ജാലകം നിത്യജീവൻ: ഈശോ പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.

nithyajeevan

nithyajeevan

Friday, August 26, 2011

ഈശോ പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.ഈശോയും അപ്പസ്തോലന്മാരും കൂടി നാട്ടിന്‍ പുറങ്ങളിലൂടെ നടക്കുകയാണ്. അപ്പസ്തോലന്മാരുടെ കൂടെക്കൂടിയ ഏതാനും പേരോട് ഈശോ സംസാരിക്കുന്നു.
ഒരാള്‍ പറയുന്നു: "ശരി, അവനെ സുഖപ്പെടുത്താന്‍ യാതൊന്നുകൊണ്ടും സാദ്ധ്യമല്ല. അവനു  ഭ്രാന്തിനേക്കാള്‍ കൂടിയ എന്തോ ആണ്. അവന്‍ എല്ലാവരേയും പ്രത്യേകിച്ച് സ്തീകളേയും ഭയപ്പടുത്തുന്നു.അശ്ലീലമായ ഗോഷ്ടികള്‍ കാണിച്ചുകൊണ്ട് അവരെ അവന്‍ പിന്തുടരും. പിടിച്ചുപോയിട്ടുണ്ടെങ്കില്‍  ഭയങ്കരമായിരിക്കും."
"അവന്‍ എവിടെയാണെന്നു പറയാന്‍ പറ്റുകയില്ല." വേറൊരാള്‍ പറയുന്നു: "പര്‍വതത്തിലോ വനത്തിലോ വയലിലോ....ഒരു പാമ്പിനെപ്പോലെ പെട്ടെന്നാണ്  പ്രത്യക്ഷപ്പെടുന്നത്. സ്തീകൾക്ക് കഠിനമായ ഭയമാണ്. ഒരുവള്‍, ഒരു ചെറുപ്പക്കാരി നദിയിൽ നിന്നു വരികയായിരുന്നു. അവളെ ആ ഭ്രാന്തൻ പിടിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ വലിയ പനിയായി അവള്‍ മരിച്ചു."
"കഴിഞ്ഞ ദിവസം എന്റെ അളിയൻ, അവനും അവന്റെ ബന്ധുക്കള്‍ക്കുമായി തയ്യാറാക്കിയ കബറിടത്തിലേക്കു പോയി.   അവന്റെ ശ്വശുരന്‍ മരണപ്പെട്ടു. സംസ്ക്കാരകർത്തിനാവശ്യമായതെല്ലാം ചെയ്യുന്നതിന് അന്വേഷണത്തിനു പോയതാണ്. പക്ഷേ അവനു്  ഓടി രക്ഷപ്പെടേണ്ടതായി വന്നു. കാരണം ആ പിശാചുബാധിതന്‍ പതിവുപോലെ നഗ്നനായി കൂവിക്കൊണ്ട് അകത്തുകയറിയിരുപ്പുണ്ടായിരുന്നു. കല്ലറിയുമെന്ന് ഭയപ്പടുത്തുകയും ചെയ്തു.... അയാൾ അളിയനെ ഗ്രാമത്തിന്റെ അതിര്‍ത്തി വരെ ഓടിച്ചു. പിന്നീട് തിരിച്ച് കല്ലറകളിലേക്കു തന്നെ പോയി. മരിച്ച മനുഷ്യനെ എന്റെ കല്ലറയിലാണ് സംസ്ക്കരിച്ചത്."
"പക്ഷേ  അവനെ നിങ്ങള്‍ പുരോഹിതന്മാര്‍ക്ക് കാണിച്ചുകൊടുത്തില്ലേ?" ഈശോ ചോദിക്കുന്നു.
"ഉവ്വ്. ഒരു ഭാണ്ഡക്കെട്ടുപോലെ അവനെ കെട്ടിയെടുത്ത് ..... ജറുസലേമിലേക്കു കൊണ്ടുപോയി. എന്തൊരു ദുരിതം പിടിച്ച യാത്ര..... ഞാന്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, നരകത്തിലെ സംഭവങ്ങളെന്താണെന്നറിയുവാന്‍ അങ്ങോട്ടു പോകേണ്ടതില്ല. എന്നാല്‍  അതുകൊണ്ടും പ്രയോജനമുണ്ടായില്ല."
"ആദ്യത്തേതു പോലെ തന്നെ? വ്യത്യാസമൊന്നുമുണ്ടായില്ല?"
"ഒന്നുകൂടി കഷ്ടമായിരുന്നു."
"എങ്കിലും .....പുരോഹിതന്‍..."
"എന്താ നമ്മള്‍ പ്രതീക്ഷിക്കുക!..... അത് ആവശ്യമാ...."
"എന്ത്?.... പറയൂ...."
മൗനം.
തുറന്നു പറയൂ. ഞാന്‍  നിങ്ങളെ കുറ്റപ്പെടുത്തുകയില്ല."
"ശരി.... ഞാന്‍  പറയുകയായിരുന്നു......പക്ഷേ ഒരു പാപം ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നില്ല.... ഞാൻ പറഞ്ഞത്.... അതെ.....പുരോഹിതന്‍ വിജയിക്കും. എങ്കിൽ മാത്രമല്ലേ......"
"അയാള്‍ ഒരു  വിശുദ്ധനായ വ്യക്തിയാണെങ്കിൽ...... അതല്ലേ നീ ഉദ്ദേശക്കുന്നത്..എങ്കിലുംപറയുവാന്‍ ധൈര്യപ്പെടുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു; നിങ്ങള്‍ വിധിക്കരുത്. എന്നാൽ നീ പറയുന്നതു് സത്യമാണ്. ഒരു  ദുഃഖസത്യം..."
ഈശോ മൗനമവലംബിക്കുന്നു. നെടുനിശ്വാസം ഉതിര്‍ക്കുന്നു. മനസ്സിലെ വിഷമം കൊണ്ടുള്ള മൗനം. 
ഒരാള്‍ ആ സംസാരത്തിന്റെ തുടര്‍ച്ചയായി ഇങ്ങനെ പറയുന്നു: "നമ്മള്‍ അവനെ കാണാനിടയായാല്‍ നീ അവനെ സുഖപ്പെടുത്തുമോ? ഈ നാടിനെ ഈ വിപത്തില്‍ നിന്നു മോചിപ്പിക്കുമോ?"
"എനിക്കതു ചെയ്യുവാന്‍ കഴിയുമെന്നു നീ പ്രതീക്ഷിക്കുന്നുണ്ടോ? എന്തുകൊണ്ടാണത്?"
"കാരണം നീ പരിശുദ്ധനാണ്..."
"ദൈവമാണ് പരിശുദ്ധന്‍."
"നീ അവന്റെ പുത്രനും."
"നീ അതെങ്ങനെയറിയുന്നു?"
"ഏയ്, ആളുകള്‍ പറയുന്നില്ലേ? ഇനി എന്തായാലും ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരാണ്. മൂന്നുമാസം മുമ്പ് നീ എന്താണു ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം. വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞൊഴുകുന്ന നദിയെ തടഞ്ഞു നിര്‍ത്തുവാന്‍ ദൈവപുത്രനല്ലാതെ മറ്റാര്‍ക്കു കഴിയും?"
"നീ അതു ചെയ്യുമോ ഗുരുവേ?"
"നമ്മള്‍ അവനെ കാണുകയാണെങ്കില്‍ ചെയ്യാം."
അവര്‍ മുന്നോട്ടു നീങ്ങുന്നു. ചൂടധികമായതിനാല്‍ അവര്‍ റോഡു വിട്ട് നദീതീരത്തുള്ള ഒരു  കുറ്റിക്കാട്ടിലേക്കു കയറുന്നു. നടന്ന് അവര്‍ ഒരു  ഗ്രാമത്തോടടുക്കുന്നു. വെളുത്ത ചെറിയ വീടുകള്‍ കാണാറായി. 
"ദൂരെപ്പോകൂ...ദൂരെപ്പോകൂ... തിരിയെപ്പോകൂ. അല്ലങ്കിൽ നിങ്ങളെ ഞാന്‍  കൊന്നുകളയും."
"പിശാചുബാധിതന്‍ നമ്മളെക്കണ്ടു. ഞാന്‍  പോകയാണ്."
"ഞാനും പോകയാണ്."
"ഭയപ്പടേണ്ട, ഇവിടെയിരുന്നു സൂക്ഷിച്ചു നോക്കിക്കൊള്ളൂ."
ഈശോ അത്രയധികം ഉറപ്പിച്ചാണു പറയുന്നതു് . അതിനാൽ ധൈര്യമുള്ളവരെല്ലാം അനുസരിക്കുന്നു. എങ്കിലും അവര്‍ ഈശോയുടെ പിന്നിലേക്കു നീങ്ങി. ശിഷ്യരും ഈശോയുടെ പിന്നിലാണ്. ഈശോ ഏകനായി ഗാംഭീര്യത്തോടെ മുമ്പോട്ടു നടക്കുന്നു.
"ദൂരെപ്പോകൂ.." അന്തരീക്ഷം ഭേദിക്കുന്ന ഒരു  കൂവല്‍. "ദൂരെപ്പോകൂ... ഞാന്‍  നിന്നെക്കൊല്ലും. തിരിച്ചു പോകൂ... എന്തിനാണു നീ എന്നെ പീഡിപ്പിക്കുന്നത്? എനിക്കു നിന്നെ കാണുകയേ വേണ്ട..." പിശാചുബാധിതനായ മനുഷ്യന്‍ നഗ്നനാണ്. അയാള്‍  വായ പൊളിച്ച് കൂവുകയും വല്ലാതെ ചിരിക്കുകയും ചെയ്യുന്നു. ഒരു ഭ്രാന്തനെപ്പോലെ കല്ലുകൊണ്ട് വായ്ക്ക് ഇടിച്ചു മുറിവേൽപ്പിക്കുന്നു. അയാള്‍  ചോദിക്കുന്നു: "എന്തുകൊണ്ടാണ് എനിക്കു നിന്നെക്കൊല്ലാന്‍ കഴിയാത്തതു്? എന്റെ ശക്തിയെ ആരാണു പിടിച്ചുകെട്ടുന്നത്? അതു നീയാണോ? നീ?"
ഈശോ അയാളെ നോക്കുകയും തുടര്‍ന്ന് മുന്നോട്ടു  നടക്കുകയും ചെയ്യുന്നു.
അയാള്‍  നിലത്തുവീണുരുളുകയും സ്വയം കടിക്കുകയും ചെയ്യുന്നു. വായിലൂടെ ധാരാളം പത വരുന്നുണ്ട്. കല്ലുകൊണ്ട്  സ്വയം ഇടിച്ചു മുറിവേല്‍പ്പിക്കുന്നു. പിന്നീട് ചാടിയെഴുന്നേറ്റ് ഈശോയുടെ  നേരെ കൈ ചൂണ്ടി ഈശോയെ തറപ്പിച്ചു നോക്കിക്കൊണ്ട്  വല്ലാത്ത സ്വരത്തില്‍ വിളിച്ചു പറയുന്നു: "ശ്രദ്ധിക്കൂ..... ഈ വരുന്നയാള്‍....."
"ശബ്ദിക്കരുത്. ഈ മനുഷ്യനിലെ സാത്താനേ.... നിന്നോടു ഞാന്‍  ആജ്ഞാപിക്കുന്നു..."
"ഇല്ല...ഇല്ല...  ഞാന്‍  മൗനമായിരിക്കയില്ല... നീയും ഞങ്ങളും തമ്മിൽ എന്താണുള്ളത്? നീ എന്തുകൊണ്ടാണ്  ഞങ്ങളെ സമാധാനത്തില്‍ വിടാത്തത്? ഞങ്ങളെ നരകത്തില്‍ അടച്ചതുകൊണ്ട് നിനക്ക് തൃപ്തിയായില്ലേ? മനുഷ്യനെ ഞങ്ങളുടെ പക്കല്‍ നിന്നു തട്ടിപ്പറിക്കുവാന്‍ നീ വന്നതുപോരെ? ഓ.... ശപി.... ഇല്ല.... എനിക്കതു  പറയാന്‍ കഴിയുന്നില്ല. എനിക്കു നിന്നെ ശപിക്കാന്‍ കഴിവില്ല... ഞാന്‍   നിന്നെ വെറുക്കുന്നു... നീ ആരില്‍നിന്നു വരുന്നോ അവനെയും വെറുക്കുന്നു...സ്നേഹത്തെ ഞാന്‍  വെറുക്കുന്നു..കാരണം ഞാന്‍ വെറുപ്പാണ്. എനിക്കു നിന്നെ ശപിക്കണം.. എനിക്കു നിന്നെ കൊല്ലണം. പക്ഷേ എനിക്കു സാദ്ധ്യമല്ല. എനിക്കു സാദ്ധ്യമല്ല. ഇതുവരെ സാദ്ധ്യമല്ല... പക്ഷേ നിനക്കുവേണ്ടി ഞാന്‍  കാത്തിരിക്കും... ഓ! ക്രിസ്തുവേ, നിനക്കുവേണ്ടി ഞാന്‍  കാത്തിരിക്കും... മരിച്ചവനായി നിന്നെ ഞാന്‍ കാണും. ഓ! എത്ര സന്തോഷപ്രദമായ മണിക്കൂര്‍... അല്ല... സന്തോഷമല്ല... നീ മരിച്ചോ? ഇല്ല... മരിച്ചില്ല... ഞാന്‍  തോൽപ്പിക്കപ്പെട്ടു. എപ്പോഴും ഞാന്‍  
തോൽപ്പിക്കപ്പെട്ടു. ഹാ....ഹാ....ഹാ...." വികാരം കൊണ്ട് അയാള്‍ തുള്ളലാണ്.
പിശാചുബാധിതനെ  നോക്കിക്കൊണ്ട്  ഈശോ മുന്നോട്ടു നടക്കുന്നു. കാന്തികശക്തിയുള്ള ആ കണ്ണുകള്‍ അവനെ തറപ്പിച്ചു നോക്കുന്നുണ്ട്. ഇപ്പോള്‍ ഈശോ ഒറ്റയ്ക്കായി. അപ്പസ്തോലന്മാരും  മറ്റാളുകളും പിന്നില്‍ നിന്നു. 
ശബ്ദം കേട്ട് ചിലയാളുകള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങി നോക്കുന്നുണ്ട്. അവരും ഓടാന്‍ തയാറായിട്ടാണു നില്‍ക്കുന്നതു്. 
സാത്താനോടു നിശ്ശബ്ദമായിരിക്കാന്‍ കല്‍പ്പിച്ചശേഷം ഈശോ ഒന്നുംതന്നെ പറയുന്നില്ല. തറപ്പിച്ചു നോക്കുക മാത്രം ചെയ്യുന്നു. ഇപ്പോള്‍ ഈശോ നിന്നിട്ട് കൈകളുയര്‍ത്തുന്നു. കൈകള്‍ രണ്ടും പിശാചുബാധിതന്റെ നേര്‍ക്കു നീട്ടി സംസാരിക്കാന്‍ തുടങ്ങുന്നു. പിശാചുബാധിതന്റെ കൂവല്‍ ഭയങ്കരം.  അയാള്‍  ഞെളിപിരി കൊള്ളുന്നു. 
ഈശോ കരങ്ങള്‍ നീട്ടി നിവര്‍ത്തി ശപഥം ചെയ്യുന്നതുപോലെ പിടിച്ചപ്പോള്‍ പിശാചുബാധിതന്‍ അതികഠിനമായി കരയുകയും കൂവുകയും ചെയ്യുന്നു. കരച്ചിലും ചിരിയും ശാപവുമെല്ലാം കഴിഞ്ഞ്  കരഞ്ഞുകൊണ്ട് യാചനയായി. "വേണ്ട... നരകത്തിലേക്കു വേണ്ട... എന്നെ അങ്ങോട്ടയയ്ക്കരുതേ.. എന്നെ പുറത്തേക്കു വിടൂ..."
"അവനില്‍നിന്നു പുറത്തുവരൂ. ഇതൊരു കല്ലറയാണ്."
"ഇല്ല."
"പുറത്തുവരൂ."
"ഇല്ല."
"പുറത്തുവരൂ."
"ഇല്ല."
"സത്യദൈവത്തിന്റെ നാമത്തില്‍ പുറത്തുവരൂ."
"ഓ! എന്തിനാണു് നീ എന്നെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്? പക്ഷേ ഞാന്‍ വരുന്നില്ല. ഇല്ല... നീ ക്രിസ്തുവാണ്... ദൈവത്തിന്റെ പുത്രന്‍... പക്ഷേ ഞാന്‍ ..."
"നീ ആരാണ്?"
"ഞാന്‍ ബേൽസബൂബ് ആണ്. ലോകത്തിന്റെ അധിപന്‍. ഞാന്‍ കീഴടങ്ങുകയില്ല.. ഓ! ക്രിസ്തുവേ... നിന്നെ ഞാന്‍  വെല്ലുവിളിക്കുന്നു."
പിശാചുബാധിതന്‍ പെട്ടെന്ന് നിശ്ചലനായി, വടിപോലെ നിവര്‍ന്ന് ഈശോയെ തുറിച്ചു നോക്കുന്നു. ഈശോയും നിശ്ചലനായി, കൈകൾ നെഞ്ചിലേക്കു ചേര്‍ത്തുവച്ചുകൊണ്ട് അയാളെ സൂക്ഷിച്ചുനോക്കുന്നു. അധരങ്ങള്‍ അല്‍പ്പം അനക്കുന്നുണ്ട്.
ഈശോ കൈകള്‍ തുറക്കുന്നു. ഈശോ ആജ്ഞ നൽകിക്കഴിഞ്ഞു. മിന്നല്‍വേഗത്തില്‍. ഈശോയുടെ സ്വരം ഇടിനാദം പോലെ. "പുറത്തുവരൂ...ഓ! സാത്താനേ.. ഞാനാണു് ആജ്ഞാപിക്കുന്നത്."
ഒരു  നീണ്ട കരച്ചില്‍................. കരച്ചിലിനു ശേഷം ഈ വാക്കുകളും. "ഞാൻ   പുറത്തുവരുന്നു.. ശരി, നീ എന്നെ തോല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ പ്രതികാരം ചെയ്യും. നീ എന്നെ ഓടിക്കയാണ്... എന്നാൽ നിന്റെയടുത്ത് ഒരു പിശാചുണ്ട്. ഞാന്‍ അവനിലേക്കു പ്രവേശിക്കും. അവനില്‍ ആവസിച്ച് എന്റെ ശക്തി മുഴുവന്‍ അവനു കൊടുക്കും. നിന്റെ കല്‍പ്പനയ്ക്കൊന്നും അവനെ എന്നില്‍ നിന്നെടുത്തു മാറ്റുക സാദ്ധ്യമല്ല. ഞാന്‍  പോകുന്നു...ഓ! ക്രിസ്തുവേ... നീ ആഗ്രഹിക്കുന്നതുപോലെ ഞാന്‍  പോകുന്നു..എന്റെ പുതിയ രാജ്യം കൈയടക്കാന്‍ പോകുന്നു. ഞാന്‍ ഉപദ്രവിച്ച ഈ നികൃഷ്ടനെ ഞാന്‍  വിട്ടുപോകുന്നു.. അവന്റെ സ്ഥാനത്ത് ഞാന്‍ ആയിരങ്ങളെയും പതിനായിരങ്ങളെയും ഞാനിപ്പോള്‍ പിടികൂടും. ഞാന്‍   നിന്നെ പീഡിപ്പിക്കും..."
ഇടിവെട്ടിയാലെന്നപോലെ ഒരു വലിയ ശബ്ദം. എന്നാല്‍ മിന്നലില്ല. പ്രകാശവുമില്ല. പൊട്ടിപ്പിളരുന്നതുപോലെ ഒരു  ശബ്ദം. പിശാചുബാധിതന്‍ മൃതശരീരം പോലെ വീണുകിടക്കുന്ന സമയത്ത് അപ്പസ്തോലന്മാരുടെ സമീപെ ഒരു വലിയ വൃക്ഷം ഒടിഞ്ഞുവീണു. അപ്പസ്തോലന്മാര്‍ പെട്ടെന്ന് മാറിപ്പോയി. സ്ഥലവാസികൾ പമ്പകടന്നു.
എന്നാല്‍ ഈശോ വീണുകിടക്കുന്ന മനുഷ്യന്റെ പക്കലേക്കു കുനിഞ്ഞു് അയാളുടെ കൈയില്‍ പിടിച്ചു് തിരിഞ്ഞുനോക്കിക്കൊണ്ടു പറയുന്നു: "വരൂ, ഭയപ്പെടേണ്ട!" ആളുകള്‍ ശങ്കിച്ചു ശങ്കിച്ചു് അടുത്തുചെല്ലുന്നു. "അവനു സുഖമായി. ഒരു വസ്ത്രം കൊണ്ടുവരൂ. " വസ്ത്രം കൊണ്ടുവരാന്‍ ഒരു മനുഷ്യന്‍  ഓടി.
സുഖം പ്രാപിച്ച മനുഷ്യന് സാവകാശം സുബോധം വീണ്ടുകിട്ടി. അയാള്‍ കണ്ണുകള്‍  തുറന്നു. ഈശോയെക്കാണുന്നു. വളരെയധികം ആളുകളുടെ സാന്നിദ്ധ്യത്തില്‍ താന്‍ നഗ്നനാണെന്നു മനസ്സിലായപ്പോള്‍ ലജ്ജിച്ച് ചോദിക്കുന്നു: "എന്താണു സംഭവിച്ചത്? നീ ആരാണ്? ഞാന്‍ എന്തിനാണു് ഇവിടെ വന്നത്?"
ഈശോ പറയുന്നു: "എന്റെ സ്നേഹിതാ, ഒന്നുമില്ല. അവര്‍ നിനക്കിപ്പോൾ വസ്ത്രം കൊണ്ടുവരും. അതു ധരിച്ചുകൊണ്ട് നീ വീട്ടില്‍പ്പോകും."
ഒരുടുപ്പുമായി ഏതാനും ആളുകൾ വന്നു. അവര്‍ അയാളെ അത് ധരിപ്പിക്കയാണ്. വൃദ്ധയായ ഒരു  സ്ത്രീ വന്ന് കരഞ്ഞുകൊണ്ട് സുഖം പ്രാപിച്ച മനുഷ്യനെ മാറോടണയ്ക്കുന്നു. 
"മകനേ"
"അമ്മേ, അമ്മ എന്തുകൊണ്ടാണ്   ഇത്രയേറെക്കാലം എന്നെ വിട്ടു പോയത്?"
ആ സ്ത്രീ കരയുന്നു. 
അവള്‍ പറയുന്നു: "നിനക്ക് വലിയ രോഗമായിരുന്നു മകനേ. നിന്നെ സുഖപ്പെടുത്തിയ ദൈവത്തെ സ്തുതിക്കുക. ദൈവനാമത്തില്‍ പ്രവര്‍ത്തിച്ച മ്ശിഹായേയും സ്തുതിക്കുക."
"അവനെയോ? അവന്റെ പേരെന്താണ്?"
"ഈശോ. എന്നാല്‍ അവന്റെ പേര് നന്മയെന്നാണ്. അവന്റെ കൈകള്‍  ചുംബിക്കൂ... നീ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനെല്ലാം അവനോടു മാപ്പു ചോദിക്കുക."
ഈശോ പറയുന്നു: "അവനല്ല സംസാരിച്ചത്. ഞാൻ  അവനോട് കര്‍ശനമായി വർത്തിക്കുന്നില്ല. ഇനി അവന്‍ നല്ലവനായിരിക്കട്ടെ. അവന്‍ ഇന്ദ്രിയനിഗ്രഹം പാലിക്കട്ടെ."
ഇന്ദ്രിയനിഗ്രഹം എന്നുള്ളത് ഈശോ ഊന്നല്‍ കൊടുത്താണു പറഞ്ഞത്. ആ മനുഷ്യൻ ലജ്ജിതനായി തല താഴ്ത്തുന്നു.


എന്നാല്‍ ഗ്രാമത്തിലെ ധനികരായ പൗരന്മാര്‍ അവനെ വെറുതെ വിടുന്നില്ല. അവര്‍ ഈ സമയത്ത് അടുത്തുവന്നു. അവരുടെകൂടെ ഗംഭീരന്മാരായ ഏതാനും പ്രീശന്മാരുമുണ്ട്. അവര്‍ പറയുന്നു: "നിനക്ക് ഭാഗ്യമുണ്ട്. പിശാചുക്കളുടെ ഗുരുവായ അവനെ  കണ്ടത് നന്നായി."
"ഞാന്‍..... ഞാന്‍ പിശാചുബാധിതനായിരുന്നോ?" ആ മനുഷ്യന്‍ ഭയചകിതനാകുന്നു.
വൃദ്ധ പൊട്ടിത്തെറിക്കുന്നു: "നിങ്ങൾ ശപിക്കപ്പെട്ടവര്‍.. നിങ്ങള്‍ക്കു് കാരുണ്യമോ ബഹുമാനമോ ഇല്ല. അത്യാഗ്രഹികള്‍, ക്രൂരന്മാരായ അണലിപ്പാമ്പുകള്‍; നീയുമുണ്ടോ കാശിനു കൊള്ളാത്ത സിനഗോഗ് ശുശ്രൂഷീ? പരിശുദ്ധനായവൻ സാത്താന്മാരുടെ അധിപനെന്നോ?"
"അവരുടെ രാജാവിനും പിതാവിനുമല്ലാതെ മറ്റാർക്കാണ് അവരുടെമേല്‍ ആധിപത്യം ഉള്ളതെന്നാണ് നീ വിചാരിക്കുന്നത്?"
"ഓ ! ദൈവഭക്തിയില്ലാത്ത ജനം... ദൈവദൂഷകന്മാര്‍..."
"സ്ത്രീയേ, മൗനമായിരിക്കൂ. നിന്റെ മകനോടൊത്തു സന്തോഷമായിരിക്കുക. ശപിക്കരുത്. അവര്‍ എന്നെ ആകുലനോ അസ്വസ്ഥനോ ആക്കുന്നില്ല. നിങ്ങളെല്ലാവരും സമാധാനത്തില്‍ പൊയ്ക്കൊള്ളൂ. നല്ലയാളുകള്‍ക്ക് എന്റെ സമാധാനം. എന്റെ സ്നേഹിതരേ, നമുക്കു പോകാം."
"ഞാന്‍ നിന്നെ അനുഗമിച്ചുകൊള്ളട്ടെയോ?" സുഖം പ്രാപിച്ച മനുഷ്യന്‍ ചോദിക്കുന്നു.
"വേണ്ട. ഇവിടെത്തന്നെ ജീവിക്കുക. എനിക്കു സാക്ഷ്യം വഹിക്കുകയും നിന്റെ അമ്മയ്ക്ക് സന്തോഷം നൽകുകയും ചെയ്യൂ. പൊയ്ക്കൊള്ളൂ."
ആളുകളുടെ ഉച്ചത്തിലുള്ള ആർപ്പുവിളികളുടേയും താണസ്വരത്തിലുള്ള പരിഹാസത്തിന്റെയും നടുവിലൂടെ ഈശോ ആ സ്ഥലം വിട്ടു പോകുന്നു. നദീതീരത്തുള്ള തണലിലേക്കാണ് പോയത്. അപ്പസ്തോലന്മാര്‍ ചുറ്റും കൂടി.
 പത്രോസ് ചോദിക്കുന്നു: "കര്‍ത്താവേ, എന്തുകൊണ്ടാണ് ആ അശുദ്ധാരൂപി ഇത്രയധികം എതിര്‍പ്പു  കാണിച്ചത്?"
"അത് ഒരു പൂര്‍ണ്ണ അരൂപിയായിരുന്നതുകൊണ്ട്."
"അതിന്റെ അര്‍ത്ഥമെന്താണ്?"


"ശ്രദ്ധയോടെ കേള്‍ക്കുക. ചിലയാളുകള്‍ പിശാചിനു വാതില്‍ തുറന്നു കൊടുക്കുന്നത് പ്രധാന ദുര്‍ഗ്ഗുണങ്ങളില്‍ ഒന്നു വഴിയാണ്. ചിലര്‍ രണ്ടും ചിലര്‍ മൂന്നും ചിലര്‍ ഏഴും ദുര്‍ഗ്ഗണങ്ങള്‍ വഴി പിശാചിനെ സ്വീകരിക്കുന്നു. ഏഴു ദുര്‍ഗ്ഗണങ്ങളും സ്വീകരിക്കാന്‍ സ്വന്തം അരൂപിയെ തുറന്നു കഴിയുമ്പോള്‍ ഒരു പൂര്‍ണ്ണ അരൂപി അവനില്‍ പ്രവേശിക്കുന്നു. അതായത് സാത്താൻ, കറുത്ത രാജാവ് പ്രവേശിക്കുന്നു."
"ഇത്രയും ചെറുപ്പമായ അവനിൽ സാത്താന് എങ്ങനെ പ്രവേശിക്കുവാന്‍ കഴിഞ്ഞു?"
:"ഓ ! എന്റെ സ്നേഹിതരേ, സാത്താന്‍ ഏതുവഴിക്കാണു വരുന്നതെന്നു നിങ്ങള്‍ക്കറിയാമോ? സാധാരണ മൂന്നുവഴികളാണ് അവന്‍ അതിധാരാളമായി ഉപയോഗിക്കുന്നത്. അതില്‍ ഒരെണ്ണം ഒരിക്കലും ഇല്ലാതെ വരികയില്ല.  ആ മൂന്നുവഴികള്‍ ഇവയാണ്. സുഖലോലുപത, പണം, അരൂപിയുടെ അഹങ്കാരം. അവയില്‍ സുഖലോലുപത അഥവാ ഭോഗേച്ഛ എല്ലായ്പ്പോഴും കാണും. മറ്റു ദുരാശകളുടെ മുന്നോടി സുഖലോലുപതയാണ്. അത് കടന്നുപോകുന്ന വഴിയിലെല്ലാം അതിന്റെ വിഷം പരത്തുകയും പൈശാചികമായ വിധത്തില്‍ എല്ലാം പുഷ്പിക്കുകയും ചെയ്യും. അതിനാലാണ് ഞാന്‍ നിങ്ങളോടു പറയുന്നത് "നിങ്ങള്‍ നിങ്ങളുടെ മാംസത്തിന്റെ അധിപന്മാരായിത്തീരണ"മെന്ന്. ആ നിയന്ത്രണം ആയിരിക്കണം മറ്റെല്ലാറ്റിന്റെയും ആരംഭം കുറിക്കേണ്ടത്. കാരണം ആ അടിമത്തമാണ് മറ്റെല്ലാ അടിമത്തങ്ങള്‍ക്കും ആരംഭം. ജഡികാസക്തിയുടെ അടിമയായിരിക്കുന്ന മനുഷ്യൻ കള്ളനും വഞ്ചകനും ക്രൂരനുമായിത്തീരും. അധികാരത്തിനുള്ള ആഗ്രഹവും സുഖലോലുപതയോടു ബന്ധപ്പട്ടതാണ്. മാംസത്തിലൂടെയാണ് സാത്താന്‍ മനുഷ്യനിൽ പ്രവേശിച്ചത്. മനുഷ്യനിലേക്കു തിരിച്ചുപോകുന്നതും മാംസത്തിലൂടെയാണ്. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ അവനു സന്തോഷമായി. അവൻ ഒന്നും ഏഴുമായി മനുഷ്യനില്‍ പ്രവേശിക്കുന്നു. അവന്റെകൂടെ ചെറിയ പിശാചുക്കളുടെ  സൈന്യം തന്നെയുണ്ടാകും."
"ഗുരുവേ, നീ പറഞ്ഞല്ലോ മേരി മഗ്ദലനയില്‍ ഏഴു പിശാചുക്കളുണ്ടായിരുന്നെന്ന്. അവയെല്ലാം മാംസേച്ഛയുടെ പിശാചുക്കളായിരുന്നു. എന്നിട്ടും നീ അവളെ വളരെ എളുപ്പത്തില്‍ സ്വതന്ത്രയാക്കി."


"ഉവ്വ്, യൂദാസേ. അത് സത്യമാണ്."


"അതുകൊണ്ട്?"


"അതുകൊണ്ടു നീ പറയുന്നത് എന്റെ തത്വം തെറ്റാണെന്നാകുന്നു. എന്റെ സ്നേഹിതാ, അതു തെറ്റല്ല. ആ സ്ത്രീക്ക് പിശാചിന്റെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യം വേണമെന്ന് ആ സമയത്ത്  ആഗ്രഹമുണ്ടായിരുന്നു. അവള്‍ ആഗ്രഹിച്ചു. മനഃശക്തി ; അതെല്ലാമാണ്."