ഈശോ അപ്പസ്തോലന്മാരോടൊപ്പം ഗറേസാ എന്ന പട്ടണത്തിലാണ്. ഈശോയുടെ പ്രസംഗം കേള്‍ ക്കാന്‍ വലിയൊരു ജനക്കൂട്ടം ചുറ്റിലുമുണ്ട്. ഈശോ പറയുന്നു:
"ദൈവരാജ്യം ലോകത്തിലും മനുഷ്യഹൃദയങ്ങളിലും എങ്ങനെയാണ് സ്ഥാപിക്കപ്പെടുക? മോശയുടെ നിയമത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട്; അതേക്കുറിച്ച് അറിഞ്ഞുകൂടെങ്കിൽ അതു പഠിച്ചുകൊണ്ട്; എന്നാൽ എല്ലാറ്റിനും ഉപരിയായി നമ്മുടെ ജീവിതത്തിന്റെ എല്ലാ സംഭവങ്ങളിലും അവയനുസരിച്ച് ജീവിച്ചുകൊണ്ട്. ആ നിയമം പ്രായോഗികമാക്കാന്‍ കഴിയാത്തവണ്ണം അത്ര കഠിനമാണോ? അല്ല, അത് എളുപ്പമുള്ള പത്ത് വിശുദ്ധ പഠനങ്ങളാണ്. അവ ഇവയാണ്.
നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
ദൈവനാമം വൃഥാ ഉച്ചരിക്കരുത്. ദൈവകൽപ്പനയനുസരിച്ചും ശരീരത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചും സാബത്ത് ആചരിക്കണം.
ഭൂമിയിൽ ദീർഘകാലം ജീവിച്ചിരിക്കുന്നതിനും ഭൂമിയിലും സ്വർഗ്ഗത്തിലും അനുഗ്രഹീതനാകുന്നതിനും വേണ്ടി നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
നീ കൊല്ലരുത്.
നീ മോഷ്ടിക്കരുത്.
നീ വ്യഭിചാരം ചെയ്യരുത്.
നിന്റെ അയല്‍ക്കാരനെതിരായി കള്ളസാക്ഷി പറയരുത്.
നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ മോഹിക്കരുത്.
നിന്റെ അയല്‍ക്കാരന്റെ വസ്തുക്കള്‍ മോഹിക്കരുത്.
തന്റെ ചുറ്റുമുള്ളവയെല്ലാം കണ്ടുകൊണ്ട് ഇവയൊന്നും തനിയെ ഉണ്ടായവയല്ല, ഇവയെ എല്ലാം ഉണ്ടാക്കിയ ഒരുവന്‍ , പ്രകൃതിയേയും മനുഷ്യനേയുംകാള്‍ ശക്തനായ ഒരുവന്‍ ഉണ്ടായിരിക്കണം എന്നു പറയാത്ത ആരാണുള്ളത്? ആ ശക്തനായവനെ, അവന്റെ പേര് അറിയാമെങ്കിലും അറിഞ്ഞുകൂടെങ്കിലും അവന്‍ ആരാധിക്കുന്നു. അവന്റെ നാമം ആദരവോടെ ഉച്ചരിക്കുമ്പോൾ താന്‍ പ്രാര്‍ത്ഥിക്കയാണെന്ന് അവന് മനസ്സിലാകുന്നു. വാസ്തവത്തില്‍ ദൈവത്തെ ആരാധിക്കാന്‍ ആഗ്രഹിച്ചു്, മറ്റുള്ളവര്‍ അവനെ അറിയണമെന്നാഗ്രഹിച്ച് ദൈവനാമം ഉച്ചരിക്കുമ്പോള്‍ അത് പ്രാർത്ഥന തന്നെയാണ്.
അതുപോലെ തന്നെ ധാർമ്മികബോധത്തിൽ നിന്നുളവാകുന്ന വിവേകം ആവശ്യപ്പെടുന്നുണ്ട് മനുഷ്യന്‍ തന്റെ ശരീരത്തിന്, കൈകാലുകൾക്ക് വിശ്രമം നൽകണമെന്ന്. കാരണം ജീവനുള്ള കാലത്തോളം അവ പ്രവൃത്തി ചെയ്യണമല്ലോ. എന്നാൽ അതിലുപരിയായി ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവും കർത്താവുമായ ദൈവത്തിനു് തന്റെ ശാരീരിക വിശ്രമവും അർപ്പിക്കപ്പെടേണ്ടതാകുന്നു എന്ന് ഇസ്രായേലിന്റെ ദൈവത്തെ അറിയുന്നവന് ബോദ്ധ്യമുണ്ട്. ക്ഷീണം തോന്നുമ്പോള്‍ ചവിട്ടിത്തേച്ച വയ്ക്കോലിന്റെ മീതെ കിടന്നുകളയുന്ന മൃഗത്തെപ്പോലെയാകരുത് മനുഷ്യന്‍ .
നമുക്കു ജന്മം തന്നവരെ സ്നേഹിക്കണമെന്ന് രക്തവും ആവശ്യപ്പെടുന്നു. സ്വന്തം മാതാപിതാക്കളെ സ്നേഹിക്കയെന്നത് ഒരു കടമയും സന്തോഷവുമാണ്. ജന്മം നൽകിയ തള്ളയെ സ്നേഹിക്കാത്ത ഒരു മൃഗം പോലുമില്ല. എന്നാല്‍ ചെളിയില്‍ കിടക്കുന്ന പുഴുവിനേക്കാള്‍ മനുഷ്യന്‍ ഹീനനായിപ്പോകുന്നു എന്നോ?
ധാർമ്മികബോധമുള്ള മനുഷ്യന്‍ കൊലപാതകം ചെയ്കയില്ല. മറ്റുള്ളവരുടെ ജീവന്‍ നശിപ്പിക്കുന്നത് നിയമാനുസൃതമല്ല എന്നയാള്‍ക്കറിയാം. ജീവന്‍ നൽകിയ ദൈവത്തിനു മാത്രമേ അതിന്നധികാരമുള്ളൂ എന്നയാള്‍ അറിയുന്നു. കൊലപാതകത്തെ അയാള്‍ വല്ലാതെ ഭയപ്പെടുന്നു.
അതുപോലെതന്നെ, മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൊണ്ട് മുതലെടുക്കാന്‍ നോക്കുന്നതും ധർമ്മിഷ്ഠനായ മനുഷ്യന്‍ അംഗീകരിക്കയില്ല. വെറും സാധാരണ റൊട്ടി, ചോലയിലെ വെള്ളവും കൂട്ടി നല്ല മനഃസാക്ഷിയോടെ ഭക്ഷിക്കുന്നതാണ്, മോഷ്ടിച്ചുകൊണ്ടു വന്നുണ്ടാക്കുന്ന രുചിയേറിയ ഭക്ഷണത്തേക്കാള്‍ അയാള്‍ക്കിഷ്ടം.
ശരിയായ ധാർമ്മികബോധമുള്ള മനുഷ്യന്‍ അന്യസ്ത്രീകളില്‍ തല്‍പ്പരനാകയില്ല. അയൽക്കാരന്റെ വിവാഹക്കിടക്കയെ അയാള്‍ മലിനമാക്കയില്ല. അന്യസ്ത്രീകളെ സഹോദരിമാരെപ്പോലെ പരിഗണിക്കും. കാമാസക്തിയോടെ അവളെ നോക്കുകയില്ല. സ്വന്തം സഹോദരിമാരോട് ആരും അങ്ങനെ ചെയ്കയില്ലല്ലോ.
നീതിമാനായ ഒരു മനുഷ്യന്‍ ഒരിക്കലും കള്ളസാക്ഷി പറയില്ല. അയാളുടെ ഹൃദയം പോലെ തന്നെ അധരങ്ങളും സത്യസന്ധതയുള്ളതായിരിക്കും. അയൽക്കാരന്റെ ഭാര്യയെ അയാള്‍ ആഗ്രഹിക്കയില്ല. ഒന്നിനോടും അവന് ആസക്തിയില്ല. കാരണം പാപം ആരംഭിക്കുന്നത് ആസക്തികളിലാണെന്ന് അയാള്‍ക്കറിയാം. അയാള്‍ക്കു് അസൂയയുമില്ല. കാരണം അയാള്‍ നല്ലവനാണ്.
ഈ കൽപ്പനകളെല്ലാം പ്രായോഗികമാക്കാന്‍ കഴിയാത്ത വിധം കഠിനമാണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്കയില്ലെന്ന് എനിക്കുറപ്പുണ്ട്. അങ്ങനെ വഞ്ചിതരാകയില്ലെങ്കില്‍ നിങ്ങളിലും നിങ്ങളുടെ പട്ടണത്തിലും നിങ്ങള്‍ ദൈവരാജ്യം സ്ഥാപിക്കും.
എന്നാല്‍ നമുക്ക് നമ്മുടെയുള്ളില്‍ അഭിനിവേശങ്ങളുണ്ട്. അടച്ചു ഭദ്രമാക്കിയിരിക്കുന്ന പട്ടണത്തിനുള്ളിലെ ആളുകളെപ്പോലെയാണവ. എല്ലാ അഭിനിവേശങ്ങളും ഒരേയൊരു കാര്യം മാത്രം അന്വേഷിക്കണം. അതായത് വിശുദ്ധി. അല്ലാത്തപക്ഷം ചിലതു് സ്വർഗ്ഗത്തെ അന്വേഷിക്കുന്നത് വൃഥാ ആയിത്തീരും. മറ്റുള്ള അഭിനിവേശങ്ങള്‍ വാതില്‍ തുറന്നിട്ട് പരീക്ഷകനെ അകത്തു കടത്തുകയും ദൈവത്തെ അന്വേഷിക്കുന്നവരെ എതിരിടാനിടയാക്കുകയും ചെയ്യും. തര്‍ക്കങ്ങളും അലസതയും ഉണ്ടാകും. ദുഷിച്ച അഭിനിവേശങ്ങളും പിശാചിന്റെ ദൂതന്മാരും അവിടെ ഭരണം നടത്തും. പട്ടണമതിലിന് കാവലേര്‍പ്പെടുത്തിയിരിക്കുന്നതുപോലെ നിങ്ങള്‍ ജാഗ്രത പാലിക്കണം. ദൈവരാജ്യം സ്ഥാപിക്കാന്‍
നാം ആഗ്രഹിക്കുന്നിടത്ത് ദുഷ്ടനെ പ്രവേശിപ്പിക്കരുത്.
ഞാന്‍ ഗൗരവമായിപറയുന്നു; ശക്തനായ മനുഷ്യ ന്‍ ആയുധധാരിയായി വീടിനെ കാത്തു സൂക്ഷിക്കയാണെങ്കില്‍ വീടിനകത്തുള്ളതെല്ലാം ഭദ്രമായിരിക്കും. എന്നാല്‍ അയാളെക്കാള്‍ ശക്തനായ ഒരുവന്‍ വരികയോ വീടിന്റെ വാതില്‍ സൂക്ഷിക്കാതിരിക്കയോ ചെയ്താല്‍ കൂടുതല്‍ ശക്തനായവന്‍ വന്ന് അയാളെ കീഴ്പ്പെടുത്തി ആയുധങ്ങളെല്ലാം അപഹരിക്കും. ആയുധങ്ങള്‍ നഷ്ടപ്പെട്ടു കഴിയുമ്പോൾ ധൈര്യം നശിച്ച് നിരാശനായി ശത്രുവിന് കീഴടങ്ങും. അപ്പോള്‍ ശത്രു അയാളെ ബന്ധനസ്ഥനാക്കി സകലതും കൈക്കലാക്കും. എന്നാല്‍ ഒരാൾ ദൈവത്തില്‍ ജീവിക്കയാണെങ്കില്‍ ദൈവം അയാളോടു കൂടെയുണ്ട്. ഞാന്‍ അയാളോടു കൂടെയുണ്ട്. അവന് ഒരു ഉപദ്രവവും ഉണ്ടാകാൻ സാദ്ധ്യമല്ല. എന്നോടുള്ള ഐക്യം വിജയത്തിന്റെ സുനിശ്ചിതമായ അടയാളമാണ്. എന്നാല്‍ എന്റെ നേരെ പുറംതിരിയുകയോ എന്റെ ശത്രുവായിത്തീരുകയോ ചെയ്യുന്നയാള്‍ അതിനാൽത്തന്നെ അവന്റെ ആയുധങ്ങളും എന്റെ വചനത്തിന്റെ സുനിശ്ചിതത്വവും നിരസിക്കയാണ് ചെയ്യുന്നത്. വചനം നിരസിക്കുന്നവന്‍ ദൈവത്തെ നിരസിക്കുന്നു.
അതിനാല്‍ എന്നോടു കൂടെയല്ലാത്തവന്‍ എനിക്കെതിരാകുന്നു. ഞാന്‍ വിതച്ചത് കൃഷി ചെയ്യാത്തവന്‍ , ശത്രു വിതച്ചതായിരിക്കും കൊയ്യുന്നത്. വലിയ ന്യായാധിപന്റെ പക്കലെത്തുമ്പോള്‍ അവന്‍ ദരിദ്രനും നഗ്നനും ആയിരിക്കും. ക്രിസ്തുവിനേക്കാള്‍ ബേൽസബൂബിനെ സ്നേഹിച്ചു് സ്വയം അവനു വിറ്റ അയാളെ, ബേൽസബൂബിന്റെ പക്കലേക്കുതന്നെ അയയ്ക്കും.
ഗറേസാ പട്ടണവാസികളേ, നിങ്ങളുടെ ഉള്ളിലും നിങ്ങളുടെ പട്ടണത്തിലും ദൈവരാജ്യം നിങ്ങൾ പണിതുയര്‍ത്തുക."
സന്തോഷവും വിസ്മയവും നിമിത്തം തമ്മില്‍ കുശുകുശുക്കുന്ന സ്വരത്തെ വെല്ലുന്ന തെളിഞ്ഞ സ്വരത്തില്‍, ഒരു വാനമ്പാടിയുടേതുപോലെ മധുരമായ സ്വരത്തില്‍, ഒരു സ്ത്രീ വിളിച്ചുപറയുന്നു; "നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ പയോധരങ്ങളും അനുഗ്രഹീതമാകട്ടെ!"
മകനെ ശ്രവിച്ചതിലുള്ള വിസ്മയത്തില്‍ അമ്മയെ പുകഴ്ത്തിയ ആ സ്ത്രീയുടെ നേർക്ക് ഈശോ തിരിഞ്ഞു. ഈശോ പുഞ്ചിരിതൂകുന്നു. കാരണം അമ്മയ്ക്ക് നല്‍കിയ സ്തുതി ഈശോയ്ക്കിഷ്ടപ്പെട്ടു. എന്നാലും ഈശോ ഇങ്ങനെ പറഞ്ഞു: "ദൈവവ വചനം ശ്രവിക്കയും അതു പാലിക്കയും ചെയ്യുന്നവർ കൂടുതല്‍ അനുഗ്രഹീതരാകുന്നു. സ്ത്രീയേ, നീ അങ്ങനെ ചെയ്യുക."
പിന്നീട് ജനത്തെ അനുഗ്രഹിച്ചശേഷം ഈശോ നാട്ടി ന്‍പുറത്തെ ലക്ഷ്യമാക്കി നടന്നു. അപ്പസ്തോലന്മാര്‍ പിന്നാലെയുണ്ട്. അവര്‍ ചോദിക്കുന്നു: "ഗുരുവേ, നീ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്?"
"കാരണം ഞാന്‍ ഗൗരവമായിപറയുന്നു, സ്വർഗ്ഗത്തില്‍ അളക്കുന്നത് ഭൂമിയില്‍ അളക്കുന്നതു പോലെയല്ല. എന്റെ അമ്മ അനുഗ്രഹീതയാകുന്നത് കറയില്ലാത്ത ആത്മാവുള്ളതിനാലല്ല, അതില്‍ക്കൂടുതലായി ദൈവവചനം ശ്രവിച്ചതിനും അത് അനുസരണയിലൂടെ പ്രായോഗികമാക്കിയതിനുമാണ്. മേരിയുടെ ആത്മാവ് പാപപങ്കിലമല്ലാതിരുന്നത് അവള്‍ ദൈവത്തിന്റെ അത്ഭുതസൃഷ്ടിയായതു കൊണ്ടാണ്. അതിനു ദൈവത്തെ സ്തുതിക്കയാണു വേണ്ടത്. എന്നാല്‍ "നീ പറഞ്ഞത് എന്നില്‍ സംഭവിക്കട്ടെ" എന്നുത്തരിച്ചത് എന്റെ അമ്മയുടെ അത്ഭുത വചനമായിരുന്നു. അതിനാല്‍ അവളുടെ നന്മ വളരെയേറെയാണ്. ദൈവവചനം അവള്‍ ശ്രവിച്ചതു കൊണ്ടാണ് ലോകരക്ഷകന്‍ വന്നത്. ഗബ്രിയേലിന്റെ അധരങ്ങൾവഴി ദൈവമാണ് അവളോടു സംസാരിച്ചത്. ദൈവവചനം പ്രായോഗികമാക്കാൻ അവള്‍ മനസ്സായി. ആ സമ്മതത്തോടു ബന്ധപ്പെട്ട് ഉടനെതന്നെയും പില്‍ക്കാലങ്ങളിലും ഉണ്ടാകാന്‍ പാടുണ്ടായിരുന്ന ദുഃഖവും ബുദ്ധിമുട്ടുകളും കാര്യമാക്കാതെ അവള്‍ സമ്മതിച്ചു. ഇതില്‍നിന്ന് നിങ്ങൾക്കു മനസ്സിലാക്കുവാന്‍ കഴിയും - എന്റെ അമ്മ ഭാഗ്യവതിയായത് എന്നെ ഗര്‍ഭം ധരിക്കയും പാലൂട്ടി വളര്‍ത്തുകയും ചെയ്തതിനാല്‍ മാത്രമല്ല, പിന്നെയോ അവള്‍ ദൈവവചനം ശ്രവിക്കയും അനുസരണയിലൂടെ അത് പ്രായോഗികമാക്കയും ചെയ്തതിനാല്‍ക്കൂടിയാണ്."
(ദൈവ മനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)