ജാലകം നിത്യജീവൻ: ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

nithyajeevan

nithyajeevan

Monday, March 14, 2011

ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായ യൂദാസ്ക്കറിയോത്തായാൽ ഒറ്റിക്കൊടുക്കപ്പെട്ട ഈശോയെ, വിചാരണയ്ക്കായി യഹൂദ മതകോടതിയായ സൻഹെദ്രീന്റെ മുമ്പിൽ ഹാജരാക്കുകയും അവർ അവനെ മരണത്തിനു വിധിക്കുകയും ചെയ്തു. അന്നത്തെ നിയമമനുസരിച്ച്, മരണശിക്ഷ വിധിക്കുവാൻ സൻഹെദ്രീന് അധികാരമില്ലാതിരുന്നതിനാൽ റോമൻ ഭരണകൂടത്തിന്റെ അനുമതിക്കായി, ഗവർണർ പീലാത്തോസിന്റെ അരമനയിലേക്ക് അവർ ഈശോയെ  കൊണ്ടുപോകുന്നു.
ഈശോയെ അധികമായി പീഡിപ്പിക്കുന്നതിനു മാത്രം അവർ ജറുസലേം പട്ടണം ചുറ്റിയുള്ള ദീർഘമായ വഴിയിലൂടെ നടത്തുന്നു. ചപ്പുചവറുകളും ചെളിയുമെല്ലാം വാരി എറിയുന്നതിനാൽ ഈശോയുടെ  മുഖം  അഴുക്കുകൊണ്ട് പൊതിയപ്പെടുന്നു.
പീഢകരുടെ എണ്ണം കൂടിക്കൂടി വരുന്നു. ആളുകളുടെ ഭാവം തന്നെ മാറിപ്പോകുന്നു. അവർ  ഉച്ചത്തിൽ വിളിച്ചുപറയുന്നു; "ദൈവദൂഷകന് മരണം! മരണം! ദുഷിപ്പിക്കുന്നവൻ! സാത്താൻ!! അവന്റെ സ്നേഹിതർക്ക് മരണം!"
ബഹളം കേട്ടു് ഏതാനും റോമൻ പടയാളികൾ കുന്തവുമായി അന്റോണിയായിൽ നിന്ന് പുറത്തുവന്നു. ജനക്കൂട്ടം നാലുപാടും ചിതറി. വഴിയുടെ നടുവിൽ ഈശോയും കാവൽ
നിൽക്കുന്നവരും മാത്രമായി. ചില പുരോഹിതരും നിയമജ്ഞരും ജനപ്രമാണികളും ഓടിപ്പോയില്ല.
"ഈ മനുഷ്യൻ? ഈ ബഹളം? നിങ്ങൾ ഇതിന് റോമായോട് ഉത്തരം പറയേണ്ടിവരും." ഒരു ശതാധിപൻ പരിഹാസത്തോടെ പറഞ്ഞു.
"ഞങ്ങളുടെ നിയമമനുസരിച്ച് ഇവൻ മരിക്കേണ്ടതാണ്."
"ഇതെന്നു തുടങ്ങിയതാണ്? മരണശിക്ഷ വിധിക്കാനുള്ള അവകാശം എന്നു തുടങ്ങിയാണ് നിങ്ങൾക്കു തിരിയെത്തന്നത്? ആ ശതാധിപൻ അവജ്ഞയോടെ ചോദിക്കുന്നു.
"ആ അവകാശം ഞങ്ങൾക്കില്ല എന്നറിയാം. ഞങ്ങൾ റോമിന്റെ വിശ്വസ്തരായ പ്രജകളാണ്."
"ഹ..ഹ  ഹ... ഇതുകേട്ടോ ലോങ്കിനുസേ? വിശ്വസ്തത! പ്രജകൾ! ചീഞ്ഞുനാറുന്നവർ... എന്റെ വില്ലാളികളുടെ അസ്ത്രങ്ങൾ കൊണ്ടാണ് എന്റെ മറുപടി."
"അതു കുറെ ബഹുമാനക്കൂടുതലാ... കഴുതകളുടെ പുറത്ത് ചാട്ടവാർ തന്നെ വേണം."
നിന്ദാപൂർവം  ലോങ്കിനുസ് പറയുന്നു.
പുരോഹിതരും നിയമജ്ഞരും ജനപ്രമാണികളും അവർക്ക് കിട്ടിയ നിന്ദ വിഴുങ്ങി മൗനം പാലിക്കുന്നു. ലക്ഷ്യം നേടണമല്ലോ. അവർ റോമൻ  ഉദ്യോഗസ്ഥരെ  തലകുനിച്ചു വണങ്ങുകയും ഈശോയെ  പന്തിയോസ് പീലാത്തോസിന്റെ  പക്കൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.  പീലാത്തോസ്, റോമായുടെ നീതിയനുസരിച്ച് ശിക്ഷാവിധി നൽകട്ടെ.
"ഹഹഹ... കേൾക്കൂ...ഞങ്ങൾ മിനർവായേക്കാൾ ജ്ഞാനമുള്ളവരായി തീർന്നിരിക്കുന്നു! ഇവിടെ വാ... അവനെ ഞങ്ങൾക്ക് വിടൂ... എന്നിട്ടു് ഞങ്ങളേക്കാൾ മുൻപേ പോകൂ... നാറുന്ന കുറുക്കന്മാർ... നിങ്ങളെ ഞങ്ങളുടെ പിന്നിൽ നിർത്തുന്നത് അപകടമാണ്. പൊയ്ക്കോ.."
"ഞങ്ങൾക്ക്  സാധിക്കയില്ല."
"എന്തുകൊണ്ടാണ്? കുറ്റം ആരോപിക്കുന്നവർ പ്രതിയെയും കൊണ്ട് വിധിയാളന്റെ മുമ്പിൽ  ഹാജരാകണം. അതാണ്‌ റോമൻ  നിയമം."
"ഒരജ്ഞാനിയുടെ വീട് ഞങ്ങൾക്ക്  അശുദ്ധമാണ്. ഞങ്ങൾ പെസഹായ്ക്കു വേണ്ടി ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കയാണ്."
"ഓ !! സാധുക്കൾ! അകത്തുവന്നാൽ അശുദ്ധിയാകുംപോലും! ഈ മനുഷ്യനെ, നിങ്ങളെപ്പോലെ  സർപ്പമല്ലാത്തത്തവനെ, മനുഷ്യനായിട്ടുള്ള ഏക യഹൂദനെ കൊല്ലുന്നത് നിങ്ങളെ  അശുദ്ധമാക്കുകയില്ലേ? ശരി, എങ്കിൽ നിങ്ങൾ  അവിടെത്തന്നെ നിന്നുകൊള്ളൂ. ഒരടി മുമ്പോട്ടു വയ്ക്കരുത്..... പ്രതിയുടെ ചുറ്റും ഒരു ദളം  ഭടന്മാർ നിൽക്കട്ടെ. മറ്റുള്ളവർ ഈ ബഹളക്കാരെ തടഞ്ഞുനിർത്തട്ടെ. കുളിപ്പിക്കാത്ത ആട്ടിൻകൊറ്റന്മാരുടെ നാറ്റമുള്ള കൂട്ടം!!"
ഈശോ പത്തു റോമൻ പടയാളികളുടെ മദ്ധ്യത്തിൽ പ്രത്തോറിയത്തിലേക്കു കടന്നു. ശതാധിപന്മാർ രണ്ടുപേരും മുന്നോട്ടുപോയി. അവർ ഗവർണറുമായി തിരിച്ചുവന്നു. പീലാത്തോസ് ഈശോയുടെ അരികിലെത്തി. ഈശോയെ നോക്കിക്കൊണ്ട് ചോദിക്കുന്നു; "ഇവനാണോ?"
"അതെ. ഈ മനുഷ്യൻ."
"അവനെ കുറ്റാരോപണം ചെയ്യുന്നവർ വരട്ടെ." അയാൾ ഉന്നതപീഠത്തിലെ ആസനത്തിൽ ഇരുന്നു.
"അവർക്ക് വരാൻ സാധിക്കയില്ല. അവർ   അശുദ്ധരാക്കപ്പെടും."
"ഫൂ.. നല്ലകാര്യം... അവർ   ഇവിടം വരെയെങ്കിലും അടുത്തുവരാൻ പറയൂ. അകത്തേക്കു കയറ്റരുത്."
ഒരു  പടയാളി,  ഗവർണറുടെ കൽപ്പന  ആൾക്കൂട്ടത്തെ അറിയിച്ചു.
പുരോഹിതരും നിയമജ്ഞരും ജനപ്രമാണികളും അടുത്തുവന്നു. അടിമകളെപ്പോലെ
ഗവർണറെ  താണുവണങ്ങി.
"വേഗമാകട്ടെ, കാര്യം പറയൂ. രാത്രിയിൽ സമാധാനത്തിനു ഭംഗം വരുത്തിയതിനും പട്ടണകവാടങ്ങൾ ബലമായിത്തുറന്നതിനും നിങ്ങൾ ഉത്തരവാദികളാണ്. എന്നാൽ അതു ശരിയാണോ എന്നു ഞാൻ ശരിക്കന്വേഷിക്കും. അധികാരികളും പ്രധാനികളും അതിനുത്തരം പറയേണ്ടിവരും." പീലാത്തോസ് അവരുടെ പക്കലേക്കിറങ്ങിച്ചെന്ന് പ്രത്തോറിയത്തിൽ നിൽക്കുന്നു.
"ഈ മനുഷ്യനെക്കുറിച്ചുള്ള ഞങ്ങളുടെ തീരുമാനം റോമായുടെ ദൈവികചക്രവർത്തിയുടെ പ്രതിപുരുഷനായ നിന്നെ അറിയിക്കുവാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.'
"എന്തു കുറ്റങ്ങളാണ് ഈ മനുഷ്യനിൽ നിങ്ങൾ  ആരോപിക്കുന്നത്? ഇയാൾ
നിർദ്ദോഷിയാണെന്ന് എനിക്കു തോന്നുന്നു."
"ഇവൻ തിന്മചെയ്യുന്നവനല്ലായിരുന്നെങ്കിൽ ഞങ്ങൾ  ഇവനെ നിന്റെ പക്കലേക്കു കൊണ്ടുവരികയില്ലായിരുന്നു." അവനെ കുറ്റാരോപണം ചെയ്യാനുള്ള ആവേശത്തിൽ അവർ മുൻപോട്ടുവന്നു.
"ഈ ജനത്തെ പിന്നിലേക്ക് അകറ്റുക. കവാടത്തിലെ മൂന്നു പടികൾക്കപ്പുറം ആറുചുവട് അകറ്റുക. രണ്ടു ശതദളങ്ങൾ ആയുധധാരികളാവട്ടെ."
പടയാളികൾ ഉടനടി അനുസരിക്കുന്നു. നൂറുപേർ കവാടത്തിന്റെ മുകൾപ്പടിയിൽ പ്രത്തോറിയത്തിനു പുറംതിരിഞ്ഞ് ആളുകൾക്കഭിമുഖമായി നിലയുറപ്പിച്ചു.
"ഞാൻ വീണ്ടും ചോദിക്കുന്നു; ഈ മനുഷ്യനെതിരായി നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്തെല്ലാമാണ്?"
"അവൻ ഞങ്ങളുടെ പൂർവ്വപിതാക്കന്മാരുടെ നിയമങ്ങൾക്കു വിരുദ്ധമായി കുറ്റങ്ങൾ ചെയ്തിരിക്കുന്നു."
"അതിന് എന്നെ ഉപദ്രവിക്കാനെത്തിയിരിക്കയാണോ? അവനെക്കൊണ്ടുപോയി നിങ്ങളുടെ നിയമങ്ങൾക്കനുസൃതമായി വിധിക്കുക."
"ഞങ്ങൾക്ക് ഒരുത്തരെയും മരണത്തിനു വിധിക്കാൻ സാദ്ധ്യമല്ല. ഞങ്ങൾക്ക് പഠനമില്ല. റോമായുടെ പൂർണ്ണതയുള്ള നിയമത്തോടു തുലനം ചെയ്താൽ യഹൂദനിയമം മന്ദബുദ്ധിയായ ഒരു കുട്ടിയെപ്പോലെയാണ്. അറിവില്ലാത്തവരും റോമിന്റെ അധീനതയിലുള്ളവരും എന്ന നിലയിൽ ഞങ്ങൾക്കാവശ്യം....."
അവർ പറഞ്ഞുവന്നതു പൂർത്തിയാക്കാൻ  പീലാത്തോസ് അനുവദിച്ചില്ല. "എന്നു തുടങ്ങിയാണ് നിങ്ങൾ തേനും വെണ്ണയും ആയിത്തീർന്നത്? പക്ഷേ, കള്ളത്തരത്തിന്റെ ആശാന്മാരെ, നിങ്ങൾ പറഞ്ഞത് സത്യമാണ്. നിങ്ങൾക്കു് റോമായെക്കൊണ്ട് ആവശ്യമുണ്ട്! അതെ,
നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ മനുഷ്യനെ ഇല്ലാതാക്കുവാൻ നിങ്ങൾക്കു് റോമായെക്കൊണ്ട് ആവശ്യമുണ്ട്! എനിക്കു മനസ്സിലായി. ആട്ടെ, എന്നോടു പറയൂ; നിങ്ങളുടെ  നിയമങ്ങൾക്കു വിരുദ്ധമായി എന്തു കുറ്റങ്ങളാണ് ഇയാൾ ചെയ്തത്?"
"നമ്മുടെ നാട്ടിൽ ഇയാൾ അസ്വസ്ഥതയുണ്ടാക്കുന്നു. സീസറിനു കപ്പംകൊടുക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു. ഇവൻ ക്രിസ്തുവാണ്, യഹൂദരുടെ രാജാവാണ് എന്നു പറയുന്നു."
"പീലാത്തോസ് ഈശോയുടെ പക്കൽ തിരിച്ചുചെന്ന് ചോദിക്കുന്നു; "നീ യഹൂദരുടെ  രാജാവാണോ?" ഈശോയുടെ  കൈകൾ ബന്ധിച്ചിരിക്കുകയാണ്. കാവലായി അടുത്താരുമില്ല.
"നീ ഇത് സ്വയം ചോദിക്കയാണോ? അതോ മറ്റുള്ളവരുടെ പ്രേരണയാൽ ചോദിക്കുന്നതോ?"
"ഞാൻ എന്തുചെയ്യണമെന്നാണ് നീ പ്രതീക്ഷിക്കുന്നത്? നിന്റെ രാജ്യത്തിനുവേണ്ടി ഞാൻ  ശ്രദ്ധിക്കേണമോ? ഞാൻ   യഹൂദനാണോ? നിന്റെ രാജ്യവും അതിന്റെ നേതാക്കന്മാരുമാണ്  നിന്നെ എന്റെ പക്കൽ ഏൽപ്പിച്ചുതന്നിരിക്കുന്നത്. ഞാൻ നിന്നെ വിധിക്കണം. നീ എന്താണു ചെയ്തത്? നീ വിശ്വസ്തനാണെന്ന് എനിക്കറിയാം. പറയൂ, രാജ്യം ഭരിക്കാൻ നിനക്കാഗ്രഹമുണ്ടോ?"
"എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കിൽ എന്റെ സേവകരും പടയാളികളും എന്നെ ബന്ധനസ്ഥനാക്കിയ യഹൂദർക്കെതിരെ യുദ്ധം ചെയ്യുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല. ഞാൻ  അധികാരം അന്വേഷിക്കുന്നില്ല എന്നു നിനക്കറിയാമല്ലോ?"
"അതുസത്യമാണ്. എന്നോടു് അങ്ങനെയാണു പറഞ്ഞിട്ടുള്ളത്. പക്ഷേ നീ രാജാവാണെന്നുള്ളത് നീ നിരാകരിക്കുന്നില്ല."
"നീ അത് ഉറപ്പിച്ചു പറയുകയാണ്. ഞാൻ   ഒരു രാജാവാണ്. അതു നിമിത്തമാണ് ഞാനീ ലോകത്തിലേക്കു വന്നത്. സത്യത്തിനു സാക്ഷ്യം വഹിക്കുവാൻ. സത്യത്തിന്റെ ഭാഗത്തായിരിക്കുന്നവൻ എന്നെ ശ്രവിക്കുന്നു."
"എന്താണു സത്യം? നീ ഒരു  തത്വജ്ഞാനിയാണോ? മരണത്തെ നേരിടുമ്പോൾ അതുകൊണ്ട് ഉപകാരമില്ല. സോക്രട്ടീസ് അങ്ങനെയാണു മരിച്ചത്."
"പക്ഷേ, ജീവിതകാലത്ത് സത്യസന്ധമായി ജീവിക്കാൻ അയാളെ അതു സഹായിച്ചു. നന്നായി മരിക്കുവാനും  പൗരധർമ്മങ്ങളിൽ വഞ്ചന കാണിച്ചവൻ എന്നപേരു കേൾപ്പിക്കാതെ അനന്തരജീവിതത്തിലേക്ക് പ്രവേശിക്കുവാനും അതു സഹായിച്ചു."
"ജോവുദേവനാണേ!" ഏതാനും നിമിഷം വലിയ വിസ്മയത്തോടും മതിപ്പോടും കൂടെ അയാൾ ഈശോയെ നോക്കുന്നു. പിന്നെ, ബോറടിച്ചതുപോലെ ഈശോയ്ക്ക് പുറം തിരിഞ്ഞ് യഹൂദരുടെ  പക്കലേക്കു പോകുന്നു.
"ഞാൻ അവനിൽ ഒരുകുറ്റവും കാണുന്നില്ല."
ജനം ബഹളം വയ്ക്കുന്നു. ഇങ്ങനെ വിളിച്ചുപറയുന്നു; "ദൈവദൂഷകൻ", "ഇവൻ ധിക്കാരിയാണ്", "ഇവൻ  സീസറിനു ബഹുമാനം നൽകുന്നില്ല", ഇവൻ  പിശാചാണ്", അവൻ ഗലീലിയായിൽ നിന്നു വന്നാണ് പഠിപ്പിക്കുന്നത്", "അവൻ  മരിക്കണം."
"ഇയാൾ ഗലീലിയാക്കാരനാണോ?" പീലാത്തോസ് ഈശോയുടെ പക്കൽ തിരിച്ചുചെന്ന് ചോദിച്ചു; "അവർ എത്രയധികമായി നിന്നെ കുറ്റപ്പെടുത്തുന്നുവെന്ന് നീ കേൾക്കുന്നുണ്ടോ? നിന്റെ നിരപരാധിത്വം തെളിയിക്കുക." എന്നാൽ ഈശോ ഒന്നും പറയുന്നില്ല.
 പീലാത്തോസ് ചിന്തിച്ച് തീരുമാനത്തിലെത്തുന്നു. "ഒരു ശതദളം പടയാളികൾ ഇവനെ ഹേറോദേസിന്റെ പക്കൽ കൊണ്ടുപോകട്ടെ; വിധി അയാൾ നടത്തട്ടെ. ഇവൻ  ഹേറോദേസിന്റെ  കീഴിലുള്ളവനാണ്. ഉപരാജാവിന്റെ അവകാശത്തെ ഞാൻ മാനിക്കുന്നു. അവന്റെ തീരുമാനം ഞാൻ  മാനിക്കുന്നു. അവന്റെ തീരുമാനം ഞാൻ  മുൻകൂട്ടി അംഗീകരിക്കുന്നു. അവനെ അത് അറിയിക്കുവിൻ. പോകൂ.."
ഈശോ നൂറു പടയാളികളാൽ ചുറ്റപ്പെട്ട് മഹാപാതകിയെപ്പോലെ വീണ്ടും പട്ടണത്തിലേക്കു നയിക്കപ്പെടുന്നു. വഴിയിൽ വച്ച് ഈശോ യൂദാസ്കറിയോത്തായെ കാണുന്നു. ഈശോ കാരുണ്യത്തോടെ അവനെ നോക്കുന്നു.
ചുറ്റും പടയാളികളുള്ളതിനാൽ ഈശോയെ തൊഴിക്കുവാനും വടികൊണ്ടടിക്കുവാനും
ശത്രുക്കൾക്കു കഴിയുന്നില്ല.  എന്നാൽ കല്ലുകൾക്കും ചപ്പുചവറിനും പഞ്ഞമില്ല. അവ വാരിയെറിഞ്ഞ് ഈശോയെ മുറിവേൽപ്പിക്കുകയും അഴുക്കു് ശരീരത്തിൽ പറ്റിപ്പിടിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു.
ഹേറോദേസിന്റെ  കൊട്ടാരത്തിൽ പ്രവേശിച്ചപ്പോൾ ഈശോ കൂസായെക്കണ്ടു. (കൂസായുടെ ഭാര്യ ജോവന്നാ, ഈശോയുടെ അറിയപ്പെടുന്ന ശിഷ്യയാണ്) ഈശോയെ ഈവിധം കാണാൻ ശക്തിയില്ലാതെ അയാൾ മേലങ്കി കൊണ്ട് ശിരസ്സുമൂടി ഓടിപ്പോയി.
ഈശോ ഹേറോദേസിന്റെ  മുമ്പിലേക്കാനയിക്കപ്പെട്ടു. കുറ്റാരോപണം നടത്താൻ തയ്യാറായി നിയമജ്ഞരും പ്രീശരും ഈശോയുടെ പിന്നിൽ നിൽക്കുന്നു. ഈശോയ്ക്ക് കാവലായി ശതാധിപനും നാലു ഭടന്മാരും മാത്രമുണ്ട്.
ഹേറോദേസ് സിംഹാസനത്തിൽ നിന്നിറങ്ങി ഈശോയ്ക്കു ചുറ്റും നടക്കുന്നു; അതേസമയം, ശത്രുക്കളുടെ കുറ്റാരോപണം ശ്രവിക്കുന്നുമുണ്ട്. അതിനുശേഷം സഹതാപവും ബഹുമാനവും അഭിനയിച്ചുകൊണ്ട് ഈശോയോടു പറയുന്നു; "നീ വലിയവനാണ്; എനിക്കറിയാം. കൂസാ നിന്റെ സ്നേഹിതനും മനേയൻ (ഹേറോദേസിന്റെ വളർത്തുപുത്രൻ) നിന്റെ ശിഷ്യനുമാണെന്നറിഞ്ഞതിൽ എനിക്കു സന്തോഷമാണ്. എനിക്കാണെങ്കിൽ ഭരണത്തിന്റെ വിഷമതകൾ...... നീ എത്ര വലിയവനാണെന്നു പറയുവാൻ ഞാൻ എത്രയോ ആഗ്രഹിച്ചു!! നിന്നോടു മാപ്പു ചോദിക്കണമെന്നും ഞാൻ ആഗ്രഹിച്ചു.... സ്നാപകന്റെ കണ്ണുകൾ..... അവന്റെ ശബ്ദം....അവ എപ്പോഴും എന്നെ  കുറ്റപ്പെടുത്തുന്നു... അവ എപ്പോഴും എന്റെ മുൻപിലുണ്ട്... ലോകത്തിന്റെ പാപങ്ങൾ നീക്കിക്കളയുന്ന വിശുദ്ധൻ നീയാണല്ലോ....ഓ! ക്രിസ്തുവേ, എനിക്കു പാപമോചനം നൽകൂ.."
ഈശോ ശബ്ദിക്കുന്നില്ല.
"നീ റോമിനെതിരായി ബഹളമുണ്ടാക്കുന്നെന്ന് അവർ കുറ്റപ്പെടുത്തുന്നതായി ഞാൻ കേട്ടു. അസ്സൂറിനെ പ്രഹരിക്കാനുള്ള വാഗ്ദാനത്തിന്റെ വടി നീയല്ലേ?"
ഈശോ മൗനം പാലിക്കുന്നു.
നിനക്കു ഭ്രാന്താണോ? നിന്റെ ശക്തി നഷ്ടപ്പെട്ടോ? സംസാരിക്കാൻ കഴിവില്ലാതാക്കുന്നത് സാത്താനാണോ? അവൻ നിന്നെ ഉപേക്ഷിച്ചോ?"
ഹേറോദേസ്  ചിരിക്കുന്നു. പിന്നെ അവൻ ഒരു കൽപ്പന കൊടുത്തു. ഭൃത്യന്മാർ ഉടനെ  കാലൊടിഞ്ഞ ഒരു വേട്ടപ്പട്ടിയെ കൊണ്ടുവരുന്നു. ദയനീയമായി അത് കരയുന്നുണ്ട്. തൊഴുത്തിൽ വേലചെയ്യുന്ന മന്ദബുദ്ധിയായ ഒരു  മനുഷ്യനെയും കൊണ്ടുവന്നു. ഭൃത്യന്മാരെല്ലാം ചിരിക്കുന്നു. നിയമജ്ഞരും പുരോഹിതരും ഓടിക്കളഞ്ഞു; ദൈവനിന്ദയ്ക്കെതിരെ ഉച്ചത്തിൽ ശാപവാക്കുകൾ പറഞ്ഞുകൊണ്ടാണ് ഓടിയത്.
ഹേറോദേസ്  വിവരിക്കുന്നു; "ഇത് ഹേറോദിയായുടെ വളർത്തുനായയാണ്. ഇന്നലെ അതിന്റെ കാലൊടിഞ്ഞു. അതിനെ ഒരു  കൽപ്പന കൊണ്ട് സുഖപ്പെടുത്തുക. ഒരത്ഭുതം ചെയ്യുവിൻ."
ഈശോ  അവനെ നിശിതമായി നോക്കുന്നു. ഒന്നും പറയുന്നില്ല.
"ഞാൻ  നിന്നെ വിഷമിപ്പിച്ചോ? എങ്കിൽ മന്ദബുദ്ധിയായ ഈ മനുഷ്യന്റെ കാര്യം; അവന് ബുദ്ധി കൊടുക്കൂ.  കാരണം നീ പിതാവിന്റെ ബുദ്ധിയാണല്ലോ.. അങ്ങനെയല്ലേ നീ പറയുന്നത്."
ഈശോ വീണ്ടും  നിശിതമായി അവനെ നോക്കുന്നു. ഒന്നും സംസാരിച്ചില്ല.
ഹേറോദേസ്  വീണ്ടും പറയുന്നു; "ഈ മനുഷ്യൻ വലിയ ത്യാഗിയാണ്; ഇപ്പോൾ നീരുകൊണ്ട് സ്തംഭിച്ചിരിക്കുന്നു. വീഞ്ഞും സ്ത്രീകളും വരട്ടെ! എന്നിട്ടു് അവനെ  അഴിച്ചുവിടുക."
അവർ ഈശോയുടെ കൈകളുടെ ബന്ധനം അഴിച്ചു. സേവകർ  വീഞ്ഞുനിറച്ച  ജഗ്ഗുകളും പകരാൻ കപ്പുകളും കൊണ്ടുവരുന്നു. നർത്തകികളും എത്തി; അവർ നിശ്ശബ്ദമായി നൃത്തം ചെയ്യുന്നു.
ഈശോ വീഞ്ഞുകപ്പ് നിരസിച്ചു. കണ്ണുകളും അടച്ചു. ഒന്നും പറഞ്ഞില്ല. ഈശോയുടെ  നിന്ദ കണ്ട് ഭൃത്യന്മാർ  ചിരിക്കുന്നു.
"നിനക്കിഷ്ടപ്പെട്ട സ്ത്രീയെ എടുത്തുകൊള്ളുക; ജീവിക്കുക; ജീവിക്കേണ്ടതെങ്ങനെയെന്നു പഠിക്കുക." ഹേറോദേസ്  പറയുന്നു.
ഈശോ ഒരു   പ്രതിമയെപ്പോലെ നിൽക്കുന്നു.
 "മതി; ഞാൻ നിന്നെ ദൈവമായി ബഹുമാനിച്ചു; നീ ദൈവമായി  പ്രവർത്തിച്ചില്ല. നിന്നെ മനുഷ്യനായിക്കരുതി ഞാൻ ബഹുമാനിച്ചു; നീ  മനുഷ്യനായി പ്രവർത്തിച്ചില്ല. നീ ഭ്രാന്തനാണ്. അവനെ ഒരു വെള്ളവസ്ത്രം ധരിപ്പിച്ച് തിരിയെ അയയ്ക്കുക. അവനു ഭ്രാന്താണ് എന്നു ഞാൻ  കരുതുന്നതായി അറിയട്ടെ. ശതാധിപാ, ഗവർണറോടു പറയണം, ഹേറോദേസ് എളിമയോടെ അവന്റെ ബഹുമാനം അറിയിക്കുന്നുവെന്നും റോമായെ വണങ്ങുന്നുവെന്നും;  പൊയ്ക്കൊള്ളൂ."
വീണ്ടും കൈകൾ ബന്ധിക്കപ്പെട്ടവനായി, മുട്ടോളം ഇറക്കമുള്ള ഒരു വെള്ളയുടുപ്പ് അങ്കിയുടെ മീതെ ധരിച്ചവനായി  ഈശോയെ പീലാത്തോസിന്റെ പക്കലേക്കു തിരികെ കൊണ്ടുപോകുന്നു.
ആളുകൾ കാത്തുനിൽക്കുകയാണ്. ജറുസലേമിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാവരുംതന്നെ ഒരുമിച്ചു കൂടിയിരിക്കുന്നു. ആട്ടിടയന്മാരെല്ലാം ഒരു സംഘമായി ഒരുമിച്ചു നിൽക്കുന്നത് ഈശോ  കാണുന്നു. ഐസക്, ജോനാഥൻ, ലേവി, ജോസഫ്, ഏലിയാസ്, മത്തിയാസ്, ജോൺ, ശിമയോൻ, ബഞ്ചമിൻ, ഡാനിയേൽ, ഗലീലേരായ ഒരു  ചെറുഗണം ആളുകൾ എന്നിവർ വന്നിട്ടുണ്ട്. അൽപ്പം അകലെയായി അപ്പസ്തോലൻ ജോൺ നിൽപ്പുണ്ട്. ഈശോ  അവരെയെല്ലാം നോക്കി പുഞ്ചിരിക്കുന്നു..... അവന്റെ സ്നേഹിതർ.... എന്നാൽ വിരോധം കൊണ്ടു തിളയ്ക്കുന്ന ഒരു  മനുഷ്യസമുദ്രത്തിനെതിരെ ഈ ചെറുഗണം എന്താകാൻ?
ശതാധിപൻ പീലാത്തോസിനെ സമീപിച്ച്‌ അഭിവാദ്യം ചെയ്തശേഷം റിപ്പോർട്ട് നൽകുന്നു.
"വീണ്ടും ഇങ്ങോട്ടു തന്നെയോ? ഫൂ........ ശപിക്കപ്പെട്ട വർഗ്ഗം.... ബഹളക്കാരോട് മുമ്പോട്ടു വരാൻ പറയൂ. കുറ്റാരോപണം ചെയ്യപ്പെടുന്നവനെ ഇവിടെ കൊണ്ടുവരൂ... ഓ! എന്തൊരു ശല്യം!"
അയാൾ ജനത്തിന്റെ പക്കലേക്കു നടന്നു.
"യൂദന്മാരെ, ശ്രദ്ധിക്കുവിൻ... ജനങ്ങളെ എതിർക്കുവാൻ പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞാണ് നിങ്ങൾ ഇയാളെ എന്റെ പക്കൽ കൊണ്ടുവന്നത്. നിങ്ങളുടെ സാന്നിദ്ധ്യത്തിൽ അവനെ ഞാൻ  വിസ്തരിച്ചു. നിങ്ങൾ  ആരോപിക്കുന്ന കുറ്റങ്ങളൊന്നും അവനിൽ ഞാൻ   കണ്ടില്ല. ഞാൻ   കണ്ടതിൽ കൂടുതലൊന്നും ഹേറോദേസും കണ്ടില്ല. അയാൾ അവനെ നമ്മുടെ പക്കലേക്കു  തന്നെ തിരിച്ചയയ്ക്കുകയാണുണ്ടായത്. അവൻ മരണം അർഹിക്കുന്നില്ല... റോമ്മാ സംസാരിച്ചു കഴിഞ്ഞു. എന്നാൽ നിങ്ങളെ വിഷമത്തിലാക്കാതിരിക്കുവാൻ, നിങ്ങളുടെ വിനോദം നഷ്ടപ്പെടാതിരിക്കുവാൻ, ബറാബാസിനെ നിങ്ങൾക്കു തരാം. ഇവനു നാൽപ്പത് അടി കൊടുക്കാൻ ഞാൻ കൽപ്പിക്കാം. അതുമതി."
"വേണ്ട, വേണ്ട, ബറാബാസിനെ  വേണ്ട; ഈശോയ്ക്ക് മരണം; ഭയാനകമായ മരണം. ബറാബാസിനെ  വിട്ടയയ്ക്കുക, ഈശോയ്ക്ക് മരണം വിധിക്കുക."
"ഞാൻ പറഞ്ഞു അവനെ പ്രഹരിക്കുമെന്ന്. അതു മതിയാകയില്ലെ? എങ്കിൽ അവനെ ചമ്മട്ടിയടി ഏൽപ്പിക്കാം. അത് ഭയാനകമാണ്, അതുനിമിത്തം അവൻ മരിക്കാനിടയുണ്ട്. അവൻ എന്തു കുറ്റമാണ് ചെയ്തത്? ഞാനവനിൽ ഒരു കുറ്റവും കാണുന്നില്ല. അവനെ ഞാൻ    സ്വതന്ത്രനാക്കും."
"അവനെ കുരിശിൽ തറയ്ക്കുക;  അവനെ കുരിശിൽ തറയ്ക്കുക; അവൻ മരിക്കണം.. നീ കുറ്റവാളികളെ സംരക്ഷിക്കുന്നു! അജ്ഞാനി!! നീയും സാത്താനാണ്!"
ജനം മുന്നോട്ട് ആഞ്ഞടുത്തു. മുൻനിരയിലെ പടയാളികൾക്ക് ഒരു ചാഞ്ചല്യം; അവർക്ക് അവരുടെ കുന്തം പ്രയോഗിക്കുവാൻ കഴിയുന്നില്ല. എന്നാൽ  മുകളിലത്തെ നടയിൽ നിന്നവർ ഒരു പടി താഴേക്കിറങ്ങി കുന്തം  ചുഴറ്റി അവരുടെ കൂട്ടരെ സംരക്ഷിച്ചു.
"അവനെ ചമ്മട്ടിയടി ഏൽപ്പിക്കുവിൻ." പീലാത്തോസ് ഒരു ശതാധിപനോട് കൽപ്പിച്ചു.
"എത്ര അടികൾ?"
"നിങ്ങൾക്കിഷ്ടമുള്ളിടത്തോളം.... എന്തായാലും കാര്യം കഴിയണം.. പോകൂ."
നാലു പടയാളികൾ  പ്രത്തോറിയത്തിന്റെ പിന്നിലുള്ള നടുമുറ്റത്തേക്ക് ഈശോയെ കൊണ്ടുപോകുന്നു.
ആ നടുമുറ്റത്തിന്റെ മദ്ധ്യത്തിൽ ഒരു വലിയ തൂണുണ്ട്.  തൂണിൽനിന്നും നീണ്ടുനിൽക്കുന്ന ഒരു  ഇരുമ്പുപട്ടയുടെ അറ്റത്തുള്ള വളയത്തിൽ ഈശോയെ  ഇരുകൈകളും ഉയർത്തിച്ചേർത്തുപിടിച്ച നിലയിൽ ബന്ധിക്കുന്നു.വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി, അടിവസ്ത്രം മാത്രമാണ് ഈശോയുടെ ശരീരത്തിലുള്ളത്. കാലിന്റെ പെരുവിരൽ മാത്രം നിലത്തുതൊട്ടു   നിൽക്കുന്നു. ആ അവസ്ഥതന്നെ ഒരു  പീഡനമാണ്.

ആരാച്ചാരെപ്പോലെ ഒരുവൻ ഈശോയുടെ  പിന്നിൽ നിൽക്കുന്നു. മറ്റൊരുവൻ മുൻപിലും. അവരുടെ  കയ്യിൽ ചമ്മട്ടികളുണ്ട്; തുകൽവാറുകൾ ഏഴെണ്ണം; അറ്റത്ത് ചെറിയ ഈയച്ചുറ്റിക പിടിപ്പിച്ചിരിക്കുന്നു. ഈ തുകൽവാറുകൾ, ഒരു   പിടിയിന്മേൽ ഉറപ്പായി ബന്ധിച്ചിരിക്കുന്നു. ആദ്യം അവർ സാവകാശത്തിൽ താളം പിടിച്ച് അടിക്കുന്നു. ഒന്നു മുന്നിൽ; പിന്നെ പുറകിൽ.. അങ്ങനെ പ്രഹരത്തിന്റെ ചുഴിയിലകപ്പെട്ടതുപോലെയായി ഈശോയുടെ   ഉടൽ. ഈശോയ്ക്ക് കാവലായി വന്ന നാലു പടയാളികളും നിസ്സംഗരായി പകിട കളിക്കുന്നു. പ്രഹരം പാമ്പുചീറ്റുന്നതു പോലെ ശീൽക്കാരത്തിൽ തുടങ്ങി ചെണ്ടയിൽ കല്ലു വന്നുകൊള്ളുന്നതു പോലെ മുഴങ്ങി അവസാനിക്കയാണ്!! വളരെ മെലിഞ്ഞ മൃദുവായ ശരീരം നിറയെ റോസ്- ചെമപ്പു നിറമുള്ള വരകൾ വീണു. പിന്നീട്‌ അവ ധൂമ്രവർണ്ണമായി; ഒടുവിൽ നീലനിറത്തിൽ രക്തം കട്ടയായി 
വീർത്തു കാണപ്പെടുന്നു. തുടർന്ന് തൊലി പൊട്ടി രക്തം ഒഴുകുകയാണ്. ഈശോയുടെ നെഞ്ചിലും ഉദരഭാഗത്തും അവർ കൂടുതൽ വീറോടെ അടിക്കുന്നു... കാലുകളിലും കൈകളിലും തലയിൽപ്പോലും അടിവീഴുന്നുണ്ട്. വേദനയില്ലാത്ത ഒരിടവുമില്ല. 
ഒരു തേങ്ങൽ പോലുമില്ല....... കയർ കെട്ടിത്തൂക്കിയിരിക്കുന്നതുകൊണ്ട് ഈശോ വീഴുന്നില്ല. ഞരങ്ങുന്നുമില്ല. എന്നാൽ ശിരസ്സ്‌ നെഞ്ചിന്മേൽ ചരിഞ്ഞുകിടക്കുന്നു. ബോധംകെട്ടു പോയതുപോലെയുണ്ട്.
"ഹേയ്, നിർത്തൂ! ജീവനോടെ കൊണ്ടുപോയി അവനെ കൊല്ലണം!" നിന്ദയോടെ ഒരു പടയാളി വിളിച്ചുപറയുന്നു.
ചമ്മട്ടിയടിച്ച രണ്ടുപേരും അടിനിർത്തി വിയർപ്പു തുടയ്ക്കുകയാണ്. 
"നിങ്ങൾ നന്നായിച്ചെയ്തു. വരൂ ... നമുക്കിവനെ അഴിച്ചുവിടാം."
അവർ കെട്ടഴിച്ചു. ഈശോ മരിച്ചതുപോലെ നിലത്തുവീണു. അവൻ കരയുമോ എന്നറിയാൻ ഇടയ്ക്കിടെ കാലുകൊണ്ടു തട്ടുന്നു. എന്നാൽ ഈശോ ശബ്ദിക്കുന്നില്ല.
"അവൻ മരിച്ചോ? മരിച്ചുപോകുമോ? അവൻ ചെറുപ്പമാണ്; കൈത്തൊഴിൽ ചെയ്യുന്നവനുമാണ്; അങ്ങനെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്... പക്ഷേ കണ്ടിട്ട് മൃദുലയായ ഒരു  വനിതയെപ്പോലുണ്ട്."
"ഞാനവനെ ശുശ്രൂഷിക്കും." ഒരു  ഭടൻ പറയുന്നു. അയാൾ ഈശോയെ തൂണിന്മേൽ ചാരിയിരുത്തി. ഈശോ  കിടന്ന സ്ഥലത്ത് രക്തം കട്ടയായി കിടക്കുന്നു. അയാൾ പോയി ജലധാരയിൽനിന്ന് ഒരുതൊട്ടി വെളളം കൊണ്ടുവന്ന് ഈശോയുടെ ശിരസ്സിലും ശരീരത്തിലും ഒഴിച്ചു. 
ഈശോ ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നു. കണ്ണുകൾ ഇപ്പോഴും അടഞ്ഞുതന്നെയാണിരിക്കുന്നത്.
"എഴുന്നേൽക്കൂ, വേഗമാകട്ടെ! എന്താ, ബലമില്ലേ? ഇതാ സ്വൽപ്പം ആശ്വാസം." ഇങ്ങനെ പറഞ്ഞുകൊണ്ട് മറ്റൊരു പടയാളി  അവന്റെ കയ്യിലുള്ള ആയുധത്തിന്റെ പിടി കൊണ്ട് ഈശോയുടെ മുഖത്തടിച്ചു. വലതുവശത്തെ കവിളിന്റെ എല്ലിനും നാസികക്കും അടിയേറ്റതിനാൽ രക്തം ഒഴുകാൻ തുടങ്ങുന്നു.
ഈശോ  കണ്ണുകൾ  തുറന്ന് ചുറ്റും നോക്കുന്നു. അടിച്ച പടയാളിയെ ഈശോ തറപ്പിച്ചു നോക്കുന്നു. വാർന്നൊഴുകുന്ന രക്തം, കൈ കൊണ്ട് തുടച്ചുമാറ്റുകയും വളരെ ബുദ്ധിമുട്ടി എഴുന്നറ്റു നിൽക്കുകയും ചെയ്യുന്നു.
"വേഗം വസ്ത്രം ധരിക്കൂ.. ഇങ്ങനെ നിൽക്കുന്നത് മോശമാണ്. ലജ്ജയില്ലാത്ത ജഡികമനുഷ്യാ.."
ഈശോയുടെ  ചുറ്റും കൂടിനിന്ന് പടയാളികൾ ചിരിക്കുന്നു.
ഒന്നു പറയാതെ ഈശോ  അനുസരിക്കുന്നു. എന്നാൽ ഈശോ വസ്ത്രമെടുക്കാൻ കുനിയുമ്പോൾ ഒരുവൻ ആ വസ്ത്രം തൊഴിച്ചുമാറ്റുന്നു. വീണ്ടും ഈശോ വസ്ത്രമെടുക്കാനെത്തുമ്പോൾ അവരത് വീണ്ടും  തൊഴിച്ചുമാറ്റി ഈശോയെ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുകയാണ്.  ഒരു  വാക്കു പോലും പറയാതെ വീണ്ടും ഈശോ അതെടുക്കാൻ ശ്രമിക്കുമ്പോൾ പടയാളികൾ അസഭ്യം പറഞ്ഞ് ഈശോയെ  പരിഹസിക്കുന്നു.