ജാലകം നിത്യജീവൻ: മാർച്ച് 25 - മംഗലവാർത്തത്തിരുന്നാൾ

nithyajeevan

nithyajeevan

Friday, March 25, 2011

മാർച്ച് 25 - മംഗലവാർത്തത്തിരുന്നാൾ

(മേരിയുടെ മാതാപിതാക്കളായ ജോവാക്കിമിനും അന്നയ്ക്കും അവരുടെ വാർദ്ധക്യത്തിൽ ജനിച്ച പുത്രിയായിരുന്നു മേരി. അവൾക്ക് മൂന്നുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ, അവർ ദൈവത്തോടു ചെയ്ത വാഗ്ദാനപ്രകാരം മേരിയെ ദേവാലയത്തിൽ സമർപ്പിച്ചു. പതിനഞ്ചു വയസ്സുവരെ അവൾ ദേവാലയത്തിലെ കന്യകയായിട്ടാണ് വളർന്നത്. പിന്നീട് ദൈവപരിപാലനപ്രകാരം, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫുമായുള്ള വിവാഹം തീരുമാനിക്കപ്പെടുകയും ദേവാലയത്തിൽ വച്ചു നടത്തിയ വിവാഹവാഗ്ദാനച്ചടങ്ങിനുശേഷം (അവളുടെ മാതാപിതാക്കൾ ഇതിനകം മരണമടഞ്ഞിരുന്നു) മേരി അവളുടെ നസ്രസ്സിലെ ഭവനത്തിലെത്തുകയും ചെയ്യുന്നു.)


              മേരി അവളുടെ നസ്രസ്സിലെ ഭവനത്തിലാണ്. അവളുടെ ചെറിയ മുറിയിലിരുന്ന് മഞ്ഞുപോലെ വെൺമയള്ള കുറച്ചു നൂൽ നൂൽക്കുകയാണ്. വീട്ടിലും ചേർന്നുള്ള അടുക്കളത്തോട്ടത്തിലും വലുതായ നിശ്ശബ്ദത. മേരിയുടെ മുഖത്തും ചുറ്റുമുള്ള സ്ഥലത്തെ വലുതായ സമാധാനം. അവൾ താഴ്ന്ന സ്വരത്തിൽ പാടാൻ തുടങ്ങുന്നു. പിന്നീട് സ്വരം അൽപ്പം കൂടി ഉയരുന്നു. എന്നാൽ ഉച്ചത്തിൽ പാടുന്നില്ല. അവളുടെ മുഖം സുന്ദരമായി തുടുത്തിരിക്കുന്നു.
                 ഇപ്പോൾ പാട്ട് ഒരു പ്രാർത്ഥനയായി മാറിയിരിക്കുന്നു. "അത്യുന്നതനായ ദൈവമേ, ലോകത്തിനു സമാധാനം കൊണ്ടുവരുന്ന അങ്ങേ ദാസനെ അയയ്ക്കുവാൻ ഇനിയും വൈകരുതേ. അനുകൂലമായ കാലവും പരിശുദ്ധയും ഫലദായികയുമായ കന്യകയെയും അവിടുത്തെ ക്രിസ്തുവിന്റെ വരവിനായി ഞങ്ങൾക്കു നൽകണമേ. ഭൂമിയിൽ അങ്ങേ പ്രകാശവും നീതിയും കണ്ടതിനുശേഷവും രക്ഷ സാധിച്ചുകഴിഞ്ഞു എന്നറിഞ്ഞതിനുശേഷവും മാത്രം മരിക്കുവാനുള്ള അനുഗ്രഹം എനിക്കു തരേണമേ. ഓ, ഏറ്റം പരിശുദ്ധനായ പിതാവേ, പ്രവാചകന്മാർ വാഗ്ദാനം ചെയ്ത രക്ഷകനെ ഭൂമിയിലേക്കയയ്ക്കേണമേ. രക്ഷകനെ അങ്ങേ ദാസിയുടെ പക്കലേക്കയയ്ക്കേണമേ. അങ്ങനെ എന്റെ മരണത്തിന്റെ നാഴികയിൽ അങ്ങേ വസതി എനിക്കായി തുറക്കുവാനിടയാകട്ടെ. രക്ഷകന്റെ ആഗമനത്തിൽ നിന്റെ ക്രിസ്തു നിന്നിൽ പ്രത്യാശ വച്ചിരുന്ന എല്ലാവർക്കുമായി സ്വർഗ്ഗകവാടം തുറന്നുകഴിഞ്ഞിരിക്കുമല്ലോ .... വരൂ, കർത്താവിന്റെ അരൂപീ .... വരൂ ... വരൂ... സമാധാനത്തിന്റെ രാജാവേ വരൂ ....." ഈ പ്രാർത്ഥനയിൽ ലയിച്ച് മേരി എല്ലാം മറന്നിരിക്കുന്നു.
                വാതിൽവിരി പിന്നിൽനിന്ന് ആരോ പൊക്കിയതുപോലെയോ കാറ്റു കയറുവാൻ വലിച്ചുമാറ്റിയതുപോലെയോ പെട്ടെന്ന് മാറുന്നു. വെള്ളിയുടെ തെളിമയും മുത്തിന്റെ ധവളതയും കൂടിക്കലർന്നതുപോലെ ഒരു പ്രകാശം ഭിത്തികളെ ശോഭയുള്ളതാക്കുന്നു. സംഭവിക്കാൻ പോകുന്ന മഹാരഹസ്യത്തിന്മേൽ ഒരു മറയെന്നതുപോലെ വിരി വാതിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നു. മുഖ്യദൈവദൂതൻ മേരിയെ താണുവണങ്ങുന്നു.
"വന്ദനം മേരീ, കൃപാവരപൂരിതേ വന്ദനം. " ദൈവദൂതന്റെ അഭിവാദനം കേട്ട് മേരി നടുങ്ങിപ്പോയി. തലതാഴ്ന്നു പ്രകാശിക്കുന്ന ഒരു രൂപം ഏതാനുംവാര അകലെ മുട്ടുകുത്തി നിൽക്കുന്നതുകണ്ടപ്പോൾ അവൾ ഒന്നുകൂടി നടുങ്ങി. വളരെ വണക്കത്തോടെ ഇരുകരങ്ങളും മാറോടു ചേർത്തുവച്ച് ആ രൂപം മേരിയെ നോക്കുന്നു.
മേരി ചാടിയെണീറ്റ് ഭിത്തിയുടെ അരികിലേക്കുമാറി പറ്റിപ്പിടിച്ചു നിൽക്കുന്നു. അവളുടെ മുഖം മാറിമാറി ചുമക്കുകയും വിളറുകയും ചെയ്യുന്നു. ശരീരം പാടുള്ളിടത്തോളം മറയ്ക്കാൻ വേണ്ടി അവൾ കുനിഞ്ഞുനിൽക്കുന്നു. പ്രശാന്തമായ വിനയത്തിന്റെ ഭാവം
"വേണ്ട; പേടിക്കേണ്ട , കർത്താവ് നിന്നോടുകൂടെ; എല്ലാ സ്ത്രീകളിലും വച്ച് നീ അനുഗ്രഹീതയാകുന്നു....." മേരിക്ക് എന്നിട്ടും പേടി തന്നെ. ഈ അസാധാരണരൂപം എവിടെനിന്നു വരുന്നു? ഇതു ദൈവത്തിന്റെ സന്ദേശവാഹകനോ
"ഒട്ടും ഭയപ്പെടേണ്ട മേരീ," ദൈവദൂതൻ ആവർത്തിച്ചു പറയുന്നു. "ഞാൻ ദൈവത്തിന്റെ ദൂതനായ ഗബ്രിയേൽ ആണ്. എന്റെ കർത്താവ് എന്നെ നിന്റെ പക്കലേക്ക് അയച്ചിരിക്കുകയാണ്. ഒട്ടും പേടിക്കേണ്ട. കാരണം ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് '"ഈശോ'" എന്നു പേരിടണം. അവൻ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രൻ എന്ന് അവൻ വിളിക്കപ്പെടും. കർത്താവായ ദൈവം ദാവീദിന്റെ സിംഹാസനം അവനു നൽകും. യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ ഭരണം നടത്തും. അവന്റെ ഭരണത്തിന് അവസാനമുണ്ടാവുകയില്ല."
"ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ..... അപ്പോൾ ഇതെങ്ങനെ സംഭവിക്കും? ഒരുപക്ഷേ കർത്താവായ ദൈവം തന്റെ സ്നേഹത്തിനായി ഞാൻ കന്യകയായിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലായിരിക്കാം... തന്റെ ദാസിയുടെ അർപ്പണം ഇനിമുതൽ സ്വീകരിക്കുന്നുമില്ലായിരിക്കാം."
"മേരീ, പുരുഷന്റെ പ്രവൃത്തിയാലല്ല നീ അമ്മയാകാൻ പോകുന്നത്. നീ നിത്യകന്യകയാണ്. ദൈവത്തിന്റെ വിശുദ്ധയായ കന്യക. ദൈവത്തിന്റെ അരൂപി നിന്റെമേൽ ആവസിക്കും. അത്യുന്നതന്റെ ശക്തി അതിന്റെ നിഴലിൽ നിന്നെ ആവരണം ചെയ്യും. അതിനാൽ നിന്നിൽ നിന്നും ജനിക്കുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നമ്മുടെ കർത്താവായ ദൈവത്തിനു് എല്ലാം ചെയ്യാൻ കഴിയും. നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർദ്ധക്യത്തിൽ ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. നിന്റെ പുത്രന്റെ പ്രവാചകനും അവനു വഴിയൊരുക്കുന്നവനുമായിരിക്കും ആ ശിശു. കർത്താവ് അവളുടെ അപമാനം നീക്കിക്കളഞ്ഞു. നിന്റെ പുത്രന്റെ നാമത്തോടുകൂടി അവളുടെ പുത്രന്റെ നാമം ചേർന്നിരിക്കുന്നതുപോലെ നിന്റെ നാമത്തോടുകൂടി അവളുടെ സ്മരണയും ജനങ്ങളുടെ ഇടയിൽ നിലനിൽക്കും. യുഗാന്ത്യം വരെ നീ അനുഗ്രഹീതയെന്നു വിളിക്കപ്പെടും. കാരണം കർത്താവിന്റെ കൃപ നിങ്ങൾ രണ്ടുപേരോടും കൂടെ, പ്രത്യേകിച്ച് നിന്നോടുകൂടെയുണ്ടായിരിക്കുന്നു. നീ വഴിയായി എല്ലാ ജനതകളിലേക്കും കൃപാവരം വന്നിരിക്കുന്നു. എലിസബത്തിന് ഇത് ആറാംമാസമാണ്. മേരീ, കൃപാവരപൂരിതേ, കർത്താവിന് അസാദ്ധ്യമായത് ഒന്നുമില്ല. എന്റെ കർത്താവിനോട് ഞാനെന്താണു പറയേണ്ടത്? ഒരു ചിന്തയും നിന്നെ അസ്വസ്ഥയാക്കാതിരിക്കട്ടെ. നീ അവനിൽ പ്രത്യാശ വച്ചാൽ നിന്റെ താൽപ്പര്യങ്ങളെല്ലാം അവിടുന്ന് കാത്തു കൊള്ളും. ലോകവും സ്വർഗ്ഗവും നിത്യപിതാവും നിന്റെ വാക്കിനായി കാത്തിരിക്കുന്നു."
മേരി അവളുടെ ഇരുകരങ്ങളും മാറോടുചേർത്തുവച്ച് താണുവണങ്ങിക്കൊണ്ടു പറയുന്നു: "ഞാൻ കർത്താവിന്റെ ദാസിയാകുന്നു. നീ പറഞ്ഞത് എന്നിൽ സംഭവിക്കട്ടെ."
ദൈവദൂതൻ സന്തോഷാധിക്യത്താൽ പ്രകാശമാനനാകുന്നു. അവൻ മുട്ടുകുത്തി ആരാധിക്കുന്നു. കാരണം ദൈവത്തിന്റെ അരൂപി, സമ്മതം നൽകി ശിരസ്സു നമിച്ചു നിൽക്കുന്ന കന്യകയുടെ മേൽ വരുന്നത് അവൻ കാണുന്നു.