ജാലകം നിത്യജീവൻ: പ്രത്യാശ - പരിശുദ്ധഅമ്മയുടെ പ്രബോധനം

nithyajeevan

nithyajeevan

Wednesday, December 21, 2011

പ്രത്യാശ - പരിശുദ്ധഅമ്മയുടെ പ്രബോധനം

                                  പരിശുദ്ധഅമ്മ പറയുന്നു:   "നിങ്ങളുടെ ശ്രദ്ധ ഒരു കാര്യത്തിലേക്കു  ക്ഷണിക്കാൻ  ഞാനാഗ്രഹിക്കുന്നു. ഇതു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. അത് ഒന്നുകൂടി നിർബ്ബന്ധമായി ഞാൻ പറയുന്നു.  ദൈവത്തിൽ  പ്രത്യാശ  വയ്ക്കുക.  ദൈവിക പുണ്യങ്ങളുടെ  ചുരുക്കം പ്രത്യാശയിലുണ്ട്.  പ്രത്യാശയുള്ളവനു വിശ്വാസമുണ്ട്;  വിശ്വാസമർപ്പിക്കുന്നിടത്ത്  പ്രതീക്ഷയുണ്ട്. പ്രത്യാശ  വയ്ക്കുന്നവൻ   സ്നേഹിക്കുന്നു. നാം  ഒരാളെ സ്നേഹിക്കുമ്പോൾ അയാളിൽ നാം പ്രത്യാശ വയ്ക്കുന്നു. അയാളെ നാം വിശ്വസിക്കുന്നു. സ്നേഹമില്ലെങ്കിൽ ഇതൊന്നും നമുക്കില്ല. ദൈവം നമ്മുടെ പ്രത്യാശ അർഹിക്കുന്നു. വീഴ്ച വരാൻ പാടുള്ള പാവപ്പെട്ട മനുഷ്യരിൽ നാം പ്രത്യാശ വയ്ക്കുന്നെങ്കിൽ, ഒരിക്കലും വീഴ്ച വരാത്ത ദൈവത്തിൽ നാം പ്രത്യാശയുള്ളവരാകേണ്ടതല്ലേ?

     പ്രത്യാശ എളിമയുമാണ്. അഹങ്കാരിയായ  മനുഷ്യൻ
പറയുന്നു; "ഇതു ഞാൻ തനിയെ ചെയ്യും. അവനെ ഞാൻ വിശ്വസിക്കുന്നില്ല; കാരണം, കഴിവില്ലാത്തവനും കള്ളനും ഇങ്ങോട്ടു ഭരണത്തിനു വരുന്നവനുമാണ്." എളിമയുള്ള മനുഷ്യൻ പറയുന്നു; "ഞാൻ അവനിൽ പ്രത്യാശ വയ്ക്കുന്നു. എന്തുകൊണ്ടു പ്രത്യാശ വച്ചുകൂടാ? ഞാൻ അവനെക്കാൾ മെച്ചമാണെന്ന് എന്തുകൊണ്ടാണ് ഞാൻ ചിന്തിക്കുന്നത്?"  ദൈവത്തെക്കുറിച്ച് കൂടുതൽ ന്യായത്തോടെ അവൻ പറയുന്നു; "ഇത്ര നല്ലവനായ ദൈവത്തെ ഞാൻ എന്തിനാണ് അവിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് എനിക്കു തന്നെ ഇതു ചെയ്യാൻ കഴിയുമെന്നു ഞാൻ വിചാരിക്കുന്നത്?"  ദൈവം എളിയവർക്കു തന്നെത്തന്നെ നൽകുന്നു. എന്നാൽ അഹങ്കാരികളിൽ നിന്ന് അവിടുന്ന് പിൻവാങ്ങുന്നു.

പ്രത്യാശ അനുസരണയുമാണ്. അനുസരണയുള്ള മനുഷ്യനെ ദൈവം സ്നേഹിക്കുന്നു. നാം ദൈവത്തിന്റെ മക്കളാണെന്നും ദൈവം നമ്മുടെ പിതാവാണെന്നും  നാം സ്വയം അംഗീകരിക്കുന്നു എന്ന വസ്തുതയാണ് അനുസരണം വെളിപ്പെടുത്തുന്നത്. ഒരു യഥാർത്ഥ പിതാവിനെ സ്നേഹിക്കാതിരിക്കുക അസാദ്ധ്യമാണ്. ദൈവം നമ്മുടെ യഥാർത്ഥ പിതാവാണ്. പരിപൂർണ്ണനായ പിതാവാണ്. നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമിതാണ്;  പ്രത്യാശയിൽ നിന്നുത്ഭവിക്കുന്നതാണിത്. ദൈവം അനുവദിക്കാതെ ഒന്നും സംഭവിക്കുകയില്ല.

ഒരുത്തരേയും ശപിക്കരുത്. അത് ദൈവത്തിന്റെ പരിപാലനയ്ക്കു വിടുക. എല്ലാറ്റിന്റേയും കർത്താവായ അവിടുത്തേക്കുള്ളതാണ് തന്റെ സൃഷ്ടികളെ അനുഗ്രഹിക്കാനും ശപിക്കാനുമുള്ള അധികാരം."

 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)