ജാലകം നിത്യജീവൻ: You shall not covet your neighbour’s wife

nithyajeevan

nithyajeevan

Saturday, August 13, 2011

You shall not covet your neighbour’s wife

ഈശോ തെളിവെള്ളം (Clear Water) എന്ന സ്ഥലത്താണ്. ഒരു വലിയ ജനക്കൂട്ടത്തിന്റെ നടുവിലൂടെ ഈശോ  കടന്നു പോകുന്നു.  എല്ലാ വശത്തു നിന്നും ആളുകള്‍ ഈശോയെ വിളിക്കുന്നു.   ചിലര്‍ അവരുടെ മുറിവുകള്‍ കാണിക്കുന്നു. ചിലര്‍  എന്റെ മേല്‍ കരുണയായിരിക്കണമേ എന്നു  മാത്രം പറയുന്നു. 
             ഈശോ തന്റെ സ്ഥാനത്ത് കഷ്ടിച്ച് എത്തിയതേയുള്ളൂ. നദിയിലേക്ക് ഇറങ്ങുന്ന വഴിയില്‍ നിന്ന് സങ്കടകരമായ ഒരു വിളി  കേള്‍ക്കുന്നു. "ദാവീദിന്റെ പുത്രാ, നിര്‍ഭാഗ്യനായ ഒരു മനുഷ്യന്റെ   മേല്‍  കരുണയായിരിക്കണമേ". ആ ഭാഗത്തേക്ക് ഈശോയും ജനക്കൂട്ടവും ശിഷ്യരും നോക്കുന്നു. എന്നാല്‍ തിങ്ങി നില്‍ക്കുന്ന കുറ്റിക്കാടുകള്‍ കരയുന്ന മനുഷ്യനെ മറച്ചിരിക്കയാണ്.
"നീയാരാണ്‌? ഇറങ്ങി വരൂ."
   "എനിക്ക് വരാന്‍ കഴിയുകയില്ല. ഞാന്‍ അശുദ്ധനാണ്. ലോകത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെടാന്‍ ഞാന്‍ പുരോഹിതന്റെ
 പക്കലേക്കു പോകണം. ഞാന്‍ പാപം ചെയ്തു. കുഷ്ഠരോഗം എന്നെ പിടികൂടിയിരിക്കുന്നു. നിന്നിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു."


"കുഷ്ഠരോഗി,  ഒരു കുഷ്ഠരോഗി, ഭ്രഷ്ട്, നമുക്കയാളെ കല്ലെറിയാം..." ജനക്കൂട്ടം ബഹളം വച്ചു പറയുന്നു.

ഈശോ ആംഗ്യം കാണിച്ചുകൊണ്ട് ശാന്തമായി, നിശ്ശബ്ദരായിരിക്കാൻ ആജ്ഞാപിക്കുന്നു. "പാപത്തിലായിരിക്കുന്ന ഒരുവനേക്കാൾ കൂടുതൽ അവൻ അശുദ്ധനല്ല. ദൈവസന്നിധിയിൽ അനുതപിക്കുന്ന ഒരു കുഷ്ഠരോഗിയേക്കാൾ അശുദ്ധൻ, അനുതപിക്കാത്ത ഒരു പാപിയാണ്. വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ എന്റെ കൂടെ വരൂ."

                     ശിഷ്യന്മാരും ജിജ്ഞാസുക്കളായ കുറെയാളുകളും ഈശോയെ അനുഗമിക്കുന്നു. ഈശോ നടന്നു കുറ്റിക്കാടിനടുത്തെത്തി. അവിടെ നിന്നുകൊണ്ട് ആജ്ഞാപിക്കുന്നു:

"നിന്നെത്തന്നെ കാണിക്കുക."
                   കഷ്ടിച്ച് ഇരുപത്  ഇരുപത്തൊന്ന്  വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പ്രത്യക്ഷപ്പെടുന്നു. മൂടുപടം ധരിച്ച ഒരു ഗണം സ്ത്രീകൾ സ്നേഹത്തോടെ അവനെ വിളിക്കുകയും കരയുകയും ചെയ്യുന്നു. "ഓ, മകനേ.." എന്നു വിളിച്ചു കരഞ്ഞുകൊണ്ട് ഒരു  സ്ത്രീ അടുത്തു നിൽക്കുന്ന മറ്റൊരു സ്ത്രീയുടെ കരങ്ങളിലേക്കു വീഴുന്നു. 
                           ഈശോ തനിയെ നിർഭാഗ്യവാനായ ആ മനുഷ്യന്റെ അടുത്തേക്കു പോകുന്നു. "നിനക്കു നന്നേ ചെറുപ്പമാണല്ലോ. എങ്ങനെയാണ് നീ കുഷ്ഠരോഗിയായിത്തീർന്നത്?"

             യുവാവ് കണ്ണുകൾ താഴ്ത്തി, എന്തോ പിറുപിറുക്കുന്നു. ഈശോ ചോദ്യം ആവർത്തിക്കുന്നു. അയാൾ അൽപ്പം കൂടി തെളിവായി സംസാരിക്കുന്നുണ്ട്; എന്നാലും ഏതാനും വാക്കുകൾ മാത്രമേയുള്ളൂ. "എന്റെ അപ്പൻ..... ഞാൻ പോയി.... ഞങ്ങൾ പാപം ചെയ്തു.... ഞാൻ  മാത്രമല്ല.."

"നിന്റെ അമ്മ അവിടെയുണ്ട്.... പ്രതീക്ഷയോടു കൂടെയും കരഞ്ഞുകൊണ്ടും.... സ്വർഗ്ഗത്തിലുള്ള ദൈവം അറിയുന്നു. ഞാനും അറിയുന്നു. എന്നാൽ നിന്നോടു കരുണ കാണിക്കേണ്ടതിന് നിന്റെ സ്വയം എളിമപ്പെടുത്തൽ ഞാനാവശ്യപ്പെടുന്നു. തുറന്നു പറയൂ."

"പറയൂ മകനേ, നിന്നെ വഹിച്ച ഉദരത്തിന്മേൽ കരുണ കാണിക്കൂ." ആ സ്ത്രീ  ഒരുവിധത്തിൽ വലിഞ്ഞ് കഷ്ടപ്പെട്ട് ഈശോ നിൽക്കുന്നിടത്ത് എത്തി. അവൾ മുട്ടിന്മേൽ നിന്നുകൊണ്ട് ഒരു കൈയിൽ ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പ് പിടിച്ചിരിക്കുന്നു. മറ്റേക്കൈ മകനു നേരെ നീട്ടിക്കൊണ്ട് കണ്ണീർ പൊഴിക്കുന്നു. 
ഈശോ തന്റെ കരം അവളുടെ ശിരസ്സിൽ വയ്ക്കുകയാണ്. 
"തുറന്നു പറയൂ." ഈശോ വീണ്ടും ആവശ്യപ്പെടുന്നു.
"ഞാൻ  അമ്മയുടെ മൂത്ത മകനാണ്. ഞാൻ അപ്പനെ കച്ചവടത്തിൽ സഹായിക്കുന്നുണ്ട്.  അപ്പൻ പലപ്പോഴും എന്നെ ജറീക്കോയിലേക്കു വിട്ടിട്ടുണ്ട്; അപ്പനോടു കച്ചവടം ചെയ്യുന്ന പലരേയും കാണാൻ. അവരിൽ ഒരാൾക്ക് സുന്ദരിയായ ഒരു യുവഭാര്യയുണ്ടായിരുന്നു. എനിക്കവളെ ഇഷ്ടമായി. ഞാൻ ചെയ്യാൻ പാടില്ലാത്തതു ചെയ്തു. അവൾക്ക് എന്നെയും ഇഷ്ടമായിരുന്നു. ഞങ്ങൾ  പരസ്പരം ആഗ്രഹിച്ചു; അവളുടെ ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ ഞങ്ങൾ  പാപം ചെയ്തു. എന്താണു് സംഭവിച്ചതെന്ന് എനിക്കറിഞ്ഞു കൂടാ. എന്നെക്കൂടാതെ വേറെ പുരുഷന്മാരെ അവൾ  ആഗ്രഹിച്ചിട്ടുണ്ടോ എന്നും രോഗം അങ്ങനെ പിടിപെട്ടതാണോ എന്നും... താമസിയാതെ അവൾ  മുരടിച്ചുപോയി... ഇപ്പോൾ അവൾ ശവകുടീരത്തിനുള്ളിലാണ്. ജീവനോടെ അവൾ   കുഴിച്ചു മൂടപ്പെട്ടു. എന്നിട്ട്, ഞാൻ...ഞാൻ...  അമ്മേ, അമ്മ അതുകണ്ടല്ലോ... ഒരു  ചെറിയ പാണ്ട്... എന്നാൽ എല്ലാവരും പറയുന്നു അത് കുഷ്ഠമാണെന്ന്. അതിൽ ഞാൻ മരിക്കും. എപ്പോൾ? ഇനി ജീവിതമില്ല.... വീടില്ല.... അമ്മയില്ല... ഇന്ന് അവർ വരും... എന്റെ വസ്ത്രങ്ങൾ കീറി എന്നെ വീട്ടിൽ നിന്നിറക്കി വിടാൻ... ഗ്രാമത്തിൽ നിന്നു പുറത്താക്കാൻ.... മരിക്കുന്നതിനേക്കാൾ കഷ്ടമാണ് എന്റെ കാര്യം... എന്റെ മൃതദേഹത്തിന്മേൽ വിലപിക്കാൻ എന്റെ അമ്മ പോലും ഉണ്ടാകയില്ല..."

 യുവാവ്  കരയുകയാണ്. അവന്റെ അമ്മ അതിദയനീയമായി തേങ്ങിക്കരയുന്നു.
               ഈശോയ്ക്ക് വിഷാദമാണ്. ഈശോ പറയുന്നു: "നീ പാപം ചെയ്തപ്പോള്‍ അമ്മയെക്കുറിച്ച് ചിന്തിച്ചില്ലേ? ഭൂമിയില്‍ ഒരമ്മയുണ്ടെന്നും സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവമുണ്ടെന്നും ചിന്തിക്കാന്‍ കഴിയാത്ത വിധം അത്രയ്ക്ക് ഭ്രാന്തനായോ നീ? കുഷ്ഠം കാണപ്പെട്ടില്ലായിരുന്നെങ്കില്‍ ദൈവത്തെയും നിന്റെ അയല്‍ക്കാരനെയും ദ്രോഹിച്ചുവെന്ന് നീ മനസ്സിലാക്കുമായിരുന്നോ?   നിന്റെ ആത്മാവിനെ നീ എന്തുചെയ്തു? നിന്റെ യുവത്വം കൊണ്ട് നീ എന്തുചെയ്തു?"

"എനിക്കു പ്രലോഭനമുണ്ടായി"

"ആ കനി ശപിക്കപ്പെട്ടതാണെന്നറിഞ്ഞു കൂടാത്ത വിധം നീ ഒരു കൊച്ചുകുട്ടിയായിരുന്നോ? കാരുണ്യം കൂടാതെയുള്ള മരണത്തിന് നീ അർഹനാണ്."

"ഓ! കാരുണ്യമേ, നിനക്കു മാത്രമേ കഴിയൂ..."
"ഞാനല്ല, ദൈവം. അതും നീ ഇനി പാപം ചെയ്കയില്ല എന്നു  ശപഥം ചെയ്താൽ മാത്രം."
"ഞാൻ   ശപഥം ചെയ്യുന്നു കർത്താവേ... എന്നെ രക്ഷിക്കണമേ... ഏതാനും  മണിക്കൂറിനുള്ളിൽ എന്നെ ശപിച്ചു പുറന്തള്ളും... അമ്മേ, അമ്മയുടെ കണ്ണീരു കൊണ്ട് എന്നെ സഹായിക്കണമേ... ഓ! എന്റെ അമ്മേ..."

                സ്ത്രീയ്ക്ക് ശബ്ദമില്ല. അവൾ ഈശോയുടെ കാലുകളിൽ കെട്ടിപ്പിടിക്കുന്നു. വേദന നിറഞ്ഞ കണ്ണുകൾ കൊണ്ട് ഈശോയെ നോക്കുന്നു. ഈശോ അവളെ നോക്കി സഹതാപത്തോടെ പുഞ്ചിരിച്ചു കൊണ്ടു പറയുന്നു: "അമ്മേ, എഴുന്നേൽക്കൂ, മകന്റെ രോഗം മാറി. നിന്നെ 
ഓർത്തിട്ടാണ്; അവനെ ഓർത്തിട്ടല്ല."
              ആ സ്ത്രീയ്ക്ക് വിശ്വസിക്കാൻ  കഴിയുന്നില്ല. അത്രയകലെ നിൽക്കുന്നതു കൊണ്ട് അവനു സുഖം കിട്ടിക്കാണില്ല എന്നാണവളുടെ ചിന്ത. അവൾ നിർത്താതെ കരച്ചിലാണ്. ഈശോ യുവാവിനോടു പറയുന്നു: "മനുഷ്യാ, നിന്റെ മാറിൽ നിന്ന് വസ്ത്രം മാറ്റൂ. അവിടെയായിരുന്നു നിന്റെ പാണ്ട്. അമ്മയ്ക്ക് ആശ്വാസമാകട്ടെ."
              അയാൾ കുപ്പായം താഴേക്കു മാറ്റുന്നു. "അമ്മേ, നോക്കൂ" എന്നു പറഞ്ഞ് ഈശോ കുനിഞ്ഞ് ആ സ്ത്രീയെ എഴുന്നേൽപ്പിക്കുന്നു. അവൾ  ഈശോയുടെ മാറിലേക്ക് വീണ് ഈശോയെ ചുബിക്കുന്നു. അനുഗ്രഹിക്കുന്നു; ഈശോ സഹതാപത്തോടെ അവളെ തലോടുന്നു. അനന്തരം യുവാവിനോടു പറയുന്നു: "പുരോഹിതന്റെ പക്കലേക്ക് പോവുക. നിന്റെ അമ്മയെ പ്രതിയാണ് ദൈവം നിന്നെ സുഖപ്പെടുത്തിയതെന്ന് ഓർമ്മിക്കുക. ഭാവിയിൽ നീതിമാനായി ജീവിക്കാനാണ് നിനക്ക് ആരോഗ്യം നൽകിയത്. പൊയ്ക്കൊള്ളൂ."
                  യുവാവ്  രക്ഷകനെ സ്തുതിച്ചശേഷം പോകുന്നു. അവന്റെ അമ്മയും കൂടെയുള്ള സ്ത്രീകളും അകലെയായി അവനെ അനുഗമിക്കുന്നു. ജനക്കൂട്ടം ഓശാന പാടുകയാണ്.
ഈശോ തന്റെ സ്ഥാനത്തേക്കു തിരിച്ചുപോയി പ്രസംഗം ആരംഭിക്കുന്നു:
                   "നേരായിട്ടുളള ധാർമ്മിക പ്രമാണങ്ങൾ കൽപ്പിച്ചിട്ടുള്ള ദൈവമുണ്ടെന്ന് ആ യുവാവ്   മറന്നുപോയി. ദൈവമല്ലാത്ത ദൈവങ്ങളെ തനിക്കായി ഉണ്ടാക്കുന്നതും വിലക്കപ്പെട്ടതാണെന്ന് അയാൾ മറന്നു. അമ്മയോടു കാണിക്കേണ്ട സ്നേഹവും ബഹുമാനവും അവൻ മറന്നുപോയി. വ്യഭിചാരം, മോഷണം, കാപട്യം, അന്യന്റെ ഭാര്യയെ മോഹിക്കൽ, സ്വന്ത ജീവനെയും ആത്മാവിനെയും കൊല്ലുക ഇവയെല്ലാം നിഷിദ്ധങ്ങളാണെന്ന് അവൻ വിസ്മരിച്ചു. അവൻ എല്ലാംതന്നെ മറന്നു. എങ്ങനെ അവൻ ശിക്ഷിക്കപ്പെട്ടു എന്നു നിങ്ങൾ കണ്ടല്ലോ?
                   "നീ നിന്റെ അയൽക്കാരന്റെ ഭാര്യയെ  മോഹിക്കരുത്" എന്ന പ്രമാണം, "നീ വ്യഭിചാരം ചെയ്യരുത്" എന്ന പ്രമാണത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ജഡികാസക്തി എപ്പോഴും പ്രവൃത്തികൾക്കു മുമ്പേയുണ്ടായിരിക്കും.   ഒരു  കാര്യം ശക്തിയായി ആഗ്രഹിച്ചാൽ അതു സ്വയം നിരസിക്കാനുള്ള ശക്തിയില്ലാത്തവനാണ് മനുഷ്യൻ. ആഗ്രഹിച്ചതു നിറവേറ്റുന്നു. എന്നാൽ  ഏറ്റം സങ്കടകരമായത് നല്ല കാര്യങ്ങൾക്കായുള്ള ആഗ്രഹങ്ങളുടെ കാര്യത്തിൽ ഇങ്ങനെ വർത്തിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ്. തിന്മയായിട്ടുള്ള കാര്യങ്ങൾ മനുഷ്യൻ ആഗ്രഹിക്കുകയും അതു  നേടുകയും ചെയ്യുന്നു. നന്മ ആഗ്രഹിക്കുന്നു; എന്നാൽ അതു ചെയ്യാതെ നിർത്തിക്കളയുന്നു. പലപ്പോഴും  പിന്നിലേക്കു പോവുകയും ചെയ്യുന്നു.

             എല്ലായിടത്തും തനിയെ കിളിർത്തു വരുന്ന പുല്ലുപോലെ പാപകരമായ ആഗ്രഹങ്ങൾ എല്ലായിടത്തുമുണ്ട്. അതിനാൽ ആ യുവാവിനോടു  പറഞ്ഞ വാക്കുകൾ തന്നെ നിങ്ങളോടും  ഞാൻ  പറയുന്നു; ആ പ്രലോഭനം വിഷമുള്ളതാണെന്നും അതു  വർജ്ജിക്കേണ്ടതാണെന്നും അറിഞ്ഞു കൂടാത്ത ചെറിയ കുട്ടികളാണോ നിങ്ങൾ? 'എനിക്കു പ്രലോഭനമുണ്ടായി....' ആ പഴയ ന്യായം. അത് പഴയ അനുഭവമായതിനാൽ അതിന്റെ അനന്തരഫലങ്ങൾ  ഓർത്തുകൊണ്ട്  മനുഷ്യൻ "ഇല്ല" എന്നു പറയേണ്ടതാണ്. ചാരിത്ര്യശുദ്ധി പാലിച്ച ആളുകളുടെ ഉദാഹരണങ്ങൾ നമ്മുടെ ചരിത്രത്തിൽ കുറവല്ല. ലൈംഗികാകർഷണങ്ങളുണ്ടായിരുന്നിട്ടും ക്രൂരന്മാരുടെ ഭീഷണികളുണ്ടായിരുന്നിട്ടും തങ്ങളുടെ ചാരിത്ര്യശുദ്ധി അവർ പാലിച്ചു.
  പ്രലോഭനം തിന്മയാണോ? അല്ല; ദുഷ്ടന്റെ ജോലിയാണത്. എന്നാൽ അതിനെ ജയിക്കുന്നയാൾ അതിനെ മഹത്വമായി രൂപാന്തരപ്പെടുത്തുന്നു.

             മറ്റു സ്ത്രീകളെ പ്രണയിക്കുന്ന ഒരു ഭർത്താവ് സ്വന്തം ഭാര്യയുടേയും കുട്ടികളുടെയും തന്റെ തന്നെയും ഘാതകനാണ്. വ്യഭിചാരത്തിനായി  അയൽക്കാരന്റെ ഭവനത്തിൽ പ്രവേശിക്കുന്നവൻ കള്ളനാണ്; ഏറ്റം ഹീനനായ ഒരു മോഷ്ടാവാണ്. കുക്കുപ്പക്ഷിയെപ്പോലെ ചെലവൊന്നും കൂടാതെ വേറൊരു കൂട്ടിൽക്കയറി സുഖിക്കുന്നു. ഒരു സ്നേഹിതന്റെ ശുദ്ധമായ വിശ്വാസത്തെ  അവൻ വഞ്ചിക്കുന്നു.

             ഞാൻ അത്ഭുതം ചെയ്തത് ആ സാധുവായ അമ്മയെ പ്രതിയാണ്. എന്നാൽ കാമാസക്തിയോടുള്ള അറപ്പു നിമിത്തം എനിക്കസ്വസ്ഥതയുണ്ടാകുന്നു. നിങ്ങൾ ബഹളം വച്ചത് കുഷ്ഠരോഗത്തോടുള്ള ഭയം നിമിത്തമാണ്; ഞാൻ ഉച്ചത്തിൽ സംസാരിച്ചത് കാമാസക്തിയോടുള്ള അറപ്പു നിമിത്തവും... എല്ലാത്തരത്തിലുമുള്ള ദൗർഭാഗ്യങ്ങളാൽ ഞാൻ  ചുറ്റപ്പെട്ടിരിക്കുന്നു. ഞാൻ   അവരുടെയെല്ലാം രക്ഷകനാണ്. എന്നാൽ കാമാസക്തിയുടെ 
ദുർഗ്ഗന്ധം വമിക്കുന്ന ഒരു മനുഷ്യന്റെ സമീപത്തു പോകുന്നതിനേക്കാൾ എനിക്കിഷ്ടം നീതിമാനായ ഒരു മനുഷ്യന്റെ മൃതദേഹത്തിന്മേൽ തൊടുന്നതാണ്. ചീഞ്ഞഴുകുന്ന അവന്റെ മാംസം സത്യസന്ധതയുള്ളതായിരിക്കും. 
                കാമാസക്തി കൊണ്ടു നശിപ്പിക്കപ്പെട്ട ഒരുവന്റെ യുവത്വം എന്നെ വളരെ അസ്വസ്ഥനാക്കി. മരണത്തെ ഞാൻ തൊട്ടിരുന്നുവെങ്കിൽ ഇത്രയും പ്രയാസം എനിക്കുണ്ടാകുമായിരുന്നില്ല. നമുക്കു രോഗികളുടെ അടുത്തേക്കു പോകാം. ഓക്കാനം വന്നു ശ്വാസം മുട്ടിയിരിക്കുന്നതിനാൽ വചനമാകാൻ എനിക്കു കഴിയുന്നില്ല. എന്നാൽ എന്നിൽ പ്രത്യാശ വയ്ക്കുന്നവരുടെ ആരോഗ്യമാകുവാൻ കഴിയും."

സൗഖ്യത്തിനായി കാത്തിരിക്കുന്ന രോഗികളുടെ  അടുത്തേക്ക് ഈശോ പോകുന്നു.