ജാലകം നിത്യജീവൻ: കാണാതെ പോയ ആടിന്റെ ഉപമ.

nithyajeevan

nithyajeevan

Saturday, July 2, 2011

കാണാതെ പോയ ആടിന്റെ ഉപമ.

     ഈശോ ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്.  ഒരരുവിയുടെ വൃക്ഷനിബിഡമായ തീരത്തുനിന്നാണ് പ്രസംഗം. ചേർന്നുള്ള ചോളവയലിൽ വലിയ ഒരു ജനാവലി. സമയം സന്ധ്യയാണ്. ആട്ടിൻപറ്റങ്ങൾ ആലയിലേക്കു നീങ്ങുന്നു.
     ഈശോ പ്രസംഗം ആരംഭിക്കുന്നത് കടന്നുപോകുന്ന ആട്ടിൻപറ്റത്തെ പരാമർശിച്ചുകൊണ്ടാണ്. ഈശോ പറയുന്നു:
    
      നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് ആടുകളെക്കുറിച്ചു വിചാരമുള്ള ഒരു നല്ല ഇടയനാണ്. നല്ല ഇടയൻ എന്താണു ചെയ്യുന്നത്? തന്റെ ആടുകൾക്ക് നല്ല മേച്ചിൽസ്ഥലങ്ങൾ അന്വേഷിക്കുന്നു. പുല്ലു മാത്രമല്ല, തണലും ധാരാളം കുടിവെള്ളം കിട്ടുന്ന അരുവികളും അയാൾ തേടുന്നു. ഏറ്റം സമൃദ്ധമായ പുൽമേടുകൾ അയാൾ തെരഞ്ഞെടുക്കുകയില്ല. കാരണം അവയ്ക്കുള്ളിൽ പാമ്പുകളും രോഗം വരുത്തുന്ന ചെടികളും സർവസാധാരണമാണ്. മലഞ്ചെരിവുകളാണയാൾ ഇഷ്ടപ്പെടുന്നത്. അവിടെ മഞ്ഞുതുള്ളികൾ വീണ് പുല്ലിന്റെ ഇലകൾ വൃത്തിയുള്ളവയായിരിക്കും. നല്ല ശക്തിയുള്ള വെയിലടിക്കുന്നതിനാൽ പാമ്പുകൾ അവിടെയുണ്ടായിരിക്കയില്ല. ആരോഗ്യപ്രദമായ വായു ധാരാളം. നല്ലിടയൻ  എല്ലാ        ആടുകളെയും ഓരോന്നോരോന്നായി ശ്രദ്ധിക്കുന്നു. രോഗമുള്ളവയെ അവൻ സുഖപ്പെടുത്തുന്നു. മുറിവേറ്റവയെ വച്ചുകെട്ടുന്നു. അത്യാഗ്രഹം കൊണ്ട് അധികം തീറ്റ തിന്നു രോഗം വരുത്തുന്നവയെ അവൻ ശാസിക്കുന്നു. ഒരു സ്നേഹിതനോടെന്നപോലെ അവയോട് സംസാരിക്കുന്നു. ഭൂമിയിൽ അലഞ്ഞുതിരിയുന്ന സ്വന്തം മക്കളോട് സ്വർഗ്ഗസ്ഥനായ പിതാവ് ഇങ്ങനെതന്നെയാണ് വർത്തിക്കുന്നത്. പിതാവിന്റെ സ്നേഹമാകുന്ന വടി എല്ലാറ്റിനേയും ഒരുമിച്ചുകൂട്ടുന്നു. അവന്റെ സ്വരമാണ് അവരെ നയിക്കുന്നത്. അവന്റെ നിയമമാണ് അവരുടെ മേച്ചിൽപ്പുറം; സ്വർഗ്ഗമാണ് അവരുടെ ആല.

     എന്നാൽ ഒരാട് അവനെ വിട്ടുപോയി. അവന് അതിനെ വലിയ കാര്യമായിരുന്നു. ഇളംപ്രായം, പരിശുദ്ധമായത്, ഏപ്രിൽമാസത്തിലെ വെൺമേഘം പോലെ വെള്ളനിറം. എത്ര നന്നായി അതിനെ വളർത്തണമെന്നും എത്രയധികം സ്നേഹം അതു കാണിക്കുമെന്നും മറ്റും ചിന്തിച്ചുകൊണ്ട് ഇടയൻ വലിയ സ്നേഹത്തോടെ പലപ്പോഴും അതിനെ നോക്കിയിരുന്നു. എന്നാൽ  അത് വഴിമാറിപ്പോയി. മേച്ചിൽപ്പുറത്തിനടുത്തുള്ള വഴിയിലൂടെ ഒരു പ്രലോഭകൻ കടന്നുപോയി. ഒറ്റനിറമുള്ള സാധാരണ  ഉടുപ്പിനു പകരം പലനിറങ്ങളുള്ള വസ്ത്രമാണയാൾ ധരിച്ചിരുന്നത്. ചെറുകോടാലിയും കത്തിയും തൂക്കിയിടുന്ന തുകൽബൽറ്റ് അയാൾക്കില്ല. അയാളുടേതു സ്വർണ്ണബൽറ്റാണ്. ശക്തിയേറിയ സുഗന്ധദ്രവ്യങ്ങളടങ്ങിയ ചെപ്പുകൾ അയാളുടെ കൈവശമുണ്ട്. നല്ലിടയൻ കൊണ്ടുനടക്കുന്നതുപോലുള്ള വടി അയാളുടെ കൈയിലില്ല. നല്ലിടയൻ ആ വടി കൊണ്ട് ആടുകളെ ഒരുമിച്ചു കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ആ വടി പോരാ എന്നുതോന്നുമ്പോൾ കൈക്കോടാലിയും കത്തിയും പ്രയോഗിക്കും. ആവശ്യമെങ്കിൽ ജീവൻതന്നെയും അർപ്പിക്കും. എന്നാൽ പ്രലോഭകന്റെ കൈയിലുള്ളത് ഒരു ധൂമകലശമാണ്. അതിൽനിന്നു പുകയുയരുന്നുണ്ട്. അതിനുള്ളിൽ മിന്നുന്ന രത്നങ്ങളുണ്ട്. അയാൾ പാട്ടുപാടി ഉപ്പു വിതറിക്കൊണ്ടു കടന്നുപോകുന്നു. എന്നാൽ   പോകുന്നില്ല; അവിടെത്തന്നെ നിൽക്കുന്നു. നൂറാമത്തെ ആട്, ഏറ്റം പ്രായം കുറഞ്ഞത്, കാഴ്ചയ്ക്ക് ഏറ്റം യോഗ്യൻ, എടുത്തുചാടി പ്രലോഭകന്റെ പിന്നാലെ ഓടിമറഞ്ഞു കഴിഞ്ഞു. ഇടയൻ അതിനെ വിളിക്കുന്നുണ്ട്, എന്നാൽ   അതുതിരിച്ചു വരുന്നില്ല. അത് വായുവിനേക്കാൾ വേഗത്തിലോടുന്നു, പ്രലോഭകന്റെ ഒപ്പമെത്താൻ. ഓടുന്നവഴിക്ക് അൽപ്പം ശക്തി കിട്ടാൻ അത് ഉപ്പ് തിന്നുന്നു. എന്നാൽ ഉപ്പ് ഉള്ളിൽച്ചെന്നപ്പോൾ ഒരു കത്തൽ അനുഭവം. അതുകൊണ്ട് തണുത്ത വെള്ളംതേടി അത് വനത്തിൽ പച്ചമരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിലേക്കു പോകയാണ്.  പ്രലോഭകനെ അനുഗമിച്ച് അത് വനത്തിനുള്ളിലേക്കു കടന്ന് കുന്നുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിനിടയ്ക്ക് വീഴുന്നു. ഒന്ന്, രണ്ട്,  മൂന്ന്. വീഴുന്ന ഓരോ പ്രാവശ്യവും അതിന്റെ കഴുത്തിനുചുറ്റി വഴുവഴുപ്പുള്ള ഇഴജന്തുക്കളുടെ ആലിംഗനമാണ് അനുഭവപ്പെടുക. ദാഹം ശക്തിയായതിനാൽ അഴുക്കുവെള്ളം കുടിക്കുകയും വിശപ്പടക്കാൻ വിഷസസ്യങ്ങൾ തിന്നുകയും ചെയ്യുന്നു. അതേസമയം നല്ലിടയൻ  എന്താണു ചെയ്യുന്നത്? തൊണ്ണൂറ്റിഒൻപത് ആടുകളെയും സുരക്ഷിതമായ ഒരു സ്ഥലത്താക്കിയശേഷം അയാൾ പുറപ്പെടുന്നു. നഷ്ടപ്പെട്ട ആടിന്റെ സൂചന നൽകുന്ന അടയാളങ്ങൾ കണ്ടെത്തുന്നതുവരെ അയാൾ വിശ്രമിക്കുന്നില്ല.  പോയ ആട് തിരിച്ചുവരാത്തതിനാൽ അയാൾ ഉച്ചസ്വരത്തിൽ അതിനെ വിളിക്കുന്നു. ഒരു  ഫലവുമില്ല. അവസാനം വളരെ ദൂരെ നിന്ന് സർപ്പങ്ങൾ ചുറ്റി ബോധമില്ലാതെ കിടക്കുന്ന ആടിനെ അയാൾ കാണുന്നു. അതിനെ സ്നേഹിക്കുന്ന ആളിനെക്കണ്ടപ്പോൾ വേർതിരിഞ്ഞുപോയതിന്റെ ദുഃഖം കാണിക്കാൻ അതിനു കഴിയുന്നില്ല. പകരം അയാളെ അത് പരിഹസിക്കുന്നു. ഈ ആട് ഒരു  കള്ളനെപ്പോലെ, സ്വന്തമല്ലാത്ത  വീടുകളിൽ കയറിയിട്ടുണ്ടെന്ന് ഇടയനു മനസ്സിലാകുന്നുണ്ട്. കുറ്റബോധം കൊണ്ട് ആട് അയാളെ നോക്കുന്നില്ല. നോക്കാൻ അതിനു ധൈര്യം കിട്ടുന്നില്ല. എന്നിട്ടും നല്ലിടയനു മനസ്സു മടുക്കുന്നില്ല. ആടിന്റെയടുത്തു ചെല്ലാൻ ശ്രമിക്കയാണ്. അവസാനം ആടിന്റെയടുത്തെത്തി. ഓ! എന്റെ പ്രിയകുഞ്ഞേ, നിന്നെ ഞാൻ കണ്ടുപിടിച്ചു. അവസാനം നിന്റെയടുത്ത് ഞാനെത്തി. നിനക്കുവേണ്ടി എത്രദൂരം ഞാൻ നടന്നു? നിന്നെ ആലയിലേക്കു കൊണ്ടുപോകാൻ എത്രയധികം ബുദ്ധിമുട്ടി? നിരാശയിൽ നിന്റെ തലതാഴ്ത്തിക്കളയാതെ..... നിന്റെ പാപം എന്റെ ഹൃദയത്തിൽ ഞാൻ കുഴിച്ചുമൂടിയിരിക്കുന്നു. ആരും അതേക്കുറിച്ച് അറിയുകയില്ല. ഞാൻ മാത്രമേ അതറിയുന്നുള്ളൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു.  മറ്റുള്ളവരുടെ വിമർശനത്തിൽനിന്ന് ഞാൻ  നിന്നെ രക്ഷിക്കും. വരൂ, നിനക്കു മുറിവേറ്റുപോയോ? നിന്റെ മുറിവുകൾ ഞാൻ  കാണട്ടെ. എനിക്കവയറിയാം. എന്നാലും നീ എന്നെ അതു കാണിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നീ പരിശുദ്ധി പാലിച്ചിരുന്ന കാലത്ത് നിന്റെ ഇടയനും ദൈവവുമായ എന്നെ നീ നിഷ്കളങ്കമായ കണ്ണുകളോടെ നോക്കുമായിരുന്നല്ലോ. ആ വിശ്വാസത്തോടെ നീ എന്നെ നിന്റെ മുറിവുകൾ കാണിക്കൂ....ശരി, ഇതെല്ലാമാണ് നിന്റെ മുറിവുകൾ അല്ലേ? എല്ലാ മുറിവുകൾക്കും ഒരു പേരു തന്നെ. എത്ര ആഴമായ മുറിവുകൾ ? ആരാണ് ഈ വലിയ മുറിവുകൾ നിന്റെ ചങ്കിലുണ്ടാക്കിയത്? പ്രലോഭകൻ തന്നെ. എനിക്കറിയാം. അവന് കൈക്കോടാലിയോ കത്തിയോ ഇല്ല. എങ്കിലും വിഷമുള്ള അവന്റെ കടി ആഴത്തിൽ മുറിവേൽപ്പിക്കുന്നു. നോക്കൂ, എത്രയധികം മുറിവുകൾ ! എത്രയധികം രക്തമാണു വാർന്നുപോയത് ! എത്രയേറെ മുള്ളുകൾ തറച്ചിരിക്കുന്നു!

          ഓ ! നിരാശയിലാണ്ടിരിക്കുന്ന എന്റെ പാവപ്പെട്ട ആത്മാവേ, എന്നോടു പറയൂ, നിന്നോടു ഞാൻ എല്ലാം ക്ഷമിച്ചാൽ നീ എന്നെ ഇനിയും സ്നേഹിക്കുമോ? എന്റെ കരങ്ങൾ നിന്റെ പക്കലേക്കു നീട്ടിയാൽ ഇങ്ങോട്ടു വരുമോ? എന്നോടൊന്നു പറയൂ, എങ്കിൽവന്ന് വീണ്ടും ജനിക്കുക. പരിശുദ്ധമായ മേച്ചിൽപ്പുറങ്ങളിലേക്കു വീണ്ടും വരിക. നീ കരയൂ ... നിന്റെ കണ്ണീരും എന്റെ കണ്ണീരും കൂടെ നിന്റെ പാപത്തിന്റെ അടയാളങ്ങൾ കഴുകിക്കളയും. നിന്നെ ദഹിപ്പിച്ച തിന്മ നിമിത്തം നീ അവശതയിലായതിനാൽ എന്റെ നെഞ്ചും എന്റെ രക്തക്കുഴലുകളും നിനക്കായി തുറന്നുകൊണ്ടു ഞാൻ  പറയുന്നു, ഇവ ഭക്ഷിക്കുക; അങ്ങനെ ജീവിക്കൂ .... നിന്നെ എന്റെ കരങ്ങളിൽ ഞാൻ  വഹിക്കുന്നതിന് എന്റടുത്തേക്കു വരൂ.... നമുക്ക് അതിവേഗത്തിൽ നടന്ന് ശുദ്ധമായ പുൽമേടുകളിലേക്കു പോകാം. നീ ദുരിതത്തിന്റെ ഈ  സമയത്തെ വിസ്മരിക്കുക. നിന്റെ തൊണ്ണൂറ്റിഒൻപത് നല്ല സഹോദരങ്ങളും നീ തിരിച്ചുവന്നല്ലോ എന്നോർത്തു സന്തോഷിക്കും. ഞാൻ  നിന്നോടു പറയുന്നു, ആല വിട്ടു പോകാതിരുന്ന തൊണ്ണൂറ്റിഒൻപത് നീതിമാന്മാരേക്കാൾ, നഷ്ടപ്പെട്ടശേഷം കണ്ടെടുക്കപ്പെട്ട ഒന്നിനെക്കുറിച്ച് നല്ലവരുടെ ഇടയിൽ കൂടുതൽ സന്തോഷമുണ്ടാകും."

         ഈശോ പിന്നിലെ റോഡിലേക്ക് ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കിയിട്ടില്ല. ആ വഴിയേ, സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ മഗ്ദലായിലെ മേരിവന്നുചേർന്നിരിക്കുന്നു. ഒരു കറുത്ത ശിരോവസ്ത്രം ധരിച്ചിരിക്കുന്നു. ഈശോ, 'എന്റെ പ്രിയപ്പെട്ട നിന്നെ ഞാൻ കണ്ടെത്തി' എന്നുതുടങ്ങി തുടർന്നു പറയുന്ന വാക്കുകൾ കേട്ട് മേരി അവളുടെ മുഖാവരണം കൊണ്ട് മുഖം പൊത്തി നിർത്താതെ കരയുന്നു.

   ആളുകൾക്ക് അവളെ കാണാൻ കഴിയുന്നില്ല. കാരണം അവൾ അരുവിയുടെ ഇങ്ങേക്കരയിലാണ്. തലയ്ക്കുമീതേ വന്നിട്ടുള്ള ചന്ദ്രനും ഈശോയുടെ അരൂപിയും മാത്രമേ അവളെക്കാണുന്നുള്ളൂ.