ജാലകം നിത്യജീവൻ: തിരുസ്വരൂപവണക്കം

nithyajeevan

nithyajeevan

Monday, February 14, 2011

തിരുസ്വരൂപവണക്കം


                                                    കത്തോലിക്കാ സഭയിലെ തിരുസ്വരൂപ   വണക്കത്തെക്കുറിച്ച്        പെന്തക്കോസ്ത 
വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾ ആക്ഷേപമുന്നയിക്കാറുണ്ട്. നിയമാവർത്തനം 4:15-17 വാക്യങ്ങളാണ് ഇതിനുപോദ്ബലകമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതേ വാക്യങ്ങളുപയോഗിച്ച് കോതമംഗലം സ്വദേശിനിയായ മരിയ സഹോദരി വഴി ഈശോ തന്നെ നമുക്ക് സംശയനിവൃത്തി വരുത്തിത്തരുന്നു. 
(ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച മായയ്ക്ക് ഈശോയോട് പ്രത്യേകമായ സ്നേഹമുണ്ടായിരുന്നതിനാൽ ഈശോ അവളെ തന്നിലേക്കാകർഷിക്കുകയും അങ്ങനെ അവൾ ഒരു ക്രിസ്തീയ വിശ്വാസിയായിത്തീരുകയും ചെയ്തു. എന്നാൽ ഈശോയെപ്പറ്റി അറിയുവാനും ഈശോയോട്  പ്രാർത്ഥിക്കുവാനും അവളെ സഹായിച്ചത് പെന്തക്കോസ്ത
വിഭാഗത്തിൽപ്പെട്ട ഒരു സഹോദരിയായിരുന്നു. സ്വാഭാവികമായും അവൾ ആ സഭയിലെ അംഗമാവുകയും സുവിശേഷം പ്രഘോഷിക്കുവാൻ തീക്ഷ്ണമായി ആഗ്രഹിക്കുകയും ചെയ്തു. ഈശോയെ എത്ര തീക്ഷ്ണമായി സ്നേഹച്ചോ, അതിലുമധികം തീക്ഷ്ണതയോടെ പരിശുദ്ധ അമ്മയെയും ജപമാലയെയും കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെയും അവൾ എതിർത്തിരുന്നു. അങ്ങനെയിരിക്കെ, മരിയ വാൾത്തോർത്തയുടെ 'ദൈവമനുഷ്യന്റെ സ്നേഹഗീത' വായിക്കാനിടയായ അവൾ ആകെ ആശയക്കുഴപ്പത്തിലായി. ഏതു സഭയാണ് സത്യസഭയെന്നും ആരു പറയുന്നതാണ് സത്യമെന്നും അറിയുവാൻ തീവ്രമായി ആഗ്രഹിച്ച അവൾ, അതിനായി ഈശോയോട് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഈശോ അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുക തന്നെ ചെയ്തു. ഈശോ അവൾക്ക് ദർശനം നൽകുകയും അവളുടെ സംശയങ്ങൾക്കെല്ലാം നിവൃത്തി വരുത്തി, കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങൾ അവളെ പഠിപ്പിച്ചുകൊടുക്കുകയും 'മരിയ'  എന്നു പേരുകൊടുത്ത് കത്തോലിക്കാ തിരുസ്സഭയിലെ അംഗമാക്കുകയും ചെയ്തു.  തിരുസ്വരൂപവണക്കത്തെക്കുറിച്ച് മരിയയുടെ ചോദ്യത്തിന് ഉത്തരമായി  ഈശോ നൽകിയ മറുപടിയാണ് താഴെക്കൊടുത്തിരിക്കുന്നത്.)

മരിയയുടെ ചോദ്യം: "കർത്താവേ, കത്തോലിക്കാ  ദേവാലയങ്ങളിൽ എത്രമാത്രം വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്? എന്നാൽ നിയമാവർത്തനം 4:15-17 ൽ വിഗ്രഹാരാധനക്കെതിരെ അങ്ങ് വ്യക്തമായി പറയുന്നുണ്ടല്ലോ...?"

ഈശോ  പറയുന്നു: "കുഞ്ഞേ, നീ പരിശുദ്ധാത്മാവിന്റെ നിറവോടു കൂടി വചനം (യോഹ. 14:26) വായിക്കാത്തതുകൊണ്ടാണത്. നീ ഏതു വചനം ഉപയോഗിച്ച് എന്നോടു തർക്കിക്കുന്നുവോ ആ തിരുവചനത്തിൽത്തന്നെ അതിനുള്ള മറുപടിയുമുണ്ട്. ഞാൻ ആ വചനം  ആവർത്തിക്കാം; "ഹോറെബിൽവച്ച് ദൈവം നിങ്ങളോടു സംസാരിച്ച ദിവസം, നിങ്ങൾ ഒരു രൂപവും കണ്ടില്ല, അതിനാല്‍,  എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ വിഗ്രഹങ്ങളുണ്ടാക്കി  നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ..."(നിയമാ: 4:15-17)  അതിനാൽ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുവിൻ. അന്നു നിങ്ങൾ യാതൊരു രൂപവും കണ്ടിരുന്നില്ല. അതുകൊണ്ടാണ് ഒന്നിന്റെയും സാദൃശ്യത്തിൽ  വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് ഞാൻ കൽപ്പിച്ചത്. എന്നാൽ  ഇന്നു നീ ദൈവത്തെ കണ്ടിട്ടില്ലേ. യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായം ആരംഭിക്കുന്നതു ശ്രദ്ധിക്കൂ; "ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൾ കൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട്‌ സ്പർശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ  അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കണ്ടു. അതിനു സാക്ഷ്യം നൽകുകയും  ചെയ്യുന്നു...." കുഞ്ഞേ, നിങ്ങൾ  ദൈവത്തെ കണ്ടു. ദൈവത്തിന്റെ സ്വരം കേട്ടു. ദൈവത്തെ സ്പർശിച്ചറിയുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഇനിയും നിങ്ങൾ  ദൈവത്തെ  കണ്ടിട്ടില്ലെന്നു പറയുന്നതെന്തുകൊണ്ടാണ്? പുത്രനായ ദൈവം ഒരു  മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു. ആ ദൈവപുത്രന്റെ തിരുസ്വരൂപം കാണുമ്പോൾ, കേവലമൊരു മനുഷ്യനെയാണോ നിനക്കോർമ്മ വരുന്നത്? സാക്ഷാൽ ദൈവത്തെത്തന്നെയല്ലേ? അനുതാപം തോന്നാറില്ലേ ഹൃദയത്തിൽ...? ആശ്വാസം തോന്നാറില്ലേ ജീവിതഭാരങ്ങളിൽ...? 

ഇനിയൊരു കാര്യം കൂടി - 'എന്നെക്കാണുന്നന്നവൻ പിതാവിനെയും കാണുന്നു'  എന്ന് യോഹന്നാന്റെ സുവിശേഷത്തിൽ ഞാൻ  അരുളിച്ചെയ്തിട്ടില്ലേ? (യോഹ. 14:8-10) അപ്പോൾ നീ പിതാവിനെയും  പുത്രനെയും കണ്ടുകഴിഞ്ഞു. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ എഴുന്നെള്ളി വന്നുവെന്ന്  സുവിശേഷം സാക്ഷ്യപ്പെടുത്തുന്നില്ലേ? (മത്തായി 3:16) പരിശുദ്ധ  ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും തങ്ങളെത്തന്നെ  വെളിപ്പെടുത്താൻ തിരുമനസ്സായിട്ടും ഇതൊന്നും  അറിയുന്നില്ല എന്നു നീ പറയുന്നതെന്തുകൊണ്ടാണ്? അതുവരെ ദൈവത്തെ  കാണാതിരുന്നതുകൊണ്ടു മാത്രമാണ് അന്ന് പഴയനിയമത്തിൽ നിങ്ങളോടു് വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് ഞാൻ പറഞ്ഞത്. ഇപ്പോൾ ഈ തിരുസ്വരൂപങ്ങൾ ദൈവത്തെയാണ് അനുസ്മരിപ്പിക്കുന്നതെങ്കിൽ, ദൈവാത്മാവിനെയാണ് നിങ്ങളിലേക്കു കൊണ്ടുവരുന്നതെങ്കിൽ നീ എന്തിനു ഭയപ്പെടണം? ഭയപ്പെടേണ്ട കുഞ്ഞേ, ദൈവത്തിൽ വിശ്വസിക്കുക.."