ഇന്ന് മാർച്ച് 19 - വിശുദ്ധ യൗസേപ്പിന്റെ തിരുനാൾദിനം.
നന്മരണമദ്ധ്യസ്ഥനാണ് വി. ജോസഫ്. കാരണം ദൈവപുത്രന്റെയും ദൈവമാതാവിന്റെയും കരങ്ങളിൽക്കിടന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ ആ രംഗം
വിവരിച്ചിരിക്കുന്നതു കാണുക.
ഒരു ആശാരിയുടെ പണിപ്പുര. ഈശോ അവിടെ പണി എടുത്തു കൊണ്ടിരിക്കുന്നു. ശാന്തമായ് നല്ല കൃത്യതയോടെ പണിയുന്നു. ഇടക്ക് തലയുയര്‍ത്തി വശത്തുള്ള ഭിത്തിയിലേക്ക് നോക്കുന്നു. വീണ്ടും ജോലി തുടരുന്നു. തിരക്കിട്ട് പണിതുകൊണ്ടിരിക്കുമ്പോള്‍ അമ്മ കയറി വരുന്നു. അവള്‍ മകന്റെയടുത്തേക്ക് തിടുക്കത്തില്‍ വരുന്നു. ഉത്കണ്ഠയോടെ മകനെ വിളിക്കുന്നു. ഈശോ കരങ്ങള്‍ അമ്മയുടെ തോളില്‍ വച്ച് തലോടിക്കൊണ്ട് ആശ്വസിപ്പിക്കുന്നു. പണി നിര്‍ത്തി അമ്മയുടെ കൂടെ പുറത്തേക്കു പോകുന്നു.
മേരി കണ്ണുനീരോടെ പറയുന്നു; "ഓ ഈശോ, അദ്ദേഹത്തിന് അസുഖം കൂടുതലാണ്. " ഈശോ അമ്മെ എന്ന് മാത്രം വിളിക്കുന്നു. ആ വിളിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
ജോസഫ് കിടക്കുന്ന മുറിയിലേക്ക് അവര്‍ പ്രവേശിക്കുന്നു. ഏറെ വെടിപ്പും ക്രമവും ഉള്ള ചെറിയ ഒരു മുറി ആണത്. താഴ്ന്ന ഒരു കിടക്കയില്‍ കുറെ കുഷിനുകള്‍ വച്ചിട്ടുണ്ട്. അതില്‍ ചാരി ജോസഫ് കിടക്കുന്നു. അദ്ദേഹം മരിക്കുകയാണ്. മുഖം വിളറിയും കരുവാളിച്ചുമിരിക്കുന്നു. കണ്ണുകള്‍ ചൈതന്യരഹിതമാണ്. ശരീരമാകെ നിശ്ചലമായിരിക്കുന്നു.
മേരി ജോസഫിന്റെ ഇടതുവശത്ത് നിന്നുകൊണ്ട് ചുളിവു വീണ കരം കയ്യില്‍ ചേര്‍ത്ത് തടവുകയും ചുംബിക്കുകയും ചെയ്യുന്നു.ഒരു ചെറിയ കഷണം തുണി വെളുത്ത വീഞ്ഞില്‍ മുക്കി ജോസഫിന്റെ അധരങ്ങള്‍ നനക്കുന്നു.
ഈശോ ജോസഫിന്റെ വലതുവശത്ത് ചെന്ന് നില്‍ക്കുന്നു. ഇടിഞ്ഞുപോയ ശരീരം വളരെ സൂക്ഷിച്ചും വേഗത്തിലും പൊക്കി നേരെ കിടത്തുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ജോസഫിന്റെ നെറ്റി ഈശോ തലോടുന്നു.
അദ്ദേഹത്തെ ധൈര്യപ്പെടുത്താന്‍ ശ്രമിക്കുന്നു.
മേരി ശാന്തമായ് കരയുന്നു. ജോസഫിന് അല്‍പ്പം സുഖമുള്ളതുപോലെ തോന്നുന്നു. ഈശോയുടെ കയ്യില്‍ പിടിക്കുന്നു. അവസാന പരീക്ഷണത്തില്‍ ധൈര്യം കിട്ടാന്‍ ദൈവിക സ്പര്‍ശനത്തിനായെന്നു തോന്നുന്നു.
ഈശോ കുനിഞ്ഞു ആ കൈ ചുംബിക്കുന്നു. ജോസഫ് പുഞ്ചിരിക്കുന്നു. അനന്തരം തിരിഞ്ഞു മേരി എവിടെ എന്ന് നോക്കുന്നു. മേരി പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കിടക്കയുടെ സമീപം മുട്ട് കുത്തുന്നു. എന്നാല്‍ പുഞ്ചിരിക്കാന്‍ കഴിയുന്നില്ല. അവള്‍ തല കുനിക്കുന്നു. ജോസെഫ് തന്റെ കരം അവളുടെ ശിരസ്സില്‍ വെച്ച് അതിവിശുദ്ധമാം വിധം തലോടുന്നു. അനുഗ്രഹിക്കുന്നതുപോലെ കാണപ്പെടുന്നു.
ഈശോ കിടക്ക ചുറ്റി മറുവശത്ത് ചെന്ന് ഒരു സ്ടൂള്‍ എടുത്തുകൊണ്ടുവന്നു അമ്മയെ അതിലിരുത്തി. പിന്നീട് പൂര്‍വസ്ഥാനത്തു ചെന്നുനിന്നു ജോസഫിന്റെ കരം സ്വന്തം കരങ്ങളില്‍ ഗ്രഹിക്കുന്നു. മേരിയുടെ വേദന കണ്ടുനില്ക്കാന്‍ കഴിയുന്നില്ല.
ഈശോ കുനിഞ്ഞുനിന്നു മരിക്കുന്ന ആളിന്റെ ചെവിയില്‍ വളരെ താണ സ്വരത്തില്‍ ഒരു സങ്കീര്‍ത്തനം ചൊല്ലുന്നു. അതിപ്രകാരമാണ് :
"കര്‍ത്താവെ, എന്നെ കടാക്ഷിക്കേണമേ; എന്തെന്നാല്‍ എന്റെ പ്രതീക്ഷ അങ്ങില്‍ ഞാന്‍ വെച്ചു. ഭൂമിയിലായിരിക്കുന്ന തന്റെ സ്നേഹിതര്‍ക്കായി എന്റെ എല്ലാ ആഗ്രഹങ്ങളും അത്ഭുതകരമാംവിധത്തില്‍ അവിടുന്ന് നിറവേറ്റി. എന്റെ ഉപദേഷ്ടാവായ കര്‍ത്താവിനെ ഞാന്‍ സ്തുതിക്കും.
കര്‍ത്താവു എപ്പോഴും എന്റെ മുന്‍പിലുണ്ട്. ഞാന്‍ വീഴാതിരിക്കാന്‍ അവിടുന്ന് എന്റെ വലതുഭാഗത്തുണ്ട്.
അതിനാല്‍ എന്റെ ഹൃദയം ആഹ്ലാദിക്കുന്നു.എന്റെ നാവു സന്തോഷിക്കുന്നു. എന്റെ ശരീരം പ്രതീക്ഷയോടെ വിശ്രമിക്കും.
എന്തെന്നാല്‍ നീ എന്റെ ആത്മാവിനെ മരിച്ചവരുടെ വാസ സ്ഥലത്ത് ഉപേക്ഷിക്കയില്ല. നിന്റെ സ്നേഹിതന്‍ അഴിവ് കാണാന്‍ അനുവദിക്കയുമില്ല.
പ്രകാശത്തിന്റെ വഴി നീ എനിക്ക് വെളിപ്പെടുത്തിത്തരും. നിന്റെ മുഖം എന്നെ കാണിച്ചുകൊണ്ട് എന്നെ സന്തോഷത്താല്‍ നിറക്കുകയും ചെയ്യും."
ജോസഫ് അല്‍പ്പം സന്തോഷം കാണിക്കുകയും അല്‍പ്പം കൂടി സജീവമായ കണ്ണുകളോടെ ഈശോയെ നോക്കുകയും ചെയ്യുന്നു. ഈശോ വാത്സല്യപൂര്‍വ്വം ജോസഫിനെ തലോടുന്നു.
ജോസഫ് വിതുമ്പിക്കൊണ്ട് ഈശോയെ നോക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ കഴിയുന്നില്ല. ഈശോ സങ്കീര്‍ത്തനം തുടര്‍ന്ന് ചൊല്ലുന്നു;
" ഓ കര്‍ത്താവെ നിന്റെ സ്വന്തം രാജ്യത്തെ നീ അനുകൂലിച്ചു. യാക്കോബിന്റെ മക്കളെ അടിമത്തത്തില്‍ നിന്നു നീ തിരിച്ചുകൊണ്ടുവന്നു.
കര്‍ത്താവെ ഞങ്ങളോട് കരുണ കാണിക്കേണമേ, അവിടുത്തെ രക്ഷകനെ ഞങ്ങള്‍ക്ക് തിരിച്ചു തരേണമേ.
അതെ, അവന്റെ രക്ഷാകരമായ സഹായം അടുത്തിരിക്കുന്നു. നീതി സ്വര്‍ഗത്തില്‍ നിന്നും താഴേക്ക് വരുന്നു.
നീ ആ സമയം കണ്ടു അപ്പാ, നീ അതിനായി ജോലി ചെയ്തു. കര്‍ത്താവു അതിനു നിനക്ക് പ്രതിഫലം തരും;" ഞാന്‍ പറയുന്നു എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ജോസഫിന്റെ കവിളിലൂടെ ഒഴുകിയ കണ്ണീര്‍ ഈശോ തുടക്കുന്നു.
ഈശോ തുടരുന്നു; "ഓ കര്‍ത്താവെ, ദാവീദിനെയും അവന്റെ കരുണയും അങ്ങ് ഓര്‍ക്കേണമേ! ഓ കര്‍ത്താവെ എഴുന്നേറ്റു അങ്ങേ വിശ്രമ സ്ഥലത്തേക്ക് വരേണമേ.
(മേരി പൊട്ടിക്കരയുന്നു )
എന്റെ അപ്പാ, എന്റെ പേരിലും എന്റെ അമ്മയുടെ പേരിലും ഞാന്‍ നന്ദി പറയുന്നു. എനിക്ക് നീ നീതിമാനായ പിതാവായിരുന്നു. നിത്യപിതാവ് തന്റെ ക്രിസ്തുവിന്റെയും തന്റെ പേടകത്തിന്റെയും സൂക്ഷിപ്പുകാരനായി നിന്നെ തെരഞ്ഞെടുത്തു. അവനുവേണ്ടി തെളിക്കപ്പെട്ട വിളക്കാണ് നീ. പരിശുദ്ധമായ ഉദരത്തിന്റെ ഫലത്തോട് സ്നേഹമുള്ള ഒരു ഹൃദയം നിനക്ക് ഉണ്ടായിരുന്നു. അപ്പാ, സമാധാനത്തില്‍ പോവുക; നിന്റെ വിധവ നിസ്സഹായയായിത്തീരുകയില്ല. അവള്‍ ഏകാകിനിയാകില്ല. നിന്റെ വിശ്രമത്തിലേക്ക് സമാധാനമായി പോവുക എന്ന് ഞാന്‍ പറയുന്നു.'
മേരി, ജോസഫിന്റെ ശരീരത്തിലുള്ള പുതപ്പുകളിലേക്ക് കമിഴ്ന്നു കിടന്നു കരയുന്നു. ജോസഫ് വളരെ പ്രയാസപ്പെട്ടാണ് ശ്വാസം എടുക്കുന്നത്. കണ്ണുകളുടെ പ്രകാശം മങ്ങിത്തുടങ്ങി. ഈശോ അപ്പനെ ആശ്വസിപ്പിക്കാന്‍ തത്രപ്പെടുന്നു.
"അപ്പാ, പോവുക, എന്റെഅനുഗ്രഹംഅപ്പനെ അനുഗമിക്കട്ടെ"
മേരി ജോസഫിനെ തലോടുന്നു. ഈശോ കിടക്കയുടെ അരികിലിരുന്നു അപ്പനെ ആശ്ലേഷിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ജോസഫ് തളര്‍ന്നു വീഴുന്നു.സമാധാനമായി മരിക്കുന്നു.
ഈശോ പിതാവിനെ കിടത്തിയ ശേഷം അമ്മയെ ആലിംഗനം ചെയ്യുന്നു.
ഈ ദര്‍ശനത്തെക്കുറിച്ചു ഈശോ ഇപ്രകാരം പറയുന്നു "വേദന കൊണ്ട് പീഡിതരായിരിക്കുന്ന എല്ലാ ഭാര്യമാരോടും ഞാന്‍ പറയുന്നു; നിങ്ങളുടെ വൈധവ്യത്തില്‍ മേരിയെ അനുകരിച്ചു ഈശോയോടു ഐക്യപ്പെട്ടു ജീവിക്കുക."