ജാലകം നിത്യജീവൻ: ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍

nithyajeevan

nithyajeevan

Wednesday, August 10, 2011

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍

   ഈശോയുടെ പ്രസംഗം കേൾക്കാനും രോഗസൗഖ്യം പ്രാപിക്കാനുമായി വലിയൊരു ജനക്കൂട്ടം തന്നെ മലയിലെത്തിയിട്ടുണ്ട്. ഒരു പാറമേൽ ചാരി നിന്നുകൊണ്ട് അവിടുന്ന് പ്രസംഗം ആരംഭിച്ചു.

"ആത്മാവിൽ        ദാരിദ്യമുണ്ടായിരുന്നാൽ        സ്വര്‍ഗ്ഗരാജ്യം എന്റേതായിരിക്കും.                അതിൽ              ഞാനെത്ര സന്തുഷ്ടനായിരിക്കും."
  ഓ! ധനത്തിനു വേണ്ടിയുള്ള പൈശാചിക ദാഹമേ, ധനവാന്മാരേയും പാവപ്പെട്ടവരേയും നീ എന്തൊരു ചിത്തഭ്രമത്തിലേക്കാണു നയിക്കുന്നത്! ധനവാന്മാര്‍, തങ്ങളുടെ നശിച്ച ആത്മാവിന്റെ പ്രതീകമായ സ്വര്‍ണ്ണത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. പാവപ്പെട്ടവര്‍, സ്വര്‍ണ്ണത്തിന്റെ പേരിൽ ധനവാന്മാരെ വെറുത്തു കൊണ്ടു  ജീവിക്കുന്നു. ശാരീരികമായി കൊല്ലുന്നില്ലെങ്കിൽപ്പോലും ധനവാന്മാർക്ക് എല്ലാവിധ കഷ്ടതകളും ഉണ്ടാകണമെന്ന് പാവപ്പെട്ടവൻ ആഗ്രഹിക്കുന്നു. തെറ്റു ചെയ്യരുതെന്ന് മാത്രമല്ല, തെറ്റു ചെയ്യാൻ ആഗ്രഹിക്കുക പോലും ചെയ്യരുത്. അത്തരം ഒരാഗ്രഹം, പിടിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു പ്രവൃത്തി പോലെയാണ്. ദുഷ്ടമായ അഭിലാഷം മനുഷ്യനെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. 

ധനവാനായ ഒരാൾ ആത്മാവിൽ ദരിദ്രനാണെങ്കിൽ അയാൾ സ്വര്‍ണ്ണത്തിന്റെ പേരിൽ പാപം ചെയ്യുന്നില്ല. എന്നു തന്നെയല്ല അയാൾ ആ സ്വര്‍ണ്ണത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. അയാൾ അതിനെ സ്നേഹമാക്കി മാറ്റുന്നു. യാതൊരു ദ്രവ്യാഗ്രഹവുമില്ലാതെ  ഉദാരമായി നൽകുന്നു. ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരും അനുഗൃഹീതരുമായ അവര്‍ മരുഭൂമിയിലെ മലർവാടി പോലെ യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നു. 

ദരിദ്രനായ ഒരാളാണെങ്കിൽ അയാൾ തന്റെ ദാരിദ്ര്യത്തിലും സന്തോഷിക്കുകയും തന്റെ അപ്പം ദ്രവ്യാഗ്രഹമില്ലായ്മയുടെ സന്തോഷം കൊണ്ട് മധുരിപ്പിക്കുകയും ചെയ്യുന്നു. അയാൾ ഭയാനകമായ ദുഃസ്വപ്നങ്ങളില്ലാതെ കിടന്നുറങ്ങുകയും സമാധാനപൂർവ്വം എഴുന്നേറ്റു് തന്റെ ജോലികൾ പ്രശാന്തതയോടെ നിർവഹിക്കുകയും ചെയ്യുന്നു.
 

മനുഷ്യനെ ഭൗതികമായി സമ്പന്നനാക്കുന്നത് സ്വർണ്ണമാണ്. എന്നാൽ അവന്റെ സ്നേഹബന്ധങ്ങളാണ് അവനെ ധാര്‍മ്മികമായി സമ്പന്നനാക്കുന്നത്. സ്വര്‍ണ്ണം എന്നതുകൊണ്ട്  ഇവിടെ ഉദ്ദേശിച്ചത് പണവും വീടും രത്നങ്ങളും വീട്ടുപകരണങ്ങളും മൃഗസമ്പത്തും ഒക്കെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവിതത്തെ സമ്പന്നമാക്കുന്ന സകല ഭൗതികവസ്തുക്കളേയും സ്വര്‍ണ്ണമായി കണക്കാക്കാം.

സ്നേഹബന്ധങ്ങളില്‍  രക്തബന്ധം, വൈവാഹികബന്ധം, ബൗദ്ധികബന്ധം, പൊതു ഉദ്യോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ഒരു പാവപ്പെട്ടവന് ഇങ്ങനെ പറയാൻ കഴിയും. "ഓ! എന്നെ സംബന്ധിച്ചിടത്തോളം സമ്പന്നരോട് അസൂയ ഇല്ലാത്തതിനാൽ എനിക്കു കുഴപ്പമൊന്നുമില്ല. എന്തെന്നാൽ ഞാൻ ദരിദ്രനാണ്. തന്മൂലം സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അതുമായി ഇണങ്ങിച്ചേരുന്നതിന് ഞാൻ നിർബ്ബന്ധിതനായിരിക്കുന്നു." 

രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട  ദരിദ്രനും ശ്രദ്ധാലുവാകേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഏറ്റവും ദരിദ്രനായ മനുഷ്യനു പോലും പാപകരമായി ആത്മാവിൽ  സമ്പന്നത ഉണ്ടായേക്കാം. അയാൾക്കു് എന്തിനോടെങ്കിലും അത്യാസക്തി തോന്നുകയും അയാൾ പാപം ചെയ്യുകയും ചെയ്തേക്കാം.
 

നിങ്ങൾ ഇങ്ങനെ ചോദിക്കാനിടയുണ്ട്. "അങ്ങനെയെങ്കിൽ ദൈവം ഞങ്ങൾക്കു തന്ന സമ്പത്തിനെ ഞങ്ങൾ വെറുക്കണമോ? നിങ്ങളുടെ മാതാപിതാക്കളേയും ഭാര്യമാരേയും കുട്ടികളെയും സ്നേഹിക്കണമെന്നും നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണമെന്നും ദൈവം ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നതെന്തിനാണ്?" ഇതു നിങ്ങൾ വേർതിരിച്ചറിയണം. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളേയും ഭാര്യമാരേയും കുട്ടികളെയും സ്നേഹിക്കണം; എന്നാൽ അത് ദൈവം  പറഞ്ഞിട്ടുള്ള രീതിയിൽ ആയിരിക്കണം. നമ്മുടെ മുഴുവൻ കഴിവോടും കൂടി, മറ്റെല്ലാറ്റിനും ഉപരിയായി വേണം ദൈവത്തെ സ്നേഹിക്കുവാൻ. നമ്മുടെ അയൽക്കാരിൽ ഏറ്റം പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നതു പോലെ നാം ദൈവത്തെ സ്നേഹിച്ചാൽ പോരാ. ഒരു സ്ത്രീ മുലപ്പാൽ തന്നു വളർത്തിയതു കൊണ്ടോ മറ്റൊരു സ്ത്രീ
സഹധർമ്മിണിയായി ജീവിക്കുന്നതു കൊണ്ടോ സന്താനങ്ങളെ പ്രദാനം ചെയ്തതു കൊണ്ടോ നാം ദൈവത്തിനു കൊടുക്കേണ്ട സ്നേഹം അവർക്കു കൊടുക്കുവാൻ പാടില്ല. നമ്മുടെ മുഴുവൻ കഴിവോടും കൂടി, അതായത് സ്നേഹിക്കുവാനുള്ള നമ്മുടെ മുഴുവൻ കഴിവോടും കൂടി നാം ദൈവത്തെ സ്നേഹിക്കണം. പുത്രന്റെ സ്നേഹമോ ഭർത്താവിന്റെ സ്നേഹമോ സുഹൃത്തിന്റെ സ്നേഹമോ പിതാവിന്റെ സ്നേഹത്തെ ബാധിക്കാറില്ലല്ലോ. അതേ, ഒരു പിതാവിന് മക്കളോടുള്ള അതേ പരിഗണനയാണ് ദൈവത്തിനു് നമ്മോടുള്ളത്.

സ്നേഹം ഒരു തിന്മയല്ല; ആകാനും പാടില്ല. ദൈവം നമുക്കു നൽകുന്ന അനുഗ്രഹങ്ങൾ തിന്മയാകുന്നില്ല. അങ്ങനെ ആയിക്കൂടാതാനും. അവ സ്നേഹത്തിൽ നിന്നും ദാനം ചെയ്യപ്പെടുന്ന  സ്നേഹമാണ്. അങ്ങനെ ദൈവിക ദാനമായി നമുക്കു ലഭിക്കുന്ന സമ്പത്തിനെ സ്നേഹപൂര്‍വം വ്യക്തിപരമായ സ്നേഹബന്ധങ്ങൾക്കും ഭൗതികമായ ആവശ്യങ്ങൾക്കും വേണ്ടി  വിനിയോഗിക്കാം. എന്നാൽ ധനം ഒരിക്കലും ഒരു ആരാധനാവിഷയമായിക്കൂടാ. അതേസമയം അതിനെ ദൈവിക സ്നേഹത്തിനായി ഉപയോഗപ്പെടുത്താം. അങ്ങനെ ധനത്തോട് തനിക്കു പാപകരമായ ബന്ധമൊന്നുമില്ലെന്ന് ഒരുവനു തെളിയിക്കുകയും ചെയ്യാം. ആത്മാവിൽ  ദരിദ്രനായവൻ മറ്റെല്ലാറ്റിനോടുമുള്ള മനോബന്ധങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും പരമധനമായ ദൈവത്തെ കരഗതമാക്കവിധം കൂടുതൽ സ്വതന്ത്രനായിത്തീരുകയും ചെയ്യുന്നു. ദൈവത്തെ കരഗതമാക്കുക എന്നു പറഞ്ഞാൽ സ്വര്‍ഗ്ഗരാജ്യം നേടുക എന്നാണര്‍ത്ഥം."