ഈശോ അപ്പസ്തോലന്മാരോടൊപ്പം 'തെളിവെള്ളം' (Clear Water) എന്ന സ്ഥലത്താണ്. ഈശോയുടെ പ്രസംഗം കേൾക്കാനായി ധാരാളമാളുകൾ കൂടിയിട്ടുണ്ട്. ഈശോ പ്രസംഗം ആരംഭിച്ചു: "നിങ്ങൾക്കെല്ലാവർക്കും സമാധാനമുണ്ടാകട്ടെ! സമാധാനത്തോടുകൂടെ പ്രകാശവും പരിശുദ്ധിയും നിങ്ങളിലേക്കു പ്രവഹിക്കട്ടെ!
"ആത്മാർത്ഥമായി ആറുദിവസം ജോലി ചെയ്യുക; ഏഴാം ദിവസം കർത്താവിനായിട്ടും നിന്റെ ആത്മാവിനായിട്ടും ചിലവഴിക്കുക" എന്നു പറയപ്പെട്ടിരിക്കുന്നു. സാബത്തിന്റെ വിശ്രമത്തെക്കുറിച്ചുള്ള കൽപ്പനയാണിത്.
മനുഷ്യൻ ദൈവത്തെക്കാൾ വലിയവനല്ല. ദൈവം പ്രപഞ്ചത്തെ ആറു ദിവസം കൊണ്ടു സൃഷ്ടിച്ചു. ഏഴാം ദിവസം അവൻ വിശ്രമിച്ചു. അപ്പോൾപ്പിന്നെ, മനുഷ്യൻ എന്തുകൊണ്ടാണ് അവനെ അനുകരിക്കാതെ, അവന്റെ പ്രമാണത്തെ അനുസരിക്കാതിരിക്കുന്നത്? ഇത് ബുദ്ധിശൂന്യമായ ഒരു കൽപ്പനയാണോ? അല്ല, ഇത് ശരിക്കും ശരീരത്തിനും ധാർമ്മിക ജീവിതത്തിനും അരൂപിയുടെ ജീവനും സഹായകമായ ഒരു കൽപ്പനയാണ്. സൃഷ്ടികൾക്കെല്ലാം ആവശ്യമുള്ളതുപോലെ, ക്ഷീണിച്ച ഒരു ശരീരത്തിന് വിശ്രമം ആവശ്യമാണ്. വയലിൽ പണിയെടുത്ത കാളയ്ക്ക് വിശ്രമം വേണം. അതു വിശ്രമിക്കുന്നു. കാള നഷ്ടപ്പെട്ടു പോകാതിരിക്കാൻ അതു വിശ്രമിക്കുന്നതിന് നാം അനുവദിക്കുന്നു. വയലിലെ മണ്ണിനും വിശ്രമം വേണം. നമ്മൾ അതനുവദിക്കുന്നു. വിത്തിടാത്ത മാസങ്ങളിൽ, മഴവെള്ളത്തിൽ നിന്നും ഭൂമിയിൽ നിന്നും ലഭിക്കുന്ന ലവണങ്ങളാൽ മണ്ണ് പരിപുഷ്ടമാകുന്നതിന് നാം അനുവദിക്കുന്നു. മൃഗങ്ങളും ചെടികളും പ്രത്യുൽപ്പാദനത്തിന്റെ നിത്യമായ നിയമങ്ങൾ പാലിച്ച്, നമ്മുടെ അനുമതി കൂടാതെ തന്നെ നന്നായി വിശ്രമിക്കുന്നു. എന്നാൽ സൃഷ്ടാവിനെ അനുകരിക്കാൻ മനുഷ്യൻ ആഗ്രഹിക്കാത്തതെന്തുകൊണ്ട്? ദൈവം ഏഴാം ദിവസം വിശ്രമിച്ചു. താഴ്ന്ന സൃഷ്ടികളായ, സ്വാഭാവിക പ്രവണതയെന്ന കൽപ്പന മാത്രം ലഭിച്ചിട്ടുള്ള മൃഗങ്ങളും സസ്യങ്ങളും ആ പ്രമാണത്തോട് സഹകരിക്കാനും അനുസരിക്കാനും പഠിച്ചിട്ടുണ്ട്.
ഈ കൽപ്പന ശരീരത്തിനു വേണ്ടി മാത്രമല്ല, ധാർമ്മിക ജീവിതത്തിനും വേണ്ടിയുള്ളതാണ്. ആറുദിവസം മനുഷ്യൻ എല്ലാവർക്കും എല്ലാറ്റിനും വേണ്ടിയുള്ളവനാണ്. തറിയിലുള്ള ഒരു നൂലു പോലെ അവൻ മുകളിലേക്കും താഴേക്കും നീങ്ങുന്നു. 'ഇനി ഞാൻ എന്നെത്തന്നെ ഒന്നു ശ്രദ്ധിക്കാൻ പോകയാണ്; എന്റെ പ്രിയപ്പെട്ടവരേയും അന്വേഷിക്കാൻ പോകയാണ്. ഞാൻ ഒരു പിതാവാണല്ലോ; ഇന്ന് ഞാൻ എന്റെ കുട്ടികളുടേതായിരിക്കും. ഞാനൊരു ഭർത്താവാണ്; ഇന്നത്തെ ദിവസം എന്റെ ഭാര്യയ്ക്കു വേണ്ടി ഞാൻ ചെലവഴിക്കും. ഞാനൊരു പുത്രനാണ്; ഇന്ന് വൃദ്ധരായ എന്റെ മാതാപിതാക്കളുടെ കാര്യങ്ങൾ ഞാൻ അന്വേഷിക്കും' ഇങ്ങനെയൊന്നും പറയാനാവാതെ എന്നും അദ്ധ്വാനമാണല്ലോ.
ഇത് ആദ്ധ്യാത്മികമായ ഒരു കൽപ്പനയാണ്. ജോലി വിശുദ്ധമാണ്. സ്നേഹം കൂടുതൽ വിശുദ്ധവും ദൈവം ഏറ്റം വിശുദ്ധിയുള്ളവനുമാണ്. അതിനാൽ ഏഴു ദിവസങ്ങളിൽ ഒന്നെങ്കിലും നല്ലവനും പരിശുദ്ധനുമായ നമ്മുടെ പിതാവിനായി നീക്കിവയ്ക്കണം. അവനാണ് നമുക്ക് ജീവൻ തന്നതും ആ ജീവൻ നമ്മിൽ നിലനിർത്തുന്നതും. നമ്മുടെ പിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ, ഭാര്യമാർ, നമ്മുടെ ശരീരങ്ങൾ ഇവയോടുള്ളതിനേക്കാൾ കുറവു ബഹുമാനമാണോ നമ്മുടെ പിതാവിനോടു നമുക്കുണ്ടാകേണ്ടത്? കർത്താവിന്റെ ദിവസം അവനു തന്നെയുള്ളതായിരിക്കട്ടെ. ഓ! ഒരു ദിവസം മുഴുവൻ ജോലി ചെയ്തതിനു ശേഷം സ്നേഹമുള്ള ഒരു ഭവനത്തിൽ വിശ്രമിക്കുന്നത് എത്ര സന്തോഷപ്രദമാണ്! ഒരു യാത്ര കഴിഞ്ഞ് ഭവനത്തിലേക്ക് തിരിച്ചു വരുന്നത് എത്ര സന്തോഷപ്രദമാണ്! എന്നാൽപ്പിന്നെ, ആറുദിവസത്തെ ജോലി കഴിഞ്ഞ് പിതാവിന്റെ ഭവനത്തിൽ അഭയം തേടാത്തതെന്തുകൊണ്ട്? ആറുദിവസത്തെ യാത്ര കഴിഞ്ഞു വരുന്ന ഒരു മകൻ നിങ്ങളോടു പറയില്ലേ, 'ഞാൻ വന്നു; എന്റെ വിശ്രമദിവസം നിങ്ങളോടുകൂടെ ചെലവഴിക്കാൻ ഞാനാഗ്രഹിക്കുന്നു' എന്ന്. നിങ്ങൾ എന്തുകൊണ്ട് ആ മകനെപ്പോലെ ആകുന്നില്ല?
ഇപ്പോൾ ഇതും ശ്രദ്ധിച്ചു കേൾക്കൂ. വിശുദ്ധമായ ദിവസാചരണം എന്നത് ബാഹ്യമായ ആചരണമല്ല. നിന്റെ ചിന്താഗതിക്ക് അൽപ്പം പോലും മാറ്റം വരുത്താത്ത പുറമേയുള്ള ആചരണമല്ല ദൈവം ആവശ്യപ്പെടുന്നത്; സജീവമായ പ്രവൃത്തികളാണ്. കപടമായ സാബത്താചരണം വെറും തട്ടിപ്പാണ്. മനുഷ്യദൃഷ്ടിയിൽ സാബത്താചരിക്കുന്നു എന്നു കാണിക്കാൻ വിശ്രമം എടുക്കുന്നതും അലസമായി തള്ളുന്ന സമയം തിന്മയ്ക്കായും ജഡികാനന്ദത്തിനായും ചെലവഴിക്കുമ്പോൾ അതു വെറും തട്ടിപ്പാണ്. ശരീരത്തിനു വിശ്രമം കൊടുക്കുന്നതോടൊപ്പം ആന്തരികമായി, ആദ്ധ്യാത്മികമായി സ്വയം വിശുദ്ധീകരിക്കുവാൻ ആത്മപരിശോധന ചെയ്യുന്നില്ലെങ്കിൽ ആ സാബത്താചരണവും കപടമാണ്. സ്വന്തം ഹീനത്വം അംഗീകരിച്ച് അടുത്ത ആഴ്ചയിൽ സ്വയം നന്നാക്കാമെന്നുള്ള ദൃഢനിശ്ചയം, ശരിയായ സാബത്താചരണത്തിന്റെ ഭാഗമാണ്."