ജാലകം നിത്യജീവൻ: ജീവിതലക്ഷ്യം

nithyajeevan

nithyajeevan

Tuesday, September 24, 2013

ജീവിതലക്ഷ്യം

                   ഈശോ പറയുന്നു:   "എനിക്കു വളരെ സന്തോഷം തരാൻ നീ കുറച്ചു മാത്രം ചെയ്താൽ മതി. നിനക്ക്  ദൈവത്തെക്കുറിച്ച് കൂടുതൽ പൂർണ്ണമായ  അറിവുണ്ടായിരുന്നെങ്കിൽ ഇതു മനസ്സിലാകുമായിരുന്നു.  മനുഷ്യന്റെ ഗുണങ്ങൾ വച്ചാണ് നീ മിക്കപ്പോഴും ദൈവത്തെ വിധിക്കുന്നത്. നീ ഒന്നുമല്ലെന്നും എന്റെ ദാനങ്ങൾക്ക് അയോഗ്യയാണെന്നും ഓർക്കുക. ഈ വർഷം ഞാൻ  നിനക്കു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിന്റെ ഹൃദയം സ്നേഹം കൊണ്ടു നിറയട്ടെ...  എന്റെ പരിശുദ്ധിയോടടുത്തു വരാനുള്ള ആഗ്രഹം കൊണ്ടു നിറയട്ടെ... നിന്റെ ആഗ്രഹങ്ങൾ എന്നെ പ്രസാദിപ്പിക്കുന്നു.   നിന്റെതന്നെ പരിശ്രമം കൊണ്ട് അവ നേടിയെടുക്കാമെന്ന് ശരണപ്പെടരുത്. മറിച്ച്, നിന്നെ സഹായിക്കാൻ എന്നോടു പറയുക. ആദ്ധ്യാത്മികതലത്തിൽ നിന്റെ ഇഷ്ടത്തെ മാറ്റിവയ്ക്കുക;  നീ സത്യത്തിന്റെ വേഗതയേറിയ വഴിയിലായിരിക്കും.  ഞാൻ  ദൈവമായിരുന്നിട്ടും എന്നെ അയച്ച എന്റെ പിതാവിന്റെ ഇഷ്ടം മാത്രമേ ഞാൻ  ചെയ്തുള്ളൂ.   തീർച്ചയായും അതൊരു രഹസ്യമാണ്. എന്നാൽ അതു വിശ്വസിക്കുക. എന്റെ ഹിതത്തിനെതിരായുള്ള നിന്റെ ഇഷ്ടങ്ങളിൽ നിന്ന് ഓടിയകലുമ്പോൾ സന്തോഷിക്കുവാൻ നീ പതിയെപ്പതിയെ പഠിക്കും. നീ പരിപൂർണ്ണയാകാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ ഭവനത്തിൽ വസിക്കും. നിന്റെ ഈ ഭൂമിയിലെ ജീവിതം അതിനുവേണ്ടി മാത്രമാണ്..
                    എന്റെ വിശ്വസ്തരായവരെ ഞാനെപ്പോഴും വിശ്വസ്തതയോടെ കൂടെ നടത്തുകയും എനിക്കായി സഹിക്കാനാഗ്രഹിക്കുന്നവർക്ക് ശക്തിയും സമാശ്വാസവും നൽകുകയും ചെയ്യുന്നു. അവർ എനിക്കായി സഹിക്കുന്നവ, ഞാൻ  അവർക്കു മുമ്പേ സഹിച്ചു; കാരണം, എന്റെ സ്നേഹിതരുടെ സഹനങ്ങളിൽ ഞാനും സഹിക്കുന്നു.  നിനക്കു പ്രിയപ്പെട്ട ഒരാൾ സഹിക്കുന്നതു കാണുമ്പോൾ നിനക്കും വേദനിക്കില്ലേ? എല്ലാ സ്നേഹിതരിലും വച്ച് ഏറ്റം ആർദ്രഹൃദയനായവൻ ഞാനല്ലേ? ഓ, എന്നെ വിശ്വസിക്കുക; കാരണം അതാണു സത്യം. എന്നെ കൂടുതലായി സ്നേഹിക്കാൻ അതു നിന്നെ ശക്തിപ്പെടുത്തും. ഓരോ ദിവസവും ഇത്തിരി കൂടി - അങ്ങനെ സാവധാനം,  നിന്റെ ആത്മാവിനെ ഭാരപ്പെടുത്താതെ...  വിശുദ്ധമായ ആഗ്രഹങ്ങൾ കൂടെക്കൂടെ പുലർത്തുക.  ഹൃദയത്തിന്റെ ഒരു ചെറിയ ഉയർത്തൽ, വാത്സല്യം നിറഞ്ഞ ഒരു നോട്ടം, സന്തോഷപൂർണ്ണമായ വിശ്വസ്തത, എളിമയുടെ ഒരു മൗനം, എന്നെപ്രതി ഒരു കാരുണ്യപ്രവൃത്തി... ഒരിക്കലും എനിക്കു   നന്ദി പറയാതിരിക്കരുത്..."

- Our Lord to  Gabrielle Bossis  (From 'He and I')