(ജീവിത സാഹചര്യങ്ങളാണ് കോതമംഗലം സ്വദേശിനിയായ മായഎന്ന ഹിന്ദുപെണ്‍കുട്ടിയെ ക്രിസ്തീയ വിശ്വാസത്തിലേക്കാനയിച്ചത്. പെന്തക്കോസ്ത് സഭയില്‍ ചേര്‍ന്ന അവള്‍, കത്തോലിക്കാ സഭയേയും സഭയുടെ പഠനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈശോയോടുള്ള അത്യഗാധമായ സ്നേഹവും ശിശുസഹജമായ അവളുടെ വിശ്വാസവും വലിയ കൃപ അവള്‍ക്കു നേടിക്കൊടുത്തു. ഈശോ അവള്‍ക്ക് പ്രത്യക്ഷനായി കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ അവളെ പഠിപ്പിച്ചു. അങ്ങനെ അവള്‍ മരിയ എന്ന പേരില്‍ കത്തോലിക്കാ സഭാംഗമായി.
മരിയ ഇന്ന് സിസ്റ്റര്‍ മരിയയാണ്. വലിയ ദൗത്യങ്ങള്‍ക്കായി ഈശോ സിസ്റ്റര്‍ മരിയയെ ഒരുക്കിക്കൊണ്ടിരിക്കുന്നു.)
മരിയ ഇന്ന് സിസ്റ്റര്‍ മരിയയാണ്. വലിയ ദൗത്യങ്ങള്‍ക്കായി ഈശോ സിസ്റ്റര്‍ മരിയയെ ഒരുക്കിക്കൊണ്ടിരിക്കുന്നു.)
കത്തോലിക്കര്‍ ജപമാല ചൊല്ലുന്നതെന്തിനാണ്, നന്മ നിറഞ്ഞ മറിയമേ എന്ന് ഒത്തിരി ആവര്‍ത്തിക്കുന്നതു കൊണ്ട് എന്താണു് പ്രയോജനം എന്നുള്ള മരിയയുടെ ചോദ്യത്തിനുത്തരമായി, ജപമാലപ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെയും ശക്തിയെയും പറ്റി ഈശോ മരിയയെ ഇപ്രകാരം പഠിപ്പിക്കുന്നു.
"കുഞ്ഞേ, എന്താണാ പ്രാര്‍ത്ഥന? 'നന്മ നിറഞ്ഞ മറിയമേ നിനക്കു സ്തുതി; കര്‍ത്താവു നിന്നോടു കൂടെ, സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു! നിന്റെ ഉദരഫലവും അനുഗൃഹീതം!' ഈ വാക്കുകള്‍ എന്താണു്? ദൈവത്തിന്റെ വചനമല്ലേ? വചനത്തെക്കുറിച്ച് എന്താണു് ഞാൻ പറഞ്ഞിരിക്കുന്നത്? 'വചനം നിങ്ങളെ വിശുദ്ധീകരിക്കും; വചനം നിങ്ങളെ സ്വതന്ത്രരാക്കും' എന്നല്ലേ? നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് നിന്നെ വിശുദ്ധീകരിക്കാനും സ്വതന്ത്രയാക്കാനും കഴിയും. എന്നാല്‍ , ഈ വചനങ്ങള്‍ക്കെതിരേ സാത്താൻ സര്‍വ്വശക്തിയുമെടുത്ത് പൊരുതും. കാരണം രക്ഷയുടെ ആദ്യത്തെ വചനങ്ങളാണത്. ആ വചനങ്ങള്‍ക്ക് എന്റെ അമ്മ 'ആമേന്‍' പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത് . അതുകൊണ്ടാണ് ജപമാലപ്രാര്‍ത്ഥനയോട് അവനിത്രമാത്രം വൈരാഗ്യം.
കുഞ്ഞേ, അതിപുരാതന കത്തോലിക്കാ കുടുംബങ്ങളില്‍ മുട്ടിന്മേല്‍ നിന്ന് ജപമാല ചൊല്ലുന്ന ഒരു പതിവുണ്ടായിരുന്നു. എന്റെ അമ്മയുടെ കൂടെയാണ് അന്നവര്‍ ജീവിച്ചിരുന്നത്. എന്റെ മക്കളൊക്കെ ഇന്നത്തേക്കാള്‍ നല്ലവരായിരുന്നു. ഇന്നത്തേക്കാള്‍ ദൈവവിളികളുമുണ്ടായിരുന്നു അന്ന്. അന്നത്തെപ്പോലെ ഇന്നും എന്റെ മക്കള്‍ എന്റെ അമ്മയുടെ കൂടെ ജീവിച്ചിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോവുകയാണ്.....
പുതിയനിയമത്തില്‍ പരിശുദ്ധാത്മാവ് ആദ്യമായി തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എലിസബത്തിലൂടെയാണ്. ദൈവാത്മാവിനാല്‍ പൂരിതയായ എലിസബത്ത് ആദ്യം പറയുന്ന വാക്കുകള്‍ എന്താണു്? "മറിയമേ, നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതം... എന്റെ കര്‍ത്താവിന്റെ അമ്മ എന്റെയടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എങ്ങനെയുണ്ടായി...!" കുഞ്ഞേ, പരിശുദ്ധ അമ്മ നിന്റെയടുത്തു വരുന്നത് മഹാഭാഗ്യമാണെന്ന ബോധ്യം നിനക്കുണ്ടാകണമെങ്കില്‍ നിന്റെയുള്ളില്‍ പരിശുദ്ധാത്മാവുണ്ടായിരിക്കണം. ഇല്ലെങ്കില്‍ നിനക്കത് മനസ്സിലാവില്ല. പുതിയനിയമത്തില്‍ പരിശുദ്ധാത്മാവ് ആദ്യം മഹത്വപ്പെടുത്തുന്നത് എന്റെ അമ്മയെയാണ്. എന്റെ അമ്മയുടെ മഹത്വം നീയെന്നല്ല ആരു വിചാരിച്ചാലും ഇല്ലാതാക്കാനും കഴിയില്ല.
അന്ന് ഞാന്‍ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍, ഒരു സ്ത്രീ വിളിച്ചുപറഞ്ഞു, 'നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരങ്ങളും അനുഗൃഹീതം' എന്ന്. അന്നു തുടങ്ങിയതാണ് എന്റെ അമ്മയെ മഹത്വപ്പെടുത്തല്‍. ആ മഹത്വം നിത്യത വരേയും ഉണ്ടായിരിക്കുകയും ചെയ്യും."
മരിയ വീണ്ടും ചോദിച്ചു. "കര്‍ത്താവേ, പരിശുദ്ധ അമ്മ മുട്ടത്തൊണ്ടാണെന്നു ചിലര്‍ പരിഹസിക്കുന്നുണ്ടല്ലോ?"
"കുഞ്ഞേ, തിരുവചനം ഇപ്രകാരം പറയുന്നു: "സകല തലമുറകളും മറിയത്തെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും." (ലൂക്കാ 1:48) എന്റെ അമ്മ എനിക്ക് മുട്ടത്തൊണ്ടല്ല, അവളെനിക്ക് അമ്മയാണ്. അമ്മയുടെ വിലയറിയണമെങ്കില്‍ നീ പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുക. ഒരുകാര്യം കൂടി അറിയുക; പക്ഷിക്കുഞ്ഞിന്റെ അമ്മ തള്ളപ്പക്ഷിയാണ്. അല്ലാതെ മുട്ടത്തൊണ്ടല്ല. മേലില്‍ വിവേകമില്ലാതെ ഇങ്ങനെ സംസാരിക്കരുത്.
എന്റെ അമ്മ ജീവിക്കുന്ന സക്രാരിയാണ്; വാഗ്ദാന പേടകമാണ്. പഴയനിയമത്തില്‍ വാഗ്ദാന പേടകത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ദൈവം പറഞ്ഞു കൊടുത്തതനുസരിച്ച് മനുഷ്യര്‍ നിര്‍മ്മിച്ച ഒരു പേടകമായിരുന്നു അത്. അതിനള്ളില്‍ ദൈവമായിരുന്നില്ല; ദൈവത്തിന്റെ ഉടമ്പടി പത്രികയായിരുന്നു. എന്നിട്ടും വാഗ്ദാന പേടകത്തിനു നേരെ കൈനീട്ടിയ ഉസാ എന്ന മനുഷ്യനെ ദൈവം വധിച്ചു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. പുതിയനിയമത്തിലെ ജീവിക്കുന്ന വാഗ്ദാന പേടകമാണ് പരിശുദ്ധ മറിയം. അമ്മയുടെയുള്ളില്‍ ദൈവത്തിന്റെ ഉടമ്പടി പത്രികയല്ല, ദൈവം തന്നെയായിരുന്നു വസിച്ചിരുന്നത്. അങ്ങനെയെങ്കില്‍, ദൈവത്തിന്റെ സജീവ വാഗ്ദാന പേടകമായ പരിശുദ്ധ അമ്മയ്ക്കെതിരെ കരങ്ങളോ നാവോ ഉയർത്തുന്നവർക്കെതിരേ ദൈവം എന്തു ചെയ്യുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.
കുഞ്ഞേ, രക്ഷയുടെ സമയം വ്യര്‍ത്ഥസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് നശിപ്പിച്ചു കളയരുത്. എന്റെ അമ്മയെ സ്നേഹിക്കയും ആദരിക്കയും നിത്യം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കയും ചെയ്യുക."