ജാലകം നിത്യജീവൻ: കുരിശുയാത്ര കാൽവരിയിലേക്ക്

nithyajeevan

nithyajeevan

Tuesday, March 22, 2011

കുരിശുയാത്ര കാൽവരിയിലേക്ക്


 മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഈശോ,   ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലൂടെ ഭാരമേറിയ തന്റെ കുരിശും വഹിച്ചുകൊണ്ടു മുന്നോട്ടു നീങ്ങുകയാണ്.  പട്ടണത്തിലൂടെ 
അൽപ്പദൂരം  നടത്തിയശേഷം, ശതാധിപനായ ലോങ്കിനൂസ് തന്ത്രപൂർവ്വം യാത്രയുടെ ഗതി മാറ്റി, ജനക്കൂട്ടത്തിന്റെ എതിർപ്പു വകവെയ്ക്കാതെ ദൂരക്കുറവുള്ള ഒരു വഴിയിലൂടെ ഈശോയെയും ഒപ്പം വിധിക്കപ്പെട്ട രണ്ടു കള്ളന്മാരെയും നയിക്കുന്നു. 
കുരിശുയാത്ര കാൽവരിമലയുടെ ചുവട്ടിലെത്തി. കുത്തനെ മുകളിലേക്കുള്ള കയറ്റം  ഈശോ അതികഠിനമായ വേദന സഹിച്ചുകൊണ്ടാണ് കയറുന്നത്. ഈശോ വഹിക്കുന്ന വളരെ നീളമുള്ള ആ കുരിശിന്  നല്ല ഭാരമുണ്ട്.  അതുമായി മുന്നോട്ടു നീങ്ങുമ്പോൾ പൊങ്ങിനിൽക്കുന്ന ഒരു കല്ലിൽത്തട്ടി വലുതുകാൽമുട്ടു കുത്തി ഈശോ വീഴുന്നു. എന്നാല്‍ ഇടത്തെ കൈപ്പത്തി കുത്തി നിവരുന്നു. ജനക്കൂട്ടം സന്തോഷം കൊണ്ടു കൂവിച്ചിരിക്കുന്നു. 
ഈശോ എഴുന്നേൽക്കുന്നു.... മുന്നോട്ടു നടക്കുന്നു. എന്നാല്‍ കുനിഞ്ഞ് പോകയാണ്..... കിതപ്പ് ശക്തിയായി. കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന പലക കാഴ്ചയ്ക്ക് മറയായിപ്പോകുന്നു. രണ്ടുമുട്ടും കുത്തി വീണ്ടും വീഴുന്നു. കുരിശ് കൈയിൽ നിന്നു വഴുതി താഴെവീണു.. പുറത്തു ശക്തിയായി അടിച്ചശേഷമാണ് അതു വീണത്. ഈശോ കുനിഞ്ഞ് കുരിശെടുത്തു വീണ്ടും തോളിൽ വയ്ക്കാൻ ശ്രമിക്കുന്നു. അപ്പോൾ വലതുതോളിലെ കുരിശ്  ഉരഞ്ഞുണ്ടായ വലിയ മുറിവ് വ്യക്തമായിക്കാണുന്നു. അതിൽനിന്ന് രക്തവും ജലവും വാർന്നൊഴുകുന്നു... അങ്കിയുടെ 
തോൾഭാഗം മുഴുവന്‍ രക്തത്തിൽ കുതിർന്നു.. ഈശോ വീണ്ടും വീണതുകണ്ട് ജനം സന്തോഷാരവം മുഴക്കുന്നു. 
ലോങ്കിനൂസ് പടയാളികളോട് വേഗത കൂട്ടുവാൻ ആവശ്യപ്പെടുന്നു. പടയാളികൾ അവരുടെ കഠാരപ്പിടി കൊണ്ട് വേഗം നടക്കുവാൻ ഈശോയെ അടിക്കുന്നു. എങ്കിലും ഈശോ വളരെ സാവധാനത്തിലാണ് മുന്നേറുന്നത്. പൂർണ്ണമായി ലഹരിയിലാവനെപ്പോലെ ഈശോ ആടുന്നു. അങ്ങോട്ടുമിങ്ങോട്ടും ആടി പടയാളികളെ മുട്ടുന്നുണ്ട്. അതുകണ്ട് ജനം ഉച്ചത്തിൽ പറയുന്നു; "അവന്റെ തത്ത്വങ്ങൾ തലയ്ക്കു പിടിച്ചിരിക്കയാണ്... നോക്കൂ, ആടിയാടി പോകുന്ന പോക്ക്.."
മറ്റു ചിലർ പറയുന്നു; "അല്ല, ലാസറസ്സിന്റെ വീട്ടിലെ വിരുന്നിന്റെ പുകയാണിപ്പോഴും... അത് നല്ലതായിരുന്നോ? ഇപ്പോൾ ഞങ്ങളുടെ ഭക്ഷണം കഴിക്കൂ..."
ലോങ്കിനൂസ്  ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അയാൾ സഹതാപത്തോടെ കുറച്ചുസമയം നിൽക്കുവാൻ കൽപ്പന കൊടുത്തു. ജനം അതിനയാളെ അധിക്ഷേപിക്കാൻ തുടങ്ങി. അവരെ പ്രഹരിക്കുവാൻ പടയാളികളോട്  അയാൾ ആജ്ഞാപിച്ചു. മിന്നുന്ന കുന്തമുന കണ്ടപ്പോഴേ പേടിത്തൊണ്ടന്മാരായ യഹൂദർ ഓട്ടം പിടിച്ചു...
ഓടിപ്പോകാതിരിന്ന കുറച്ചാളുകളുടെ  കൂടെ ഈശോയുടെ ആട്ടിടയ ശിഷ്യരായ പത്തുപേർ നിൽക്കുന്നത് ഈശോ കാണുന്നു.  പൊടിപിടിച്ച, കീറിയ വസ്ത്രങ്ങളുമായി വന്നിരിക്കുന്ന അവർ ആകെ വിഷമിച്ച് കണ്ണീരോടെ ഈശോയെ നോക്കുന്നു.. ദൈവദൂതന്മാരുടെ മുഖങ്ങളെന്നപോലെ അതിയായ സന്തോഷത്തോടെ ഈശോ അവരെ നോക്കുന്നു...  ഈശോ പുഞ്ചിരിക്കുന്നു... നടപ്പു തുടരാനുള്ള കൽപ്പന കേട്ട് ഈശോ അവരുടെ മുമ്പിലൂടെ നടന്നുപോകുന്നു... വേദനയോടെ അവർ കരയുന്നത് ഈശോ കേട്ടു... വളരെ ബുദ്ധിമുട്ടി ഈശോ തിരിഞ്ഞുനോക്കി ഒരുപ്രാവശ്യം കൂടി പുഞ്ചിരി തൂകി... തീപിടിച്ച വെയിലത്ത്‌ ഈശോയുടെ  ആശ്വാസം... 
തൊട്ടുപിന്നാലെ മൂന്നാമത്തെ വീഴ്ചയുടെ വേദന... സമൂലം ഒരു  വീഴ്ച... കാൽതട്ടി വീണതല്ല... ശക്തി പെട്ടെന്നു ക്ഷയിച്ചതിനാൽ വീണതാണ്... നെട്ടായം വീണു... മുഖം നിലത്തടിച്ചു... കുരിശ്  ഈശോയുടെ മുകളിലായി വീണു.. പടയാളികൾ ഈശോയെ  എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുന്നു... എന്നാല്‍  ഈശോ മരിച്ചതുപോലെ തോന്നിക്കുന്നു....
പടയാളികൾ പോയി ശതാധിപനെ വിവരമറിയിക്കുന്നു. അവർ  പോയിവരുന്ന സമയത്ത് ഈശോയ്ക്ക് ബോധം വന്നു. രണ്ടു പടയാളികളുടെ സഹായത്തോടെ - ഒരാൾ കുരിശെടുത്തു മാറ്റി; മറ്റെയാൾ ഈശോയെ താങ്ങി എഴുന്നേൽപ്പിച്ചു.  വീണ്ടും ഈശോ  കുരിശു വാങ്ങി തോളിലേന്തി.. എന്നാല്‍  ഈശോയുടെ  ശക്തിയെല്ലാം തീർന്നു.
"അവൻ കുരിശിൽത്തന്നെയാണ് മരിക്കേണ്ടത്. അതുറപ്പാക്കുക..." ജനക്കൂട്ടം  വിളിച്ചുപറയുന്നു. "അതിനുമുമ്പ് അവൻ മരിച്ചിട്ടുണ്ടെങ്കിൽ ഗവർണറോട് നിങ്ങൾ ഉത്തരം പറയേണ്ടതായി വരും. കുറ്റവാളി വധസ്ഥലത്ത് ജീവനോടെ എത്തിയിരിക്കണം." നിയമജ്ഞർ പടയാളികളോട്  പറയുന്നു.
 പടയാളികൾ അവരെ നിന്ദാപൂർവ്വം നോക്കുന്നു. എന്നാല്‍ സംസാരിക്കുന്നതിൽ നിന്ന് പട്ടാളച്ചിട്ട അവരെ  തടയുന്നു.
 ഈശോ  വഴിയിൽവച്ചുതന്നെ മരിച്ചുപോകുമോ എന്ന് യഹൂദരെപ്പോലെതന്നെ ലോങ്കിനൂസിനും ഭയമുണ്ട്. അയാൾ വേണ്ടത് ഉടനെ ചെയ്യുകയാണ്. കയറ്റം കുറഞ്ഞ നല്ലവഴിയിലൂടെ ഈശോയെ നടത്തുവാൻ അയാൾ  നിശ്ചയിച്ചു.  ഈ വഴിയിലൂടെയും ആളുകൾ സഞ്ചരിക്കുന്നുണ്ട്. എന്നാലവർ ജനക്കൂട്ടത്തിന്റെ  ആർപ്പുവിളിയിൽ പങ്കെടുക്കുന്നില്ല.  വഴിയാത്രക്കാർ  അധികവും സ്ത്രീകളാണ്.  അവർ  ജനക്കൂട്ടത്തിന്റെ  ആരവം കേട്ടു തിരിഞ്ഞുനോക്കുന്നു. പ്രദക്ഷിണം അവരുടെ  പിന്നാലെ വരുന്നതു കണ്ടപ്പോൾ അവർ  നിന്നു. ശിരോവസ്ത്രം നന്നായി താഴ്ത്തിയിട്ടാണവരുടെ നിൽപ്പ്. വളരെ വിശേഷപ്പെട്ട വസ്ത്രങ്ങൾ ധരിച്ച ഒരുവൾ അക്കൂട്ടത്തിലുണ്ട്. ബലിഷ്ഠനായ ഒരു വൃദ്ധനും ആ സ്ത്രീകളുടെ സഹായത്തിനുണ്ട്. അയാളും മേലങ്കികൊണ്ട് സ്വയം നന്നായി മൂടിയിരിക്കുന്നു. 
ഈശോ അടുത്തെത്തിയപ്പോൾ സ്ത്രീകൾ ഉച്ചത്തിൽ  കരയുന്നു; തല നല്ലതുപോലെ താഴ്ത്തി വണങ്ങുകയും ചെയ്യുന്നു. പടയാളികൾക്ക് കുന്തം ചുഴറ്റി അവരെ  ഓടിക്കണമെന്നുണ്ട്. എന്നാല്‍ വിശേഷമായി വസ്ത്രംധരിച്ച സ്ത്രീ ഒരുനിമിഷത്തേക്ക് അവളുടെ ശിരോവസ്ത്രം നീക്കി അവളുടെ മുഖം മുന്നിൽ വരുന്ന ഉദ്യോഗസ്ഥനെക്കാണിച്ചു. വളരെ സ്വാധീനമുള്ള ഒരുവളാണതെന്നു വ്യക്തമാണ്. കാരണം ലോങ്കിനൂസിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ അവളെ അനുസരിച്ചു. 
സ്ത്രീകൾ ഈശോയുടെ  അരികിൽ കരഞ്ഞുകൊണ്ട് ചെന്നു. അവന്റെ കാൽക്കൽ മുട്ടിന്മേൽ നിന്നു. ഈശോ നിന്നു; കിതപ്പുണ്ട; എങ്കിലും പുഞ്ചിരി തൂകുന്നു... സഹതാപമുള്ള ആ വനിതകളേയും അവർക്കു തുണയായി വന്ന വൃദ്ധനേയും നോക്കി പുഞ്ചിരിച്ചു... 
സ്ത്രീകളിൽ ഒരാൾ കൂസായുടെ ഭാര്യ ജോവന്നായാണ്. കരഞ്ഞുകരഞ്ഞ് അവളുടെ മുഖത്ത് ചുവന്ന ചാലുകൾ വീണിട്ടുണ്ട്. ഇടത്തെ കൈ കൊണ്ട് ഈശോ മുഖത്തേക്കും കണ്ണുകളിലേക്കും ഇറ്റിറ്റു വീഴുന്ന വിയർപ്പും രക്തവും  തുടയ്ക്കുന്നു...
വേറൊരു സ്ത്രീ, കൂട കൈയിലുള്ള ഒരു  ദാസിയോടുകൂടി വന്ന് കൂട തുറന്ന് ചതുരത്തിലുള്ള ഒരു   തൂവാലയെടുത്ത് ഈശോയ്ക്കു കൊടുത്തു. ഈശോ അതു സ്വീകരിച്ചു.. ഒരുകൈ കൊണ്ട് കഴുത്തും മുഖവും തുടയ്ക്കാൻ ബുദ്ധിമുട്ടുന്നതുകണ്ട് ആ സ്ത്രീ, മുഖവും തുടയ്ക്കാൻ ഈശോയെ  സഹായിക്കുന്നു.... മുൾക്കിരീടത്തിൽ മുട്ടാതിരിക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്... തണുപ്പുള്ള ആ തൂവാല ഈശോ മുഖത്ത് അമർത്തിപ്പിടിച്ചു.... വലിയ ആശ്വാസം കിട്ടിയതുപോലെ തോന്നിക്കുന്നു. ആ തുണി തിരിച്ചുകൊടുത്തു കൊണ്ട്  ഈശോ  പറയുന്നു: "ജോവന്നാ, നിനക്കു നന്ദി;  നൈക്ക് (വേറോനിക്കാ), നിനക്കു നന്ദി...... സാറാ.... മർസെല്ലാ... ഏലീശാ....ലിഡിയാ..... വലേരിയാ ..... ആൻ..... നിങ്ങൾക്കും... പക്ഷേ, കരയേണ്ട.... എന്നെ ഓർത്ത് കരയേണ്ട.... ജറുസലേം പുത്രിമാരേ... എന്നാല്‍ നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി... നിങ്ങളുടെ പട്ടണവാസികളുടെ പാപങ്ങൾക്കുവേണ്ടി... ജോവന്നാ..... പുത്രന്മാരില്ലാത്തതിന് ദൈവത്തെ സ്തുതിക്കുക.... നോക്കൂ... ഇതു ദൈവത്തിന്റെ കാരുണ്യം..... പുത്രന്മാരില്ലാത്തത്...  കാരണം ഇതു നിമിത്തം അവർ സഹിക്കും... നീയും എലിസബത്തെ... ആയിരുന്നതുപോലെ ആകട്ടെ... ദൈവഘാതകരാകുന്നതിൽ ഭേദം ഇതാണ്....നിങ്ങളും... അമ്മമാരേ... കരയുന്നത്  നിങ്ങളുടെ പുത്രന്മാർക്കുവേണ്ടി.... കാരണം  ഈ മണിക്കൂർ.... ശിക്ഷ കൂടാതെ കടന്നു പോകയില്ല.... എത്രവലിയ ശിക്ഷയായിരിക്കും.... പാപമില്ലാത്തവന് ....... ഇതാണെങ്കിൽ.... നിങ്ങൾ അപ്പോൾ കരയും..... ഗർഭം ധരിച്ചതിനെക്കുറിച്ച്.... പാലൂട്ടി വളർത്തിയതിനെക്കുറിച്ച്.. പുത്രന്മാർ കൂടുതലുണ്ടായിരുന്നതിനെക്കുറിച്ച്.... ആ ദിവസങ്ങളിലെ അമ്മമാർ ......കരയും.... കാരണം, ഞാൻ ഗൗരവമായി നിങ്ങളോടു പറയുന്നു......... അവൻ ഭാഗ്യവാൻ........ അന്ന്... ആദ്യം മരിച്ചുവീഴുന്നവൻ..... നാശകൂമ്പാരത്തിനടിയിൽ...... ഞാൻ നിങ്ങളെ .... അനുഗ്രഹിക്കുന്നു.... പൊയ്ക്കൊള്ളൂ..... വീട്ടിൽ..... പ്രാർത്ഥിക്കുക..... എനിക്കുവേണ്ടി..... ദൈവം നിങ്ങളോടു കൂടെ... പൊയ്ക്കൊള്ളുവിൻ..... ജോനാഥൻ, ഇവരെ കൊണ്ടുപൊയ്ക്കൊള്ളുവിൻ....."
ഉച്ചത്തിൽക്കരയുന്ന സ്ത്രീകളുടെയും ശപിക്കുന്ന യഹൂദരുടേയും ശബ്ദകോലാഹലങ്ങളുടെ മദ്ധ്യേ, ഈശോ  വീണ്ടും നടക്കുന്നു.
വഴിക്ക് കയറ്റം കുറവാണെങ്കിലും നിരപ്പുള്ളതാണെങ്കിലും ഈശോയ്ക്ക് കാലുകൾ കുഴയുന്നു; നടക്കാൻ കഴിയാതെ വേച്ചു പോകുന്നു. ആടിയാടി പടയാളികളെ ചെന്നു മുട്ടുന്നു. 
മുമ്പത്തേക്കാൾ കുനിഞ്ഞാണ് നടപ്പ്. 
വഴിയിലൊരിടത്ത് ഈശോയുടെ അമ്മ അപ്പസ്തോലൻ ജോണുമൊത്ത് കാത്തുനിൽക്കുന്നു. മേരിയുടെ മുഖം വിളറി വെളുത്തിരിക്കുന്നു. ജോണിന്റെ മുഖത്തും രക്തമയമില്ല. മറ്റു സ്ത്രീകൾ- ലാസറസ്സിന്റെ സഹോദരിമാർ മാർത്തയും മേരിയും,  അപ്പസ്തോലന്മാരായ യൂദാ തദേവൂസിന്റേയും ചെറിയ യാക്കോബിന്റേയും അമ്മയായ മേരി, സെബദിയുടെ ഭാര്യ മേരി, കാനായിലെ സൂസന്ന, പിന്നെ വേറെ ചില സ്ത്രീകളുമുണ്ട് - റോഡിനു നടുവിൽ നിന്ന് ഈശോ വരുന്നുണ്ടോ എന്നു നോക്കുന്നു. ലോങ്കിനൂസ് വരുന്നതു കണ്ടപ്പോൾ അവർ വേഗം ചെന്ന് മേരിയെ വിവരമറിയിച്ചു. മേരി ഉടനെ ജോണിന്റെ  സഹായത്തോടെ വഴിമദ്ധ്യത്തിൽ വന്നുനിന്നു. ലോങ്കിനൂസ് വന്നപ്പോൾ ഒരുവശത്തേക്കു മാറി. ലോങ്കിനൂസ്  കുതിരപ്പുറത്തിരുന്ന് അവരെ നോക്കിയിട്ട് തലകുലുക്കിക്കൊണ്ടു കടന്നുപോയി. പിന്നാലെ പതിനൊന്നു കുതിരപ്പടയാളികളും.
പടയാളികളുടെയിടയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന മേരിയെ അവർ തടയുന്നു. എന്നാല്‍ ലോങ്കിനൂസ് ഇതുകണ്ട് ഉച്ചത്തിൽ വിളിച്ചുപറയുന്നു; "ആ സ്ത്രീ കടന്നുപോകട്ടെ." ഇതിനിടെ ലോങ്കിനൂസ് ഒരു വണ്ടികണ്ടു; നിർത്തിയിട്ടിരിക്കുന്ന ഒരു പച്ചക്കറിവണ്ടി.  സൈറീൻകാരനായ മനുഷ്യനും രണ്ടു പുത്രന്മാരും പ്രദക്ഷിണം സൂക്ഷിച്ചുനോക്കിക്കാണുന്നു. ലോങ്കിനൂസ്  അയാളെ അടിമുടി ഒന്നുനോക്കി. ഇയാളെ കൊള്ളാം എന്നു നിശ്ചയിച്ചു് ആജ്ഞാപിക്കുന്നു; "ഏയ്, മനുഷ്യാ, ഇവിടെവരൂ."
സൈറീൻകാരൻ ശിമയോൻ കേൾക്കാത്ത ഭാവത്തിൽ നിന്നെങ്കിലും ലോങ്കിനൂസ് കൽപ്പന ആവർത്തിച്ചപ്പോൾ വണ്ടിയുടെ കടിഞ്ഞാൺ ഒരു മകനെ ഏൽപ്പിച്ചശേഷം ശതാധിപന്റെ പക്കലേക്കു ചെന്നു. 
"നീ ആ മനുഷ്യനെ കാണുന്നുണ്ടോ? അവന് കുരിശു ചുമന്നുകൊണ്ട് പോകാൻ ശക്തിയില്ല. നിനക്ക് ശക്തിയുണ്ട്. അവന്റെ കുരിശു വാങ്ങി അതു ചുമന്ന് കുന്നിൻമുകളിൽ കൊണ്ടുവയ്ക്കുക."
"എനിക്കു സാധിക്കില്ല... " അയാൾ പറയുന്നു; "എനിക്ക് കഴുതയുണ്ട്.. അതിനു വെകിളിയാണ്... മക്കൾക്ക് അതിനെ നിയന്ത്രിക്കുവാൻ സാധിക്കയില്ല."
എന്നാല്‍ ലോങ്കിനൂസ് പറയുന്നു; "നിന്റെ കഴുത നഷ്ടപ്പെടാതിരിക്കണമെങ്കിൽ, ശിക്ഷയായി ഇരുപത് അടി കിട്ടാതിരിക്കണമെങ്കിൽ വേഗം അനുസരിച്ചുകൊള്ളുക."
പിന്നെ ഒന്നും പറയുവാനയാൾ തുനിഞ്ഞില്ല. മക്കളോട് വേഗം വീട്ടിൽപ്പോകാൻ വിളിച്ചുപറഞ്ഞിട്ട് അയാൾ ഈശോയുടെ പക്കലേക്കു പോകുന്നു.
ഈ സമയത്തുതന്നെയാണ് മേരിയും ഈശോയുടെയടുത്തെത്തിയത്. അമ്മയെക്കണ്ടപ്പോൾ ഈശോ ഉച്ചത്തിൽ വിളിക്കുന്നു: "അമ്മേ.."
പീഡനങ്ങൾ തുടങ്ങിയതിൽപ്പിന്നെ ആദ്യമായി ഇപ്പോഴാണ് ഈശോ  വേദനയോടെ ഒരു വാക്കുച്ചരിക്കുന്നത്. ആ വിളിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്; അരൂപിയുടെ ഭീകരമായ ദുഃഖവും മനസ്സിന്റെ തളർച്ചയും ശരീരത്തിന്റെ വേദനകളും എല്ലാം... മേരി അവളുടെ കൈ 
നെഞ്ചിലമർത്തിപ്പിടിക്കുന്നു. ചങ്കിനു കുത്തേറ്റതുപോലെ വേച്ചുപോകുന്നു... എങ്കിലും ഇരുകൈകളും നീട്ടി "മകനേ" എന്നുച്ചത്തിൽ വിളിച്ചുകൊണ്ട് പീഡിതനായ മകന്റെ പക്കലേക്കു പോകുന്നു. 
സഹതാപത്തിന്റെ അടയാളങ്ങൾ റോമൻ പടയാളികളുടെയിടയിലും കാണപ്പെടുന്നു. 
സൈറീൻകാരൻ ശിമയോനും അലിവ് അനുഭവപ്പെടുന്നു. കുരിശു നിമിത്തം  മേരിക്ക് മകനെ ആശ്ളേഷിക്കാൻ കഴിയുന്നില്ല എന്നു മനസ്സിലാക്കി അയാൾ വേഗം കുരിശ് ഏറ്റുവാങ്ങി.. ഒരു പിതാവിന്റെ വാത്സല്യത്തോടെ മുൾമുടിയിന്മേൽ തട്ടാതെയും മുറിവുകൾ ഉരയാതെയും വളരെ സൂക്ഷിച്ചാണയാൾ കുരിശെടുത്തു മാറ്റിയത്.
 ക്ഷുഭിതരായ ആളുകളുടെ നിർബ്ബന്ധം നിമിത്തം പ്രദക്ഷിണം വീണ്ടും മുന്നോട്ടു നീങ്ങുകയാണ്. അമ്മ കുന്നിൻതിട്ടയിലേക്കു തള്ളിമാറ്റപ്പെട്ടു. ജനങ്ങൾ അമ്മയെ പരിഹസിക്കുന്നു. 
ഈശോയുടെ പിന്നിൽ സൈറീൻകാരനായ മനുഷ്യൻ കുരിശു വഹിച്ചുകൊണ്ടു നടക്കുന്നു. ആ ഭാരം നീങ്ങിയതിനാൽ ഈശോ കൂടുതൽ വേഗത്തിൽ നടക്കുന്നു... 
മേരിയും  സ്ത്രീകളും പിൻവാങ്ങി. പ്രദക്ഷിണം കടന്നുപോയിക്കഴിഞ്ഞ് അവർ ഒരു കുറുക്കുവഴിയിലൂടെ കുന്നിൻമുകളിലേക്കു പോകുന്നു.
ഈശോയ്ക്കിപ്പോൾ നടക്കുവാൻ എളുപ്പമായതിനാൽ വഴിയുടെ അവസാനഭാഗം വേഗം  പിന്നിട്ട് കുന്നിൻമുകളിലെത്തി. അസഭ്യം വിളിച്ചുപറയുന്ന ജനവും ഒപ്പം മുകളിലെത്തിക്കഴിഞ്ഞു. 

ആൾക്കൂട്ടത്തെ തുരത്താൻ ലോങ്കിനൂസ് കൽപ്പന കൊടുത്തു. പടയാളികൾ വേഗം തന്നെ സ്ഥലം വിജനമാക്കി. യഹൂദരെല്ലാം  ചീത്തപറഞ്ഞുകൊണ്ട് ഓടി താഴെയിറങ്ങി കുന്നിന്റെ മൂന്നുവശത്തുമായി  നിന്നു. വഴിയിലും പട്ടണമതിലുകൾക്കപ്പുറത്തും ആളുകളുണ്ട്. വീടുകളുടെ മട്ടുപ്പാവുകളിൽ ആളുകൾ കാൽവരിയിലേക്കു നോക്കിനിൽപ്പുണ്ട്. പട്ടണത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം വിജനമാണ്... സർവ്വജനവും ചുറ്റും കൂടിയിരിക്കുന്നു; സ്നേഹിതരും ശത്രുക്കളും... 
കുരിശുമരണം നടത്താൻ ചുമതലപ്പെട്ടവർ അതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഉപകരണങ്ങൾ തയ്യാറാക്കുന്നു; കുഴികൾ ഒന്നുകൂടി ഒരുക്കുന്നു. ഈശോയും കുറ്റം വിധിക്കപ്പെട്ട മറ്റു രണ്ടുപേരും പടയാളികളുടെ മദ്ധ്യത്തിൽ ക്രൂശിക്കൽ കാത്തുനിൽക്കുന്നു. 
മുകളിൽ എല്ലാം സജ്ജമായി. വിധിക്കപ്പെട്ടവർ മുകളിലേക്ക് നയിക്കപ്പെട്ടു.