ജാലകം നിത്യജീവൻ: ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുക

nithyajeevan

nithyajeevan

Tuesday, August 23, 2011

ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുക

                  ഈശോയും അപ്പസ്തോലന്മാരും  'മെഗ്ഗീദോ' എന്ന സ്ഥലത്തേക്ക്   പോവുകയാണ്.    യൂദാ സ്കറിയോത്താ കൂട്ടത്തിലില്ല.  ഒരു സ്നേഹിതനെ കാണാനുണ്ടെന്ന ഒഴികഴിവു പറഞ്ഞ് അവന്‍ ഈശോയെയും മറ്റ് അപ്പസ്തോലന്മാരെയും വിട്ടു പോയപ്പോൾ പത്രോസുൾപ്പെടെയുള്ളവര്‍ അവനെ വിമര്‍ശിച്ചു സംസാരിക്കുന്നു.  ബഹുമാനമില്ലാതെ ഗുരുവിനോടു  സംസാരിക്കുന്നതിനെപ്പറ്റിയും ധാരാളം  നുണകൾ പറഞ്ഞുകൂട്ടുന്നതിനെപ്പറ്റിയുമൊക്കെ  യൂദാ സ്കറിയോത്തായെ  കുറ്റപ്പെടുത്തി  സംസാരിച്ചു കൊണ്ടാണ്  അവരുടെ നടപ്പ്.   ശുദ്ധമനസ്കനായ ആന്‍ഡ്രൂ പറയുന്നു; "നമുക്ക് തിന്മയൊന്നും ചിന്തിക്കേണ്ട.  ഗുരു  അതൊന്നും അംഗീകരിക്കുന്നില്ല.  അവന്‍  എന്തെങ്കിലും തെറ്റു ചെയ്തു  എന്നതിന് നമുക്ക് തെളിവൊന്നുമില്ലല്ലോ."

                           പത്രോസ് ചോദിക്കുന്നു; "ബഹുമാനമില്ലാതെയും ഗുരുവിനു് അതൃപ്തി വരത്തക്കവിധവും  വര്‍ത്തിച്ചു കൊണ്ട് ഗുരുവിനെ ദുഃഖിപ്പിക്കുന്നത് ശരിയാണെന്നാണോ നീ പറയുന്നത്?" 

                       തീക്ഷ്ണനായ സൈമൺ സമാധാനം സ്ഥാപിക്കാന്‍  ശ്രമിക്കുന്നു; "സൈമൺ, സമാധാനപ്പെടൂ.. അവന് ഏതോ ഭ്രാന്താണെന്ന് ഞാന്‍  ഉറപ്പിച്ചു പറയുന്നു."
"ആകട്ടെ, അങ്ങനെയായിരിക്കാം. പക്ഷേ അവന്‍  കര്‍ത്താവിന്റെ കാരുണ്യത്തിനെതിരേ പാപം ചെയ്യുകയാണ്. അവന്‍  എന്റെ മുഖത്തു തുപ്പുകയോ എന്റെ ചെവിക്ക് ഇടിക്കയോ ചെയ്താല്‍ ഞാനതു ക്ഷമിച്ച് അവന്റെ രക്ഷയ്ക്കായി ദൈവത്തിനു് കാഴ്ചയര്‍പ്പിക്കുമായിരുന്നു. അവന്‍  വിഡ്ഡിവേഷം കെട്ടുമ്പോൾ എന്റെ നാവിനെ നിയന്ത്രിക്കാന്‍  ഞാന്‍  പഠിച്ചിട്ടുണ്ട്. എന്നാല്‍  ഗുരുവിനോടു  മോശമായി പെരുമാറുന്നത് ക്ഷമിക്കാന്‍  എനിക്ക് സാദ്ധ്യമല്ല. എന്നിട്ടോ? ഇതു വല്ലപ്പോഴും മാത്രമായിരുന്നെങ്കില്‍  തരക്കേടില്ലായിരുന്നു. പക്ഷേ അവന്‍  എപ്പോഴും അങ്ങനെതന്നെയാണ്. അവന്റെ വഴക്കിനെക്കുറിച്ച് എന്റെയുള്ളില്‍  തിളച്ചുമറിയുന്ന കോപം അടങ്ങുവാന്‍  സമയമാകുന്നതിനു മുമ്പ് അവന്‍  വീണ്ടും ഒരു രംഗം സൃഷ്ടിച്ചു കഴിഞ്ഞു! ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമായിരുന്നെങ്കില്‍!  എല്ലാറ്റിനും ഒരു  പരിധിയുണ്ട്..."        വളരെ       വികാരഭരിതനായി                  ആംഗ്യവിക്ഷേപങ്ങളോടെയാണ് പത്രോസിന്റെ സംസാരം.

                          പതിവുപോലെ അപ്പസ്തോലന്മാരെ വിട്ട്  അല്‍പ്പം  മുന്നില്‍  നടക്കുകയായിരുന്ന ഈശോ,  പത്രോസിന്റെ  സംസാരം  കേട്ട് തിരിഞ്ഞുനോക്കുന്നു. ഈശോ പറയുന്നു: "സ്നേഹിക്കുന്നതിനും മാപ്പു നല്‍കുന്നതിനും ഒരു  പരിധിയുമില്ല. ദൈവത്തിലും ദൈവത്തിന്റെ മക്കളിലും  ഇല്ല.  പാപപ്പപ്പൊറുതിയും സ്നേഹവും വ്യക്തിയിലേക്ക് ഇറങ്ങുന്നതിന് തടസ്സമായി നില്‍ക്കുന്നത് അനുതാപമില്ലാത്ത പാപിയുടെ എതിര്‍പ്പാണ്.  എന്നാല്‍  അയാൾ അനുതപിക്കുന്നെങ്കില്‍  അയാളോട് എപ്പോഴും പൊറുക്കണം. ഒരിക്കല്‍  മാത്രമല്ല, രണ്ടു പ്രാവശ്യമോ  മൂന്നു  പ്രാവശ്യമോ അതില്‍ക്കൂടുതലോ  പ്രാവശ്യം  പാപം ചെയ്താലും അനുതപിച്ചാല്‍  അവനോടു് വീണ്ടും വീണ്ടും ക്ഷമിക്കണം. നിങ്ങളും പാപം ചെയ്യുന്നു; 
നിങ്ങൾക്ക് ദൈവത്തില്‍  നിന്ന് പാപപ്പപ്പൊറുതി ലഭിക്കാനായി  ദൈവത്തോട് നിങ്ങൾ പറയുന്നു; 'ഞാന്‍  പാപം  ചെയ്തുപോയി, എന്നോടു് ക്ഷമിക്കണമേ' എന്ന്. പാപപ്പപ്പൊറുതി ലഭിക്കുന്നത് നിങ്ങൾക്ക് സന്തോഷമാണല്ലോ. അതു നൽകുന്നത് ദൈവത്തിനും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍  നിങ്ങൾ ദൈവങ്ങളല്ല. അതിനാല്‍ നിങ്ങളെപ്പോലുള്ളവര്‍  തന്നെ നിങ്ങളോടു  ചെയ്യുന്ന ഉപദ്രവങ്ങൾ അത്ര ഗൗരവമുള്ളവയല്ല. മറ്റൊരുത്തരേയുംപോലെ അല്ലാത്ത ദൈവത്തോട് ചെയ്യുന്ന ദ്രോഹമാണ് കൂടുതല്‍  ഗൗരവമായിട്ടുള്ളത്. എന്നിട്ടും ദൈവം പൊറുക്കുന്നു. നിങ്ങളും  അതുപോലെ ചെയ്യുക.  നിങ്ങളുടെ അസഹിഷ്ണുത നിങ്ങൾക്ക് ഉപദ്രവമായിത്തീരാതിരിക്കാന്‍  നിങ്ങൾ കരുതലുള്ളവരായിരിക്കുക. ദൈവം നിങ്ങളോടു് അസഹിഷ്ണുത  കാണിക്കുവാന്‍  ഇടയാകാതിരിക്കുന്നതിന് വളരെ സൂക്ഷിച്ചുകൊള്ളുക.ഞാന്‍  നേരത്തേ നിങ്ങളോടു  പറഞ്ഞിട്ടുള്ളതാണ്; എങ്കിലും ഞാന്‍   വീണ്ടും വീണ്ടും പറയുന്നു, കരുണ ലഭിക്കുന്നതിനായി കരുണയുള്ളവരായിരിക്കുവിന്‍ . പാപിയോടു ക്ഷമിക്കാതിരിക്കുവാന്‍  തക്കവിധത്തില്‍  അത്ര പാപരഹിതരായി ആരുമില്ല. മറ്റുള്ളവരുടെ പാപങ്ങളെ പരിഗണിക്കുന്നതിനു മുമ്പ് സ്വന്തം ആത്മാവിലേക്കു നോക്കുക. അവിടെയുള്ള ഭാരങ്ങൾ എടുത്തു കളയുക. പിന്നീട് മറ്റുള്ളവരിലേക്കു തിരിയുക.  കുറ്റം വിധിക്കുന്ന കാഠിന്യം  അവര്‍ക്കു് അനുഭവപ്പെടുത്തുവാനല്ല; തിന്മയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുവാന്‍  പഠിപ്പിക്കുന്ന സ്നേഹമായിത്തീരുന്നതിന്.  ദൈവത്തിനെതിരായും അയല്‍ക്കാരനെതിരായും നീ പാപം  ചെയ്തു എന്നു പറയണമെങ്കില്‍  - പാപി നിങ്ങളെ എതിര്‍ക്കാതിരിക്കണമെങ്കില്‍  നിങ്ങൾ പാപം  ചെയ്യാതിരിക്കണം. കുറഞ്ഞപക്ഷം, ചെയ്ത  പാപത്തിന്  പരിഹാരം ചെയ്തവരെങ്കിലും ആയിരിക്കണം.  പാപം ചെയ്തതിനാല്‍  മനസ്സിടിഞ്ഞവരോട്, "അനുതപിക്കുന്നവരോട് ദൈവം ക്ഷമിക്കുന്നു" എന്നു പറയുന്നതിനു വേണ്ടി ക്ഷമിക്കുമ്പോൾ നിങ്ങൾ ധാരാളം കാരുണ്യം കാണിക്കണം.     അനുതപിക്കുന്ന പാപികളോടു ക്ഷമിക്കുന്ന ദൈവത്തിന്റെ ദാസരാണു നിങ്ങൾ എന്നവര്‍  മനസ്സിലാക്കാനിടയാകണം. അപ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാന്‍  കഴിയും; 'നോക്കൂ, അനുതപിക്കുന്ന നിന്നോട് നിന്റെ പാപങ്ങൾ ഏഴ് എഴുപതു പ്രാവശ്യം ഞാന്‍  ക്ഷമിക്കുന്നു; കാരണം, എണ്ണമില്ലാത്ത വിധത്തില്‍  എപ്പോഴും  ക്ഷമിക്കുന്നവന്റെ ദാസനാണ് ഞാന്‍.'  
  അതിനാല്‍  നിന്റെ സഹോദരന്‍  പാപം   ചെയ്യുന്നെങ്കില്‍ ദയാപൂര്‍വ്വം അവനെ ശാസിക്കുക. ദിവസത്തിന്റെ അന്ത്യത്തില്‍  അവന്‍  ഏഴു പ്രാവശ്യം പാപം ചെയ്തു എന്നു നീ കാണുകയും ഏഴു പ്രാവശ്യവും 'ഞാന്‍  പാപം ചെയ്തുപോയി' എന്നു നിന്നോടു പറയുകയും ചെയ്താല്‍  ഏഴു പ്രാവശ്യവും അവനോടു ക്ഷമിക്കണം. ഇങ്ങനെ ചെയ്യുമെന്ന് നിങ്ങൾ എനിക്ക് വാക്കു തരണം.  അവന്‍  (യൂദാസ്) അകലെയായിരിക്കുമ്പോൾ അവനോടു  ദാക്ഷിണ്യം കാണിക്കാമെന്ന് നിങ്ങൾ വാക്കു തരിക. അവന്‍  എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ നിങ്ങൾ ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് അവനെ സുഖപ്പെടുത്താന്‍  എന്നെ സഹായിക്കാമോ? അരൂപിയില്‍  അവന്‍ നിങ്ങളുടെ സഹോദരനാണ്. കാരണം, നിങ്ങൾ ഒരേപിതാവില്‍ നിന്നുള്ളവരാണ്. വംശത്തില്‍  സഹോദരനാണ്. കാരണം, അവനും നിങ്ങളുടെ വംശത്തില്‍പ്പെട്ടവനാണ്. ദൗത്യത്തിലും സഹോദരനാണ്. കാരണം, നിങ്ങളെപ്പോലെ അവനും എന്റെ അപ്പസ്തോലനാണ്. അതിനാല്‍  നിങ്ങൾ   അവനെ മൂന്നിരട്ടി സ്നേഹിക്കണം. നിങ്ങളുടെ  കുടുംബത്തില്‍  പിതാവിനെ ദുഃഖിപ്പിക്കുന്ന ഒരു പുത്രനുണ്ടെങ്കില്‍  അവനെ തിരുത്തുവാന്‍  നിങ്ങൾ ശ്രമിക്കയില്ലേ? അപ്പന്റെ വിഷമം തീര്‍ക്കാനും കുടുംബത്തിന്റെ സല്‍പ്പേരു  നിലനിര്‍ത്താനും നിങ്ങൾ അതു ചെയ്യും. നിങ്ങളുടെ  ഈ കുടുംബം  അതിലും  ശ്രേഷ്ഠവും കൂടുതല്‍  വിശുദ്ധവുമാണ്. കാരണം അതിന്റെ തലവന്‍  ദൈവവും ഞാന്‍  അവന്റെ ആദ്യജാതനുമാണ്. പിന്നെ എന്തുകൊണ്ടാണ് പിതാവിനെയും എന്നെയും   ആശ്വസിപ്പിക്കാനും   സ്വയം സന്തോഷമില്ലാത്ത   നിങ്ങളുടെ  പാവം സഹോദരനെ  നന്നാക്കാന്‍  ഞങ്ങളെ സഹായിക്കാനും  നിങ്ങൾ ശ്രമിക്കാത്തത്?"
               കുറ്റങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ആ അപ്പസ്തോലനു  വേണ്ടി  ഈശോ ഉത്ക്കണ്ഠയോടെ കേണപേക്ഷിക്കുകയാണ്. 
                             ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നു: "ഞാന്‍  ഒരു വലിയ ഭിക്ഷുവാണ്. നിങ്ങളോടു് ഏറ്റം വിലപിടിച്ച ദാനമാണ് ഞാനാവശ്യപ്പെടുന്നത്. ആത്മാക്കളെ എനിക്കു തരൂ എന്നാണ് ഞാനാവശ്യപ്പെടുന്നത്. ഞാന്‍  അവയെ അന്വേഷിച്ചാണ് ചുറ്റി നടക്കുന്നത്. നിങ്ങൾ എന്നെ സഹായിക്കണം. എന്റെ ഹൃദയം സ്നേഹം ആഗ്രഹിക്കുന്നു. എന്നാല്‍  വളരെക്കുറച്ച് ആളുകളില്‍  മാത്രമേ ഞാനതു കാണുന്നുള്ളൂ. മനസ്സിലാക്കപ്പെടാത്തതിനാലും സ്നേഹിക്കപ്പെടാത്തതിനാലും വിഷമിച്ചിരിക്കുന്ന നിങ്ങളുടെ ഗുരുവിനു് ആത്മാക്കളെ തരൂ..."

                                  അപ്പസ്തോലന്മാര്‍ക്കെല്ലാം വിഷമമായി. അവര്‍  ഈശോയുടെ ചുറ്റും കൂടി ഈശോയെ തഴുകുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു. 

              അവസാനം ശാന്തനായ ആന്‍ഡ്രൂവാണ് സംസാരിക്കുന്നത്: "ഉവ്വ്, കര്‍ത്താവേ, ക്ഷമയും മൗനവും ത്യാഗങ്ങളുമാകുന്ന മാര്‍ഗ്ഗങ്ങളുപയോഗിച്ച് മാനസാന്തരം നേടി നിനക്കു ഞങ്ങൾ ആത്മാക്കളെ നല്‍കും. ദൈവം സഹായിക്കുന്നെങ്കില്‍  ... ആ ആത്മാവിനെയും....."

"ഉവ്വ്, കര്‍ത്താവേ, നിന്റെ പ്രാര്‍ത്ഥനയാല്‍  നീ ഞങ്ങളെ സഹായിക്കണമേ..."
                "ശരി, എന്റെ സ്നേഹിതരേ, അതിനിടയ്ക്ക് അകലെയായിരിക്കുന്ന നിങ്ങളുടെ കൂട്ടുകാരനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം."
                    ഈശോ തന്റെ മിഴിവുറ്റ സ്വരത്തില്‍  "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന 
പ്രാര്‍ത്ഥന ചൊല്ലുന്നു. മറ്റുള്ളവര്‍  എല്ലാവരും ഒരുമിച്ചു് ചേര്‍ന്നു ചൊല്ലിക്കൊണ്ട് നടന്നുനീങ്ങുന്നു.