ ആകുന്നതാണ്. ഇതു വിശ്വസിക്കൂ. എന്നെ വിശ്വസിക്കൂ. എന്നാൽ നിങ്ങൾ അനുഗൃഹീതരാകും."