ജാലകം നിത്യജീവൻ: ഈശോയെ മുൾമുടി ധരിപ്പിക്കുന്നു

nithyajeevan

nithyajeevan

Tuesday, March 15, 2011

ഈശോയെ മുൾമുടി ധരിപ്പിക്കുന്നു

പീലാത്തോസിന്റെ അരമനയിൽ വച്ച് നടത്തിയ ഭീകരമായ ചമ്മട്ടിയടിക്കു ശേഷം ഈശോയെ പടയാളികൾ ബന്ധനവിമുക്തനാക്കി.   ക്ഷീണത്താലും പനിയുടെ വിറയലുള്ളതിനാലും അവശനായ ഈശോ വെയിലത്ത് പോയിരിക്കുന്നു. 
വീണ്ടും ഈശോയുടെ  കൈകൾ അവർ  ബന്ധിച്ചു. കയർ ഉരഞ്ഞ് തൊലിപോയി ചുവന്ന വളകൾ പോലെ കൈത്തണ്ടുകളിൽ കാണാം.
"ഇനിയെന്താണ്? ഇവനെക്കൊണ്ട് ഇനിയെന്തു ചെയ്യണം? ഞാൻ മടുത്തു." ഒരു പടയാളി   പറയുന്നു.
"നിൽക്കൂ, യഹൂദർക്ക് ഒരു   രാജാവു വേണം. ഇപ്പോൾ നമുക്ക് ഒരാളെക്കൊടുക്കാം... ഇവനെ.."
മറ്റൊരാൾ പറയുന്നു. അയാൾ പിന്നിലുള്ള മുറ്റത്തേക്കോടി അവിടെനിന്ന് ഒരുപിടി കാട്ടുവള്ളി ഹോത്തോൺ മുറിച്ചു കൊണ്ടുവന്നു. അതിന്റെ തണ്ട് ഇളതാണെങ്കിലും മുള്ളുകൾക്ക് നല്ല ബലവും മൂർച്ചയുമാണ്. ഒരു കഠാര കൊണ്ട് ഇലകളും മൊട്ടുകളും ഛേദിച്ചശേഷം അവ വളച്ച് വളയമാക്കി ഈശോയുടെ ശിരസ്സിൽ വയ്ക്കുന്നു. എന്നാൽ  ക്രൂരമായ ആ മുടി കഴുത്തിലേക്കു വീണു.
"അതു പാകമല്ല; എടുത്തു ചെറുതാക്കുക."
അവരത് തിരിച്ചെടുക്കുന്നു. മുഖത്തും മുടിയിലും ഉടക്കി ഉരയുകയും വേദനിപ്പിക്കുകയും  ചെയ്യുന്നു. അവരത് ചെറുതാക്കി. ഇപ്പോൾ  അത് കൂടുതൽ ചെറുതായിപ്പോയി. തലയിൽ വച്ചമർത്തിയിട്ടും അത് ഉറച്ചിരിക്കുന്നില്ല. വീണ്ടും  അതെടുത്തപ്പോൾ മുടി പറിയുന്നു. ഇപ്രാവശ്യം പാകത്തിനു വലിപ്പമായി. മുൻഭാഗത്ത് മൂന്നു മുള്ളുകൾ നിറഞ്ഞ തണ്ടുകൾ; പിന്നിൽ ഇവയുടെ അറ്റം ഒരുമിച്ചു കൂടിയിരിക്കുന്നിടത്ത് മുള്ളുകൾ നിറഞ്ഞ ഒരു കെട്ടാണുള്ളത്. കഴുത്തിന്റെ പിന്നിൽ മുകൾഭാഗത്ത് അതു തറച്ചുകയറുന്നുണ്ട്.
"ഒരു രാജാവിന് കിരീടം മാത്രം പോരാ; ധൂമ്രവസ്ത്രവും ചെങ്കോലും കൂടെ വേണം. തൊഴുത്തിൽ ഒരു  ചൂരലുണ്ട്; ഓടയിൽ ഒരു ചെറിയ ചുവപ്പുമേലങ്കി കിടപ്പുണ്ട്. കൊർണ്ണേലിയൂസ് അവ കൊണ്ടുവരൂ."
അവ കൊണ്ടുവന്നു കഴിഞ്ഞ് വൃത്തിഹീനമായ ആ തുണി ഈശോയുടെ തോളുകളിലേക്കിട്ടു; ചൂരൽ കൈയിൽ കൊടുക്കുന്നതിനു മുമ്പ് അതുകൊണ്ടു് ഈശോയുടെ ശിരസ്സിൽ  അടിച്ച് താണ്  അഭിവാദ്യം ചെയ്ത് നിന്ദിക്കുന്നു. "യഹൂദരുടെ രാജാവേ, വാഴ്ക" എന്നുപറഞ്ഞ് അട്ടഹസിച്ചു ചിരിക്കുന്നു.
ഈശോ  യാതൊരു തരത്തിലും പ്രതികരിക്കുന്നില്ല. കുതിരകൾക്കു വെള്ളം കൊടുക്കുന്ന ഒരു    തൊട്ടി കമഴ്ത്തിയിട്ട് അതിന്മേൽ ഈശോയെ ഇരുത്തി അടിക്കുവാനും പരിഹസിക്കുവാനും ഈശോ അനുവദിക്കുന്നു. ഒരു വാക്കുപോലും  പറയുന്നില്ല. അവരെ നോക്കുക മാത്രം ചെയ്യുന്നു. വലുതായ കാരുണ്യത്തിന്റെയും ദുഃഖത്തിന്റെയും സമ്മിശ്രവികാരങ്ങങ്ങൾ സ്പഷ്ടമായ നോട്ടം....
അവരുടെ മേലുദ്യോഗസ്ഥന്റെ സ്വരം കേൾക്കുന്നതു വരെ അവർ  പരിഹാസം തുടർന്നു. കുറ്റവാളിയെ പീലാത്തോസിന്റെ പക്കലേക്കു കൊണ്ടുപോകുവാൻ ആജ്ഞ കിട്ടി. ഈശോയെ   തിരിച്ച് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി.  ഈശോയ്ക്ക് മുൾമുടിയും വൃത്തിഹീനമായ ചെറുമേലങ്കിയും ചൂരലുമുണ്ട്.
"മുന്നോട്ടുവരൂ, നിന്നെ ഞാൻ  ജനത്തിനു കാണിച്ചു കൊടുക്കട്ടെ."
ഈശോ  തളർന്നിട്ടുണ്ടെങ്കിലും നിവർന്നു നിൽക്കുന്നു. നല്ല മഹത്വം! ശരിക്കും ഒരു രാജാവിന്റെ മഹത്വം!
"യഹൂദന്മാരെ, ശ്രദ്ധിക്കുവിൻ.. ഇതാ ആ മനുഷ്യൻ! ഞാൻ അവനെ ശിക്ഷിച്ചുകഴിഞ്ഞു! ഇനി അവൻ പോകട്ടെ!"
"വേണ്ട, വേണ്ട, ഞങ്ങൾക്കു് അവനെ കാണണം. പുറത്തിറക്കൂ.. ദൈവദൂഷകനെ ഞങ്ങൾ കാണട്ടെ."
"അവനെ പുറത്തേക്കു കൊണ്ടുവരൂ."
ഈശോ നടന്ന് പ്രത്തോറിയത്തിന്റെ കവാടത്തിൽ പടയാളികളുടെ മദ്ധ്യത്തിൽ വന്നുനിന്നു. പീലാത്തോസ് ഈശോയെ  ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുന്നു: "ഇതാ മനുഷ്യൻ! നിങ്ങളുടെ രാജാവ്! ഇത്രയും ആയതുപോരേ?"

ഈശോ ചുറ്റും നോക്കുന്നു. വിദ്വേഷം നിറഞ്ഞ ആ മനുഷ്യസമുദ്രത്തിൽ സ്നേഹമുള്ള വല്ലവരുമുണ്ടോ എന്ന് ഈശോ നോക്കുന്നു. ഏതാനും മുഖങ്ങൾ കാണുന്നുണ്ട്. ആയിരക്കണക്കിനു ശത്രുക്കളുടെയിടയിൽ പത്തിരുപത് സ്നേഹിതരുടെ മുഖങ്ങൾ... ഈശോ തലതാഴ്ത്തി. ഇത്രയും ഉപേക്ഷിക്കപ്പെട്ടതിലുള്ള ദുഃഖം... കണ്ണുകളിൽ നിന്ന് കണ്ണുനീർ അടർന്നു വീഴുന്നു. കണ്ണീരു കണ്ടിട്ട് ജനത്തിനു സഹതാപമില്ല; കൂടുതൽ കഠിനമായ വെറുപ്പാണ്.


ഈശോയെ പ്രത്തോറിയത്തിലേക്ക് വീണ്ടും തിരികെ കയറ്റി. പീലാത്തോസ് യഹൂദരോട് വീണ്ടും പറഞ്ഞു; "അപ്പോൾ അവൻ പോകട്ടെ. അതു നീതിയാണ്."
"വേണ്ട; അവനു മരണം. അവനെ ക്രൂശിക്കുക."
"ഞാൻ ബറാബാസ്സിനെ നിങ്ങൾക്ക് തരാം."
"വേണ്ട; ക്രിസ്തുവിനെ മതി."
"അങ്ങനെയെങ്കിൽ  നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങൾതന്നെ ക്രൂശിച്ചുകൊള്ളുക. കാരണം, അതു ചെയ്യുവാൻ അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല."
"
അവൻ ദൈവപുത്രനാണെന്ന് അവൻ പറഞ്ഞു. ഇപ്രകാരമുള്ള ദൈവദൂഷണം എന്ന കുറ്റത്തിന് ഞങ്ങളുടെ നിയമം മരണമാണ് കൽപ്പിച്ചിരിക്കുന്നത്."

പീലാത്തോസ്  ചിന്താമഗ്നനായി തിരിച്ചുപോയി സിംഹാസനത്തിൽ ഇരിക്കുന്നു. ഈശോയെ  സൂക്ഷ്മമായി വീക്ഷിക്കുന്നു. "എന്റെയടുത്തേക്കു വരൂ" അയാൾ ഈശോയോടു പറഞ്ഞു.
ഈശോ പീലാത്തോസിനു സമീപെ ചെന്നു.
"ഇതു സത്യമാണോ? എന്നോടു പറയൂ."
ഈശോ മൗനം ഭജിച്ചു.
"നീ എവിടെനിന്നു വരുന്നു? ദൈവം ആരാണ്?"
"അവനാണ് എല്ലാം ആയിരിക്കുന്നത്."
"എല്ലാം എന്നതിന്റെ അർത്ഥമെന്താണ്? മരിക്കുന്നവന് എല്ലാം എന്നുള്ളത് എന്താണ്? നിനക്കു ഭ്രാന്താണ്... ദൈവം എന്നൊന്നില്ല.. ഞാൻ  ഉണ്ട്."
ഈശോ സംസാരിക്കുന്നില്ല.
"എനിക്കു നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും അധികാരമുണ്ടെന്ന് നിനക്കറിഞ്ഞുകൂടേ?"
"മുകളിൽ നിന്ന് നിനക്ക് തന്നില്ലായിരുന്നെങ്കിൽ നിനക്ക് ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതിനാൽ എന്നെ നിനക്ക്  ഏൽപ്പിച്ചുതന്നവനാണ് നിന്നേക്കാൾ കൂടുതൽ കുറ്റക്കാരൻ."
പീലാത്തോസിനു  വിഷമമായി. അവനു മനസ്സുണ്ട്; അവനു ദൈവശിക്ഷയെ ഭയമുണ്ട്... റോമായെയും ഭയപ്പടുന്നു. യഹൂദരുടെ പ്രതികാരത്തെയും ഭയപ്പടുന്നു. ഒരു നിമിഷനേരത്തേക്ക് ദൈവഭയം ജയിക്കയാണ്... യഹൂദരുടെ  മുന്നിലേക്കു ചെന്ന് ഇടിനാദം പോലെയുള്ള സ്വരത്തിൽ അയാൾ പറയുന്നു; "അവൻ  കുറ്റക്കാരനല്ല."
"ഇങ്ങനെ നീ പറഞ്ഞാൽ നീ സീസറിന്റെ സ്നേഹിതനല്ല. സ്വയം രാജാവായി പ്രഖ്യാപിക്കുന്നവൻ സീസറിന്റെ ശത്രുവാണ്. നീ നസ്രായനെ സ്വതന്ത്രനാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇക്കാര്യം സീസറിനെ അറിയിക്കും."
മനുഷ്യഭയം കൊണ്ട് പീലാത്തോസിന്റെ ഉള്ളുനിറഞ്ഞു.
"അപ്പോൾ അവനെ കൊല്ലണം എന്നാണു നിങ്ങൾ ആവശ്യപ്പെടുന്നത്? അങ്ങനെയാകട്ടെ... എന്നാൽ നീതിമാനായ ഈ മനുഷ്യന്റെ രക്തം എന്റെ കൈകളിൽ കറയാകുവാൻ പാടില്ല." ഒരു പാത്രം വെളളം വരുത്തി അയാൾ  അതിൽ കൈകഴുകി. ജനങ്ങൾക്ക് ആവേശംകൊണ്ട് ഭ്രാന്തു പിടിച്ചപോലെയുണ്ട്. "അവന്റെ രക്തം ഞങ്ങളുടെമേൽ ആയിരിക്കട്ടെ!  അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിരിക്കട്ടെ! ഞങ്ങൾക്കു് അവനെ ഭയമില്ല... അവനെ ക്രൂശിക്കുക!! അവനെ ക്രൂശിക്കുക!!"
പീലാത്തോസ്   അയാളുടെ സിംഹാസനത്തിലേക്കു തിരിച്ചുപോയി. ശതാധിപനായ ലോങ്കിനുസിനെയും ഒരടിമയേയും വിളിപ്പിച്ചു. ഒരു പലക കൊണ്ടുവരാൻ അടിമയോട് ആവശ്യപ്പെട്ടു. അതിന്മേൽ ഇപ്രകാരം എഴുതിച്ചു: "യഹൂദരുടെ   രാജാവായ നസ്രായൻ ഈശോ". അയാളത് ജനത്തെക്കാണിച്ചു.
"അല്ല, അങ്ങനെയല്ല; യഹൂദരുടെ രാജാവല്ല; അവൻ  യഹൂദരുടെ രാജാവാണെന്നു പറഞ്ഞു എന്നാണ് എഴുതേണ്ടത്." അനേകർ വിളിച്ചുപറയുന്നു.
"ഞാൻ എന്തെഴുതിയോ അത് എഴുതിയതു തന്നെ." പീലാത്തോസ്   കർശനമായിപ്പറഞ്ഞു. പിന്നെ നിവർന്നുനിന്ന് കൈപ്പത്തി കമഴ്ത്തി നീട്ടിപ്പിടിച്ചുകൊണ്ട് കൽപ്പിച്ചു: "അവൻ   കുരിശിലേക്കു പോകട്ടെ. പടയാളീ, പോകൂ.. കുരിശു തയ്യാറാക്കൂ." പിന്നെ സിംഹാസനത്തിൽ  നിന്നിറങ്ങി ബഹളം കൂട്ടുന്ന ജനക്കൂട്ടത്തെയോ വിധിക്കപ്പെട്ട മനുഷ്യനെയോ നോക്കാതെ ആ ശാലയിൽ നിന്നു പോയി. 
ഈശോ കുരിശു കാത്തുനിൽക്കുന്നു!!