ഈശോ കുരിശുമരണത്തിനു വിധിക്കപ്പെട്ടു കഴിഞ്ഞു. ശതാധിപനായ ലോങ്കിനുസിനെയാണ് ഈശോയെ വധിക്കുന്ന ജോലി ഏൽപ്പിച്ചിരിക്കുന്നത്. അയാൾ കൽപ്പനകൾ നൽകുന്നു.
ഈശോയെ പുറത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ജിജ്ഞാസയോടെ രണ്ടുമൂന്നു പ്രാവശ്യം ഈശോയുടെ അടുക്കൽ വന്നു നോക്കുന്നു. പിന്നെ ഒരു പടയാളിയുമായി വന്ന് ഒരു കപ്പിൽ വീഞ്ഞുപോലെ നിറമുള്ള ഒരു പാനീയം ഈശോയ്ക്കു കൊടുത്തുകൊണ്ടു പറയുന്നു; "ഇതു കുടിക്കൂ.. നിനക്ക് നല്ലതാണ്.. നിനക്കു ദാഹമുണ്ടായിരിക്കുമല്ലോ? പുറത്തു നല്ല വെയിലാണ്. വഴിയാണെങ്കിലോ ഏറെ ദൂരവും."
ഈശോ മറുപടി പറയുന്നു: "നിന്റെ സഹാനുഭൂതിക്ക് ദൈവം നിനക്കു പ്രതിഫലം നൽകട്ടെ! പക്ഷേ നിങ്ങൾക്കുള്ളത് ഇല്ലാതാക്കേണ്ട."
"എനിക്കു നല്ല ആരോഗ്യവും ശക്തിയുമുണ്ട്. എന്നാല്‍ നീ...... ഞാൻ എന്റേത് ഉപേക്ഷിക്കുന്നതല്ല. അങ്ങനെയാണെങ്കിൽത്തന്നെ നിനക്ക് അൽപ്പം ആശ്വാസം
നൽകാനായിട്ടാണ് ഞാനത് ഉപേക്ഷിക്കുന്നത്. ഒരു കവിൾ കുടിച്ചാൽമതി. അജ്ഞാനികളെ നീ വെറുക്കുന്നില്ലെന്ന് കാണിക്കാൻ മാത്രമെങ്കിലും..."
ഈശോ പിന്നെ വേണ്ടെന്നു പറഞ്ഞില്ല. ഒരു കവിൾ മാത്രം കുടിച്ചു.
"കുറച്ചുകൂടി കുടിക്കൂ.. ഇതു തേനും വെള്ളവുമാണ്. ഇതു ശക്തി നൽകും.. ദാഹം ശമിപ്പിക്കുകയും ചെയ്യും... എനിക്കു നിന്നോടു സഹതാപം തോന്നുന്നു.... യഹൂദരുടെയിടയിൽ വധിക്കപ്പെടേണ്ടതു നീയല്ല.... ഞാൻ നിന്നെ വെറുക്കുന്നില്ല.... ആവശ്യമുള്ളിടത്തോളം മാത്രമേ നിന്നെ സഹിപ്പിക്കുവാൻ ഞാൻ അനുവദിക്കയുള്ളൂ."
എങ്കിലും ഈശോ വീണ്ടും കുടിക്കുന്നില്ല. എന്നാൽ ആ റോമാക്കാരന്റെ സഹതാപം തേൻവെള്ളത്തേക്കാൾ കൂടുതൽ ആശ്വാസം ഈശോയ്ക്കു നൽകുന്നു.
ഈശോയോടൊപ്പം രണ്ടു കവർച്ചക്കാരുംകൂടി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. അവരും തയ്യാറായി വന്നുകഴിഞ്ഞു. രണ്ടുപേർക്കും കാവലായി പത്തു പടയാളികൾ വീതമുണ്ട്. പുറപ്പെടാൻ സമയമായി. ലോങ്കിനുസ് അവസാനനിർദ്ദേശങ്ങൾ നൽകുന്നു.
വേറെ നൂറു പടയാളികളെയും ഇറക്കി; രണ്ടുവരിയായി അവർ നീങ്ങുന്നു. വേറെ നൂറുപേർ, ചതുരാകൃതിയിൽ അതിരു തിരിച്ച് ജനത്തെ അകറ്റി നിർത്തുന്നു.
കുരിശുകൾ കൊണ്ടുവന്നു. ഈശോയുടെ കുരിശു കൊടുക്കുന്നതിനുമുമ്പ് 'യഹൂദരുടെ രാജാവായ നസ്രായൻ ഈശോ' എന്നഴുതിയ ഒരു പലക ഈശോയുടെ കഴുത്തിൽ കെട്ടിത്തൂക്കി.
എല്ലാം തയ്യാറായി. മാർച്ചു ചെയ്യുവാൻ ലോങ്കിനുസ് കൽപ്പന കൊടുത്തു. ഈശോ മുന്നിൽ; പിന്നാലെ രണ്ടു കള്ളന്മാർ... ഓരോരുത്തർക്കും ചുറ്റുമായി പത്തു പടയാളികൾ വീതം നിരന്നു.. ശേഷമുള്ള പടയാളികളെല്ലാം ഇരുവശത്തും സുരക്ഷിതത്വത്തിനായി നിരന്നു.
പ്രത്തോറിയത്തിന്റെ പടികളിറങ്ങുമ്പോൾത്തന്നെ ഈശോ വേച്ചു പോകുന്നു. നേരത്തെതന്നെ മുറിവുകളാൽ നിറഞ്ഞിരിക്കുന്ന തോളിൽ കുരിശു വച്ചതിനാലും കഴുത്തിൽ പലക കെട്ടിത്തൂക്കിയതിനാലും ഓരോ പടിയിലും കുരിശിന്റെ നെടിയ കാൽ തട്ടുമ്പോൾ ശരീരം മുഴുവന്‍ ഉലയുകയും മുറിവുകൾ ഇളകുകയും ചെയ്യുന്നു.
ലഹരിയിലാവനെപ്പോലെ ഈശോ വേച്ചു പോകുന്നതുകണ്ട് യൂദർ അട്ടഹസിച്ച് ചിരിക്കുകയും ഭടന്മാരോട് വിളിച്ചുപറയുകയും ചെയ്യുന്നു; "അവനെ തള്ളുക; അവൻ വീഴട്ടെ; പൊടിയിൽ വീഴട്ടെ. ദൈവദൂഷകൻ!"
ലോങ്കിനൂസ് കുതിരയെ നടത്തുന്നു; അതോടെ യാത്ര ആരംഭിച്ചു. വേഗം പോകണമെന്നയാൾ ആഗ്രഹിച്ചു. കാരണം വിധിക്കപ്പെട്ടവന് എത്രമാത്രം സഹിക്കാൻ കഴിയുമെന്ന് നിശ്ചയമില്ല. എന്നാല്‍ കാരുണ്യം അശേഷമില്ലാത്ത ജനം അതാഗ്രഹിക്കുന്നില്ല. പട്ടണം ചുറ്റിയുള്ള നീണ്ട വഴിയിലൂടെ വേണം ഈശോയെ വധസ്ഥലത്തേക്കു കൊണ്ടുപോകാൻ എന്നവർ നിർബ്ബന്ധം പിടിച്ചു.
ഈശോ കിതപ്പോടെയാണ് നടക്കുന്നത്. വഴിയിലുള്ള ഓരോ കുഴിയും ഓരോ കെണിയാണ്; മുറിവുകളാൽ കഠിനവേദന അനുഭവിക്കുന്ന തോളിന് പുതിയ പീഡനമാണ്. വെയിലിന്റെ കാഠിന്യം, മുൾമുടി വയ്ക്കപ്പെട്ടിരിക്കുന്ന ശിരസ്സിലെ വേദന വർദ്ധിപ്പിക്കുന്നു. ഈശോയ്ക്ക് പനിയും ക്ഷീണവും അസഹനീയമായ ചൂടും അനഅനുഭവപ്പെടുന്നുണ്ട്. ഉഗ്രമായ പ്രകാശവും ജനക്കൂട്ടത്തിന്റെ ആരവവും അസഹനീയമാണ്. ചെവി അടയ്ക്കുക സാദ്ധ്യമല്ലല്ലോ. കണ്ണഞ്ചിക്കുന്ന പ്രകാശം നിമിത്തം ഈശോ കണ്ണുകൾ പകുതി അടയ്ക്കുന്നു.
ഈശോ കൂടുതൽ കൂടുതലായി കിതയ്ക്കുന്നു. വിയർപ്പ് മുഖത്തുകൂടി ഒഴുകുന്നു. മുൾമുടി നിമിത്തം ഉണ്ടായ മുറിവുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തവും കലരുന്നുണ്ട്. പെട്ടെന്ന് ഈശോ വീഴാൻ തുടങ്ങുന്നു. ഒരു പടയാളിയുടെ പെട്ടെന്നുള്ള സഹായത്താൽ നിലത്തു വീഴാനിടയായില്ല. ആൾക്കൂട്ടത്തിൽ നിന്ന് ചിരിയും പരിഹാസവും ഉയരുന്നു; "അവനെ പിടിക്കേണ്ട. അവൻ എല്ലാവരോടും പറയുന്നത് എഴുന്നേൽക്കൂ എന്നാണു്. അവൻ ഇപ്പോള്‍ എഴുന്നേൽക്കട്ടെ!"
കാൽവരിയിലേക്കുള്ള കയറ്റം ആരംഭിക്കയാണ്.
(ഈശോയുടെ വധശിക്ഷ നടപ്പാക്കിയ ശതാധിപൻ ലോങ്കിനൂസ്, ഈശോയുടെ മരണത്തിനും ഉയിർപ്പിനും ശേഷം ജ്ഞാസസ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായിത്തീരുകയും പിന്നീട് രക്തസാക്ഷിത്വം വരിച്ച് സഭയുടെ ആദ്യകാല വിശുദ്ധരിലൊരാളായിത്തീരുകയും ചെയ്തു.)
(ഈശോയുടെ വധശിക്ഷ നടപ്പാക്കിയ ശതാധിപൻ ലോങ്കിനൂസ്, ഈശോയുടെ മരണത്തിനും ഉയിർപ്പിനും ശേഷം ജ്ഞാസസ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായിത്തീരുകയും പിന്നീട് രക്തസാക്ഷിത്വം വരിച്ച് സഭയുടെ ആദ്യകാല വിശുദ്ധരിലൊരാളായിത്തീരുകയും ചെയ്തു.)