ജാലകം നിത്യജീവൻ: വി. ഇഗ്നേഷ്യസ് ലയോള

nithyajeevan

nithyajeevan

Sunday, July 31, 2011

വി. ഇഗ്നേഷ്യസ് ലയോള

 ജൂലൈ 31 - വി. ഇഗ്നേഷ്യസ് ലയോള


ഇന്ന്  ഈശോസഭാസ്ഥാപകനായ  വി. ഇഗ്നേഷ്യസ് ലയോളയുടെ തിരുനാൾ.  

സ്പെയിനിലെ Azpetitia പട്ടണത്തിനടുത്തുള്ള ലയോള പ്രഭുമന്ദിരത്തിലാണ് വി. ഇഗ്നേഷ്യസ് പിറന്നത്. ഒരു പട്ടാളക്കാരനായിരുന്ന അദ്ദേഹത്തിന്‍റെ മാനസാന്തരകഥ സുപ്രസിദ്ധമാണ്. ഫ്രഞ്ചു സൈന്യവുമായുള്ള യുദ്ധത്തിൽ കാലിനു മുറിവേറ്റ് കുറേനാൾ അദ്ദേഹത്തിനു് ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ശയ്യാവലംബിയായി കഴിയുമ്പോൾ വീരസാഹസിക കൃതികൾ വായിക്കാനാഗ്രഹിച്ചെങ്കിലും കൈയിൽ കിട്ടിയത് ലുഡോൾഫിന്റെ 'Life of Christ'   ആയിരുന്നു. കൂടാതെ വിശുദ്ധരുടെ ജീവചരിത്രമെന്ന മറ്റൊരു പുസ്തകവും അദ്ദേഹത്തിനു കിട്ടി. അവ വായിക്കാൻ താൽപ്പര്യമില്ലായിരുന്നെങ്കിലും മറ്റൊന്നുമില്ലായിരുന്നതിനാൽ അവ വായിക്കാൻ അദ്ദേഹം നിർബന്ധിതനായി. സ്വാഭീഷ്ടം അന്വേഷിക്കുന്ന താനും ദൈവഹിതം പിഞ്ചെല്ലുന്ന വിശുദ്ധരും തമ്മിലുള്ള അന്തരം അദ്ദേഹത്തെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു ചോദ്യമുദിച്ചു: 'അവനും ഇവനും വിശുദ്ധനാകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ?'  വിശുദ്ധരുടെ  മാതൃക അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. അവരെ പിന്തുടരുവാൻ അദ്ദേഹം തീരുമാനിച്ചു.
പ്രബലമായ  മനശ്ശക്തിയുടെ ഉടമയായിരുന്ന അദ്ദേഹം,  ആശുപത്രി വിട്ട ശേഷം ആത്മീയജീവിതത്തിലേക്ക് പ്രവേശിക്കുകയും വിശുദ്ധിയുടെ പടവുകൾ അതിവേഗം ചവിട്ടിക്കയറുകയും ചെയ്തു.
പുതിയ സഭാസ്ഥാപനത്തിൽ (ഈശോസഭ) പീറ്റർ ഫാവർ (Blessed Peter Favre) എന്ന ചങ്ങാതിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സഹായി. അടുത്തതായി തുണയ്ക്കെത്തിയത് പ്രസിദ്ധ വാഗ്മിയായിരുന്ന ഫ്രാൻസിസ് സേവ്യർ ആയിരുന്നു.  ഇഗ്നേഷ്യസിന്റെ എളിയ ജീവിതരീതിയോട് എതിർപ്പു കാണിച്ചിരുന്ന ആ യുവപണ്ഡിതനെ ഒടുവിൽ ഇഗ്നേഷ്യസ് മെരുക്കിയെടുക്കുക തന്നെ ചെയ്തു. ഫ്രാൻസിസ് സേവ്യർ കേൾക്കെ ഈ തിരുവചനം അദ്ദേഹം ആവർത്തിച്ചു് ഉരുവിട്ടു: "ഒരുവൻ ലോകം മുഴുവൻ നേടിയാലും അവ
ന്‍റെ ആത്മാവു നശിച്ചാൽ എന്തു പ്രയോജനം?" ഇഗ്നേഷ്യസിന്‍റെ കാന്തശക്തിയാൽ ആകർഷിക്കപ്പെട്ട ഫ്രാൻസിസ് സേവ്യറും അദ്ദേഹത്തിന്‍റെ സഭയിൽ അംഗമായി; പിന്നീട് ഭാരതത്തിന്‍റെ രണ്ടാം അപ്പസ്തോലൻ എന്നറിയപ്പെടുന്ന മഹാവിശുദ്ധനുമായി.