ജാലകം നിത്യജീവൻ: ഡയാനാ രാജകുമാരിയുമായുള്ള കണ്ടുമുട്ടൽ

nithyajeevan

nithyajeevan

Tuesday, August 17, 2021

ഡയാനാ രാജകുമാരിയുമായുള്ള കണ്ടുമുട്ടൽ

 (വാലൻറ്റീന  പാപ്പാഗ്നയുടെ   23-07-2017 ലെ  വിവരണത്തിൽ നിന്ന്)

 



       1997 ഓഗസ്റ്റ് 31 - ഞായറാഴ്ച..    അന്നു കാലത്ത് ഞാൻ പള്ളിയിൽ പോയി. ഡയാനാ രാജകുമാരിക്കു പാരീസിൽവെച്ചു നേരിട്ട കാറപകടത്തെപ്പറ്റിയുള്ള വാർത്ത ഞങ്ങളുടെ നാട്ടിലുമെത്തിയിരുന്നു.  പള്ളിയിൽനിന്ന് തിരിച്ചുവന്നപ്പോൾ തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന എൻ്റെ സഹോദരി, ഡയാനായുടെ മരണവിവരം എന്നെ അറിയിച്ചു. അവൾ കരയുകയായിരുന്നു. 




       ഞാനും കരയാൻ തുടങ്ങി. എനിക്കയ്ക്കവരെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.  എന്നാൽ, പെട്ടെന്നുതന്നെ ഞാനോർമിച്ചു; അവർക്ക് വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്.. അവിചാരിതമായും ഒരുക്കമില്ലാതേയും മരണമടയുന്ന ആത്മാക്കൾക്ക് വളരെയേറെ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ശുദ്ധീകരാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാളെന്ന നിലയിൽ  എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചതാണിത്.  പെട്ടെന്നുതന്നെ ഞാനവൾക്കുവേണ്ടി ഒരു തിരി കത്തിച്ചു; കൊന്ത ചൊല്ലാൻ തുടങ്ങി. അവളുടെ ആത്മാവി
ൻ്റെ മേൽ കരുണയായിരിക്കണമേ എന്ന് ഈശോയോട് മുട്ടിപ്പായി പ്രാർഥിച്ചു.. 

                                പിറ്റേന്ന് വെളുപ്പിന് അഞ്ചു മണിയാകാറായപ്പോൾ വലിയൊരു ശബ്‌ദം  കേട്ട് ഞാനുണർന്നു.  ശ്വാസംമുട്ടലുള്ള ഒരാൾ വളരെ വിമ്മിഷ്ടപ്പെട്ട് ശ്വാസം കഴിക്കുന്നതുപോലെയുള്ള ഒരു സ്വരമായിരുന്നു അത്. 

                 ഞാൻ കണ്ണുതുറന്നപ്പോൾ എൻ്റെ കിടക്കയ്ക്ക് അരികിലായി ഡയാനാ രാജകുമാരിയെക്കണ്ടു. പെട്ടെന്നുതന്നെ ഞാനവളെ തിരിച്ചറിഞ്ഞു. അവളുടെ കണ്ണുകളൊഴികെ മുഖത്തിൻ്റെ ബാക്കിഭാഗങ്ങൾ ഒരു മുഖംമൂടികൊണ്ടെന്നപോലെ മറഞ്ഞിരുന്നു.

ഞാനവളോടു പറഞ്ഞു; ഡയാനാ,  നീ പോകൂ.. കർത്താവിന്റെ അടുത്തേക്കു പോകൂ.. നിൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ..

എന്നാലവൾ പോയില്ല. ഞാൻ വീണ്ടും വീണ്ടും ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.. എനിക്കു പേടി തോന്നി; എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാൻ ബെഡ്ഷീറ്റ് തലവഴി മൂടിയിട്ട് ഈശോയെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. 

അവസാനം, ഏറെ സമയത്തിനു ശേഷം അവൾ പോയി.. ഞാൻ ആശ്വസിച്ചു... കുരിശുവരച്ചതിനു ശേഷം ഞാൻ കൊന്ത ചൊല്ലാൻ തുടങ്ങി.  അന്നത്തെ  പ്രഭാതബലിയിൽ  പ്രത്യേകമായി അവൾക്കുവേണ്ടി പ്രാർഥിച്ചു.  എൻ്റെ ആത്മീയപിതാവായ ഫാ. വലേറിയനോട് എൻ്റെ അനുഭവം പങ്കുവെച്ചു.  അവൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടോ എന്ന് ഫാ.വലേറിയൻ ചോദിച്ചു.  ഇല്ലെന്നും എന്നാൽ  ആസ്മാരോഗമുള്ള ഒരാൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നതുപോലെ വളരെ  ബുദ്ധിമുട്ടിയാണ്  അവൾ ശ്വാസമെടുത്തിരുന്നത് എന്നും ഞാൻ പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു; "അവൾ വളരെയധികം സഹിക്കുന്നുണ്ട്; അതാണവൾക്കു സംസാരിക്കാൻ സാധിക്കാതിരുന്നത്."

ആ നിമിഷം മുതൽ ഞാൻ ഡയാനാ രാജകുമാരിക്കുവേണ്ടി എന്നും തീക്ഷ്ണമായി പ്രാർത്ഥിക്കാൻ തുടങ്ങി..

ഡിസംബർ മാസമായി..  ഞാൻ ക്രിസ്തുമസ്സിനായി ഒരുങ്ങുകയായിരുന്നു.  എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റുമായി ക്രിസ്മസ് കാർഡുകൾ അയയ്ക്കാനാരംഭിച്ചു.

രാത്രികളിൽ ഞാൻ വളരെ വൈകിയാണ് ഉറങ്ങാറുള്ളത്.  പ്രാർത്ഥനകളൊക്കെ കഴിഞ്ഞു കിടക്കുമ്പോൾ മിക്കപ്പോഴും ഒന്നര മണിയൊക്കെയാകും.

ഡിസംബറിലെ ഒരു രാത്രിയിൽ എൻ്റെ കിടപ്പുമുറിയിൽ ഞാൻ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എൻ്റെ പിന്നിൽനിന്ന് ആരോ എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

"വാലൻറ്റീനാ  !  എനിക്കും ഒരു ക്രിസ്മസ് കാർഡ് അയയ്ക്കുമോ?"

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡയാനാ രാജകുമാരിയുടെ രൂപം  കണ്ടു.  

അവൾ മനോഹരിയായി കാണപ്പെട്ടു. ആദ്യം കണ്ടപ്പോൾ അവളുടെ മുഖത്തു ഞാൻ കണ്ട മുഖംമൂടി ഇപ്പോഴുണ്ടായിരുന്നില്ല... 

വീണ്ടും അവൾ അഭ്യർഥിച്ചു; "പ്ലീസ്, വാലൻറ്റീനാ !  ദയവായി എനിക്കുകൂടി ഒരു  ക്രിസ്മസ് കാർഡ് അയയ്ക്കൂ.."

ഞാൻ ആശയക്കുഴപ്പത്തിലായി.. ഞാൻ ചോദിച്ചു; "പക്ഷെ,  എങ്ങോട്ടേക്കാണ് അയയ്‌ക്കേണ്ടത്?"

പെട്ടെന്ന് അവൾ അപ്രത്യക്ഷയായി!

കിടക്കാൻപോകുമ്പോഴും ഇതുതന്നെയായിരുന്നു എൻ്റെ ചിന്ത. എന്തുകൊണ്ടാണ് തനിക്കൊരു ക്രിസ്മസ് കാർഡയയ്ക്കാൻ ഡയാന ആവശ്യപ്പെട്ടത്? എങ്ങോട്ടേക്കാണ് അത് അയയ്‌ക്കേണ്ടത്? എൻ്റെ ചിന്തകളെല്ലാം ഈശോയ്ക്ക് സമർപ്പിച്ച് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. എന്നാൽ, ഈശോ ഒരു മറുപടിയും തന്നില്ല.  മൂന്നാം ദിവസം പ്രഭാതത്തിൽ ഞാൻ ബലിയർപ്പണത്തിനായി  പോയി.  കുർബാനസമയത്തും ഇക്കാര്യം എൻ്റെ ചിന്തയിൽനിന്നു വിട്ടുപോയില്ല.  

"എന്തുകൊണ്ടായിരിക്കാം ഡയാന അങ്ങനെ പറഞ്ഞത്? എന്താണിതിൻ്റെയൊക്കെ അർത്ഥം ?"

ഒരു ഉത്തരവും കിട്ടിയില്ല.

ക്രിസ്മസ് സമീപിച്ചുകൊണ്ടിരുന്നു. ഞാൻ ക്രിസ്മസ് കാർഡുകൾ അയയ്‌ക്കുന്നത്‌ തുടർന്നു.

ഒരു രാത്രിയിൽ പ്രാർത്ഥനയ്ക്കു ശേഷം  വളരെ വൈകി ഞാൻ കിടക്കാനൊരുങ്ങുമ്പോൾ  ഈശോയുടെ മനോഹരമായ തിരുഹൃദയ രൂപത്തിലേക്കുനോക്കി അന്നത്തെ ദിവസത്തിനു നന്ദി പറഞ്ഞു.  പെട്ടെന്ന് എനിക്കു പിടികിട്ടി, ഡയാന എന്നോട് എന്താണ് ആവശ്യപ്പെട്ടതെന്ന്..

ഞാൻ ഉച്ചത്തിൽ എന്നോടുതന്നെ പറഞ്ഞു; എന്തൊരു മണ്ടിയാണു ഞാൻ!

ഈശോയോടായി ഞാൻ പറഞ്ഞു: "ക്രിസ്മസ് കാർഡ് എങ്ങോട്ടാണ് അയയ്‌ക്കേണ്ടതെന്ന് എനിക്കു മനസ്സിലായി.. കർത്താവേ, ഡയാനാ രാജകുമാരിക്കല്ല, ഞാനത് അവിടുത്തേക്കാണ് അയയ്ക്കാൻ പോകുന്നത്...

ഇതാണെൻ്റെ അപേക്ഷ:

എൻ്റെ സ്നേഹമുള്ള ഈശോയേ,  എൻ്റെ പേരിലും ഡയാനാ രാജകുമാരിയുടെ പേരിലും ഞാനവിടുത്തോട് അപേക്ഷിക്കുന്നു; ഈ ക്രിസ്മസ്സിന് സ്വർഗ്ഗത്തിലെത്താനുള്ള കൃപ അവൾക്കു നൽകണമേ.. നന്ദി ഈശോയെ.."

പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസം അനുഭവപ്പെട്ടു.  ഇത് മനസ്സിലാക്കാൻ ഇത്രയും സമയം എടുത്ത ഞാൻ എന്തൊരു മണ്ടിയാണ്? എന്തായാലും പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു. 

അവസാനം ഞാൻ കിടക്കാനൊരുങ്ങി.  സുഖമായൊരുറക്കം  പ്രതീക്ഷിച്ചാണ് ഞാൻ കിടന്നത്. പക്ഷേ, അതല്ല സംഭവിച്ചത്.  ഡയാനയ്ക്കുവേണ്ടിയുള്ള എൻ്റെ പ്രാർത്ഥന സമർപ്പിച്ച് അരമണിക്കൂറിനകം എനിക്ക് ശരീരത്തിൽ അസ്വസ്ഥതകളനുഭവപ്പെടാൻ തുടങ്ങി. കടുത്ത പനിയും ശരീരനൊമ്പരവും മൂലം ഞാൻ വലഞ്ഞു. മരിക്കാൻ പോകുന്നതുപോലെ എനിക്ക് തോന്നി.  എൻ്റെ മകനെപ്പോലും  ഒന്നുവിളിക്കാൻ പറ്റാതെ മരിക്കേണ്ടി വരുമല്ലോ എന്നു  ഞാൻ ചിന്തിച്ചു. ഈശോയെയും മാതാവിനെയും മാറി മാറി വിളിച്ച് ഞാൻ പ്രാർത്ഥനയോടെ കിടന്നു. ആരും എൻ്റെ സഹായത്തിനു വന്നില്ല. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഈശോ പ്രത്യക്ഷനായി. മൃദുവായ ഒരു പുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു:  വാലൻറ്റീനാ,  നീ ഇത്രമാത്രം സഹിക്കേണ്ടി വരുന്നതിൽ എനിക്കു ദുഃഖമുണ്ട്.  എന്നാൽ, നീ മരിക്കുകയില്ല.  നീ അപേക്ഷിച്ച കൃപ ലഭിക്കുന്നതിന് നീ സഹിക്കേണ്ടതുണ്ട്."

അവിടുന്ന് വീണ്ടും പറഞ്ഞു: "നന്നായി സഹിക്കുക! സന്മനസ്സോടെ സഹിക്കുക!"

ഇതു പറഞ്ഞിട്ട് അവിടുന്ന് അപ്രത്യക്ഷനായി !

രാത്രി മുഴുവൻ എൻ്റെ വേദനകളും സഹനവും  തുടർന്നു.   രാവിലെ ഏഴുമണിയായപ്പോൾ ഈശോ വീണ്ടും വന്നു. അവിടുത്തെ  പരിശുദ്ധമായ കരങ്ങൾ  എൻ്റെ ശിരസ്സിൽ വച്ചു. തൽക്ഷണം എൻ്റെ വേദനയും അസ്വസ്ഥതകളും മാറി! എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ കുഞ്ഞേ, ഈ സഹനങ്ങളെ പ്രതി ഞാൻ നിനക്കു നന്ദി പറയുന്നു. ഇനി ശാന്തമായി അൽപ്പം  വിശ്രമിക്കൂ.."

ഇതിനായിട്ടാണ് ഡയാനാ രാജകുമാരി എൻ്റെയരികിൽ വന്നതെന്ന് എനിക്കു മനസ്സിലായി. 

പൂജ്യരാജാക്കന്മാരുടെ തിരുനാളിനുശേഷം, മാലാഖ എൻ്റെയടുത്ത് വന്നുപറഞ്ഞു: "വരൂ, നീ പ്രാർത്ഥനയാൽ സഹായിച്ച ഒരാളിനെ ഞാൻ കാണിച്ചുതരാം.."

പെട്ടെന്നുതന്നെ ഞങ്ങൾ മനോഹരമായ ഒരുദ്യാനത്തിലെത്തി.  മാലാഖ പറഞ്ഞു: " ഇതാണ് ഡയാനാ രാജകുമാരിയുടെ അന്ത്യവിശ്രമസ്ഥലം.  അവളിപ്പോൾ സ്വർഗത്തിലാണ്.."

          എനിക്ക് അത്യധികമായ സന്തോഷം അനുഭവപ്പെട്ടു.  എൻ്റെ ചെറിയൊരു സഹായവും  സഹനവും  കൊണ്ട് അവളെ സഹായിക്കാൻ  അനുവദിച്ചതിന് ദൈവത്തിനു ഞാൻ നന്ദി പറഞ്ഞു.

എന്നെങ്കിലും അവളുടെ പുത്രന്മാരെ കാണാനിടവരികയാണെങ്കിൽ ഈ അനുഭവം അവരോടു  പറയുവാൻ ഞാനാഗ്രഹിക്കുന്നു.  അവർക്കിത് സന്തോഷകരമാകുമെന്നും ഞാൻ പ്രത്യാശിക്കുന്നു.  

അവളുടെ മരണത്തിൻ്റെ ഇരുപതാം വാർഷികത്തിൽ  ഇത് പരസ്യമാക്കാൻ ആഴമായ ഒരു ദൈവികപ്രേരണ   ലഭിച്ചതിനാലാണ് ഇത് എഴുതിയത്.

ഈശോ  പറഞ്ഞു:  "നിൻ്റെ അനുഭവങ്ങൾ നീ പങ്കുവെച്ചത്  എന്തുകൊണ്ടും നന്നായി. ഇത് അനേകരെ സ്വാധീനിക്കുകയും സ്പർശിക്കുകയും ചെയ്യും. മരണമെന്നത് ആരുടേയും  അവസാനമല്ലെന്നും പുതിയൊരു ജീവിതത്തിൻ്റെ ആരംഭമാണെന്നും അവർ മനസ്സിലാക്കും."

ഡയാനാ രാജകുമാരി ഒരിക്കൽക്കൂടി എനിക്ക് പ്രത്യക്ഷയായി. ഇപ്രാവശ്യം ഒരു മാലാഖയും അവളോടൊപ്പമുണ്ടായിരുന്നു!  വളരെ സന്തോഷവതിയായി അവൾ പറഞ്ഞു: "വാലൻറ്റീനാ,  നീ എനിക്കു ചെയ്ത എല്ലാ സഹായങ്ങൾക്കും ഞാൻ നന്ദി പറയുന്നു."

ധവളവസ്ത്രത്തിൽ അവൾ അതിമനോഹരിയായിരുന്നു!! 

(1997 ഓഗസ്റ്റ് 31 വെളുപ്പിന് 4 മണിക്ക്  ഡയാനാ രാജകുമാരി  പാരീസിൽവെച്ചുണ്ടായ  ഒരു കാറപകടത്തിൽ മരണമടഞ്ഞു. )