(പരിശുദ്ധ 'അമ്മ ഫാ.സ്‌റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)
"ഒരു തള്ളപ്പക്ഷി ചിറകിൻകീഴിൽ തൻ്റെ കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതുപോലെ എത്ര പ്രാവശ്യം നിൻ്റെ മക്കളെ സംരക്ഷിക്കുന്നതിന് ഞാൻ ആഗ്രഹിച്ചു! എന്നാൽ എന്നെ നീ തിരസ്കരിച്ചു. നിൻ്റെ സമാധാനത്തിൻ്റെതായ ദിവസങ്ങൾ നീ അറിഞ്ഞിരുന്നെങ്കിൽ!"
എൻ്റെ മകൻ യേശുവിൻ്റെ വിലാപസ്വരം ഞാൻ വീണ്ടും കേൾക്കുന്നു. നിങ്ങളുടെ അമ്മയായ ഞാനും എൻ്റെ മാതൃസ്നേഹത്തിന്റെ ചിറകിൻകീഴിൽ അഭയം തേടുന്നതിന് എത്ര പ്രാവശ്യം നിങ്ങളെ വിളിച്ചിട്ടുണ്ട്? ഇപ്പോൾ ക്ലേശങ്ങളുടെ ദിവസങ്ങൾ വന്നു കഴിഞ്ഞു.
എൻ്റെ അഭ്യർത്ഥനകൾ സ്വീകരിക്കപ്പെട്ടില്ല. എൻ്റെ അസാധാരണമായ ഇടപെടലുകളെ അവർ വിശ്വസിച്ചില്ല.
ജറുസലേമിൽ എല്ലാ പ്രവാചകന്മാരേയും മരണത്തിനു വിധേയരാക്കിയതുപോലെ, വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായായ അവിടുന്ന് ത്യജിക്കപ്പെട്ട്, അപമാനിക്കപ്പെട്ട് മരണത്തിനു വിധിക്കപ്പെട്ടു. അതുപോലെ, പുതിയ ഇസ്രായേലായ സഭയും ഈ അവസാനനാളുകളുടെ പ്രവാചകിയായ എൻ്റെ രക്ഷാകരപ്രവൃത്തിയെപ്പറ്റി പലപ്പോഴും മൗനം പാലിച്ചും അതിനെ തിരസ്‌കരിച്ചും വിഘാതപ്പെടുത്തുന്നു.
പലവിധത്തിലും ഞാൻ സംസാരിച്ചു. എന്നാൽ, എൻ്റെ വാക്കുകൾ ശ്രവിക്കപ്പെട്ടില്ല. പലപ്രകാരത്തിലും ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി. എന്നാൽ, ഞാൻ നൽകിയ അടയാളങ്ങൾ ആരും വിശ്വസിച്ചില്ല. എൻ്റെ പ്രത്യക്ഷപ്പെടലുകളെപ്പറ്റി അവർ വാദപ്രതിവാദം നടത്തി. ഓ, പുതിയ ജറുസലേമേ, യേശുവിൻ്റെ സഭയേ, ദൈവത്തിൻ്റെ പുതിയ ഇസ്രായേലേ, തള്ളപ്പക്ഷി കുഞ്ഞുങ്ങളെ തൻ്റെ ചിറകിൻകീഴിൽ ശേഖരിക്കുന്നതുപോലെ നിങ്ങളെ ശേഖരിക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചു!! എൻ്റെ സമാധാനത്തിൻ്റെ ദിവസങ്ങൾ നിങ്ങൾ അറിഞ്ഞില്ല.
എന്നാൽ, ഇപ്പോൾ വലിയ ക്ലേശങ്ങൾ നിൻ്റെമേൽ വരും. ഒരു കൊടുംകാറ്റിൻ്റെയും ചുഴലിക്കാറ്റിൻ്റെയും ആഘാതം നിൻ്റെമേൽ പതിക്കും. മനുഷ്യൻ്റെ അഹങ്കാരം നിന്നിൽ നിർമ്മിച്ച മഹൽക്കാര്യങ്ങളിൽ കല്ലിന്മേൽ കല്ല് അവശേഷിക്കുകയില്ല.
ഓ, പുതിയ ജറുസലേമേ, മാനസാന്തരത്തിനും ആന്തരിക ശുദ്ധീകരണത്തിനുമായി ഇന്ന് ഞാൻ നൽകുന്ന ക്ഷണം സ്വീകരിക്കുക. അങ്ങനെ, നീതിയുടേയും വിശുദ്ധിയുടേയും പുതുയുഗം നിന്നിൽ പ്രശോഭിക്കും. നിൻ്റെ പ്രകാശം ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും വ്യാപിക്കും. സ്നേഹത്തിന്റെയും സമാധാനത്തിൻ്റെയും മഹത്വപൂർണ്ണമായ ഭരണം എൻ്റെ മകനായ യേശു നിങ്ങളുടെയിടയിൽ സംസ്ഥാപിക്കും.