ജാലകം നിത്യജീവൻ: ക്രിസ്മസ് രാത്രിയിൽ അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നു..

nithyajeevan

nithyajeevan

Thursday, December 12, 2013

ക്രിസ്മസ് രാത്രിയിൽ അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നു..


ഒരു പുരോഹിതൻ്റെ അനുഭവം    


വിശുദ്ധനും പണ്ഡിതനുമായ ഒരു വൈദികൻ, തന്റെ ആദ്യ ഇടവകയുടെ ചുമതലയിൽ ഇരിക്കുമ്പോഴാണ് തീർത്തും  അസാധാരണമായ ഈ സംഭവത്തിനു സാക്ഷിയായത്.   

ഒരു ക്രിസ്മസ് രാത്രിയിൽ പാതിരാക്കുർബാനയ്ക്കു ശേഷം അദ്ദേഹം തന്നെ പള്ളിയെല്ലാം പൂട്ടി ഉറങ്ങാനായി പോയി.  പിറ്റേന്നു രാവിലെ ഏഴര മണിയോടെ  തൻ്റെ വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി അദ്ദേഹം തനിച്ചു പള്ളിയിലെത്തി,  സാക്രിസ്റ്റിയിലേക്കു തുറക്കുന്ന സൈഡു വാതിൽ  തുറന്ന് പള്ളിയിലെ എല്ലാ ലൈറ്റുകളുമിട്ടു. അനന്തരം, പള്ളിക്കകത്തേക്കു പ്രവേശിച്ച അദ്ദേഹം, അക്ഷരാർഥത്തിൽ മരവിച്ചു നിന്നുപോയി.. വില കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച അപരിചിതരായ ഒരു കൂട്ടം ആളുകൾ, പള്ളിയിലെ ബെഞ്ചുകളിൽ നിശബ്ദരായിരുന്നു പ്രാർഥിക്കുന്നു!  വേറൊരു ചെറിയ ഗണം ആളുകൾ,  പള്ളിക്കകത്ത് ഒരുക്കിയിരുന്ന  പുൽക്കൂടിനു മുൻപിൽ നിശബ്ദരായി ധ്യാനിച്ചുകൊണ്ടു നിൽക്കുന്നു!!

 പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നുണർന്ന  വൈദികൻ, ഉച്ചത്തിൽ അവർ ആരാണെന്നും എങ്ങിനെയാണവർ പള്ളിക്കുള്ളിൽ കടന്നതെന്നും ചോദിച്ചു.  ആരും ശബ്ദിച്ചില്ല.  അവരുടെ അടുത്തേക്കു ചെന്ന് വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ആ കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു; " ക്രിസ്മസ് രാത്രിയിൽ അസാധാരണമായ കാര്യങ്ങൾ  സംഭവിക്കുന്നു...." വീണ്ടും കടുത്ത  നിശബ്ദത..  
   പള്ളിയിലെ പ്രധാന വാതിലും മറ്റു വാതിലുകളും    പരിശോധിച്ച  വൈദികൻ,അവയെല്ലാം പൂട്ടിയ നിലയിൽത്തന്നെയാണെന്നു  കണ്ടു.. വിസ്മയത്തോടെ, എന്നാൽ ഇതെങ്ങനെ സംഭവിച്ചുവെന്നു കണ്ടുപിടിക്കണമെന്ന ദൃഡനിശ്ചയത്തോടെ അവരുടെ അടുത്തേക്കു നടക്കാനൊരുങ്ങിയ അദ്ദേഹം, വീണ്ടും തരിച്ചു നിന്നു !!  ബെഞ്ചുകളെല്ലാം  ഒഴിഞ്ഞിരുന്നു!! ആളുകളെല്ലാം അപ്രത്യക്ഷരായിരുന്നു !!

ഇക്കാര്യം വളരെനാൾ അദ്ദേഹം മനസ്സിൽ  കൊണ്ടുനടന്നു ... ഒടുവിൽ, ആരോടെങ്കിലും ഇതു പങ്കുവെക്കാതെ വയ്യ എന്നായപ്പോൾ, താൻ  ഗുരുവിനെപ്പോലെ ആദരിക്കുന്ന മറ്റൊരു വൈദികനോട്  ഇക്കാര്യം പറഞ്ഞു ;  വിശദീകരണവും ആരാഞ്ഞു .  അദ്ദേഹം മറുപടി പറഞ്ഞു; "അവർ മറ്റാരുമല്ല,  മരണമടഞ്ഞ, ശുദ്ധീകരണസ്ഥലത്തെ  തങ്ങളുടെ ശുദ്ധീകരണം ദേവാലയത്തിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ആത്മാക്കളാണ്..."

"എന്തിനു ദേവാലയത്തിൽ പരിഹാരമനുഷ്ടിക്കണം?"

"നാം എവിടെ  വെച്ചാണോ പാപം  ചെയ്തത്  അവിടെ വെച്ചുതന്നെ പരിഹാരമനുഷ്ടിക്കുക എന്നത് നീതിയാണല്ലോ .   ദേവാലയത്തിൽ കണ്ട ആ ആളുകൾ  പരിപൂർണ്ണ നിശബ്ദരായാണ് പ്രാർഥിച്ചുകൊണ്ടിരുന്നത്.  എന്തായിരിക്കാം കാരണം?  നമുക്കറിയാം,  ദേവാലയത്തിനുള്ളിൽ,  പരമ പരിശുദ്ധമായ ദിവ്യകാരുണ്യത്തിനു മുൻപിൽ ആളുകൾ എത്ര അനാദരവോടെയാണ്  പെരുമാറുന്നതെന്ന് ...  ബലിയർപ്പണം നടന്നുകൊണ്ടിരിക്കുമ്പോൾപ്പോലും  ചിരിച്ചും സംസാരിച്ചും  സമയം ചെലവഴിക്കുന്ന എത്രയോ ആളുകളെ നാം കാണുന്നു ?  സക്രാരിയിലെ  ഈശോയുടെ   പരിശുദ്ധസാന്നിധ്യം  തീർത്തും  അവഗണിച്ച്  ദേവാലത്തെ ഒരു ചന്തസ്ഥലമാക്കി മാറ്റുന്നവരാണ് അധികവും.."  

"എന്തുകൊണ്ടാണ് അവർ അപ്രത്യക്ഷരായത് ?" 

"അവർ അപ്രത്യക്ഷരായതല്ല, കാഴ്ചയിൽ നിന്നു മറഞ്ഞതാണ്.. അവർ ഇപ്പോഴും ദേവാലയത്തിൽത്തന്നെയുണ്ട്;   പരിശുദ്ധ കുർബാന  എന്നത്  ഒരു പരിഹാസവിഷയമല്ല.  ജീവിതകാലത്ത് നാം ചെയ്യുന്ന ഓരോ വാക്കിനും പ്രവൃത്തിക്കും മരണശേഷം നാം വില കൊടുക്കേണ്ടി വരും.    ജീവിച്ചിരുന്നപ്പോൾ പരിശുദ്ധ കുർബാനയോടു  കാട്ടിയ അനാദരവിനും നിന്ദയ്ക്കും പരിഹാരമായി ഇപ്പോൾ അവർ നിശബ്ദരായി ആരാധനയർപ്പിക്കുന്നു.." 

"ഈ പരിഹാരം എത്ര കാലത്തേക്ക് ?"

"അത്  ദൈവനിശ്ചയം പോലെ .."

" എന്തുകൊണ്ടാണ് ഞാൻ മാത്രം ഈ കാഴ്ച കാണുവാനിടയായത്‌?

"താങ്കളും താങ്കൾ വഴി മറ്റുള്ളവരും, ഇപ്രകാരം  ദേവാലയങ്ങളിൽ  പരിഹാരം അനുഷ്ടിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ആത്മാക്കൾക്കു വേണ്ടി  പ്രാർഥിക്കുവാനായി.."

"എന്തുകൊണ്ടാണ് അവർ വില കുറഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞിരുന്നത് ?"

      "ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന അവരുടെ ആഡംബര ഭ്രമത്തിനും അഹങ്കാരത്തിനുമൊക്കെ  പരിഹാരം ചെയ്യുകയാണവർ..  നാം കാണുന്നതല്ലേ,  മാന്യമായി  വസ്ത്രധാരണം ചെയ്യാത്ത  എത്രയോ ആളുകളാണ്, പ്രത്യേകിച്ചും സ്ത്രീകൾ,  പരിശുദ്ധ കുർബാന സ്വീകരണത്തിനായി അണയുന്നത് ?  വൈദികർ ഇതിനെതിരെ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കയോ ചെയ്യാം; എന്നാൽ, ഒരു ദിവസം, ദൈവതിരുമുൻപിൽ  ഇതിന് കണക്കു കൊടുത്തേ തീരൂ ..  താങ്കൾ കണ്ട ദരിദ്ര വസ്ത്രധാരികളുടെ വസ്ത്രധാരണരീതിക്ക് മറ്റൊരു വിശദീകരണം നല്കാനില്ല..."

                                             ഗുരുനാഥനായ വൈദികൻ ഉപസംഹരിച്ചു:   "പരിശുദ്ധ കുർബാനയിൽ എഴുന്നെള്ളിയിരിക്കുന്ന ഈശോനാഥന്  അർഹമായതും നാം അർപ്പിക്കേണ്ടതുമായ  ആരാധനാവണക്കങ്ങൾ അർപ്പിക്കുവാൻ നമുക്ക് കഴിയില്ല;  പക്ഷെ, അതിനുള്ള എളിയ പരിശ്രമങ്ങളെങ്കിലും  നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം.. ദിവ്യനാഥൻ അവയിൽ  പ്രീതനാവുകയും നമ്മെ അതിധാരാളമായി അനുഗ്രഹിക്കുകയും ചെയ്യുമെന്നത് തീർച്ചയാണ് .."