ഒരു മനുഷ്യന്‍ തൻ്റെ നിലത്ത് നല്ല വിത്തു വിതച്ചതിനോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. അയാളും അയാളുടെ വേലക്കാരും ഉറങ്ങിക്കിടന്നപ്പോള്‍ ശത്രു വന്ന് കളപ്പുല്ലിൻ്റെ വിത്തുകള്‍ ഗോതമ്പിനിടയില്‍ വിതച്ചിട്ട് കടന്നു കളഞ്ഞു. ആദ്യം ആരും ഇതു ശ്രദ്ധിച്ചില്ല. എന്നാല്‍ മഴക്കാലം വന്നപ്പോള്‍ ഗോതമ്പിനൊപ്പം കളകളും വളര്‍ന്നു വന്നു. ആദ്യദിവസങ്ങളില്‍ രണ്ടും ഒരേപോലെയായിരുന്നു. കുരുന്നിലകള്‍ നോക്കി അവയെ വേര്‍തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയ്ക്ക് കതിര്‍ വന്നു. അപ്പോഴാണ് അവയെല്ലാം ഗോതമ്പല്ലെന്നും അതിനിടയില്‍ കള കൂടി വളര്‍ന്നു നില്‍പ്പുന്ടെന്നും മനസ്സിലായത്.
യജമാനൻ്റെ വേലക്കാര്‍ അദ്ദേഹത്തിൻ്റെ വീട്ടില്‍ ചെന്ന് ഇപ്രകാരം പറഞ്ഞു; "പ്രഭോ, അങ്ങ് എന്തു വിത്താണ് വിതച്ചത്? കള പാറ്റി മാറ്റിയ നല്ല വിത്തായിരുന്നില്ലേ അത്?"
"തീച്ചയായും നല്ല വിത്തായിരുന്നു. ഞാന്‍ നല്ലതുപോലെ പരിശോധിച്ചിരുന്നു."
"എങ്കില്‍, അങ്ങയുടെ ധാന്യങ്ങള്‍ക്കിടയില്‍ ഇത്രയധികം കളപ്പുല്ലുകള്‍ എങ്ങനെ വന്നു?"
ആ ഭൂവുടമ ആലോചനയില്‍ മുഴുകിയിട്ടു പറഞ്ഞു; "വല്ല ശത്രുക്കളും എന്നെ ഉപദ്രവിക്കാന്‍ വേണ്ടി ചെയ്തതായിരിക്കും."
അപ്പോള്‍ വേലക്കാര്‍ ചോദിച്ചു; "എങ്കില്‍ ഞങ്ങള്‍ പോയി ആ കളകളെല്ലാം പിഴുതു കളയട്ടെ?"
യജമാനന്‍ ഇപ്രകാരം മറുപടി നല്‍കി: "വേണ്ടാ; ചിലപ്പോള്‍ നിങ്ങള്‍ ഗോതമ്പു ചെടികളും പിഴുതു കളയും. ഇളം കതിരുകള്‍ക്കും കേടു വന്നേക്കാം. കൊയ്തു വരെ രണ്ടും കൂടി ഒരുമിച്ചു വളരട്ടെ. അപ്പോള്‍ ഞാന്‍ കൊയ്ത്തുകാരോട് പറയും; എല്ലാം ഒന്നിച്ചു മുറിച്ചെടുക്കുക. എന്നിട്ട്, കളകള്‍ അവയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് പ്രത്യേകം കെട്ടി വെയ്ക്കുക. അതിനുശേഷം ആ കെട്ടുകള്‍ കത്തിച്ചു കളയണം. അതിൻ്റെ ചാരം മണ്ണിനു വളമായിത്തീരുമല്ലോ. നല്ല ഗോതമ്പ് ശേഖരിച്ച് പത്തായപ്പുരയില്‍ സൂക്ഷിക്കുക. ഒന്നാംതരം അപ്പമുണ്ടാക്കുവാന്‍ അതുപയോഗിക്കാം. അസൂയാകലുഷിതമായ ദുഷ്ടതയാല്‍ ദൈവത്തോട് മറുതലിച്ച എൻ്റെ ശത്രുവിന് അപ്പോള്‍ അങ്ങേയറ്റം ലജ്ജയുണ്ടാവും."
"ശത്രു നിങ്ങളുടെ ഹൃദയങ്ങളില്‍ കൂടെക്കൂടെ എത്രയധികമായി കളപ്പുല്ലിൻ്റെ വിത്ത് വിതച്ചിട്ടുന്ടെന്നു നിങ്ങള്‍ ആലോചിച്ചു നോക്കുക. തിരഞ്ഞെടുക്കപ്പെട്ട ഗോതമ്പുമായി കളകള്‍ കലരാതിരിക്കുന്നതിന് നിങ്ങള്‍ സദാ ജാഗ്രത പുലര്‍ത്തണം. കളയുടെ വിധി അഗ്നിയില്‍ എരിയുക എന്നുള്ളതാണ്. നിങ്ങള്‍ തീയില്‍ എരിയാനാണോ ദൈവരാജ്യത്തിലെ പൗരന്‍മാരാകാനാണോ ആഗ്രഹിക്കുന്നത്? ദൈവരാജ്യത്തിലെ പൗരന്‍മാരാകാനെന്നു നിങ്ങള്‍ പറഞ്ഞേക്കും. കൊള്ളാം; അതിനായി പരിശ്രമിക്കുവിന്‍. നല്ലവനായ ദൈവം തൻ്റെ വചനത്തെ നിങ്ങള്‍ക്കായി തന്നിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താന്‍ ശത്രു സദാ അവസരം പാര്‍ക്കുകയാണ്. എന്തെന്നാല്‍ ഗോതമ്പു മാവിന്റെ കൂടെ കളപ്പുല്ലിൻ്റെ മാവ് കൂടി ചേര്‍ത്താല്‍ അപ്പം കൈപ്പുള്ളതായിത്തീരും. അത് ഉദരത്തിനു ഹാനികരവുമാണ്. നിങ്ങളുടെ ഹൃദയത്തില്‍ കളപ്പുല്ലുകള്‍ ഉണ്ടെങ്കില്‍ സദുദ്ദേശത്തോടെ അവയെ പിഴുതു മാറ്റുക. അങ്ങനെ നിങ്ങള്‍ ദൈവമുന്‍പാകെ കുറ്റമറ്റവരായിത്തീരുക. എൻ്റെ മക്കളെ നിങ്ങള്‍ പോവുക. സമാധാനം നിങ്ങളോടു കൂടി ഉണ്ടായിരിക്കട്ടെ!"
ജനക്കൂട്ടം സാവധാനം പിരിഞ്ഞുപോകുന്നു.
ജനക്കൂട്ടം സാവധാനം പിരിഞ്ഞുപോകുന്നു.