ജാലകം നിത്യജീവൻ: ദൈവ പരിപാലനയില്‍ ആശ്രയിക്കുവിന്‍

nithyajeevan

nithyajeevan

Saturday, August 20, 2011

ദൈവ പരിപാലനയില്‍ ആശ്രയിക്കുവിന്‍

(മലയിലെ പ്രസംഗം - തുടര്‍ച്ച)
ഈശോ പ്രസംഗം തുടരുന്നു: "ഞാന്‍  നിങ്ങളോടു പറയുന്നു; പണമില്ല എന്നതുകൊണ്ട് നിങ്ങള്‍ ദുഃഖിക്കുകയോ ഭയപ്പെടുകയോ അരുത്. ആവശ്യമുള്ളത് നിങ്ങള്‍ക്ക്  എപ്പോഴും ലഭിക്കും.
നിങ്ങളുടെ ഉദരത്തെയോ കൈകാലുകളെയോ കാള്‍  എത്രയോ വിലപിടിച്ചതാണ് നിങ്ങളുടെ ആത്മാവ്. ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍.. അവ വിതക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല. സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയ്ക്കു ഭക്ഷണം കൊടുക്കുന്നതിനാല്‍ അവ ഒരിക്കലും വിശന്നു ചാകുന്നില്ല. പിതാവിന്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടികളായ നിങ്ങള്‍   ഇതിലും എത്രയോ അധികം വിലപ്പെട്ടവരാണ്!
നിങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചാലും സ്വന്തം ഉയരത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? ഇപ്രകാരം ഒരു ചാണ്‍ ഉയരംപോലും കൂട്ടുവാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ ഭാവി എങ്ങിനെ മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്ക്  കഴിയും?  ധനം വര്‍ദ്ധിപ്പിച്ച് ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ ദീര്‍ഘവും സന്തുഷ്ടവുമായ വാര്‍ദ്ധക്യകാലം വരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ? നിങ്ങള്‍ക്ക്     മരണത്തോട് "ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി എന്നു പറയാന്‍ കഴിയമോ?  ഇല്ല. പിന്നെ എന്തിനാണ് ഭാവിയെക്കുറിച്ചുള്ള  ഈ ഉത്ക്കണ്ഠ? ഒരു വസ്ത്രം പോലും കൂടെക്കൊണ്ടുപോകാന്‍ കഴിയാത്ത നിങ്ങള്‍  ധനസമ്പാദനത്തിനു വേണ്ടി ഇത്രയധികം പാടുപെടുന്നതെന്തിനാണ്? വയലിലെ ലില്ലികളെ നോക്കുക. അവ അധ്വാനിച്ചു പണിയെടുക്കുന്നില്ല; കച്ചവടക്കാരില്‍ നിന്നു തുണി വാങ്ങുന്നില്ല; എന്നിട്ടും അവയുടെ ഭംഗി കാണുവിന്‍... സോളമന്റെ രാജകീയമായ കുപ്പായങ്ങള്‍ക്ക്  പോലും ഇത്രമേല്‍ ഭംഗിയുണ്ടായിരുന്നില്ല.
 വയലിലെ പുല്‍ക്കൊടികളെ ദൈവം ഇത്രയധികം അണിയിക്കുന്നുവെങ്കില്‍ തന്റെ മക്കളായ നിങ്ങളെ അവിടുന്ന് എത്രയോ അധികമായി അണിയിക്കും!  പുല്‍ക്കൊടികള്‍ ഇന്ന് ഭംഗിയുള്ളവയാണെങ്കിലും നാളെ അവ അടുപ്പില്‍   വീണ് ചാരമായിത്തീരേണ്ടവയോ 
കന്നുകാലികള്‍ക്കു ഭക്ഷണമായി ചാണകമായിത്തീരേണ്ടവയോ  ആണെന്ന് ഓര്‍ക്കുക. 
നിങ്ങള്‍  ഒരിക്കലും അല്‍പ്പവിശ്വാസികളാകരുത്. അനിശ്ചിതമായ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുകയും അരുത്. നിങ്ങള്‍ക്ക്  സ്നേഹസമ്പന്നനായ ഒരു പിതാവുണ്ട്. അവിടുത്തേക്ക് നിങ്ങളുടെ ആവശ്യങ്ങള്‍   അറിയാമെന്നും അവിടുന്ന് നിങ്ങളെ സ്നേഹിക്കുവെന്നും    നിങ്ങള്‍ക്ക്    അറിയാമല്ലോ. അതുകൊണ്ട് ആ പിതാവില്‍  വിശ്വാസമര്‍പ്പിക്കുക. യഥാര്‍ത്ഥത്തില്‍  ആവശ്യമായ വിശ്വാസം, നന്മ, ഔദാര്യം, വിനയം, കാരുണ്യം, പരിശുദ്ധി, നീതി, അച്ചടക്കം എന്നിവ നിങ്ങള്‍   ആദ്യം അന്വേഷിക്കുവിന്‍. ദൈവത്തിന്റെ സ്നേഹിതന്മാരായിത്തീരുന്നതിനും അവിടുത്തെ രാജ്യത്തിന്റെ അവകാശികളായിത്തീരുന്നതിനും ഇതാണാവശ്യം.  മറ്റു കാര്യങ്ങളെല്ലാം ചോദിക്കാതെ തന്നെനിങ്ങള്‍ക്ക്   ലഭിക്കുമെന്ന് ഞാന്‍    ഉറപ്പു നല്‍കുന്നു. അതിനാല്‍ ലൗകികമായ സമ്പത്തിന്റെ പിന്നാലെ നിങ്ങള്‍    പരക്കം പായരുത്. നാളെയെ ഓത്ത് നിങ്ങള്‍ വ്യാകുലപ്പെടരുത്. നാളത്തെക്കാര്യം നാളെ നടക്കും. നാളെ നിങ്ങള്‍  ജീവിക്കുമ്പോള്‍  നിങ്ങള്‍ക്ക്  കാര്യങ്ങള്‍  നടത്താന്‍  പറ്റും. അതിനെച്ചൊല്ലി ഇന്നു ദുഃഖിക്കുന്നതെന്തിന്? ഓരോ ദിവസത്തേയും ദുഃഖം അതാതു ദിവസത്തേക്കു മതിയാകും. ദൈവത്തിന്റെ മഹത്തായ വചനമായ "ഇന്ന്" എന്ന് എപ്പോഴും  പറയുക. 

ഞാന്‍  നിങ്ങള്‍ക്ക്  എന്റെ അനുഗ്രഹം തരുന്നു. ഒരു  പുതിയ "ഇന്നി'ന്റെ ഉദയം വരെ  അത് നിങ്ങളോടു കൂടി ഉണ്ടായിരിക്കട്ടെ! 
സമാധാനത്തില്‍ പോകുവിന്‍!