അന്ത്യഅത്താഴത്തിനുശേഷം, ഈശോ, യൂദാസ് ഒഴികെയുള്ള അപ്പസ്തോലന്മാരുമായി ഗദ്സെമൻ തോട്ടത്തിലേക്കു പോവുകയാണ്. (അത്താഴം കഴിയുന്നതിനു മുൻപുതന്നെ യൂദാസ് ഈശോയോട് അനുമതി വാങ്ങി മറ്റെവിടേക്കോ പോയിരുന്നു) വരാൻ പോകുന്ന തന്റെ പീഡാനുഭവങ്ങളെയും മരണത്തെയും പറ്റി അർത്ഥശങ്കക്കിടയില്ലാത്തവണ്ണം ഈശോ വീണ്ടും പറഞ്ഞതിനാൽ അപ്പസ്തോലന്മാരെല്ലാം അസ്വസ്ഥരാണ്.
വഴിയിൽ പരിപൂർണ്ണ നിശ്ശബ്ദതയാണ്... ആകെ ഇരുട്ടും. തീക്ഷ്ണനായ സൈമൺ ഒരു പന്തം കത്തിച്ചു കൈയിൽ പിടിച്ചിട്ടുണ്ട്. അതിന്റെ ചുവന്ന പ്രകാശത്തിൽ ഓരോരുത്തരുടേയും മുഖം വ്യക്തമായിക്കാണാം. ഏറ്റം ഗൗരവമായതും പ്രശാന്തമായതും ഈശോയുടെ മുഖമാണ്. ഈശോയുടെ അരികിലായി നടക്കുന്ന ജോൺ, പേടിയും പരിഭ്രമവും ഉള്ളവനാണ്. മറുവശത്തു നടക്കുന്ന സൈമണിന്റെ മുഖത്ത് ഗൗരവവും ദുഃഖവും ചേർന്ന ഭാവം. ഈശോ കഴിഞ്ഞാൽ മഹത്വം കാണിക്കുന്ന ഏകമുഖം സൈമണിന്റേതാണ്.
മറ്റുള്ളവർ രണ്ടു ഗണമായിട്ടാണ് നടക്കുന്നത്. അവർക്ക് അസ്വസ്ഥത തന്നെ. എന്താണ് ചെയ്യേണ്ടതെന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും ഉയർന്നുവരുന്നു. എന്നാൽ അവയെല്ലാം തന്നെ ഉപേക്ഷിക്കപ്പെടുകയാണ്. കാരണം, അന്ധകാരതിന്റെ മണിക്കൂർ ആരംഭിക്കയാണ്.
സൈമൺ ഈശോയോട് രഹസ്യം പറയുന്നു; "ഗുരുവേ, പത്രോസും ഞാനും..... ഒരു നല്ല കാര്യം ചെയ്യാനാഗ്രഹിക്കയായിരുന്നു... പക്ഷേ.... നിനക്ക് എല്ലാം അറിയാമല്ലോ... അതിനാൽ നീ പറയൂ... ഇനി എത്ര മണിക്കൂറുകൾക്കുള്ളിൽ നീ ബന്ധിക്കപ്പെടും?"
"ചന്ദ്രിക അത്യുച്ചിയിലെത്തുമ്പോൾ."
ദേഷ്യവും സങ്കടവും ക്ഷമകേടുമാണ് സൈമണിന്. "എങ്കിൽ അതെല്ലാം വൃഥാവിലായി. ഗുരുവേ, നീ പത്രോസിനെയും എന്നെയും ശകാരിക്കുകതന്നെ ചെയ്തല്ലോ, ഞങ്ങൾ ഈ ദിവസങ്ങളിൽ ചിലപ്പോഴെല്ലാം നിന്നെ വിട്ടുപോയതിന്.... പക്ഷേ ഞങ്ങൾ പോയത് നിന്റെ പേർക്കായിരുന്നു.... പത്രോസ് നിന്റെ വാക്കുകൾ കേട്ട് ഭയപ്പെട്ടു, തിങ്കളാഴ്ച രാത്രി ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ വന്നുണർത്തിപ്പറഞ്ഞു; നീയും ഞാനും കൂടെ ഈശോയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം.. യൂദാസും പറഞ്ഞു അവനും അക്കാര്യത്തിൽ വല്ലതും ചെയ്യാനാഗ്രഹിക്കുന്നുവെന്ന്... ഓ! എന്തുകൊണ്ടാണ് അപ്പോൾ ഞങ്ങൾക്കത് മനസ്സിലാക്കാൻ കഴിയാതെ പോയത് ? എന്തുകൊണ്ടാണ് നീ ഞങ്ങളോട് ഒന്നും പറയാതിരുന്നത്? വാസ്തവത്തിൽ? ഒരുപക്ഷേ നീയിതറിഞ്ഞത് ഏതാനും മണിക്കൂറുകൾക്കു മുമ്പു മാത്രമായിരിക്കും?"
"എനിക്കത് എപ്പോഴും അറിയാമായിരുന്നു. അവൻ ഒരു ശിഷ്യനാകുന്നതിനു മുമ്പും അറിയാമായിരുന്നു. അവനെ എന്റെപക്കൽ നിന്ന് പറഞ്ഞുവിടാൻ എല്ലാവിധത്തിലും ഞാൻ ശ്രമിച്ചു; അവന്റെ അപരാധം ഒരുതരത്തിലും പൂർണ്ണമാകാതിരിക്കട്ടെ എന്നു കരുതി; ദൈവികവും മാനുഷികവുമായ രീതിയിൽ. എന്റെ മരണം ആഗ്രഹിക്കുന്നവർ ദൈവത്തിന്റെ ഘാതകരാണ്. ശിഷ്യനും സ്നേഹിതനുമായവൻ വഞ്ചകനും എന്റെ കൊലയാളിയുമാണ്........."
ഈശോ വീണ്ടും പറയുന്നു: "സൈമൺ, നിങ്ങൾ ലാസറസ്സിന്റെ പക്കലേക്കു പോകണം. അപ്പസ്തോലന്മാർ മാത്രമല്ല, നാട്ടിൻപുറത്തെ വഴികളിൽ അലഞ്ഞുനടക്കുന്ന ശിഷ്യരെയും കൂട്ടണം. ആട്ടിടയന്മാരായ ശിഷ്യരെയും കണ്ടുപിടിച്ച് അവരേയും കൂട്ടണം. ബഥനിയിലെ വീട് മുൻപെന്നത്തേതിനേക്കാൾ കൂടുതലായി നിങ്ങളുടെ ഭവനമായിരിക്കും. കാരുണ്യത്തോടെ ആതിഥ്യം നൽകുന്ന ഭവനമായിരിക്കും. ഒരു ജനത മുഴുവന്റെയും വിരോധം നേരിടാൻ ധൈര്യമില്ലാത്തവരെല്ലാം അവിടെ അഭയം തേടട്ടെ. പിന്നെ കാത്തിരിക്കട്ടെ.....
സൈമൺ പറയുന്നു; "ഞങ്ങൾ നിന്നെ വിട്ടുപോകയില്ല."
"നിങ്ങൾ പിരിഞ്ഞുപോകരുത്. ഭിന്നിച്ചുപോയാൽ നിങ്ങൾ ഒന്നുമല്ലാതാകും. ഒന്നിച്ചുനിന്നാൽ നിങ്ങൾ ഒരു ശക്തിയായിരിക്കും. സൈമൺ, നീ അത് വാഗ്ദാനം ചെയ്യണം. നീ ശാന്തനാണ്. വിശ്വസ്തനാണ്. നിനക്ക് സംസാരിക്കാനറിയാം. പത്രോസിനെപ്പോലും സ്വാധീനിക്കാൻ കഴിയും. നിനക്ക് എന്നോടു് വലിയൊരു കടപ്പാടുണ്ട്. ആദ്യമായിട്ടാണ് ഞാൻ നിന്നെ അതോർമ്മിപ്പിക്കുന്നത്. നിന്നെ അനുസരണയുള്ളവനാക്കാനാണ് ഞാൻ അതു പറയുന്നത്. നോക്കൂ .... നമ്മൾ കിദ്രോണിലാണ്. ഒരു കുഷ്ഠരോഗിയായിരുന്ന നീ അവിടെനിന്ന് മുകളിലേക്ക്, എന്റെ പക്കലേക്കു കയറിവന്നു..... ശുദ്ധിയാക്കപ്പെട്ടവനായിട്ടാണ് നീ തിരിച്ചുപോയത്. ഇപ്പോൾ നീ എനിക്കു് അതു തരിക. മനുഷ്യന് ഞാൻ നൽകിയത് മനുഷ്യന് നീ കൊടുക്കുക. ഇപ്പോൾ ഞാനാണ് കുഷ്ഠരോഗി."
"അല്ല, അങ്ങനെ പറയരുതേ..." സൈമണും ഒപ്പം നടന്നിരുന്ന ജോണും കരഞ്ഞുകൊണ്ടു പറയുന്നു.
"അതങ്ങനെതന്നെയായിരിക്കും. പത്രോസും എന്റെ സഹോദരന്മാരുമായിരിക്കും കൂടുതൽ നിരാശയിൽക്കഴിയുന്നത്. എന്റെ പരമാർത്ഥിയായ പത്രോസ് ഒരു വലിയ കുറ്റവാളിയെപ്പോലെ വിഷമിക്കും. പിന്നെ എന്റെ സഹോദരന്മാർ..... അവരുടെ അമ്മയുടെ നേർക്കോ എന്റെ അമ്മയുടെ നേർക്കോ നോക്കുവാൻ അവർക്കു ധൈര്യമുണ്ടാവുകയില്ല...അവരെയും ഞാൻ നിന്നെ ഏൽപ്പിക്കുന്നു. സൈമൺ, നിനക്കു മനസ്സിലായോ ? നീ എനിക്കു വാക്കു തരൂ... മറ്റുള്ളവർ വരുന്നതിനു മുൻപ്. ഓ! സൈമൺ, നിനക്കു നന്ദി.നീ അനുഗ്രഹീതനാകട്ടെ."
വീണ്ടും എല്ലാവരും ഒന്നിച്ച് ഒരു സംഘമായി.
"ഇനി നമുക്ക് പിരിയാം. ഞാൻ അൽപ്പം അകലെ പ്രാർത്ഥിക്കാൻ പോകയാണ്. എന്റെ കൂടെ പത്രോസും ജയിംസും ജോണും വരണമെന്ന് ഞാനാഗ്രഹിക്കുന്നു. നിങ്ങൾ ഇവിടെയിരിക്കുക. എനിക്കുവേണ്ടി പ്രാർത്ഥിക്കുക. ഒരിക്കൽക്കൂടി എല്ലാറ്റിനും ഞാൻ നന്ദി പറയുന്നു. ദൈവം നിങ്ങളോടു കൂടെ. കർത്താവ് നിങ്ങളെ കൈവിടാതിരിക്കട്ടെ."
ഈശോ അപ്പസ്തോലന്മാരെ വിട്ട് മുന്നിൽ നടക്കുന്നു. പത്രോസ് സൈമണിന്റെ പക്കൽനിന്ന് പന്തം വാങ്ങി. കുറെ ചുള്ളികൾ കൂട്ടിയിട്ട് അത് തീ പിടിപ്പിച്ചശേഷമാണ് സൈമൺ പന്തം കൊടുത്തത്. അവ പുകഞ്ഞ് കത്തിയെരിയുന്നു.
കരമുയർത്തി ഈശോ അനുഗ്രഹത്തിന്റെയും വിടവാങ്ങലിന്റെയും അടയാളം നൽകിയശേഷം സ്വന്തം പാതയിലൂടെ മുന്നേറുന്നു. നിലാവ് കൂടുതൽ തെളിഞ്ഞു. ഈശോ അരൂപി നിറഞ്ഞവനായി കാണപ്പെടുന്നു. പിന്നിൽ പത്രോസ് പന്തം വഹിച്ചുകൊണ്ട് നടക്കുന്നു. സബദീപുത്രന്മാർ രണ്ടുപേരും വേഗം നടക്കുന്നു.
ഒലിവുതോട്ടതിന്റെ നിറുകയിലെ പരന്ന ഭാഗത്തെത്തിയപ്പോൾ ഈശോ കൂടെയുള്ളവരോടു പറയുന്നു; "നിങ്ങൾ ഇവിടെയിരിക്കുക. ഞാൻ പ്രാർത്ഥിക്കുന്ന സമയം എന്നെ കാത്തിരിക്കുക. പക്ഷേ ഉറങ്ങരുത്. എനിക്ക് നിങ്ങളുടെ സഹായം വേണ്ടിവന്നേക്കാം. പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ ഗുരുവിന്റെ മനസ്സു തളർന്നിരിക്കുന്നു."
പത്രോസ് മറുപടി പറയുന്നു; "ഗുരുവേ, വിഷമിക്കേണ്ട. ഞങ്ങൾ ഉണർന്നിരുന്ന് പ്രാർത്ഥിച്ചുകൊള്ളാം. നീ ഒന്നു വിളിച്ചാൽമതി, ഞങ്ങൾ അങ്ങെത്തും."
ഈശോ അവരെ വിട്ടുപോയി. അവർ ഇലകളും ചുള്ളികളും പെറുക്കിക്കൂട്ടി തീ കത്തിക്കുന്നു. മഞ്ഞ് ധാരാളമായി വീഴാൻതുടങ്ങി.
അവർക്ക് പുറംതിരിഞ്ഞ് ഈശോ നടക്കുന്നു. പലതട്ടുകളായി ഉയർന്നുനിൽക്കുന്ന, ഒലിവുമരങ്ങളുള്ള ചെറുകുന്നുകളിലൊന്നിലേക്ക് ഈശോ തനിയെ നടന്നുകയറുന്നു. ഒരു വലിയ പാറയുടെ അടുത്തെത്തി ഈശോ അവിടെ നിന്നു. ചന്ദ്രികയിൽ അങ്ങു താഴെ ജറുസലേം പട്ടണം കാണാം. പക്ഷേ ഈശോ അങ്ങോട്ടു നോക്കുന്നില്ല. പട്ടണത്തിനു പുറംതിരിഞ്ഞ് കൈകൾ വിരിച്ച് ആകാശത്തിലേക്കു നോക്കി പ്രാർത്ഥിക്കയാണ്.
പ്രാർത്ഥനക്കു ശേഷം ഈശോ തിരിഞ്ഞുനിന്ന് ജറുസലേമിനെ നോക്കുന്നു. മുഖത്ത് ദുഃഖം കൂടിക്കൂടി വരുന്നുണ്ട്. പതിഞ്ഞ സ്വരത്തിൽ പറയുന്നു: "അവൾ മഞ്ഞുപോലെ കാണപ്പെടുന്നു.... എന്നാൽ മുഴുവൻ പാപമാണ്! അവളിൽ എത്രയധികം പേർക്ക് ഞാൻ രോഗശാന്തി നൽകി! എത്രയധികം ഞാൻ പ്രസംഗിച്ചു! എന്നാൽ എന്നോടു വിശ്വസ്തരാണെന്നു കാണിച്ചവർ എവിടെ?"
ഈശോ തലതാഴ്ത്തി നിലത്തേക്കു നോക്കുന്നു. ഈശോയുടെ കണ്ണുകളിൽനിന്ന് താഴേക്കു വീഴുന്ന കണ്ണുനീർത്തുള്ളികൾ തിളങ്ങുന്നു.
ഈശോ അവിടം വിട്ടിറങ്ങി അപ്പസ്തോലന്മാരുടെ പക്കലേക്കു തിരിച്ചുചെന്നു. അവർ പകുതി ഉറക്കത്തിലാണ്.
"നിങ്ങൾ ഉറങ്ങുകയാണോ? ഒരു മണിക്കൂറെങ്കിലും ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ? നിങ്ങളുടെ സാന്ത്വനവും പ്രാർത്ഥനയും എനിക്ക് എത്രയധികം ആവശ്യമാണ്?"
മൂന്നുപേരും ഞെട്ടലോടെ ഉണർന്നു. ആകെ സംഭ്രമിച്ച് അവർ കണ്ണു തിരുമ്മുകയാണ്. ഇനി ഉറങ്ങുകയില്ലെന്നും ഉച്ചത്തിൽ പ്രാർത്ഥിക്കുമെന്നും അവർ പറയുന്നു.
"ശരി, പ്രാർത്ഥിക്കയും ജാഗ്രതയുള്ളവരായിരിക്കയും ചെയ്യുവിൻ. നിങ്ങളുടെ തന്നെ നന്മയ്ക്കായി."
"ഉവ്വ് ഗുരുവേ, ഞങ്ങൾ നിന്നെ അനുസരിക്കും."
ഈശോ വീണ്ടും ആ പാറയുടെ സമീപത്തേക്കു പോകുന്നു.
കൈകൾ പാറമേൽ വച്ച് ഈശോ മുട്ടുകുത്തി നിൽക്കുന്നു. പിന്നെ ഈശോ പ്രാർത്ഥനയും ധ്യാനവും തുടരുകയാണ്. അവന്റെ ധ്യാനം വാസ്തവത്തിൽ ദുഃഖപൂർണ്ണമാണ്. ദുഃഖമല്ല, കഠിനവേദനയാണ്. കാരണം, ശ്രദ്ധ മാറ്റുന്നതിന് അവൻ എഴുന്നേറ്റു നിൽക്കുന്നു; അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു; മുഖം മുകളിലേക്കുയർത്തുന്നു; പിന്നെ താഴ്ത്തുന്നു; കണ്ണുകളും കവിളുകളും തടവുന്നു; കൈകൾക്ക് യാന്ത്രികമായ ചലനമാണ്. വിരലുകൾ മുടിയിലൂടെ ഓടിക്കുന്നു; ഈശോ ജറുസലേമിനെ നോക്കി ആംഗ്യം കാണിക്കുന്നു. പിന്നീട് കൈകൾ വീണ്ടും ആകാശത്തിലേക്കുയർത്തുന്നു. സഹായത്തിനായി പ്രാർത്ഥിക്കുന്നതുപോലെയുണ്ട്.
അസഹ്യമായ ചൂടുകൊണ്ടെന്നപോലെ മേലങ്കി മാറ്റുന്നു. വീണ്ടും ധരിക്കുന്നു. ഈശോ പീഡനത്തിന് ഇരയായിത്തീർന്നിരിക്കുന്നു. ഈ സ്ഥിതിയിൽ നിന്നു മോചനം ലഭിക്കുവാൻ പ്രാർത്ഥിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ പഴയ ഓർമ്മകൾ, ചിന്തകൾ, സംശയങ്ങൾ, ഇഛാഭംഗങ്ങൾ എന്നിവ പ്രാർത്ഥനയോടൊപ്പം വരുന്നു..... പേരുകൾ.... പട്ടണങ്ങൾ..... സംഭവങ്ങൾ..... ഇവയുടെ ഒരു പ്രളയം തന്നെ പരസ്പരബന്ധമില്ലാതെ ഈശോയുടെ നാവിൽനിന്ന് ഉതിരുന്നു...പരസ്യജീവിതത്തിലെ ദൈവരാജ്യപ്രഘോഷണമാണ് മനസ്സു നിറയെ... വഞ്ചകനായ യൂദാസിനെക്കുറിച്ചുള്ള ഓർമ്മയുമെത്തുന്നു.
വേദനയുടെ ആധിക്യത്തിൽ അവയെ ജയിക്കുവാൻ പത്രോസിന്റെയും ജോണിന്റെയും പേരുകൾ ഉച്ചത്തിൽ പറയുന്നുണ്ട്. തുടർന്ന് അവരെ വിളിക്കുന്നു. പക്ഷേ അവർ വരുന്നില്ല. വീണ്ടും അവരെ വിളിക്കുന്നു. വലുതായ ഭയം ഈശോയ്ക്കുള്ളതുപോലെ തോന്നുന്നു.
പത്രോസും ആ രണ്ടു സഹോദരന്മാരും ഇരിക്കുന്ന സ്ഥലത്തേക്ക് ഈശോ വേഗത്തിൽ ഓടുന്നു. എന്നാലവർ ഗാഢനിദ്രയിലായിരിക്കുന്നതാണ് കാണുന്നത്. "പത്രോസേ, നിന്നെ ഞാൻ മൂന്നു പ്രാവശ്യം വിളിച്ചു! നീ എന്താണു ചെയ്യുന്നത്? ഇപ്പോഴും ഉറങ്ങുകയാണോ? ഞാൻ എത്രയധികം വേദനയനുഭവിക്കുന്നുവെന്ന് നീ മനസ്സിലാക്കുന്നില്ലേ? പ്രാർത്ഥിക്കുവിൻ.. ജഡം നിന്നെ കീഴ്പ്പെടുത്താതിരിക്കുവാൻ പ്രാർത്ഥിക്കുക. അരൂപിക്ക് ആഗ്രഹമുണ്ടെങ്കിലും ജഡം ബലഹീനമാണ്. എന്നെ സഹായിക്കുവിൻ!"
സാവധാനത്തിലാണ് മൂന്നുപേരും ഉണരുന്നത്. ഒരുവിധത്തിൽ ഉണർന്നു. അവർ ക്ഷമ ചോദിക്കുന്നു.
"ഒന്നു ചിന്തിക്കൂ!" പത്രോസ് പിറുപിറുക്കുന്നു. "ഇങ്ങനെ ഒരിക്കലും ഞങ്ങൾക്കു സംഭവിച്ചിട്ടില്ല. ഇത് ആ വീഞ്ഞ് നിമിത്തമായിരിക്കണം! അതിനു നല്ല ശക്തിയായിരുന്നു... പിന്നെ ഈ തണുത്ത കാറ്റും... തണുപ്പു തോന്നാതിരിക്കാൻ ഞങ്ങൾ മേലങ്കി കൊണ്ട് ആകെ മൂടി... തീയ് കെട്ടുപോയി. തണുപ്പു തോന്നിയില്ല... അതിനാൽ ഉറങ്ങിപ്പോയി.. ഞങ്ങളെ വിളിച്ചെന്നാണോ നീ പറഞ്ഞത്? എന്നാലും അത്ര ഗാഢമായി ഞാൻ ഉറങ്ങിയെന്ന് എനിക്കു തോന്നുന്നില്ല....വരൂ ജോൺ, നമുക്ക് കുറെ ചുള്ളികൾ കൂടെ കൊണ്ടുവരാം... ഗുരുവേ, വിഷമിക്കരുത്. ഞങ്ങൾ ഇനി നന്നായി ഉണർന്നിരിക്കും..."
ഒരുപിടി ഉണങ്ങിയ ഇല തീക്കനലിനു മുകളിലേക്ക് അയാൾ എറിഞ്ഞു. അതു കത്തുന്നതുവരെ തീ ഊതി. പിന്നെ ജോൺ കൊണ്ടുവന്ന ചെറു ചുള്ളികൾ വച്ചു കത്തിച്ചു. ജയിംസ്, ജൂണിപ്പറിന്റെ ഒരു ശിഖരം തന്നെ വെട്ടിമുറിച്ച് കൊണ്ടുവന്നു. അതും ഇട്ട് തീ കത്തിക്കുന്നു.
തീ ആളിക്കത്തി. ഈശോയുടെ ദയനീയമായ മുഖം ആ വെളിച്ചത്തിൽ കാണാം. ആ മുഖത്തിന്റെ കാന്തിയെല്ലാം പോയി; മരണകരമായ ക്ഷീണമാണ് വ്യക്തമാകുന്നത്. ഈശോ പറയുന്നു: "എന്നെ കൊല്ലുന്നതുപോലുള്ള വേദന എനിക്കനുഭവപ്പെടുന്നു. ഓ! എന്റെ ആത്മാവ് മരണകരമായ ദുഃഖമനുഭവിക്കയാണ്. എന്റെ സ്നേഹിതരേ, എന്റെ സ്നേഹിതരേ!"
പക്ഷേ അപ്പസ്തോലന്മാർ മൂന്നുപേർക്കും ഉറക്കത്തിന്റെ ഭാരമാണ്. ലഹരിയുള്ളതുപോലെ കണ്ണുകൾ പകുതി അടച്ച് അവർ ആടുന്നു. ഈശോ അവരെ നോക്കുന്നു. എന്നാൽ ശാസന കൊണ്ട് അവരെ എളിമപ്പെടുത്തുന്നില്ല. തലകുലുക്കി, നെടുനിശ്വാസം ഉതിർത്തു; പ്രാർത്ഥിച്ചിരുന്ന സ്ഥലത്തേക്ക് തിരിയെപ്പോയി.
നിന്നുകൊണ്ട് വീണ്ടും പ്രാർത്ഥിക്കുന്നു. പിന്നീട് മുട്ടുകുത്തി മുൻപു നിന്നതുപോലെ മുഖം പാറമേൽ വച്ചുകൊണ്ട് നിശ്ശബ്ദമായി പ്രാർത്ഥിക്കുന്നു. പിന്നെ സാഷ്ടാംഗം പ്രണമിച്ച് കമിഴ്ന്നുകിടന്ന് വിലപിക്കുവാനും തേങ്ങിക്കരയുവാനും തുടങ്ങി. പിന്നീട് ഉപ്പൂറ്റിയിൽ കുത്തി അൽപ്പം വിശ്രമിക്കുന്നു. കൂടുതൽ കൂടുതൽ ഉത്ക്കണ്ഠയോടെ പിതാവിനെ വിളിക്കുന്നു.
"ഓ!" അവൻ പറയുന്നു: "ഈ പാനപാത്രം വളരെയധികം കയ്പ്പേറിയതാണ്! എനിക്കു സാധിക്കയില്ല, എനിക്കു സാധിക്കയില്ല! ഇത് എന്റെ ശക്തിക്കതീതമാണ്. എല്ലാം സഹിക്കാൻ എനിക്കു കഴിഞ്ഞു. എന്നാൽ ഇത് അസാദ്ധ്യം..... പിതാവേ, ഇത് നിന്റെ പുത്രനിൽനിന്ന് എടുത്തു മാറ്റണമേ! എന്റെമേൽ കരുണയായിരിക്കണമേ! ഇതിനർഹനാകുവാൻ എന്താണ് ഞാൻ ചെയ്തത്?" പിന്നീട് ചിന്തകൾ നിയന്ത്രിച്ചുകൊണ്ടു പറയുന്നു: " എങ്കിലും പിതാവേ, ഞാൻ ആവശ്യപ്പെടുന്നത് നിന്റെ ഹിതത്തിന് എതിരാണെങ്കിൽ, എന്റെ സ്വരം നീ ശ്രദ്ധിക്കുകയേ വേണ്ട.. ഞാൻ നിന്റെ പുത്രനാണെന്ന് ഓർക്കുകയും വേണ്ട; നിന്റെ ദാസൻ മാത്രമാണ് ഞാൻ. നിന്റെ ഹിതം നിറവേറട്ടെ! എന്റെ ഹിതമല്ല!"
ആ സ്ഥിതിയിൽ കുറച്ചുസമയം കഴിക്കുന്നു. പിന്നീട് നിയന്ത്രിച്ചുകൊണ്ടുള്ള ഒരു കരച്ചിൽ; മുഖമുയർത്തി വലിയ അസ്വസ്ഥത കാണിക്കുന്നു. ഒരു നിമിഷത്തേക്കു മാത്രമേ അതുണ്ടായുള്ളൂ. പിന്നെ നിലത്തേക്കു വീണുപോയി. മുഖം നിലത്തുകുത്തി അങ്ങനെ കിടക്കുന്നു. ലോകം മുഴുവന്റെയും പാപഭാരത്താൽ തളർന്നു വീണവൻ; പിതാവിന്റെ നീതിയാൽ പ്രഹരിക്കപ്പെട്ടവൻ; അന്ധകാരത്താൽ ഞെരുക്കപ്പെട്ടവൻ; കയ്പ് അനുഭവിക്കുന്നവൻ; ഏറ്റം കഠോരമായ, ഭയാനകമായ അനുഭവം - ദൈവം കൈവിട്ടു എന്ന ചിന്തകൊണ്ട് ഭാരപ്പെട്ടവൻ; അതേസമയം, സാത്താൻ നമ്മെ പീഡിപ്പിക്കുന്നു എന്നറിയുന്നവൻ; ഇത് ആത്മാവിനെ ശ്വാസം മുട്ടിക്കുന്നു
ഈശോ ഉച്ചത്തിൽ കരയുന്നു; മരണവേദന അവന്റെ സ്വരത്തിലുണ്ട്. "ഒന്നുമില്ല.... ഒന്നുമില്ല ...... ദൂരെ... എന്റെ പിതാവിന്റെ ഹിതം.... അവന്റെ ഹിതം മാത്രം..... നിന്റെ ഹിതം പിതാവേ..... നിന്റേത്.... എന്റേതല്ല.... നിഷ്ഫലം.... എനിക്ക് ഒരു കർത്താവ് മാത്രമേയുള്ളൂ.... ഏറ്റം പരിശുദ്ധനായ ദൈവം.... ഒരു നിയമം.... അനുസരണ.... ഒരു സ്നേഹം.... രക്ഷാകർമ്മം..... ഇല്ല.... ഇനി എനിക്കൊരമ്മയില്ല... ഇനി എനിക്കൊരു ജീവിതമില്ല....ഇനി എനിക്ക് ദൈവത്വമില്ല..... ഇനി ഒരു ദൗത്യവുമില്ല.... വ്യർത്ഥമായിട്ടാണ് നീ എന്നെ പ്രലോഭിപ്പിക്കുന്നത്... പിശാചേ, എന്റെഅമ്മ, എന്റെ ജീവിതം, എന്റെ ദൈവത്വം, എന്റെ ദൗത്യം എന്നെല്ലാം പറഞ്ഞ് വ്യർത്ഥമായി എന്നെ പ്രലോഭിപ്പിക്കേണ്ട... മനുഷ്യവംശമാണ് എന്റെ അമ്മ; അതിനുവേണ്ടി മരിക്കത്തക്കവിധം ഞാൻ അതിനെ സ്നേഹിക്കുന്നു; എന്റെ ജീവൻ എനിക്കു തന്ന ആളിനു ഞാൻ തിരിയെക്കൊടുക്കുന്നു; അവൻ ഇപ്പോൾ അത് എന്നോടു തിരിയെ ചോദിക്കുന്നു. ജീവിക്കുന്ന സകലതിന്റേയും ഉടയവൻ അവനാണ്. എന്റെ ദൈവത്വത്തെ ഞാൻ ഉറപ്പിച്ചു പറയുന്നു; അതിന് ഈ പരിഹാരം ചെയ്യുവാൻ കഴിയും. എന്റെ ദൗത്യം മരണം വഴി ഞാൻ നിറവേറ്റുന്നു. എന്റെ കർത്താവായ ദൈവത്തിന്റെ ഹിതം നിറവേറ്റുക എന്നതല്ലാതെ മറ്റൊന്നും എനിക്കില്ല. ദൂരെപ്പോകൂ സാത്താനെ, ഞാൻ ഒന്നാമതും രണ്ടാമതും അതു പറഞ്ഞു; മൂന്നാമതും അതു പറയുന്നു: പിതാവേ, സാധിക്കുമെങ്കിൽ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ. എന്നാൽ നിന്റെ ഹിതമാണ് നിറവേറേണ്ടത്; എന്റേതല്ല. ദൂരെപ്പോകൂ സാത്താനെ, ഞാൻ ദൈവത്തിന്റേതാണ്!"
പിന്നീട് ഈശോ ഒന്നും പറയുന്നില്ല. കിതപ്പോടെ ഇങ്ങനെ മാത്രം പറയുന്നു: "ദൈവമേ, ദൈവമേ, ദൈവമേ! ഓരോ ഹൃദയസ്പന്ദനത്തോടൊപ്പവും ഇങ്ങനെ വിളിക്കുന്നു; ഓരോ ഹൃദയസ്പന്ദനത്തോടൊപ്പവും രക്തം പുറത്തേക്ക് ഒഴുകുന്നു. തോളുകളിലുള്ള വസ്ത്രം രക്തത്തിൽ മുങ്ങി കറുത്തതായി കാണപ്പെടുന്നു.
സാഷ്ടാംഗം പ്രണമിച്ച നിലയിൽ നിലത്തു തളർന്നു കിടക്കുന്ന ഈശോയുടെ ശിരസ്സിനു മുകളിലായി ശക്തിയേറിയ ഒരു പ്രകാശം കാണപ്പെടുന്നു. ഈശോ ശിരസ്സുയർത്തുമ്പോൾ ദൈവദൂതപ്രകാശം ഈശോയുടെ മുഖത്ത് പതിക്കുന്നു. ആ വെളിച്ചത്തിൽ ദേഹമാസകലം രോമകൂപങ്ങളിലൂടെ ഉതിരുന്ന രക്തവും അതിനിടയാക്കുന്ന വ്യഥയും വ്യക്തമായിക്കാണാം. ചെന്നികളിൽ നിന്നും കഴുത്തിൽ നിന്നും രക്തം തുള്ളിതുള്ളിയായിപ്പൊടിഞ്ഞ് ഇറ്റിറ്റു വീഴുന്നു. കരങ്ങളിൽനിന്നും രക്തം തുള്ളിതുള്ളിയായി വീഴുന്നു. ദൈവദൂതപ്രഭയിലേക്ക് ഈശോ
കരങ്ങൾ നീട്ടുന്നു. ഈശോയുടെ മുഖവും രക്താവൃതമാണ്. എന്നാൽ രണ്ടു കണ്ണുനീർച്ചാലുകൾ അവയിൽ വ്യക്തമാണ്.
ഈശോ മേലങ്കി മാറ്റി, കൈകളും മുഖവും കഴുത്തുമെല്ലാം തുടയ്ക്കുന്നു. പക്ഷേ രക്തവിയർപ്പ് തുടരുന്നുണ്ട്. തുണി മുഖത്ത് പലപ്രാവശ്യം അമർത്തിപ്പിടിക്കുന്നു. ഓരോ പ്രാവശ്യവും രക്തത്തിന്റെ പുതിയ അടയാളങ്ങൾ തുണിയിൽ പതിയുന്നു. നിലത്തു് പുല്ലിന്മേൽ രക്തം ചുവപ്പായിക്കാണാം.
ഈശോ മോഹാലസ്യത്തിന്റെ വക്കിലെത്തിയപോലെയുണ്ട്. ശ്വാസംമുട്ടൽ പോലെ അനുഭവപ്പെട്ട് അങ്കിയുടെ കഴുത്തിലെ കെട്ടഴിക്കുന്നു. കൈ നെഞ്ചോടു ചേർത്തുവച്ചു; പിന്നീട് തലയിൽവച്ചു; പിന്നെ മുഖത്തേക്കു വീശുന്നു. തന്നെത്താനെ പാറയുടെ അടുത്തേക്ക് വലിഞ്ഞുനീങ്ങി അതിന്മേൽ ചാരിയിരിക്കുന്നു. കൈകൾ ഇരുവശവും തൂങ്ങിക്കിടക്കുന്നു; ശിരസ്സ് നെഞ്ചിലേക്കു ചരിഞ്ഞുകിടക്കുന്നു; അനക്കവുമില്ല. ഇപ്പോൾത്തന്നെ മരിച്ചതുപോലെയുണ്ട്.
ദൈവദൂതപ്രകാശം ക്രമേണ ഇല്ലാതായി ചന്ദ്രികയിൽ തീർത്തും മറഞ്ഞുകഴിഞ്ഞു. ഈശോ വീണ്ടും കണ്ണുകൾ തുറക്കുന്നു. വളരെ ബുദ്ധിമുട്ടിയാണ് ശിരസ്സുയർത്തുന്നത്. ചുറ്റും നോക്കുന്നു. ഏകനാണ്. എന്നാൽ വേദന കുറഞ്ഞപോലെയുണ്ട്. കൈനീട്ടി പുല്ലിന്മേൽ കിടക്കുന്ന മേലങ്കി എടുക്കുന്നു. കൈകളും മുഖവും കഴുത്തും മുടിയും വീണ്ടും വീണ്ടും തുടയ്ക്കുന്നു.
കുന്നിൻചരിവിൽ നിൽക്കുന്ന ഒരു വലിയ ഇലയെടുത്ത് അതിലെ മഞ്ഞുവെള്ളം ഉപയോഗപ്പെടുത്തി വീണ്ടും ശരീരം ശുചിയാക്കുന്നു. ഭയാനകമായ ആ രക്തവിയർപ്പിന്റെ അടയാളങ്ങളെല്ലാം തുടച്ചുമാറ്റി. എന്നാൽ അങ്കിയിൽ രക്ത അടയാളങ്ങളുണ്ട്. മേലങ്കിയിലും അവ ധാരാളമായുണ്ട്.
ക്ഷീണം നിമിത്തം വളരെ വിഷമിച്ച് ഈശോ തിരിഞ്ഞ് മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. പിന്നെ പാറമേൽ ചാരി എഴുന്നേറ്റു നിൽക്കയാണ്. വേച്ചുവേച്ച് അപ്പസ്തോലന്മാരുടെ പക്കലേക്കു നടക്കുന്നു. മുഖം വളരെയധികം വിളറിയിട്ടുണ്ട്; എന്നാൽ അസ്വസ്ഥതയില്ല. അത് ദൈവികസൗന്ദര്യം നിറഞ്ഞ മുഖമാണ്.
അപ്പസ്തോലന്മാർ മൂന്നുപേരും സുഖമായി ഉറങ്ങുകയാണ്. ഉച്ചത്തിൽ കൂർക്കം വലിക്കുന്നുമുണ്ട്.
ഈശോ അവരെ വിളിക്കുന്നു. എന്നാൽ ഒരു ഫലവുമില്ല. ഈശോ കുനിഞ്ഞു് പത്രോസിനെ ശക്തിയായി കുലുക്കുന്നു.
"ഇതെന്താണ്? ആരാണെന്നെ ബന്ധിക്കുന്നത്?" ഭയപ്പെട്ടു് ഉത്ക്കണ്ഠയോടെ പത്രോസ് ചോദിക്കുന്നു.
"ആരുമില്ല. ഞാനാണ് നിന്നെ വിളിക്കുന്നത്."
"നേരം വെളുത്തോ?"
"ഇല്ല. ഇത് മിക്കവാറും രണ്ടാംയാമത്തിന്റെ അവസാനമേ ആയിട്ടുള്ളൂ."
പത്രോസ് പൂർണ്ണമായി മരവിച്ചതുപോലെയുണ്ട്.
ഈശോ ജോണിനെയും ജയിംസിനെയും കുലുക്കിയുണർത്തുന്നു. അനുജനാണു വിളിക്കുന്നതെന്നു കരുതി ജയിംസ് ചോദിക്കുന്നു; "അവർ ഗുരുവിനെ പിടിച്ചോ?"
"ഇല്ല ജയിംസേ." ഈശോ മറുപടി പറയുന്നു. "പക്ഷേ ഇപ്പോൾ എഴുന്നേൽക്കുക; നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിട്ടുണ്ട്."
ഉറക്കം ശരിക്കു വിട്ടുമാറിയിട്ടില്ലാത്ത അവർ എഴുന്നറ്റ് ചുറ്റും നോക്കുന്നു. ഒലിവുമരങ്ങൾ...... ചന്ദ്രൻ...... രാപ്പാടികൾ...... നേരിയ കാറ്റ്.... സമാധാനം... മറ്റൊന്നുമില്ല. എന്നാൽ ഒന്നും പറയാതെ അവർ ഈശോയെ അനുഗമിക്കുന്നു.
മറ്റുള്ള എട്ടുപേരും കെട്ടുപോയ തീക്കു ചുറ്റും ഉറക്കത്തിലാണ്. "എഴുന്നേൽക്കൂ" ഈശോയുടെ ഇടിനാദം പോലുള്ള ആജ്ഞ. "സാത്താൻ അടുത്തുവരുന്നു. ദൈവമക്കൾ ഉറങ്ങുകയല്ലെന്ന് ഒരിക്കലും ഉറങ്ങാത്ത അവനേയും അവന്റെ മക്കളേയും കാണിച്ചുകൊടുക്കുവിൻ."
"ഉവ്വ്, ഗുരുവേ."
അവർ എഴുന്നറ്റ് തങ്ങളുടെ മേലങ്കി ധരിക്കുന്നു.
ദേവാലയകാവൽക്കാർ യൂദാസിന്റെ നേതൃത്വത്തിൽ വന്നതും എല്ലാവരും മേലങ്കി ധരിച്ച് ഒരുങ്ങിനിന്നതും ഒന്നിച്ചായിരുന്നു. ആ ചെറിയ സ്ഥലത്തേക്കു് അവർ പാഞ്ഞുകയറി. അനേകം പന്തങ്ങൾ അവർ തെളിച്ചുപിടിച്ചിരിക്കുന്നു. ദേവാലയത്തിലെ ഒരു പ്രമാണിയും അവരോടൊപ്പമുണ്ട്.
അപ്പസ്തോലന്മാർ ഒരു മൂലയിലേക്കു ചാടി. ഈശോ, നിന്നിരുന്ന സ്ഥലത്തു തന്നെ
നിൽക്കുന്നു.
യൂദാസ് ഈശോയെ സമീപിക്കുന്നു. ഈശോയുടെ നോട്ടം അവൻ നേരിടുന്നു. അവൻ തലതാഴ്ത്തുന്നില്ല. ഒരു കഴുതപ്പുലിയുടെ ചിരിപോലെയുള്ള ചിരിയോടെ ചെന്ന് ഈശോയുടെ വലുതുകവിളിൽ ചുംബിക്കുന്നു.
"എന്റെ സ്നേഹിതാ, നീ എന്തിനാണു വന്നത്?" ഒരു ചുംബനം കൊണ്ട് നീയെന്നെ ഒറ്റിക്കൊടുക്കുകയാണോ?"
യൂദാസ് ഒരുനിമിഷനേരത്തേക്ക് തലകുനിച്ചു. പിന്നെ, അനുതാപത്തിനുള്ള എല്ലാ ക്ഷണവും നിരാകരിച്ചതുപോലെതന്നെ ഈ പ്രാവശ്യവും പ്രതികരിച്ചുകൊണ്ട് തലയുയർത്തി.
കാവൽക്കാർ കയറും കുറുവടികളുമായി അലറിക്കൊണ്ട് മുന്നോട്ടുപാഞ്ഞു. ഈശോയെ മാത്രമല്ല, അപ്പസ്തോലന്മാരെയും ബന്ധിക്കുവാനാണവർ തുനിഞ്ഞത്.
"നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?" ശാന്തമായി ഗൗരവത്തിൽ ഈശോ ചോദിക്കുന്നു.
"നസ്രായനായ ഈശോയെ"
"ഞാനാണ് അത്." ഇടിമുഴക്കത്തിന്റെ ശബ്ദത്തിൽ ഈശോ പറഞ്ഞു.
അരിഞ്ഞുവീഴ്ത്തിയ ഗോതമ്പുകതിരുകൾ പോലെ അവരെല്ലാം നിലംപതിച്ചു.
ഒരുത്തരും നേരെ നിൽക്കുന്നില്ല; ഈശോയും യൂദാസും അപ്പസ്തോലന്മാരുമൊഴികെ.... പടയാളികൾ വീണതുകണ്ടപ്പോൾ അപ്പസ്തോലന്മാർക്ക് ഉന്മേഷമായി. അവർ ഈശോയുടെ അടുത്തേക്ക് ചെന്നു; യൂദാസിനെ ഭീഷണിപ്പെടുത്തി; സൈമണിന്റെ വെട്ടുകൊള്ളാതെ അവൻ കഷ്ടിച്ച് ഓടി രക്ഷപെട്ടു.
ഈശോ വീണ്ടും ചോദിക്കുന്നു: "എഴുന്നേൽക്കൂ, നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്? ഞാൻ ഒരുപ്രാവശ്യം കൂടി ചോദിക്കുന്നു."
"നസ്രായനായ ഈശോയെ."
"ഞാനാണ് അവനെന്ന് നിങ്ങളോട് ഞാൻ പറഞ്ഞല്ലോ." ഈശോ കാരുണ്യത്തോടെ പറയുന്നു. "അതുകൊണ്ട് ഇവർ പൊയ്ക്കൊള്ളട്ടെ. ഞാൻ വരാം. വാളുകളും വടികളും ദൂരെ മാറ്റുവിൻ. ഞാൻ ഒരു കള്ളനോ കൊള്ളക്കാരനോ അല്ല. ഞാൻ എപ്പോഴും നിങ്ങളുടെയിടയിൽ ഉണ്ടായിരുന്നു. അപ്പോൾ എന്നെ ബന്ധിക്കാതിരുന്നതെന്തുകൊണ്ട്? എന്നാൽ ഇപ്പോൾ സാത്താന്റെ സമയമാണ്; നിങ്ങളുടെയും."
ഈശോ സംസാരിച്ച സമയത്ത് ഈശോയെ ബന്ധിക്കുവാൻ അടുത്തുവന്ന മനുഷ്യനെ പത്രോസ് വാൾകൊണ്ടു വെട്ടി. പക്ഷേ വെട്ടു ശരിയായില്ല. ആ മനുഷ്യന്റെ ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു തൂങ്ങിക്കിടക്കയാണ്. രക്തം ധാരാളമായി ഒഴുകി. ആകെ ബഹളമായി. ചിലർക്ക് മുമ്പോട്ടു വരണമെന്നുണ്ട്. എന്നാൽ വാളുകളും കഠാരകളും മിന്നുന്നതുകണ്ട് ഭയവും.
"ആ ആയുധങ്ങൾ ദൂരെക്കളയൂ. ഞാൻ ആജ്ഞാപിക്കുന്നു. ഞാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ എന്റെ പിതാവിന്റെ ദൂതന്മാർ എന്റെ സംരക്ഷണത്തിനു വരുമായിരുന്നു..... നീ സുഖം പ്രാപിക്കുക; സാധിക്കുമെങ്കിൽ നിന്റെ ആത്മാവിൽ..."
ബന്ധിക്കപ്പെടുവാൻ കൈകൾ കൊടുക്കുന്നതിനു മുൻപ് ഈശോ ആ ചെവിയിൽത്തൊട്ട് അത് സുഖപ്പെടുത്തി. അപ്പസ്തോലന്മാർ ഈ സമയത്ത് ഈശോയെ വിട്ട് ഓടിപ്പോകുന്നു.
ഈശോ ഏകനായി കാവൽഭടന്മാരോടൊപ്പം നീങ്ങുന്നു. അവന്റെ വേദനയുടെ യാത്ര ആരംഭിക്കയാണ്.