ജാലകം നിത്യജീവൻ: July 22 - Feast of St. Mary Magdelene

nithyajeevan

nithyajeevan

Friday, July 22, 2011

July 22 - Feast of St. Mary Magdelene

July 22 - Feast of St. Mary Magdelene.
ഇന്ന് വി. മറിയം മഗ്ദലനായുടെ തിരുനാള്‍ 
വി. മറിയം മഗ്ദലനായെ "അപ്പസ്തോലന്മാരുടെ അപ്പസ്തോല" എന്നാണ് വി. തോമസ് അക്വിനാസ് വിശേഷിപ്പിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിനെ (പരിശുദ്ധ അമ്മയ്ക്കു ശേഷം) ആദ്യം കാണുന്നതിനും പുനരുദ്ധാനത്തിന്റെ ദൗത്യവാഹകയാകുന്നതിനുമുള്ള അനുഗ്രഹം വി. മറിയം മഗ്ദലനായ്ക്കാണ് ലഭിച്ചത് എന്നതുതന്നെ ഈശോയിലുള്ള അവളുടെ അടിയുറച്ച വിശ്വാസവും ഈശോയോടുള്ള സ്നേഹത്തിന്റെ പാരമ്യവും വ്യക്തമാക്കുന്നു. 

പ്രീശനായ സൈമണിന്റെ വീട്ടിൽ വച്ച്  ഈശോയിൽനിന്നു പാപമോചനം ലഭിച്ച മഗ്ദലനാമേരി  വളരെപ്പെട്ടെന്ന് സ്നേഹത്തിൽ മുന്നേറി. അവളെപ്പറ്റി ഈശോ പറയുന്നു:

    "രക്ഷയിലേക്കു വന്ന ആ സുപ്രഭാതത്തിനുശേഷം മേരി വളരെയധികം മുന്നോട്ടുപോയി. ദീർഘദൂരം പിന്നിട്ടു. സ്നേഹം ശക്തമായ ഒരു  കാറ്റുപോലെ അവളെ വളരെ ഉയരത്തിലേക്കും മുമ്പോട്ടും പറപ്പിച്ചു. സ്നേഹം അഗ്നി എന്നപോലെ അവളെ ദഹിപ്പിച്ചു. സ്ത്രീത്വത്തിന്റെ മഹത്വത്തിലേക്കു നവീകരിക്കപ്പെട്ട മേരി ഇപ്പോൾ വ്യത്യസ്തയാണ്. വസ്ത്രധാരണത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. മുടി ക്രമപ്പെടുത്തുന്നതിലും വാക്കിലും നോക്കിലും പെരുമാറ്റത്തിലും എന്റെ അമ്മയുടെതുപോലുള്ള  ലാളിത്യം വരുന്നുണ്ട്. ഈ പുതിയ മേരിക്ക് അതേപ്രവൃത്തിയാൽ എന്നെ ബഹുമാനിക്കാൻ ഒരു പുതിയ മാർഗ്ഗവും കിട്ടി. അവളുടെ പരിമളതൈലക്കുപ്പികളിൽ അവസാനത്തേത്, എനിക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്നത്, എന്റെ  പാദങ്ങളിലും ശിരസ്സിലും അവൾ പകർന്നു. കണ്ണീർ പൊഴിക്കാതെ സന്തോഷത്തോടെയാണതു ചെയ്തത്. അവളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു എന്ന ഉറപ്പോടെയാണതു  ചെയ്തത്. മേരിക്കിപ്പോൾ എന്റെ ശിരസ്സിൽ സ്പർശിക്കാം. അതിനെ അഭിഷേകം ചെയ്യാം. അനുതാപവും സ്നേഹവും സ്രാപ്പേമാലാഖമാരുടെ അഗ്നി കൊണ്ട് അവളെ വിശുദ്ധീകരിച്ചു. അവളിപ്പോൾ ഒരു സ്രാപ്പേമാലാഖയാണ്. 
       കഫർണാമിൽ വച്ച് അന്ന് ഞാൻ  സംസാരിച്ചത് വലിയൊരു ജനാവലിയോടാണ്. എങ്കിലും യഥാർത്ഥത്തിൽ അവൾക്കുവേണ്ടി മാത്രമായിരുന്നു ഞാൻ  സംസാരിച്ചത്.  ആത്മാവിനെ അടിമപ്പെടുത്തിയിരുന്ന ജഡത്തിനെതിരെ തീക്ഷ്ണതയോടെ പൊരുതി എന്റെ പക്കലേക്കു വന്ന അവളെ കാണാതെപോയ ആടിന്റെ ഉപമയിലെ ആടിനേക്കാൾ കഷ്ടതരമായി, മുൾപ്പടർപ്പിൽ കുടുങ്ങിക്കിടക്കുന്ന അവളെ ഞാൻ  കണ്ടു.  സ്വന്തം ജീവിതത്തോടുള്ള  അറപ്പിൽ അവൾ മുങ്ങിച്ചാകാൻ തുടങ്ങുകയായിരുന്നു. 
            വലിയ വാക്കുകളൊന്നും ഞാൻ  പറഞ്ഞില്ല. അവളെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റിയും ഞാൻ  പരാമർശിച്ചില്ല. അറിയപ്പെടുന്ന ഒരു   പാപിനി. അവളെ എളിമപ്പെടുത്താനോ എന്റടുത്തു വരാൻ ലജ്ജിക്കുന്നതിനോ എന്നിൽ നിന്നോടിപോകുന്നതിനോ ഇടയാക്കാൻ ഞാനാഗ്രഹിച്ചില്ല. അവളെ ഞാൻ സമാധാനത്തിൽ വിട്ടു. മഹത്തരവും വിശുദ്ധവുമായ ഒരു   ഭാവി അവൾക്കുണ്ടാകുന്നതിന് നൈമിഷികമായി അവൾക്കുണ്ടായ ആ തോന്നൽ പതഞ്ഞുപൊങ്ങട്ടെ എന്നുദ്ദേശിച്ച് എന്റെ വാക്കുകൾ അവളുടെ ആത്മാവിൽ ആഴ്ന്നിറങ്ങാൻ ഞാൻ  അനുവദിച്ചു. വളരെ മാർദ്ദവമേറിയ വാക്കുകളിൽ ശാന്തമായ ഒരുപമ വഴി ഞാനവളോടു സംസാരിച്ചു. പ്രകാശത്തിന്റെ ഒരു രശ്മി അവൾക്കായി മാത്രം ഞാൻ ഉപമയിലൂടെ നൽകി. 
    പിന്നീട്  പ്രീശനായ സൈമണിന്റെ വീട്ടിൽ ഞാൻ  കടന്നുചെന്നു. എന്നാൽ എന്റെ വാക്കുകൾ, അഹങ്കാരിയായ ആ  സമ്പന്നന്റെ ഭാവിനന്മയ്ക്കുപകരിച്ചില്ല. കാരണം അവയെ  പ്രീശന്റെ അഹങ്കാരം കൊന്നുകളഞ്ഞു. എങ്കിലും ആ സമയത്ത് എനിക്കറിയാമായിരുന്നു, ധാരാളം കരഞ്ഞശേഷം മേരി എന്റെപക്കലേക്കു വരുമെന്ന്. 
                      അവൾ  പ്രവേശിക്കുന്നതു കണ്ടപ്പോൾ അതിഥികളെല്ലാവരുടേയും  ശരീരത്തിലും  മനസ്സിലും കാമാസക്തിയുണർന്നു.   വിരുന്നിനു  വന്നിരുന്നവരിൽ പരിശുദ്ധരായ   രണ്ടുപേരൊഴികെ  (ജോണും ഞാനും) ശേഷിച്ചവരെല്ലാം  കാമാസക്തിയോടെയാണവളെ നോക്കിയത്. അവരെല്ലാവരും ഓർത്തത് അവൾക്കു പതിവുള്ള ഒരു   തന്ത്രമനുസരിച്ച് പൈശാചികാവേശത്തോടെ നിനച്ചിരിക്കാത്ത നേരത്ത് ജഡികവേഴ്ചയ്ക്കായി വന്നതായിരിക്കും എന്നായിരുന്നു. എന്നാൽ  സാത്താൻ തോൽപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവൾ  ആരെയും നോക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ വിചാരിച്ചു അവൾ  എന്നെ ലക്ഷ്യം വച്ചാണു വന്നിരിക്കുന്നതെന്ന്. മനുഷ്യൻ മാംസവും രക്തവും മാത്രം ആയിരിക്കുന്നിടത്തോളം കാലം ഏറ്റവും പരിശുദ്ധമായ കാര്യങ്ങളെപ്പോലും  ചീത്തയാക്കുന്നു. പരിശുദ്ധരായവർക്കു മാത്രമേ കാര്യങ്ങളുടെ ശരിയായ വീക്ഷണമുള്ളൂ. കാരണം  ചിന്തകളെ തകിടംമറിക്കുന്ന പാപം അവരിലില്ല.
          എന്നാൽ   മനുഷ്യൻ മനസ്സിലാക്കാത്തതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല. ദൈവം എല്ലാം മനസ്സിലാക്കുന്നു. സ്വർഗ്ഗത്തിന് അതുമതി. പറുദീസയിലെ അനുഗ്രഹീതാത്മാക്കളുടെ മഹത്വത്തിന് ഒരൗൺസുപോലും വർദ്ധനവു വരുത്താൻ മാനുഷിക മഹത്വത്തിന് സാദ്ധ്യമല്ല. പാവപ്പെട്ട മഗ്ദലനാമേരി അവളുടെ നല്ല പ്രവൃത്തികളിൽപ്പോലും മോശമായി വിധിക്കപ്പെട്ടിരുന്നു. എന്നാൽ അവളുടെ തെറ്റായ പ്രവൃത്തികളെ അവർ കുറ്റം വിധിച്ചില്ല. കാരണം, അത് കാമാതുരരായ പുരുഷന്മാരുടെ ഒരിക്കലും ശമിക്കാത്ത വിശപ്പു തീർക്കാൻ വായ് നിറയ്ക്കുന്നവയായിരുന്നു. പ്രീശന്റെ ഭവനത്തിൽവച്ച് അവൾ വിമർശിക്കപ്പെടുകയും തെറ്റായി വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് ബഥനിയിലെ സ്വന്തം  വീട്ടിൽവച്ചും വിമർശിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്തു.
      എന്നാൽ ഞാൻ  ആവർത്തിച്ചു പറയുന്നു; ലോകത്തിന്റെ വിമർശനത്തിന് ഒരു  പ്രാധാന്യവുമില്ല. ദൈവത്തിന്റെ വിധിയാണ് കാര്യമാക്കാനുള്ളത്."