ജാലകം നിത്യജീവൻ: ഈശോ ലാസറിനെ ഉയിർപ്പിക്കുന്നു

nithyajeevan

nithyajeevan

Saturday, July 23, 2011

ഈശോ ലാസറിനെ ഉയിർപ്പിക്കുന്നു

              ഈശോ തന്റെ പ്രിയ സ്നേഹിതനായ ലാസറിന്റെ മരണവിവരം അറിഞ്ഞ്  അപ്പസ്തോലന്മാരോടൊപ്പം ബഥനിയിലെ ഭവനത്തിലെത്തി. പ്രമാണികളായ യൂദയാക്കാർ വളരെപ്പേർ സഹോദരിമാരായ മാർത്തയെയും മേരിയെയും ആശ്വസിപ്പിക്കാനെന്ന ഭാവത്തിൽ അവിടെ എത്തിയിട്ടുണ്ട്.  ഈശോയോടു വിശ്വസ്ത പുലർത്തുന്ന ചുരുക്കം ചിലർ - രഹസ്യശിഷ്യരായ നിക്കോദേമൂസ്, ജോസഫ്, ജോൺ, ഏലിയാസർ, നിയമജ്ഞനായ ജോൺ, ജോയേൽ തുടങ്ങിയവർ - കൂട്ടത്തിലുണ്ട്. ഗമാലിയേൽ അൽപ്പം മാറി ഏതാനും യുവാക്കന്മാരാൽ ചുറ്റപ്പെട്ട് നിൽക്കുന്നു. അക്കൂട്ടത്തിൽ അയാളുടെ മകനും ശിഷ്യനായ ബർണബാസുമുണ്ട്.  ഈശോ എത്തിയ വിവരമറിഞ്ഞ് മാർത്ത കരഞ്ഞുകൊണ്ട് ഓടിവന്ന് ഈശോയുടെ കാൽക്കൽ വീണു പാദങ്ങൾ ചുബിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറയുന്നു; "ഗുരുവേ, നിനക്കു സമാധാനം." ഈശോയും പറയുന്നു: "നിനക്കു സമാധാനം."  പിന്നെ കൈ ഉയർത്തി അവളെ അനുഗ്രഹിക്കുന്നു. 
         മാർത്ത മുട്ടിന്മേൽ നിന്നു കരഞ്ഞുകൊണ്ട് പറയുന്നു; "എന്നാൽ നിന്റെ ദാസിക്ക് ഇനി ഒരു സമാധാനവുമില്ല. ലാസ്സറസ്സ് മരിച്ചുപോയി.... നീ ഇവിടെയുണ്ടായിരുന്നെങ്കിൽ അവൻ മരിക്കയില്ലായിരുന്നു... ഗുരുവേ, എന്തുകൊണ്ടാണ് നീ നേരത്തേ വരാതിരുന്നത്?"
          അവളുടെ ചോദ്യത്തിൽ അൽപ്പം പരിഭവം നിഴലിച്ചു. വീണ്ടും ദുഃഖത്തോടെ കരഞ്ഞുകൊണ്ട് അവൾ പറയുന്നു: "ലാസ്സറസ്സ് നിന്നെ അനേക പ്രാവശ്യം വിളിച്ചു... അവൻ ഇനി ഇവിടെയില്ല.. അവനെ ഞങ്ങൾ എത്രയധികം സ്നേഹിച്ചിരുന്നുവെന്ന് നിനക്കറിയാമല്ലോ? ഞങ്ങൾ നിന്നിൽ പ്രതീക്ഷയർപ്പിച്ചിരിക്കയായിരുന്നു....."
 ചുറ്റും നിന്ന യൂദയാക്കാർ തലകുലുക്കുകയും നിന്ദാപൂർവ്വം ഈശോയെ നോക്കുകയും ചെയ്യുന്നു.  രഹസ്യശിഷ്യർ സഹതാപത്തോടെ ഈശോയെ നോക്കുന്നു. ഈശോ ദുഃഖിതനായി മാർത്തയുടെ സങ്കടം കേൾക്കുന്നു. ഗമാലിയേൽ ഈശോയെ  തറപ്പിച്ചു നോക്കുന്നു. വിരോധവുമില്ല, സ്നേഹവുമില്ല. 
മാർത്ത തുടരുന്നു; "എങ്കിലും ഇപ്പോഴും ഞാൻ പ്രത്യാശിക്കുന്നു. കാരണം നീ ദൈവത്തോടു ചോദിക്കുന്നതെല്ലാം അവൻ തരുമെന്ന് എനിക്കറിയാം..." ദുഃഖം നിറഞ്ഞ വീരോചിതമായ വിശ്വാസപ്രഖ്യാപനം. അവളുടെ കണ്ണുകളിൽ ഉത്ക്കണ്ഠ. അവസാന പ്രത്യാശയിൽ തുടിക്കുന്ന ഹൃദയം.
"നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും മാർത്ത, എഴുന്നേൽക്കൂ."
മാർത്ത എഴുന്നേറ്റു. എങ്കിലും  ഈശോയോടുള്ള ബഹുമാനത്താൽ കുനിഞ്ഞു നിന്നുകൊണ്ട് മറുപടി പറയുന്നു; "എനിക്കറിയാം ഗുരുവേ, അവൻ വീണ്ടും എഴുന്നേൽക്കും. അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ എഴുന്നേൽക്കും."
" പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. എന്നിൽ വിശ്വസിക്കയും എന്നിൽ  ജീവിക്കയും ചെയ്യുന്നവൻ ഒരിക്കലും മരിക്കയില്ല. ഇത് നീ വിശ്വസിക്കുന്നുവോ?" മുമ്പ് താണ സ്വരത്തിൽ മാർത്തയോടു മാത്രം സംസാരിച്ച ഈശോ ഈ വാക്കുകൾ പറഞ്ഞത് വളരെ ഉച്ചത്തിലാണ്. ദൈവമെന്ന നിലയിൽ അവിടുത്തേക്കുള്ള ശക്തി ഈശോ പ്രഖ്യാപിക്കയായിരുന്നു. ഇമ്പമേറിയ ആ സ്വരം തങ്കമണിനാദം പോലെ തോട്ടത്തിലെങ്ങും അലതല്ലുന്നു. നടുങ്ങുന്നതുപോലെ ആളുകൾ വിറകൊള്ളുന്നു. ചിലർ തലകുലുക്കി നിന്ദ കാണിക്കുന്നുമുണ്ട്. ഈശോ തന്റെ കരം മാർത്തയുടെ തോളിൽ വച്ചുകൊണ്ട് അവളിൽ കൂടുതൽ കൂടുതൽ പ്രത്യാശ ഉദ്ദീപിക്കുന്നതായി തോന്നുന്നു. അവൾ തല നിവർത്തി ദുഃഖപൂർണ്ണമായ കണ്ണുകളുയർത്തി ഈശോയെ നോക്കിക്കൊണ്ട് മറുപടി പറയുന്നു; "ഉവ്വ്, എന്റെ കർത്താവേ, ഞാൻ വിശ്വസിക്കുന്നു. ഞാൻ അതെല്ലാം വിശ്വസിക്കുന്നു... നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ ലോകത്തിലേക്കു വന്നിരിക്കുന്നുവെന്നും നിനക്കിഷ്ടമുള്ളതെല്ലാം ചെയ്യാൻ നിനക്കു  കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. നീ വന്ന വിവരം ഞാൻ മേരിയോടു പോയി പറയട്ടെ..." അവൾ വേഗത്തിൽ വീട്ടിനുള്ളിലേക്കു പോയി.
 ഈശോ ഇപ്പോഴും തോട്ടത്തിൽത്തന്നെ നിൽക്കുകയാണ്. യൂദയാക്കാർ ഈശോയെ  നിരീക്ഷിക്കുന്നു. അവരറിയാതെ തന്നെ വ്യത്യസ്ത ഗണങ്ങളായി വേർതിരിഞ്ഞിരിക്കുന്നു. ഒരു വശത്ത്, ഈശോയുടെ മുമ്പിൽ വിരോധികളെല്ലാവരും ഒന്നിച്ചിരിക്കുകയാണ്. 

             ഈശോയുടെ അടുത്ത് അപ്പസ്തോലന്മാരുടെ പിന്നിൽ ജോസഫ്, നിക്കോദേമൂസ് എന്നിവരും ഈശോയോടു സ്നേഹമുള്ളവരും നിൽക്കുന്നു
            മേരി, അവളുടെ  പതിവുള്ള വിളിയായ "റബ്ബോനീ" എന്നു വിളിച്ചുകൊണ്ട് വീട്ടിനുള്ളിൽ നിന്നും ഓടിവന്ന് ഇരുകൈകളും നീട്ടിപ്പിടിച്ച് ഈശോയുടെ  കാൽക്കൽ വീണു. വല്ലാതെ കരഞ്ഞുകൊണ്ട് ആ പാദങ്ങൾ  ചുബിക്കുന്നു. അവളുടെ  പരിചാരകരും ഭൃത്യരും അവളെ അനുഗമിച്ചു വന്ന് കരയുന്നു. മേരി കരയുന്നതു കണ്ട് മാർത്തയും കരയുന്നു. 
"നിനക്കു  സമാധാനം, മേരീ, എഴുന്നേൽക്കൂ... എന്നെ നോക്കൂ. ഒരു പ്രത്യാശയുമില്ലാത്തപോലെ എന്തിനാണ് ഇങ്ങനെ കരയുന്നത്? " കുനിഞ്ഞ്, താണസ്വരത്തിലാണ് ഈശോ ഇതു പറയുന്നത്. " ദൈവമഹത്വം കാണുവാൻ, കാണുന്നതിനപ്പുറം പ്രത്യാശ  വയ്ക്കണമെന്ന് ഞാൻ നിന്നോടു പറഞ്ഞിരുന്നില്ലേ? നിന്റെ ഗുരുവിനു വ്യത്യാസം വന്നുപോയോ? നീ ഇത്രയധികം മനസ്സിടിവ് കാണിക്കുന്നതെന്തുകൊണ്ടാണ്?"
         പക്ഷേ മേരി അതൊന്നും കേൾക്കുന്നതേയില്ല. അവസാനം സംസാരിക്കാൻ ശക്തി ലഭിച്ചപ്പോൾ അവൾ ഉച്ചത്തിൽ പറയുന്നു; "ഓ! കർത്താവേ, നീ എന്തുകൊണ്ടാണ് നേരത്തേ  വരാതിരുന്നത്? എന്തുകൊണ്ടാണ് നീ ഞങ്ങളെ  വിട്ട് ദൂരെപ്പോയത്? ലാസ്സറസ്സിനു രോഗമാണെന്നു നിനക്കറിയാമായിരുന്നു.... നീ ഇവിടെയുണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു... നീ എന്തുകൊണ്ടാണ് വരാതിരുന്നത്? എനിക്ക് അവനോടു സ്നേഹമുണ്ടെന്ന് തെളിയിക്കണമായിരുന്നു.... ഞാൻ എന്റെ സഹോദരനെ വളരെയേറെ വേദനിപ്പിച്ചു. എന്നിട്ട് ഇപ്പോൾ! ഇപ്പോൾ.... അവനെ എനിക്ക് സന്തോഷിപ്പിക്കുവാൻ കഴിയുമായിരുന്നു.  എന്നാൽ അവൻ എന്നിൽ നിന്ന് എടുക്കപ്പെട്ടു.... നിനക്ക് അവനെ എന്നോടൊപ്പം ജീവിക്കാൻ വിടാമായിരുന്നു.... അവനെ വളരെ ആഴമായി മുറിവേൽപ്പിച്ച പാവം മേരിക്ക് അവനെ ആശ്വസിപ്പിക്കുന്നതിലുള്ള സന്തോഷം നൽകാൻ നിനക്ക് കഴിയുമായിരുന്നു... ഓ! ഈശോയേ, എന്റെ ഗുരുവേ, എന്റെ രക്ഷകാ...." അവൾ വീണ്ടും  തളർന്നു വീഴുന്നു. തേങ്ങിക്കൊണ്ടവൾ ചോദിക്കുന്നു; "എന്തിനാണ് കർത്താവേ, നീ ഇങ്ങനെ ചെയ്തത്? നിന്നെ വെറുക്കുന്നവരും ഈ സംഭവിച്ചതിലെല്ലാം സന്തോഷിക്കുന്നവരും നിമിത്തവും....  എന്തുകൊണ്ടാണ് കർത്താവേ, നീ ഇങ്ങനെ ചെയ്തത്?" എന്നാൽ  മേരിയുടെ സ്വരത്തിൽ കുറ്റപ്പെടുത്തലിന്റെ ലാഞ്ചന പോലുമില്ല. സഹോദരിയെന്ന വിധത്തിൽ മാത്രമല്ല, തന്റെ ഗുരുവിനെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടായിരുന്ന മതിപ്പിനു കുറവു വന്നു എന്നതിൽ ദുഃഖിക്കുന്ന ഒരു സ്ത്രീയുടെ ദുഃഖമാണ് അതിൽ നിഴലിച്ചത്.
മുഖം നിലംപറ്റെ വച്ചുകൊണ്ട് അവൾ പറഞ്ഞത് കേൾക്കാൻ കുനിഞ്ഞ ഈശോ, നേരെനിന്ന് ഉച്ചസ്വരത്തിൽ പറയുന്നു: "മേരീ, കരയാതിരിക്കൂ. നിന്റെ ഗുരുവും തന്റെ സ്നേഹിതന്റെ മരണത്തിൽ ദുഃഖിക്കുന്നുണ്ട്. അവൻ മരിക്കേണ്ടി വന്നതിൽ ദുഃഖിക്കുന്നു."
ഈശോയുടെ വിരോധികളായവരുടെ നിന്ദ നിറഞ്ഞ മുഖങ്ങൾ ദുഷ്ടസന്തോഷത്താൽ പ്രകാശിതമായി. അവർ ചിന്തിക്കുന്നത് ക്രിസ്തു പരാജയപ്പെട്ടു എന്നുതന്നെ
കൂടുതൽ ഉച്ചത്തിൽ ഈശോ പറയുന്നു: "കരയാതിരിക്കൂ... എഴുന്നേൽക്കൂ.  നിങ്ങളെ ഇപ്രകാരം ഞാൻ  ദുഃഖിപ്പിച്ചത് വൃഥാ ആണെന്നു നീ വിചാരിക്കുന്നുവോ?  വരൂ, നമുക്ക് ലാസ്സറസ്സിന്റെ പക്കലേക്കു പോകാം. നിങ്ങൾ എവിടെയാണ് അവനെ വച്ചിരിക്കുന്നത്?"
മേരിയും മാർത്തയും കൂടുതൽ ഉച്ചത്തിൽ കരയുന്നതിനാൽ മറുപടി പറയാൻ അശക്തരാണ്. മേരിയുടെ കൂടെ വീട്ടിൽ നിന്നിറങ്ങിവന്നവർ പറയുന്നു; "വന്നു കാണുവിൻ."
അവർ കബറിടത്തിലേക്കു പോകുന്നു. 
            തോട്ടത്തിന്റെ അങ്ങേയറ്റത്താണ് കബറിടം. 
മാർത്ത ഈശോയുടെ അടുത്തുണ്ട്. കണ്ണീർ നിമിത്തം കാണാൻ കഴിയാത്ത മേരിയെ ഈശോ നിർബ്ബന്ധമായി പിടിച്ചെഴുന്നേൽപ്പിച്ച് കൂടെക്കൊണ്ടുപോകുന്നു. മാർത്ത, ലാസറിനെ അടക്കിയിരിക്കുന്ന സ്ഥലം ഈശോയെ  കൈചൂണ്ടി കാണിച്ചുകൊടുത്തു. ആ സ്ഥലത്തോടടുത്തപ്പോൾ മാർത്ത  പറയുന്നു; "ഗുരുവേ, അവിടെയാണ് നിന്റെ സ്നേഹിതനെ കബറടക്കിയിരിക്കുന്നത്." 
എല്ലാവരാലും അനുഗതനായി വന്ന ഈശോ ആ രണ്ടു സഹോദരിമാരോടുമൊപ്പം കബറിടത്തിന് വളരെ അടുത്തുപോയി അവിടെ  നിൽക്കുകയാണ്.  കാര്യസ്ഥനായ മാക്സിമിനൂസും അടുത്ത ബന്ധുക്കളിൽ ചിലരും കൂടെയുണ്ട്. വിരോധികളായ പ്രീശരെല്ലാവരും പിരിമുറുക്കത്തിലാണ്.
ഈശോ കബറിടത്തിന്റെ വാതിൽക്കൽ വച്ചിരിക്കുന്ന വളരെ ഭാരമുള്ള കല്ലിന്മേൽ നോക്കുന്നു. തനിക്കും സ്നേഹത്തിനും ഇടയിലുള്ള വലിയ തടസ്സം; ഈശോ കരയുന്നു. സഹോദരിമാരുടെ കരച്ചിൽ കൂടുതൽ  ഉച്ചത്തിലായി. ആത്മാർത്ഥ സ്നേഹിതരുടേയും ബന്ധുക്കളുടേയും ദുഃഖവും വർദ്ധിച്ചു. 
കണ്ണീർ തുടച്ചശേഷം ഈശോ ഉച്ചത്തിൽ പറയുന്നു: "ആ കല്ല് നീക്കിക്കളയുവിൻ."
എല്ലാവർക്കും വിസ്മയം. ജനക്കൂട്ടം മുഴുവൻ കുശുകുശുക്കുന്നു. ജനക്കൂട്ടം ഇപ്പോൾ വലുതായി. കാരണം, ഈശോ വന്നതറിഞ്ഞ് ബഥനിയിലെ ജനങ്ങളും വന്നെത്തിയിട്ടുണ്ട്. ചില പ്രീശന്മാർ നെറ്റിത്തടത്തിൽ കൈവയ്ക്കുകയും തലകുലുക്കുകയും  ചെയ്യുന്നു. ചിലർ പറയുന്നു; "അവന് ഭ്രാന്താണ്."
  ഈശോയുടെ കൽപ്പന ഒരുത്തരും അനുസരിക്കുന്നില്ല. ഏറ്റം വിശ്വസ്തരായവർക്കു പോലും സംശയമാണ്.
    ഈശോ കൽപ്പന ഒന്നുകൂടി ഉച്ചത്തിൽ ആവർത്തിച്ചു. ആളുകൾക്ക് കൂടുതൽ വിസ്മയമായി. ചിലർ  ഓടിപ്പോകാൻ ഭാവിച്ചെങ്കിലും പിന്നീട് എല്ലാം നന്നായി കാണുന്നതിനായി കൂടുതൽ അടുത്തേക്കു വന്നു
കണ്ണീർ നിയന്ത്രിച്ചുകൊണ്ട് മാർത്ത പറയുന്നു; "ഗുരുവേ, അതു സാദ്ധ്യമല്ല. അവനെ അവിടെ  വച്ചിട്ട് നാലുദിവസം കഴിഞ്ഞിരിക്കുന്നു. നിനക്കറിയാമല്ലോ എന്തു രോഗത്താലാണ് അവൻ മരിച്ചതെന്ന്. ഞങ്ങളുടെ സ്നേഹം മാത്രമാണ് അവനെ സുഖപ്പെടുത്താൻ കഴിയുമെന്ന പ്രത്യാശ  നൽകിയത്. എന്നാൽ ഇപ്പോൾ സുഗന്ധദ്രവ്യങ്ങൾക്കതീതമായി അവൻ ദുർഗ്ഗന്ധം പരത്തുമെന്നതിന് സംശയമില്ല.... നീ എന്താണു് കാണാനാഗ്രഹിക്കുന്നത്? അവൻ ചീഞ്ഞഴിഞ്ഞിരിക്കുന്നതോ?..... അത് സാധിക്കയില്ലല്ലോ? അഴുകലിന്റെ അശുദ്ധിയുമുണ്ട്...."
"വിശ്വസിക്കയാണെങ്കിൽ നീ ദൈവമഹത്വം കാണുമെന്ന് നിന്നോടു ഞാൻ  പറഞ്ഞില്ലേ? ആ കല്ല് മാറ്റുക. ഞാൻ അത് ആവശ്യപ്പെടുന്നു."  ദൈവനിശ്ചയത്തിന്റെ ശബ്ദമാണത്.
പതുങ്ങിയ സ്വരത്തിൽ  "ഓ!" എന്ന് എല്ലാവരും പറഞ്ഞുപോയി. മുഖങ്ങൾ വിളറുന്നു; ചിലരെല്ലാം വിറകൊള്ളുന്നു.
മാർത്ത, മാക്സിമിനൂസിന് അടയാളം കൊടുത്തു. അയാൾ ഭൃത്യരോട് ആവശ്യമുള്ള ആയുധങ്ങളും ഉപകരണങ്ങളും കൊണ്ടുവരാൻ കൽപ്പിച്ചു.
ഭൃത്യർ ഓടിപ്പോയി കമ്പിപ്പാര, കൂന്താലി, തുടങ്ങിയ ഉപകരണങ്ങളുമായി എത്തിക്കഴിഞ്ഞു. അവർ കൂന്താലിമുന കല്ലിനും പാറയ്ക്കും ഇടയ്ക്കു കയറ്റി വിടവുണ്ടാക്കിയശേഷം കമ്പിപ്പാര കടത്തി കല്ല്  സാവകാശം ഇളക്കി ഒരു വശത്തേക്ക് ഉരുട്ടിമാറ്റി. ഇരുണ്ട കുഴിയിൽ നിന്ന് ദുർഗ്ഗന്ധം  വല്ലാതെ വമിക്കുന്നു. എല്ലാവരും പിന്നിലേക്കു വലിഞ്ഞു.
മാർത്ത താണസ്വരത്തിൽ ചോദിക്കുന്നു; "ഗുരുവേ, പടികളിറങ്ങി താഴേക്കു പോകാൻ നീ ആഗ്രഹിക്കുന്നുണ്ടോ? പോകണമെങ്കിൽ പന്തം കത്തിക്കണം....." 
ഈശോ മറുപടി പറയുന്നില്ല. അവൻ കണ്ണുകൾ ആകാശത്തിലേക്കുയർത്തി, കൈകൾ കുരിശാകൃതിയിൽ നീട്ടിപ്പിടിച്ചുകൊണ്ട് ഉച്ചത്തിൽ വളരെ  വ്യക്തമായി പ്രാർത്ഥിക്കുന്നു: "പിതാവേ, നീ എന്നെ ശ്രവിക്കുന്നതിനെക്കുറിച്ച് നിനക്കു ഞാൻ നന്ദി പറയുന്നു. നീ എപ്പോഴും എന്നെ ശ്രവിക്കുന്നു എന്ന് എനിക്കറിയാം. എന്നാൽ ഞാനിതു പറയുന്നത് ഇവിടെയുള്ളവർക്കു വേണ്ടിയാണ്. എന്റെ ചുറ്റും നിൽക്കുന്നവർക്കു വേണ്ടിയാണ്. അവർ നിന്നിൽ വിശ്വസിക്കുന്നതിനും എന്നെ  വിശ്വസിക്കുന്നതിനും നീ എന്നെ അയച്ചു എന്നു വിശ്വസിക്കുന്നതിനും വേണ്ടിത്തന്നെ." 
ഈശോ അങ്ങനെതന്നെ നിൽക്കുന്നു. അപ്പോൾ അവൻ തേജസ്വിയായി മാറി. ദിവ്യാനുഭൂതിയിൽ ലയിച്ചതുപോലെ പിതാവിനെ ധ്യാനിച്ച് ആനന്ദത്തിൽ മുങ്ങിയിരിക്കയാണ്. ഈ നിലയിൽ ഈശോ കുറച്ചുസമയം നിൽക്കുന്നു. പിന്നീട് പൂർവസ്ഥിതിയിലായി.
എങ്കിലും വലിയ  മഹത്വം അവനിൽ കുടികൊള്ളുന്നു. കബറിടത്തിന്റെ  വാതിൽക്കൽ അവനെത്തി. കൈകൾ മുന്നോട്ടു നീട്ടി കൈപ്പത്തികൾ കമിഴ്ത്തിപ്പിടിച്ചിരിക്കുന്നു. കൈകൾ കബറിടത്തിനകത്തേക്കു കയറ്റിയാണ് പിടിച്ചിരിക്കുന്നത്. ഈശോയുടെ നീലക്കണ്ണുകൾ കത്തിജ്ജ്വലിക്കുന്നു. ശക്തമായ, വലിയ സ്വരത്തിൽ അവൻ കൽപ്പിക്കുന്നു: "ലാസ്സറസ്സേ, പുറത്തുവരൂ..." കബറിടത്തിന്റെ  ആഴത്തിൽ നിന്ന് അതിന്റെ പ്രതിധ്വനി കേൾക്കുന്നു. 
എല്ലാവരും വികാരഭരിതരായി, ജിജ്ഞാസയോടെ നിന്നിടത്തു തന്നെ തറഞ്ഞു നിൽക്കുന്നു. വിളറുന്ന മുഖങ്ങൾ, മിഴിച്ച കണ്ണുകൾ..... വിസ്മയസ്തബ്ധരാണെല്ലാവരും.
മാർത്ത അൽപ്പം പിറകിൽ, ഒരു വശത്താണു നിൽക്കുന്നത്. അവൾ  ഈശോയെത്തന്നെ നോക്കിനിൽക്കയാണ്. മേരി  ഗുരുവിന്റെ പക്കൽ നിന്നു മാറിയിട്ടില്ല. കബറിടത്തിനു മുമ്പിൽ അവൾ  മുട്ടിന്മേൽ  നിൽക്കുകയാണ്. കബറിടത്തിന്റെ  കൂടുതൽ താഴ്ചയുള്ള ഭാഗത്തുനിന്ന് വെളുത്ത എന്തോ ഒന്ന് പൊങ്ങിവരുന്നു. ആദ്യം അത്  വളഞ്ഞ ഒരു വരപോലെയാണ് കാണപ്പെട്ടത്. പിന്നീട്  അത് ദീർഘവൃത്തമായി. മൃതശരീരം ശീലകളാൽ പൊതിയപ്പെട്ട വിധത്തിൽത്തന്നെ സാവധാനത്തിൽ മുന്നോട്ടു  വരുന്നു. 
ഈശോ മെല്ലെ പിന്നിലേക്കു  നീങ്ങുന്നു; തുടർന്നു നീങ്ങിക്കൊണ്ടിരിക്കുന്നു. ഈശോയും  പുറത്തേക്കു വരുന്ന പൊതിയപ്പെട്ട ശരീരവും എപ്പോഴും ഒരേ അകലത്തിലാണ്.
നിശ്ശബ്ദമായിരുന്ന അധരങ്ങളിൽ നിന്ന് "ഓ!" എന്നുള്ള സ്വരം പുറത്തുവരുന്നു. 
ഈ സമയം ലാസ്സറസ്സ്  കബറിടത്തിന്റെ വാതിൽക്കലെത്തി; അവിടെ ഒരു  പ്രതിമ പോലെ നിശ്ശബ്ദമായി നിൽക്കുന്നു. കാഴ്ചയ്ക്ക് ഭയാനകമായ രൂപം; സൂര്യപ്രകാശം അതിന്മേലടിച്ചപ്പോൾ ചീഞ്ഞഴുകിയ മാംസം ഇറ്റു വീഴുന്നത് കാണാറായി. 
ഈശോ ഉച്ചത്തിൽ  പറയുന്നു: "അവന്റെ കെട്ടുകൾ അഴിക്കുവിൻ; അവൻ പോകട്ടെ. അവന്  വസ്ത്രങ്ങളും ഭക്ഷണവും കൊടുക്കുവിൻ."
"ഗുരുവേ..." മാർത്ത എന്തോ പറയാനൊരുങ്ങി. പക്ഷേ, ഈശോ അവളെ  തറപ്പിച്ചുനോക്കി സംസാരം നിർത്തിച്ചു. ഈശോ വീണ്ടും ആജ്ഞാപിക്കുന്നു: "ഇവിടെ,  ഉടനെ തന്നെ വസ്ത്രം കൊണ്ടുവരൂ. സകല ജനങ്ങളുടേയും മുമ്പിൽ വച്ച് അവനെ വസ്ത്രം ധരിപ്പിക്കൂ.... ഭക്ഷിക്കാൻ എന്തെങ്കിലും കൊടുക്കൂ.." അങ്ങനെ കൽപ്പിക്കയല്ലാതെ ഈശോ  ഒരുത്തരെയും നോക്കുന്നില്ല. ലാസ്സറസ്സിനെ മാത്രം നോക്കുന്നു. ഉയിർത്തെഴുന്നേറ്റ സഹോദരന്റെ സമീപെ മുട്ടുകുത്തി 
നിൽക്കുന്ന മേരി  അഴുക്കുനിറഞ്ഞ തുണികളെക്കുറിച്ച് ഒരറപ്പും കാണിക്കുന്നില്ല. സന്തോഷത്താൽ ഉച്ചത്തിൽ  കൂവണോ കരയണോ എന്നറിയാതെ   കിതച്ചുകൊണ്ടാണ് 
മാർത്തയുടെ നിൽപ്പ്.
കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കാൻ ഭൃത്യർ ഓടുകയാണ്. അവർ ലാസ്സറസ്സിനെ ചുറ്റിക്കെട്ടിയിരിക്കുന്ന ശീലകൾ ഓരോന്നായി അഴിക്കുന്നു. ശീല മുഴുവൻ അഴിച്ചുകഴിഞ്ഞപ്പോൾ ശരീരം പൊതിഞ്ഞിരിക്കുന്ന വലിയ ശീല താഴെ വീണു. ഒരു വലിയ കൊക്കൂൺ പോലെയിരുന്ന രൂപത്തിന് മനുഷ്യരൂപമായി. കെട്ടുകളഴിഞ്ഞ് ശരീരം തെളിഞ്ഞു കാണുന്നതനുസരിച്ച് സഹോദരിമാരും മാക്സിമിനൂസും ഭൃത്യരും ചേർന്ന് ശരീരം വൃത്തിയാക്കുകയാണ്. സുഗന്ധദ്രവ്യങ്ങൾ ചേർത്ത വെള്ളം കൊണ്ട്  ശരീരം പലപ്രാവശ്യം കഴുകി. മുഖം വൃത്തിയാക്കി കാണാറായപ്പോൾ ലാസ്സറസ്സ് ആദ്യം നോക്കുന്നത് ഈശോയെയാണ്. വേറൊന്നും ശ്രദ്ധിക്കുന്നില്ല. അധരങ്ങളിൽ സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുമായി, കുഴിഞ്ഞ കണ്ണുകളിൽ നിറഞ്ഞ കണ്ണീരുമായി ഈശോയെ നോക്കുന്നു.  ഈശോയും  ലാസ്സറസ്സിനെ നോക്കി പുഞ്ചിരി തൂകുന്നു. സംസാരിക്കാതെ തന്നെ ഈശോ ലാസ്സറസ്സിന്റെ കണ്ണുകൾ മുകളിലേക്കുയർത്തുവാൻ അടയാളം കൊടുത്തു. ലാസ്സറസ്സിനു  മനസ്സിലായി. മൗനമായ പ്രാർത്ഥനയിൽ ലാസ്സറസ്സ്   അധരങ്ങൾ ചലിപ്പിച്ചു. 

മാർത്ത വിചാരിച്ചു അവൻ എന്തോ പറയാനാഗ്രഹിക്കുന്നു; പക്ഷേ സ്വരമില്ലാഞ്ഞിട്ടായിരിക്കാമെന്ന്. അവൾ ചോദിച്ചു; "എന്റെ ലാസ്സറസ്സേ, നീ എന്താണു് എന്നോടു പറയുന്നത്?"

"ഒന്നുമില്ല മാർത്ത, ഞാൻ അത്യുന്നതനെക്കുറിച്ച് ചിന്തിക്കയായിരുന്നു." ലാസ്സറസ്സിന്റെ ഉച്ചാരണം ദൃഢമാണ്; വ്യക്തമാണ്. മറുപടി വളരെ ഉച്ചത്തിലുമാണ്.
ജനക്കൂട്ടം വിസ്മയിച്ച്  "ഓ !" എന്ന് വീണ്ടും ആർത്തിരമ്പുന്നു. 
അവന്റെ പാർശ്വങ്ങൾ വരെ വൃത്തിയാക്കിക്കഴിഞ്ഞു. ഒരു ചെറിയ ഉള്ളുടുപ്പ് അവനെ അണിയിച്ചു. അവർ അവനെ ഇരുത്തി കാലുകളുടെ കെട്ടഴിച്ചു തുടങ്ങി. കാലുകൾ കണ്ടതേ 
മാർത്തയും മേരിയും ഉച്ചത്തിൽ കരയുകയാണ്. അവയിൽ നിന്ന് ധാരാളം പഴുപ്പും ചലവും ഒഴുകി. എന്നാൽ കാലുകൾ പൂർണ്ണമായി സുഖപ്പെട്ടിരിക്കുന്നു! പഴുപ്പു കയറിയ ഭാഗത്ത് ചുവന്ന കലകൾ മാത്രമേയുള്ളൂ. 
ജനങ്ങളെല്ലാം ഉച്ചത്തിൽ വിസ്മയം പ്രകടിപ്പിക്കുന്നു. ഈശോ പുഞ്ചിരി തൂകുന്നു. ലാസ്സറസ്സിനും പുഞ്ചിരി; ഒരുനിമിഷം സുഖപ്പെട്ട കാലുകളിലേക്ക് നോട്ടം തിരിച്ചു. എന്നാൽ വീണ്ടും ഈശോയെത്തന്നെ നോക്കുന്നു. യൂദയാക്കാർ, പ്രീശന്മാർ, സദുക്കായർ, റബ്ബിമാർ എല്ലാവരും മുന്നോട്ടു വരുന്നു. അവരുടെ വസ്ത്രങ്ങൾ അശുദ്ധമാകാതിരിക്കാൻ വളരെ ശ്രദ്ധയോടെയാണ് വരുന്നത്. അവർ അടുത്തുവന്ന് ലാസ്സറസ്സിനെ പരിശോധിക്കുന്നു. എന്നാൽ  ഈശോയാകട്ടെ, ലാസ്സറസ്സാകട്ടെ, അവരെ ഗൗനിക്കുന്നില്ല. 
ശരീരം വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ  മാർത്ത കൊടുത്ത വസ്ത്രങ്ങൾ അവൻ  വാങ്ങി സ്വയം ധരിച്ചു. മുഖവും മുടിയും ഒന്നുകൂടി നന്നായി കഴുകിത്തുടച്ച്  ടവ്വൽ ഭൃത്യനെ 
ഏൽപ്പിച്ചശേഷം നേരെ ഈശോയുടെ പക്കലേക്കു പോയി സാഷ്ടാംഗം പ്രണമിച്ച് ഈശോയുടെ പാദങ്ങൾ ചുബിച്ചു. 
ഈശോ കുനിഞ്ഞ് അവനെ പിടിച്ചെഴുന്നേൽപ്പിച്ച് മാറോടണച്ചു കൊണ്ടു പറഞ്ഞു: "തിരിച്ചു വീട്ടിലേക്കു സ്വാഗതം, എന്റെ പ്രിയ സ്നേഹിതാ. സമാധാനവും സന്തോഷവും നിന്നോടു കൂടെയുണ്ടായിരിക്കട്ടെ. നിന്റെ സന്തോഷപ്രദമായ ലക്ഷ്യം നേടാൻ ജീവിക്കുക." ഈശോ ലാസ്സറസ്സിന്റെ ഇരുകവിളുകളിലും ചുബിക്കുന്നു. ലാസ്സറസ്സ് ഈശോയെയും ചുബിക്കുന്നു. ഗുരുവിനെ ആരാധിക്കയും ചുബിക്കയും ചെയ്തശേഷം മാത്രമാണ് ലാസ്സറസ്സ്  തന്റെ സഹോദരിമാരോട് സംസാരിക്കയും അവരെ ചുബിക്കയും ചെയ്യുന്നത്. ഒരു ട്രേയിൽ ഭക്ഷണവുമായി വന്ന ഭൃത്യന്റെ പക്കൽ ഈശോ പോയി അതിൽ നിന്ന് ഒരു തേൻകേക്ക്, ഒരാപ്പിൾ, ഒരു കപ്പു വീഞ്ഞ് ഇവയെടുത്ത്  സമർപ്പിച്ചു പ്രാർത്ഥിച്ചു് ആശീർവദിച്ച് ലാസ്സറസ്സിനു കൊടുക്കുന്നു. നല്ല വിശപ്പോടെ ലാസ്സറസ്സ്   അതു മുഴുവൻ കുഴിച്ചു. ആളുകൾ നോക്കി വിസ്മയിച്ച്  "ഓ!" എന്നു പറയുന്നു. 

കോപിച്ചു തുള്ളി പ്രീശന്മാരായ സാദോക്ക്, ഹെൽക്കൈ, ഹനനിയാ, ഡോറാസ് തുടങ്ങിയവർ പോകാൻ ഭാവിക്കുന്നു. അപ്പോൾ ഈശോ ഉച്ചത്തിൽ  പറയുന്നു: "നിൽക്കൂ ഒരു നിമിഷം, സാദോക്കേ, എനിക്കു നിന്നോടൊന്നു ചോദിക്കാനുണ്ട്; നിന്നോടും നിന്റെ സ്നേഹിതരോടും."

അവർ കുറ്റവാളികളുടെ ദുഷ്ടമായ നോട്ടത്തോടെ നിൽക്കുന്നു.
അരിമത്തിയാ ജോസഫിനു പരിഭ്രമമായി. ഈശോയെ വിലക്കാൻ അപ്പസ്തോലനായ സൈമണോട് ആംഗ്യം കാണിക്കുന്നു. എന്നാൽ ഈശോ അവരുടെ അടുത്തെത്തി ഉച്ചത്തിൽ  സംസാരിച്ചു തുടങ്ങിക്കഴിഞ്ഞു: "സാദോക്കേ, നീ കണ്ടത് നിനക്കു മതിയായോ? ഒരു ദിവസം നീ എന്നോടു  പറഞ്ഞല്ലോ നീയും നിന്റെ കൂട്ടുകാരും വിശ്വസിക്കണമെങ്കിൽ അഴിഞ്ഞു തുടങ്ങിയ ഒരു ശരീരം പുനർജ്ജീവിക്കുകയും ആരോഗ്യമുള്ളതായിരിക്കയും ചെയ്യുന്നതു കാണണമെന്ന്. നിങ്ങൾ കണ്ട അഴുകൽ കൊണ്ട് നിങ്ങൾക്കു ത്യപ്തിയായോ? ലാസ്സറസ്സ്    മരിച്ചവനായിരുന്നെന്നും എന്നാലിപ്പോഴവൻ ആരോഗ്യവാനായി ജീവിക്കുന്നുവെന്നും ഇത്രയും ആരോഗ്യം അനേക വർഷങ്ങളായി അവനില്ലായിരുന്നുവെന്നും നിങ്ങൾ സമ്മതിക്കുന്നുണ്ടോ? എനിക്കറിയാം, നിങ്ങൾ ഇവിടെ വന്നത് സ്നേഹം  നിമിത്തമല്ല. മരിച്ച മനുഷ്യനോട് ആദരവു കാണിക്കാനുമല്ല.  ഇവരെ പരീക്ഷിക്കാനാണ്.  ഇവരുടെ ദുഃഖവും സംശയവും 
വർദ്ധിപ്പിക്കാനാണ്. നിങ്ങൾ തുടർന്നു വന്നത് സമയം കടന്നുപോകുന്നതിൽ സന്തോഷിച്ചാണ്.  നിങ്ങൾ  വിചാരിക്കുന്നതു പോലെയായിരുന്നു സാഹചര്യങ്ങളെങ്കിൽ നിങ്ങൾ സന്തോഷിച്ചത് ശരിയാകുമായിരുന്നു. അതാണ് നിങ്ങൾ പ്രതീക്ഷിച്ചത്. എല്ലാവരേയും സുഖപ്പെടുത്തുന്ന സ്നേഹിതൻ; എന്നാൽ സ്വന്തം സ്നേഹിതനെ സുഖപ്പെടുത്തുന്നില്ല. മരണത്തിന്റെ 
യാഥാർത്ഥ്യത്തിന്മേൽ ഒരു  ശക്തിയുമില്ലാത്ത മിശിഹാ; അതാണ് നിങ്ങളെ സന്തോഷിപ്പിച്ചത്. ഇപ്പോൾ ദൈവം അവന്റെ മറുപടി നിങ്ങൾക്കു തന്നു.  മരിച്ചു് അഴുകിക്കഴിഞ്ഞ ശരീരത്തെ ഒരു   പ്രവാചകനും പുനർജ്ജീവിപ്പിച്ചിട്ടില്ല. ദൈവം അതു ചെയ്തു. ഞാൻ എന്താകുന്നു എന്നുള്ളതിന്റെ ജീവിക്കുന്ന സാക്ഷ്യമാണത്. എനിക്ക് എല്ലാം ചെയ്യാൻ കഴിയും. കാരണം, ജീവിച്ചിരിക്കുന്നവൻ ഞാനാകുന്നു. സകല സൃഷ്ടികളും വസ്തുക്കളും വിധേയപ്പെട്ടിരിക്കുന്ന രാജാക്കന്മാരുടെ രാജാവാണ് ഞാൻ. ഇപ്പോൾ  നിങ്ങൾ എന്തു മറുപടിയാണ് എന്നോടു പറയാൻ പോകുന്നത്?"
"നിന്റെ വാഗ്ദാനത്തിന്റെ ഒരു ഭാഗം നീ നിർവഹിച്ചു. എന്നാൽ  യോനായുടെ അടയാളം അതല്ല." സാദോക്ക് ശൗര്യത്തോടെ പറയുന്നു.
"അതും നിങ്ങൾക്കു ലഭിക്കും. എന്റെ വാക്ക് ഞാൻ പാലിക്കും."
     ഈശോ തിരിഞ്ഞു നടക്കുന്നു. അത്ഭുതം മൂലം ഈശോയിൽ വിശ്വസിച്ച ചിലർ ഈശോയുടെ മുമ്പിൽ മുട്ടുകുത്തി ആരാധിക്കുന്നു. അക്കൂട്ടത്തിൽ ഗമാലിയേലിന്റെ ശിഷ്യനായ 
ബർണബാസുമുണ്ട്. അവരെല്ലാം ഈശോയെ അഭിവാദ്യം ചെയ്തശേഷം പിരിഞ്ഞുപോയി.
തോട്ടം സാവധാനം വിജനമായി......