ഗദ്സെമൻ തോട്ടത്തിൽ വച്ച് ബന്ധനസ്ഥനാക്കപ്പെട്ട ഈശോയേയും കൊണ്ട് ദേവാലയത്തിന്റെ കാവൽഭടന്മാരും അവരോടൊപ്പം ചേർന്ന വിരോധികളായ ജനങ്ങളും ഉൾപ്പെട്ട ജനക്കൂട്ടം, ജറുസലേം ദേവാലയ മതിൽക്കെട്ടുകൾക്കകത്തേക്കു പ്രവേശിക്കുന്നു. വഴിനീളെ അവരുടെ ക്രൂരമായ പരിഹാസവും കഠിനമായ പീഡനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ഈശോയുടെ യാത്ര. ഒടുവിൽ ഈശോയെ അവർ അന്നാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഈശോയെ അന്നാസിന്റെ മുമ്പിൽ ഹാജരാക്കി.
"അന്നാസേ, ദൈവം നിനക്ക് ആശ്വാസം നൽകട്ടെ." കാവൽഭടന്മാരുടെ തലവനെന്നു തോന്നിക്കുന്ന ഒരുവൻ പറയുന്നു. കുറ്റവാളി ഇതാ. അവനെ ഞാൻ പരിശുദ്ധനായ നിനക്കേൽപ്പിച്ചു തരുന്നു. ഇസ്രായേൽ പാപത്തിൽ നിന്നും ശുദ്ധിയാക്കപ്പെടട്ടെ."
"ദൈവം നിന്റെ കാര്യപ്രാപ്തിക്കും വിശ്വാസത്തിനും നിന്നെ അനുഗ്രഹിക്കട്ടെ."
അന്നാസ് ഈശോയെ ചോദ്യം ചെയ്യുന്നു.
"നീ ആരാണ്?"
"നസ്രസ്സിലെ റബ്ബി; ക്രിസ്തു. നിനക്ക് എന്നെയറിയാം. ഞാൻ ഇരുട്ടിൽ ഒന്നും ചെയ്തില്ല."
"ഇല്ല, ഇരുട്ടിൽ ചെയ്തിട്ടില്ല. പക്ഷേ നീ ജനക്കൂട്ടത്തെ വഴിതെറ്റിക്കുന്നു; മനസ്സിലാകാത്ത തത്വങ്ങൾ പറയുന്നു. അബ്രഹാത്തിന്റെ മക്കളുടെ ആത്മാക്കളെ സംരക്ഷിക്കണമെന്നുള്ളത് ദേവാലയത്തിന്റെ അവകാശവും ചുമതലയുമാണ്."
"ആത്മാക്കൾ!! ഇസ്രായേലിന്റെ പുരോഹിതാ, ഈ ജനത്തിൽ ഏറ്റം ചെറിയവനു വേണ്ടി അഥവാ ഏറ്റം വലിയവനു വേണ്ടി നീ എന്തെങ്കിലും സഹിച്ചിട്ടുണ്ടെന്ന് നിനക്കു പറയാൻ കഴിയുമോ?"
"അപ്പോൾ നീ എന്തുചെയ്തു? സഹനം എന്നു വിളിക്കാവുന്ന എന്താണ് നീ ചെയ്തിട്ടുള്ളത്?"
"ഞാൻ എന്തുചെയ്തു എന്നോ? എന്തുകൊണ്ടാണ് നീ എന്നോടു ചോദിക്കുന്നത്? ഇസ്രായേൽ മുഴുവനും എന്നെക്കുറിച്ചു സംസാരിക്കുന്നു. വിശുദ്ധനഗരം മുതൽ ഏറ്റം ദരിദ്രമായ ഗ്രാമം വരെ; ഞാൻ എന്തുചെയ്തെന്ന് കല്ലുകൾ പോലും പറയും. ഞാൻ അന്ധർക്ക് കാഴ്ച നൽകിയിട്ടുണ്ട് - കണ്ണുകൾക്കും അവരുടെ ഹൃദയങ്ങൾക്കും; ബധിരരുടെ ചെവികൾ തുറന്നിട്ടുണ്ട് - ഭൂമിയിലേയും സ്വർഗ്ഗത്തിലേയും സ്വരം കേൾക്കാനിടയാക്കി. മുടന്തരേയും തളർവാതം പിടിപെട്ടവരേയും നടത്തി - ജഡത്തിൽ നിന്ന് ദൈവത്തിലേക്കു നടക്കാനും പിന്നെ അരൂപിയിൽ നടക്കാനും ഇടവരുത്തി. മോശയുടെ നിയമം ചൂണ്ടിക്കാണിച്ചിട്ടുള്ള കുഷ്ഠരോഗത്തിൽ നിന്ന് ആളുകളെ ശുദ്ധരാക്കി. ഞാൻ മരിച്ചവരെ ഉയിർപ്പിച്ചു. ഒരു മൃതശരീരത്തെ ജീവിതത്തിലേക്കു തിരിച്ചുവിളിക്കുന്നത് വലിയകാര്യമാണെന്നു ഞാൻ കരുതുന്നില്ല. എന്നാൽ ഒരു പാപിയെ വീണ്ടെടുക്കുന്നത് വലിയകാര്യമാണ്. അതു ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ ദരിദ്രരെ സഹായിച്ചിട്ടുണ്ട്; അത്യാഗ്രഹികളും സമ്പന്നരുമായ ഹെബ്രായരെ ഞാൻ സ്നേഹത്തിന്റെ പ്രമാണം പഠിപ്പിച്ചു. എന്റെ കൈകളിലൂടെ സ്വർണ്ണം ഒഴുകിയെങ്കിലും ഞാൻ ദരിദ്രനായിക്കഴിഞ്ഞു. സമ്പന്നരായ നിങ്ങളെല്ലാവരേയുംകാൾ കൂടുതലായി ഞാൻ തന്നെ ദരിദ്രരുടെ കണ്ണുനീര് തുടച്ചുകളഞ്ഞു. അവസാനം ഞാൻ "പേരി"ല്ലാത്ത സ്വത്ത് കൊടുക്കുകയും ചെയ്തു. നിയമത്തെക്കുറിച്ചുള്ള അറിവ്, ദൈവത്തെക്കുറിച്ചുള്ള അറിവ്, നാമെല്ലാം തുല്യരാണെന്നുള്ള ഉറപ്പു്, പരിശുദ്ധനായ പിതാവിന്റെ മുമ്പിൽ കണ്ണീരും കുറ്റകൃത്യങ്ങളും ആരുടേതായാലും - ഭരണാധികാരിയും പ്രധാനാചാര്യനും യാചകനും കുഷ്ഠരോഗിയും തുല്യരാണെന്നുള്ള ഉറപ്പു് എന്നിവ ഞാൻ നൽകി. ഇതെല്ലാമാണ് ഞാൻ ചെയ്തത്."
"നീ നിന്നെത്തന്നെ കുറ്റം വിധിക്കയാണെന്ന് നീ അറിയുന്നുണ്ടോ? നീ പറയുന്നു: ഒരുവനെ കുഷ്ഠരോഗം ദൈവസന്നിധിയിൽ അശുദ്ധനാക്കുന്നു എന്നുള്ളത് മോശ ചൂണ്ടിക്കാണിച്ചിട്ടില്ല എന്ന്. നീ മോശയെ നിന്ദിക്കയാണു ചെയ്യുന്നത്. മോശയുടെ നിയമത്തിൽ കുറെ പഴുതുകളുണ്ടെന്നാണ് സൂചിപ്പിക്കുന്നത്."
"മോശയുടെ നിയമത്തിലല്ല, ദൈവത്തിന്റെ നിയമത്തിൽ. കുഷ്ഠം മാംസത്തിന്റെ ഒരു ദൗർഭാഗ്യമാണ്. അതിന് അവസാനമുണ്ട്. ഗൗരവമുള്ളതായി ഞാൻ പ്രസ്താവിക്കുന്നത് പാപത്തെയാണ്. അത് അരൂപിയുടെ നിത്യമായ ദൗർഭാഗ്യമാകുന്നു."
"നിനക്ക് പാപം പൊറുക്കാൻ കഴിയുമെന്നു പറയാൻ നീ ധൈര്യപ്പെടുന്നോ? നിനക്കെങ്ങനെ അതു ചെയ്യാൻ കഴിയും?"
"അൽപ്പം ശുദ്ധീകരണജലവും ഒരു മുട്ടാടിന്റെ ബലിയും കൊണ്ട് പാപം നീക്കുന്നു എന്നത് നിയമാനുസൃതവും വിശ്വാസ്യവുമാണെങ്കിൽ, എന്തുകൊണ്ടാണ് എന്റെ കണ്ണീരും എന്റെ രക്തവും എന്റെ ആഗ്രഹവും അത് സാധിക്കാത്തതാക്കുന്നത്?"
"പക്ഷേ, നീ മരിച്ചിട്ടില്ലല്ലോ. അപ്പോൾ രക്തം എവിടെ?"
"ഞാൻ ഇപ്പോൾ മരിച്ചിട്ടില്ല; പക്ഷേ ഞാൻ മരിക്കും. കാരണം അങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. അത് സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു. സീയോൻ ഉണ്ടാകുന്നതിനു മുൻപ്, മോശയുണ്ടാകുന്നതിനുമുൻപ്, യാക്കോബ് ഉണ്ടാകുന്നതിനു മുൻപ്, അബ്രഹാം ഉണ്ടാകുന്നതിനു മുൻപ്, തിന്മയുടെ രാജാവ് മനുഷ്യന്റെ ഹൃദയത്തിൽ കരണ്ട് അവനിലും അവന്റെ മക്കളിലും വിഷം ഇറക്കിയപ്പോൾത്തുടങ്ങി എഴുതപ്പെട്ടതാണ്. പ്രവാചകശബ്ദങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥത്തിൽ, ഭൂമിയിലും അത് എഴുതപ്പെട്ടിട്ടുണ്ട്. നിന്റെ ഹൃദയത്തിലുണ്ട്, കായ്ഫാസിന്റെ ഹൃദയത്തിലുണ്ട്, സൻഹെദ്രീൻ സഭാംഗങ്ങളുടെ ഹൃദയത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ഞാൻ നല്ലവനായിരിക്കുന്നു എന്നുള്ളത് അവർ - അവരുടെ ഹൃദയങ്ങൾ പൊറുക്കുന്നില്ല. എന്റെ രക്തം മുന്നിൽ കണ്ടുകൊണ്ട് ഞാനതു പൊറുക്കുന്നു. ഇപ്പോൾ ഞാനതു നിർവഹിക്കും. അത് ശുദ്ധീകരിക്കുന്ന രക്തത്തിൽ കുളിച്ചുകൊണ്ടായിരിക്കും."
"നീ പറയുന്നു ഞങ്ങൾ അത്യാഗ്രഹികളാണെന്നും സ്നേഹത്തിന്റെ പ്രമാണം ഞങ്ങൾ അവഗണിക്കുന്നു എന്നും."
"അത് സത്യമല്ലേ? എന്തിനാണു് നിങ്ങൾ എന്നെ വധിക്കുന്നത്? കാരണം, ഞാൻ നിങ്ങളെ സ്ഥാനഭ്രഷ്ടരാക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നു. ഓ ! ഭയപ്പെടേണ്ട. എന്റെ രാജ്യം ഈ ലോകത്തിന്റേതല്ല. എല്ലാ അധികാരത്തത്തിന്റെയും യജമാനന്മാരായി നിങ്ങളെ ഞാൻ വിട്ടുകളയുന്നു. 'മതി' എന്ന് എപ്പോൾ പറയണമെന്ന് നിത്യനായ പിതാവിനറിയാം. അപ്പോൾ ഇടിവെട്ടി നിങ്ങൾ നിലംപതിക്കും."
"ഡോറാസിനെപ്പോലെ, ഏ?"
"അവൻ കോപം മൂത്തു മരിച്ചതാണ്. സ്വർഗ്ഗത്തിൽ നിന്നുള്ള മിന്നലേറ്റല്ല അവൻ മരിച്ചത്. അവനെ പ്രഹരിക്കാനായി ദൈവം മറുവശത്തു നിൽക്കുന്നുണ്ടായിരുന്നു."
"എന്നിട്ടു് നീ അതെന്നോട് ആവർത്തിക്കയാണോ? അവന്റെ ഒരു ബന്ധുവായ എന്നോടു്? നിനക്കിത്ര തന്റേടമോ?"
"ഞാൻ സത്യം തന്നെയാണ്. സത്യത്തിന് ഒരിക്കലും ഭീരുത്വമില്ല."
"അഹങ്കാരവും ഭോഷത്വവും."
"അല്ല, ആത്മാർത്ഥത. നിന്നെ വിഷമിപ്പിക്കുന്നുവെന്ന് നീയെന്നെ കുറ്റപ്പെടുത്തുന്നു. എന്നാൽ നിങ്ങളെല്ലാം വെറുക്കുകയല്ലേ ചെയ്യുന്നത്? നിങ്ങൾ തമ്മിൽത്തമ്മിൽ വെറുക്കുന്നു. എന്നോടുള്ള വെറുപ്പാണ് നിങ്ങളെ ഇപ്പോൾ യോജിപ്പിച്ചിരിക്കുന്നത്. ഞാൻ സ്നേഹമാണ് പഠിപ്പിച്ചത്. ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണത്. അത്യാഗ്രഹം ത്യജിക്കണമെന്നു ജനത്തെ ഞാൻ പഠിപ്പിച്ചു. കാരുണ്യം കാണിക്കണമെന്നു പഠിപ്പിച്ചു. എന്തിനെക്കുറിച്ചാണ് നിങ്ങളെന്നെ കുറ്റപ്പെടുത്തുന്നത്?"
"നീ ഒരു പുതിയ തത്വം പഠിപ്പിക്കുന്നതുകൊണ്ട്."
"ഓ! പുരോഹിതാ, ഇസ്രായേലിൽ പുതിയ പ്രബോധനങ്ങൾ നിറഞ്ഞുകവിയുകയാണ്. എസ്സീൻകാർക്ക് അവരുടേതായതുണ്ട്; പ്രീശരും സദുക്ക്യരും അവരുടേതായവ പഠിപ്പിക്കുന്നു. എല്ലാവർക്കും അവരുടേതായ രഹസ്യതത്വവും ഉണ്ട്. ഒരാൾക്ക് അതു സുഖമാണെങ്കിൽ മറ്റൊരാൾക്ക് സ്വർണ്ണമാണ്; വേറൊരുവന് അധികാരമാണ്. ഓരോരുത്തർക്കും അവരവരുടേതായ വിഗ്രഹമുണ്ട്. പുതിയ പ്രബോധനമുള്ളത് എനിക്കല്ല. ഞാൻ എന്റെ പിതാവിന്റെ, നിത്യനായ ദൈവത്തിന്റെ, ചവിട്ടിമെതിക്കപ്പെട്ട നിയമത്തെ ഉദ്ധരിക്കയാണു ചെയ്തത്. പത്തുകൽപ്പനകൾ ലളിതമായി വിശദീകരിച്ച് പഠിപ്പിക്കയാണു ചെയ്തത്. അവ അറിയുകപോലും ചെയ്യാതിരുന്നവരോട് സംസാരിച്ച് എന്റെ സ്വരം പോലും പതറി."
"ഭയങ്കരം! ദൈവദൂഷണം! ഒരു പുരോഹിതനായ എന്നോടു് ഇതുപറയുവാൻ നിനക്കെങ്ങങ്ങനെ ധൈര്യം വന്നു? ഇസ്രായേലിന് ദേവാലയമില്ലേ? ഞങ്ങൾ ബാബിലോണിലെ വിപ്രവാസികളെപ്പോലെയാണോ? ഉത്തരം പറയൂ."
"നീ അതുതന്നെയാണ്; അതിലും കൂടുതൽ. ഒരു ദേവാലയമുണ്ട്; ഒരു കെട്ടിടം. പക്ഷേ ദൈവം അതിലില്ല. അവന്റെ ഭവനത്തിലെ മ്ളേഛതയ്ക്കു മുൻപെ അവിടം വിട്ടുപോയി. പക്ഷേ, എന്തുകൊണ്ടാണ് എന്നോടു് ഇത്രയധികം ചോദ്യങ്ങള്‍ ചോദിക്കുന്നത്? എന്റെ മരണം നിശ്ചയിച്ചു കഴിഞ്ഞിരിക്കയാണല്ലോ?"
"ഞങ്ങൾ കൊലപാതകികളല്ല. വ്യക്തമായ ഒരു കുറ്റത്തിനാണ് ഞങ്ങൾക്ക് അധികാരമുള്ള കാര്യങ്ങളിൽ ഞങ്ങൾ കൊല്ലുന്നത്. എന്നാൽ ഞാൻ നിന്നെ രക്ഷിക്കാനാഗ്രഹിക്കുന്നു. എന്നോടു പറയൂ, നിന്റെ ശിഷ്യരെല്ലാം എവിടെയാണ്? അവരെ എന്റെപക്കൽ ഏൽപ്പിച്ചു തരാമെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രനായി വിടാം. അവരുടെയെല്ലാം പേരുകൾ - രഹസ്യശിഷ്യരുടെ പേരുകൾ കൂടുതൽ പ്രധാനമാണ് - എന്നോടു പറയൂ... നിക്കോദേമൂസ് നിന്റെ ശിഷ്യനാണോ? അരിമത്തിയാ ജോസഫ്? ഗമാലിയേൽ? ഏലിയാസർ? പറയൂ.... തുറന്നുപറയൂ... എനിക്കു നിന്നെ കൊല്ലാൻ കഴിയും; രക്ഷിക്കാനും കഴിയും. ഞാൻ ശക്തനാണ്."
"നീ ചെളിയാണ്. വാർത്ത കൊണ്ടുവരുന്ന ജോലി, അഴുക്കു തന്നെയായ നിനക്കായി ഞാൻ വിടുന്നു.... ഞാൻ പ്രകാശമാകുന്നു."
ഒരു ഗുണ്ടാ ഈശോയുടെ കരണത്തടിക്കുന്നു.
"ഞാൻ പ്രകാശമാകുന്നു. പ്രകാശവും സത്യവുമാകുന്നു. ലോകത്തോട് പരസ്യമായിട്ടാണ് ഞാൻ സംസാരിച്ചിട്ടുള്ളത്. രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഞാനത് ആവർത്തിച്ചു പറയുന്നു. നീ എന്തുകൊണ്ടാണ് എന്നോടു ചോദിക്കുന്നത്? ഞാൻ പറഞ്ഞതു കേട്ടവരോടു ചോദിക്കുക. അവർക്കറിയാം."
വേറൊരു ഗുണ്ടാ ഈശോയുടെ മുഖത്തടിച്ചുകൊണ്ടു ചോദിക്കുന്നു; "ഇങ്ങനെയാണോ നീ പ്രധാനാചാര്യനോടു മറുപടി പറയുന്നത്?"
"ഞാൻ സംസാരിക്കുന്നത് അന്നാസിനോടാണ്. കായ്ഫാസാണ് പ്രധാനപുരോഹിതൻ. ഞാൻ സംസാരിക്കുന്നത് ഈ വൃദ്ധനു കൊടുക്കേണ്ട ബഹുമാനത്തോടുകൂടിയാണ്. എങ്കിലും ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് നിനക്കു തോന്നുന്നെങ്കിൽ അതു തെളിയിക്കുക. ഇല്ലെങ്കിൽ നീ എന്തുകൊണ്ടാണ് എന്നെ പ്രഹരിക്കുന്നത്?"
"അവനെ ഒന്നും ചെയ്യേണ്ട. ഞാൻ കായ്ഫാസിന്റെ പക്കലേക്കു പോകയാണ്. തൽക്കാലം അവനെ ഇവിടെ സൂക്ഷിക്കുക. അവൻ ഒരുത്തരോടും സംസാരിക്കാനിടയാകരുത്."
ഇതു പറഞ്ഞിട്ട് അന്നാസ് പുറത്തേക്കു പോയി.
ഈശോ ഒന്നും പറയുന്നില്ല. ഗുണ്ടകളുടെ ഒരു സംഘം തന്നെ അവിടെയുണ്ട്. ഈശോ അവരുടെ കൂടെയാണ്. കയറുകൊണ്ടുള്ള അടി, തുപ്പൽ, അധിക്ഷേപം, തൊഴി, മുടി വലിച്ചുപറിക്കൽ, എന്നിവയെല്ലാം അവർ ഈശോയോടു ചെയ്യുന്നു. ബന്ധിതനെ കായ്ഫാസിന്റെ പക്കലേക്കു കൊണ്ടുചെല്ലണമെന്ന് ഒരു ഭൃത്യൻ വന്നുപറയുന്നതുവരെ ഈ ക്രൂരത തുടർന്നു.
ഇപ്പോഴും ബന്ധിതനും ഉപദ്രവിക്കപ്പെടുന്നവനുമായി പല പൂമുഖങ്ങളും ഇടനാഴികളും അങ്കണങ്ങളും കടന്ന് ഒരു മുറ്റത്തുകൂടി ഈശോ കടന്നുപോകുന്നു. അവിടെ മുറ്റത്ത് തീകൂട്ടി വളരെപ്പേർ തീ കായുന്നുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് തണുത്ത കാറ്റടിക്കുന്നുണ്ട്. പത്രോസും ജോണും അവിടെയുണ്ട്. വിരോധികളായ ജനക്കൂട്ടത്തിനിടയിൽ നിൽക്കുവാൻ അവർക്ക് ധൈര്യം കൈവന്നിട്ടുണ്ട്. ഈശോ നേരിയ പുഞ്ചിരിയോടെ അവരെ നോക്കുന്നു. ഈശോയുടെ അധരങ്ങൾ പ്രഹരം മൂലം ചതഞ്ഞുവീർത്തിട്ടുണ്ട്.
അവസാനം പ്രധാനാചാര്യന്റെ ഭവനത്തിലെത്തി. ആൾക്കൂട്ടത്തെ മാറ്റിനിർത്തി ഏതാനും പടയാളികളും പുരോഹിതന്മാരും ചേർന്ന് ഈശോയെ മുമ്പോട്ടു കൊണ്ടുപോകുന്നു. ഒരു വലിയ മുറിയിലേക്ക് അവർ പ്രവേശിക്കുന്നു. ധാരാളം ഇരിപ്പിടങ്ങൾ മുറിയുടെ മൂന്നു വശങ്ങളിലായിട്ടുണ്ട്.
ഈശോ അകത്തേക്കു കയറാൻ തുടങ്ങിയ സമയത്തുതന്നെ റബ്ബി ഗമാലിയേൽ ആ വാതിൽക്കലെത്തി. ഈശോയോട് താണസ്വരത്തിൽ അയാൾ ചോദിക്കുന്നു; "നീ ആരാണ്? എന്നോടു പറയൂ."
ഈശോ കരുണാപൂർവ്വം മറുപടി പറയുന്നു: "പ്രവാചകന്മാരെ വായിക്കുക; അപ്പോൾ നിനക്ക് ഉത്തരം കിട്ടും. അവയിൽ ഒന്നാമത്തെ അടയാളമുണ്ട്. പിന്നത്തെ അടയാളം ഉടനെ വരും."
ഗമാലിയേൽ മേലങ്കി ഒതുക്കിപ്പിടിച്ച് അകത്തേക്കു കടന്നു. ഈശോ അയാൾക്കു പിന്നിലായി എത്തി. അയാൾ ഇരിപ്പിടത്തിലേക്കു പോകുന്നു. ഈശോയെ മുറിയുടെ നടുവിലേക്കു വലിച്ചു കൊണ്ടുവന്നു; പ്രധാനാചാര്യന്റെ മുമ്പിലായി ഈശോ നി നിൽക്കുന്നു. സൻഹെദ്രീൻ സഭാംഗങ്ങൾ എല്ലാവരും വരാനായി അവർ കാത്തിരിക്കുന്നു.
പിന്നെ സഭാനടപടികൾ ആരംഭിക്കയായി. രണ്ടോ മൂന്നോ ഇരിപ്പിടങ്ങളിൽ ആളില്ല. അതു മനസ്സിലാക്കി കായ്ഫാസ് ചോദിക്കുന്നു; "ഏലിയാസർ എവിടെ? ജോൺ എവിടെയാണ്?"
ഒരു ചെറുപ്പക്കാരൻ എഴുന്നറ്റ് ആദരവോടെ കുനിഞ്ഞശേഷം മറുപടി പറയുന്നു; "അവർ വരുന്നില്ല എന്നറിയിച്ചുകൊണ്ടുള്ള കത്തുകൾ കിട്ടിയിട്ടുണ്ട്. ഇതാ എഴുത്തുകൾ."
"അത് സൂക്ഷിച്ചുവയ്ക്കൂ. അവർ മറുപടി പറയേണ്ടി വരും. ഈ സംഘത്തിന്റെ പരിശുദ്ധരായ അംഗങ്ങൾക്ക് ഈ മനുഷ്യനെക്കുറിച്ച് എന്താണു പറയാനുള്ളത്?"
"ഇവൻ എന്റെ ഭവനത്തിൽ വച്ച് സാബത്ത് ലംഘിച്ചു. ഞാൻ കള്ളമല്ല പറയുന്നതെന്നതിന് ദൈവം സാക്ഷിയുണ്ട്. ഫാബിയുടെ മകൻ ഇസ്മായേൽ ഒരിക്കലും കള്ളം പറയുകയില്ല."
"ഇതു സത്യമാണോ പ്രതീ?"
ഈശോ മൗനം പാലിക്കുന്നു.
"അറിയപ്പെടുന്ന വേശ്യകളുടെ കൂടെ അവൻ ജീവിച്ചിട്ടുണ്ട്. ഞാനതു കണ്ടിട്ടുണ്ട്. പ്രവാചകനാണെന്നഭിനയിച്ച് അവന്റെ താമസസ്ഥലം വേശ്യാലയമാക്കിയിട്ടുണ്ട്; അതും അജ്ഞാനി സ്ത്രീകളുമായി. അന്നാസിന്റെ നടത്തിപ്പുകാരായ സാദോക്ക്, കലസ്റ്റബോണാ, നാഹും എന്നിവർ എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ പറയുന്നത് സത്യമാണോ സാദോക്ക്?
കലസ്റ്റബോണാ? ഞാൻ അർഹിക്കുന്നെങ്കിൽ ഇതു കളവാണെന്നു നിങ്ങൾ പറയൂ."
"ഇതു ശരിയാണ്; വളരെ സത്യമാണ്."
"നീ എന്തുപറയുന്നു?"
ഈശോ മൗനം പാലിച്ചു.
"നമ്മെ നിന്ദിക്കുന്നതിനും പരിഹസിക്കുന്നതിനും കിട്ടിയ അവസരങ്ങളൊന്നും അവൻ പാഴാക്കിയിട്ടില്ല. അവൻ നിമിത്തം സാധാരണക്കാർ ഇപ്പോൾ നമ്മെ സ്നേഹിക്കുന്നില്ല."
"നീയിതു കേൾക്കുന്നുണ്ടോ? നീ പരിശുദ്ധരായവരെ ചീത്തയാക്കി."
ഈശോ മൗനം പാലിക്കുന്നു.
ഈ മനുഷ്യന് പിശാചുബാധയുണ്ട്. ഇവൻ ഈജിപ്തിൽ നിന്നു വന്നപ്പോൾ മുതൽ മന്ത്രവാദം ചെയ്യുന്നു."
"എങ്ങനെ നിനക്കിത് തെളിയിക്കാൻ കഴിയും?"
"എന്റെ വിശ്വാസത്തിന്മേലും നിയമസംഹിതയിന്മേലും."
"ഒരു ഗൗരവമായ കുറ്റമാണ്. നിന്റെ നിരപരാധിത്വം തെളിയിക്കൂ."
ഈശോ സംസാരിക്കുന്നില്ല.
"നിന്റെ ശുശ്രൂഷ നിയമാനുസൃതമല്ല. നിനക്കിതറിയാം. മരണത്തിന്നർഹമായ തെറ്റ്... ഉത്തരം പറയൂ."
"നമ്മുടെ ഈ സമ്മേളനം നിയമാനുസൃതമല്ല. എഴുന്നേൽക്കൂ സൈമൺ, നമുക്കു പോകാം." ഗമാലിയേൽ പറയുന്നു.
"റബ്ബീ, നിനക്കു ഭ്രാന്താണോ?"
"ഓരോന്നിനും ഓരോ ക്രമമുണ്ട്. ഞാൻ അതിനെ ബഹുമാനിക്കുന്നു. നമ്മൾ ഇപ്പോൾ ചെയ്യുന്നത് നിയമാനുസൃതമല്ല. ഇതിനെതിരെ ഒരു പരസ്യ ആരോപണം തന്നെ ഞാൻ നടത്തും." റബ്ബി ഗമാലിയേൽ ഇതു പറഞ്ഞശേഷം പുറത്തേക്കു പോകുന്നു. അയാളെ അനുഗമിച്ച് മകൻ സൈമണും പുറത്തേക്കു പോകുന്നു.
സഭയിലാകെ ബഹളം. ഈ അവസരം ഉപയോഗിച്ച് നിക്കോദേമൂസും അരിമത്തിയാ ജോസഫും ഈശോയ്ക്ക് അനുകൂലമായി സംസാരിക്കുന്നു. "ഗമാലിയേൽ പറഞ്ഞത് ശരിയാണ്. ഈ സമ്മേളനത്തിന്റെ സമയവും സ്ഥലവും നിയമാനുസൃതമല്ല. ആരോപണങ്ങളും ഉറപ്പുള്ളതല്ല. നിയമത്തെ അലക്ഷ്യമായി നിന്ദിച്ചെന്ന് അവനെക്കുറിച്ച് ആർക്കെങ്കിലും പറയാൻ കഴിയുമോ? ഞാൻ അവന്റെ ഒരു സ്നേഹിതനാണ്. എപ്പോഴും നിയമത്തെ ബഹുമാനിക്കുന്നവനായിട്ടാണ് അവനെ ഞാൻ കണ്ടിട്ടുള്ളത്." നിക്കോദേമൂസ് പറയുന്നു.
"ഞാനും അങ്ങനെതന്നെയാണ് കണ്ടിട്ടുള്ളത്. ഒരു മഹാപരാധത്തിനു സമ്മതമല്ല എന്നറിയിക്കുവാനായി ഞാനെന്റെ ശിരസ്സു മൂടുന്നു; അവനുവേണ്ടിയല്ല; പിന്നയോ, നമുക്കുവേണ്ടിയാണത്. ഞാൻ പോകുന്നു." ജോസഫ് ഇരിപ്പിടത്തിൽ നിന്നിറങ്ങി പോകാനൊരുങ്ങുന്നു.
എന്നാൽ കായ്ഫാസ് ഉച്ചത്തിൽപ്പറയുന്നു; "ഹാ! നീ അങ്ങനെയാണോ പറയുന്നത്? എങ്കിൽ സത്യം ചെയ്ത സാക്ഷികൾ വരട്ടെ. അവർ പറയുന്നത് ശ്രദ്ധിക്കൂ. അതിനുശേഷം പോകുക."
ജയിൽപ്പുള്ളികളെപ്പോലെ തോന്നിക്കുന്ന രണ്ടുപേർ വരുന്നു.
"പറയൂ."
"രണ്ടുപേരും ഒരുമിച്ചു പറയുന്നതും അത് ഒരേസമയത്തു കേൾക്കുന്നതും നിയമാനുസൃതമല്ല."
ജോസഫ് ഉച്ചത്തിൽപ്പറയുന്നു.
"ഞാനാണ് പ്രധാനപുരോഹിതൻ. ഞാൻ കൽപ്പിക്കുന്നു; നിശ്ശബ്ദമായിരിക്കൂ."
ജോസഫ് മേശയിൽ മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ടു പറയുന്നു; "സ്വർഗ്ഗത്തിൽനിന്നുള്ള തീയ് നിന്റെമേൽ വീഴട്ടെ. ഈ നിമിഷം മുതൽ വലിയജോസഫ് സൻഹെദ്രീന്റെ ശത്രുവും ക്രിസ്തുവിന്റെ സ്നേഹിതനുമാണെന്ന് അറിഞ്ഞുകൊള്ളുക. ഞാനുടനെതന്നെ പോയി, റോമായുടെ അനുമതി കൂടാതെ ഒരു മനുഷ്യനെ കൊലയ്ക്കു വിധിക്കുന്നു എന്ന് പ്രത്തോറിനെ അറിയിക്കും." അയാൾ പുറത്തുകടക്കുന്നു. തടയാൻ ശ്രമിച്ച ഒരു നിയമജ്ഞനെ ഒറ്റത്തള്ളിനു ദൂരെയാക്കി.
നിക്കോദേമൂസ് ഒരുവാക്കു പോലും പറയാതെ ശാന്തനായി പുറത്തേക്കുപോയി.
വീണ്ടും ഒരു ബഹളം... അവർക്ക് റോമായെ ഭയമുണ്ട്. അതിനെല്ലാം പരിഹാരം ചെയ്യുന്നത് ബലിവസ്തുവായ ഈശോ.
"നോക്കൂ! ഇതെല്ലാം സംഭവിക്കുന്നത് നിന്റെ കുറ്റം നിമിത്തമാണ്. നീ ഏറ്റം നല്ല യഹൂദരെപ്പോലും ചീത്തയാക്കുന്നു."
ഈശോ സംസാരിക്കുന്നില്ല.
"സാക്ഷികൾ സംസാരിക്കട്ടെ." കയ്യാഫാസ് ഉച്ചത്തിൽപ്പറയുന്നു.
"ഉവ്വ്... അവൻ ഉപയോഗിച്ചത്.........ആ.........ആ............. ഞങ്ങൾക്കറിയാം..... അതിന്റെ പേരെന്താ?"
"ഒരുപക്ഷേ ദൈവത്തിന്റെ നാമമായിരിക്കും: 'തെത്രാഗ്രാം'"
"അതുതന്നെ.... നീ പറഞ്ഞതുതന്നെ. അവൻ മരിച്ചവരുടെ ആത്മാക്കളെ സഹായത്തിനു വിളിച്ചു.. സാബത്ത് ലംഘിക്കാനും ബലിപീഠം അശുദ്ധമാക്കാനും ജനങ്ങളെ പഠിപ്പിച്ചു. ഞങ്ങൾ സത്യം ചെയ്തുപറയുന്നു; അവൻ പറഞ്ഞു, ദേവാലയം നശിപ്പിച്ചിട്ട് മൂന്നു ദിവസം കൊണ്ട് പിശാചുക്കളുടെ സഹായത്തോടെ അതു വീണ്ടും പണിയുമെന്ന്."
"അല്ല, അവൻ പറഞ്ഞത് മനുഷ്യൻ ഇനി അതു പണിയുകയില്ലെന്നാണ്."
കയ്യാഫാസ് അയാളുടെ ഇരിപ്പിടത്തിൽ നിന്നിറങ്ങി താഴെ ഈശോയുടെ പക്കലേക്കു വന്നു. പൊക്കം കുറഞ്ഞ് അമിതവണ്ണമുള്ള ഒരു വിരൂപൻ. ഒരു പൂവിനടുത്ത് ഒരു വലിയ പൊരിക്കുട്ട വന്നിരിക്കുന്നതുപോലെയുണ്ട്. കാരണം, ഈശോ മുറിവും ചതവുമേറ്റ് വൃത്തിയില്ലാത്തവനും മുടിയും മറ്റും അലങ്കോലപ്പെട്ടവനും ആണെങ്കിലും ഇപ്പോഴും സുന്ദരനും മഹത്വമുള്ളവനുമാണ്. "നീ മറുപടി പറയുന്നില്ലേ? എത്ര ഭയങ്കരമായ കുറ്റങ്ങളാണ് നിനക്കെതിരെ അവർ ഉന്നയിക്കുന്നത്? ഈ ലജ്ജാകരമായ ആരോപണങ്ങളെ തള്ളിക്കളയുവാൻ നീ സംസാരിക്കൂ."
എങ്കിലും ഈശോ സംസാരിക്കുന്നില്ല. അയാളെ ഈശോ നോക്കുന്നുണ്ട്. എന്നാൽ ഒന്നും പറയുന്നില്ല.
"എങ്കിൽ എന്നോടു പറയൂ; ഞാൻ നിന്റെ പ്രധാനാചാര്യനാണ്. ദൈവനാമത്തിൽ ഞാൻ ആണയിട്ടു ചോദിക്കുന്നു; നീയാണോ ക്രിസ്തു? ദൈവത്തിന്റെ പുത്രൻ?"
"നീ അതു പറഞ്ഞുകഴിഞ്ഞു. ഞാൻ ആകുന്നു. ഞാൻ മനുഷ്യപുത്രൻ, പിതാവിന്റെ വലുതുവശത്ത് പ്രതാപത്തോടുകൂടിയിരിക്കുന്നത് നീ കാണും; ആകാശത്തിലെ മേഘങ്ങളിൽ വരുന്നത് നീ കാണും. കൂടാതെ, എന്തുകൊണ്ടാണ് നീ എന്നോടു ചോദിക്കുന്നത്? ഞാൻ മൂന്നുവർഷം പരസ്യമായിട്ടാണ് സംസാരിച്ചത്. എന്നെ ശ്രവിച്ചവരോടു ചോദിക്കുക. ഞാൻ എന്താണു പറഞ്ഞതെന്നും എന്താണു ചെയ്തതെന്നും അവർ പറയും."
ഈശോയെപ്പിടിച്ചിരിക്കുന്ന പടയാളികളിൽ ഒരുത്തൻ ഈശോയുടെ അധരങ്ങളിൽ അടിച്ചു. രക്തം ഒഴുകുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ ചോദിക്കുകയും ചെയ്യുന്നു; "ഉന്നതനായ പ്രധാനാചാര്യനോടു് നീ ഇങ്ങനെയാണോ ഉത്തരം പറയുന്നത് പിശാചേ?"
ഈശോ മുൻപിലത്തെ പ്രഹരക്കാരനോടു ചോദിച്ചതുതന്നെ ഇയാളോടും ശാന്തമായി ചോദിക്കുന്നു: "ഞാൻ സത്യമാണു പറഞ്ഞതെങ്കിൽ നീ എന്തിനാണു് എന്നെ പ്രഹരിക്കുന്നത്? ഞാൻ എന്തെങ്കിലും തെറ്റാണു ചെയ്തതെങ്കിൽ എന്തുകൊണ്ടാണ് എന്നോടു നീ അതു പറയാതിരിക്കുന്നത്, എനിക്ക് എവിടെയാണു തെറ്റിയതെന്ന്. ഒരുപ്രാവശ്യം കൂടെ നിന്നോടു ഞാൻ പറയുന്നു: 'ഞാനാണ് ക്രിസ്തു: ദൈവത്തിന്റെ പുത്രൻ. എനിക്ക് കള്ളം പറയുവാൻ കഴിയില്ല. ഞാനാണ് പ്രധാനപുരോഹിതൻ; നിത്യനായ പുരോഹിതൻ. ഞാൻ മാത്രമാണ് "തത്വവും സത്യവും" എന്നെഴുതപ്പെട്ടിരിക്കുന്ന യഥാർത്ഥ ഫലകം ധരിച്ചിരിക്കുന്നവൻ. ഞാൻ അവയോട് വിശ്വസ്തത പുലർത്തുന്നു; മരിക്കുന്നതുവരെയും... ലോകദൃഷ്ടിയിൽ മോശക്കാരൻ; ദൈവസന്നിധിയിൽ വിശുദ്ധൻ; ആനന്ദദായകമായ ഉയിർപ്പുവരെ അങ്ങനെയാണ്. അഭിഷേകം ചെയ്യപ്പെട്ടവൻ ഞാനാണ്. പ്രധാനാചാര്യനും രാജാവും ഞാനാണ്. ഞാൻ എന്റെ രാജചെങ്കോൽ എടുക്കാൻ സമയമായി വരുന്നു. മെതിക്കളം ഞാൻ വൃത്തിയാക്കും. ഈ ദേവാലയം നശിപ്പിക്കപ്പെടും; അത് വീണ്ടും ഉയിർക്കും; പുതിയതായി, വിശുദ്ധമായി. കാരണം ഈ ദേവാലയം ദുഷിച്ചതാണ്; ദൈവം അതിനെ അതിന്റെ ഭാഗധേയത്തിനായി കൈവിട്ടിരിക്കുന്നു."
"ദൈവദൂഷകൻ!!!" എല്ലാവരും ഒരുമിച്ചു പറയുന്നു.
"നീ അത് മൂന്നു ദിവസത്തിനകം ചെയ്യുമോ? ഭോഷൻ, പിശാചുബാധിച്ചവനായ നീ?"
"ഇതല്ല; എന്റേത് വീണ്ടും ഉയിർക്കും; സത്യം തന്നെയായ, ജീവനുള്ള, പരിശുദ്ധനായ, മൂന്നു പ്രാവശ്യം പരിശുദ്ധനായ ദൈവത്തിന്റെ ആലയം."
"ദൈവദൂഷണം!!" അവരെല്ലാവരും വീണ്ടും ഒരുമിച്ചു പറയുന്നു.
കയ്യാഫാസ് അയാളുടെ വസ്ത്രം കീറി, വലിയഭയം നടിച്ചു പറയുന്നു; "നമുക്കിനി എന്താണു സാക്ഷികളിൽനിന്നു കേൾക്കാനുള്ളത്? ഇവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു! അതിനാൽ നമ്മൾ എന്താണു ചെയ്യേണ്ടത്?"
എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു; "അവൻ മരണം അർഹിക്കുന്നു."
വലിയ ഇടർച്ചയ്ക്കു കാരണമായ വിധത്തിൽ ഓരോ ചേഷ്ടകളോടെ അവർ സ്ഥലം വിടുന്നു.
ഈശോ ഗുണ്ടകളുടെയും കള്ളസ്സാക്ഷികളുടേയും നടുവിലാണ്. അവർ അവനെ അടിക്കുന്നു; ഇടിക്കുന്നു; തുപ്പുന്നു; ഒരു പഴന്തുണി കൊണ്ട് കണ്ണു കെട്ടുന്നു; പിന്നെ മുടിയിൽപ്പിടിച്ച് ശക്തമായി വലിക്കുന്നു; കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്ന അവനെ അവിടവിടെ വലിച്ചുകൊണ്ടു നടക്കുന്നു.
ഈശോ മേശയിൽ, കസേരകളിൽ, ഭിത്തിയിൽ ചെന്നടിക്കുന്നു. അവർ പരിഹസിച്ച് ചോദിക്കുന്നു; "ആരാണ് നിന്നെ അടിച്ചത്? ഊഹിച്ചു പറയൂ..." പലപ്രാവശ്യം അവനെ തട്ടിവീഴിക്കുന്നു. മുഖംകുത്തി ഈശോ വീഴുന്നു. എഴുന്നേൽക്കാൻ ഈശോ പാടുപെടുന്നതുകണ്ട് അട്ടഹസിച്ചു ചിരിക്കുന്നു.
മണിക്കൂറുകൾ കടന്നുപോയി. പീഢകർ ക്ഷീണിച്ചതിനാൽ ഇടവേള..... പിന്നീട് ഈശോയെ ഒരു നടുമുറ്റത്തുകൂടെ കൊണ്ടുപോകുന്നു. അവിടെ പത്രോസ് തീ കായുന്നുണ്ടായിരുന്നു. ഈശോ അവനെ നോക്കി. എന്നാൽ പത്രോസ് അതുകണ്ടില്ല. ജോണിനെ അവിടെ കാണാനുണ്ടായിരുന്നില്ല.
പ്രഭാതം പൊട്ടിവിടരുന്നു. "ബന്ധിതനെ വീണ്ടും സഭ കൂടുന്ന സ്ഥലത്തേക്കു കൊണ്ടുചെല്ലാൻ" കൽപ്പനയായി. വിസ്താരം നിയമാനുസൃതമാണെന്നു ബോദ്ധ്യപ്പെടുത്താനാണത്. ഈ സമയത്താണ് പത്രോസ് ഈശോയെ അറിയുകയില്ലെന്നു തറപ്പിച്ചു പറഞ്ഞത്.
ഒരു വികൃതി പൂവൻകോഴിയുടെ കൂവൽ അന്തരീക്ഷം കീറിമുറിക്കുന്നു. ഈ സമയത്തെ നിശ്ശബ്ദതയിൽ പത്രോസിന്റെ പരുഷമായ സ്വരം വ്യക്തമായി കേൾക്കാം; "സ്ത്രീയേ, ഞാൻ ആണയിട്ടു പറയുന്നു, അയാളെ ഞാനറിയുകയില്ല." ഉടനെ അതിനു മറുപടിയായി ഒരു കൊച്ചുപൂവനും ഉച്ചത്തിൽ കൂകി. പത്രോസ് ഒന്നുഞെട്ടി. ഓടിപ്പോകാനായി അയാൾ തിരിഞ്ഞു. അപ്പോൾ നേരെ ഈശോയുടെ മുഖമാണ് കാണുന്നത്. ഈശോ അതിരറ്റ സഹതാപത്തോടെ പത്രോസിനെ നോക്കുന്നു. പത്രോസ് കരഞ്ഞുകൊണ്ട് വേച്ചുവേച്ച് മദ്യപിച്ചയാളെപ്പോലെ പോകുന്നു.
ഈശോയെ വീണ്ടും സഭ കൂടുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. എല്ലാവരുംകൂടി ആ കെണി വെച്ച ചോദ്യം വീണ്ടും ചോദിക്കുന്നു; "സത്യദൈവത്തിന്റെ നാമത്തിൽ ഞങ്ങളോടു പറയൂ, നീ ക്രിസ്തുവാണോ?" മുൻപു പറഞ്ഞ അതേ ഉത്തരം കിട്ടിയപ്പോൾ അവർ അവനെ മരണത്തിനു വിധിച്ചു. അവനെ റോമൻ ഗവർണറായ പീലാത്തോസിന്റെ പക്കൽ കൊണ്ടുപോകാൻ ഉത്തരവിടുകയും ചെയ്തു.
(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)