ജാലകം നിത്യജീവൻ: യഥാര്‍ത്ഥ മതം

nithyajeevan

nithyajeevan

Sunday, July 3, 2011

യഥാര്‍ത്ഥ മതം

  ഈശോ പറയുന്നു:  "യഥാര്‍ത്ഥ മതം അടങ്ങിയിരിക്കുന്നത് പത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കുന്നതിലാണ്. വലിയ ആര്‍ഭാടങ്ങളോടെ പൂജ നടത്തുന്നതിലല്ല. കുറ്റമില്ലാത്ത നന്‍മ പ്രവൃത്തികള്‍ അഭ്യസിക്കുക, കാരുണ്യം കാണിക്കുക, സ്വയം പുകഴ്ച വിട്ടു കളയുക, മനുഷ്യനെ അപമാനിതനാക്കുന്ന സകലവും ഉപേക്ഷിക്കുക, വഞ്ചനാപരമായ പ്രകൃത്യതീത ശക്തികള്‍, ദുശ്ശകുനങ്ങള്‍ തുടങ്ങിയവയില്‍ 
ആശ്രയിക്കാതിരിക്കുക എന്നിവയെല്ലാം ശരിയായ മതാനുഷ്ടാനത്തിന് ആവശ്യമാണ്‌. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ ദൈവിക ദാനങ്ങള്‍ നീതിപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നതും ശരിയായ 
മതാനുഷ്ടാനത്തിന്റെ ഭാഗമാണ്. ആരോഗ്യം, ധനം, സമ്പത്ത്, ബുദ്ധി, അധികാരം ഇവയില്‍ അഹങ്കരിക്കാന്‍ പാടുള്ളതല്ല. അഹങ്കാരം ബുദ്ധിഹീനതയുടെ   ലക്ഷണമാണ്.    കാരണം, ദൈവം 
അനുവദിക്കുന്നിടത്തോളമേ മനുഷ്യന്‍ ജീവിച്ചിരിക്കുകയുള്ളൂ.  
ആരോഗ്യം, ധനം, സമ്പത്ത്, ബുദ്ധി, അധികാരം ഇവയെല്ലാം ദൈവം നല്‍കിയാല്‍ മാത്രം ഉണ്ട്. അത്യാഗ്രഹങ്ങള്‍ ഉപേക്ഷിച്ച് മനുഷ്യനെപ്പോലെ ജീവിക്കണം.   അത്യാഗ്രഹമാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുവാനും മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍,  മൃഗത്തെപ്പോലെയാകാതെ മനുഷ്യനെപ്പോലെ ജീവിക്കുവാന്‍ സ്വന്തം ആത്മാഭിമാനം ആവശ്യപ്പെടുന്നു. 
അധപ്പതനം എളുപ്പമാണ്. ഉയര്‍ച്ച വിഷമമുള്ളതും. എന്നാല്‍ ജീര്‍ണ്ണതയുടെ ഗര്‍ത്തത്തില്‍ നിപതിച്ചതുകൊണ്ടു മാത്രം അതില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരുണ്ട്‌? അതില്‍ നിന്ന് പുറത്തിറങ്ങി പ്രകാശമുള്ള ഉന്നതങ്ങളിലേക്ക് കയറുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌? ഞാന്‍ ഗൗരവമായി പറയുന്നു: പാപിയുടെ ജീവിതം ഒരഗാധ ഗര്‍ത്തത്തില്‍ ആയിരിക്കുന്നതുപോലെ   അബദ്ധങ്ങളില്‍ ജീവിക്കുന്നവരും  അതില്‍ത്തന്നെ. എന്നാല്‍ സത്യത്തിന്റെ വചനം ശ്രവിക്കുകയും സത്യത്തിലേക്ക് വരികയും ചെയ്യുന്നവര്‍ പ്രകാശത്തിന്റെ ഉയരങ്ങളിലേക്ക് കയറുന്നു."