ജാലകം നിത്യജീവൻ: ഈശോ ഗറേസായിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Saturday, December 10, 2011

ഈശോ ഗറേസായിൽ പ്രസംഗിക്കുന്നു


            ഗറേസാ പട്ടണത്തിലെത്തി  വ്യാപാരിയായ അലക്സാണ്ടർ മിസേയ്സിന്റെ ആതിഥ്യം സ്വീകരിച്ചു് അയാളുടെ ഭവനത്തിൽ താമസിച്ച   ഈശോയും  സംഘവും  പിറ്റേന്നു   രാവിലെ   പട്ടണത്തിലേക്കു   പുറപ്പടുന്നു.   ഗറേസായിലെ   ജനങ്ങൾ ഈശോയെ അനുഗമിക്കുന്നു. പിശാചുബാധയിൽ നിന്ന് ഈശോ  വിമുക്തനാക്കിയ ഒരാളാണ് ഈശോയെപ്പറ്റി അവരോടു സംസാരിച്ചതെന്ന് അവർ ഈശോയോടു പറയുന്നു. അവർ പറയുന്നതെല്ലാം കാരുണ്യപൂർവ്വം ഈശോ  ശ്രവിക്കുന്നു. അതേസമയം പട്ടണത്തിലേക്കു നടക്കുകയും ചെയ്യുന്നു.
      പട്ടണത്തിന്റെ ഉയരമുള്ള ഭാഗത്തേക്കാണ് ഈശോ നടക്കുന്നത്. തെക്കുകിഴക്കു ഭാഗത്തിനാണ്  ഉയരം കൂടുതൽ. അവിടെ നിന്നുകൊണ്ട് ഈശോ  പ്രസംഗം ആരംഭിച്ചു. "ഈ പട്ടണം വളരെ മനോഹരമാണ്. നീതിയിലും വിശുദ്ധിയിലും കൂടെ ഇതിനെ നിങ്ങൾ മനോഹരമാക്കണം. കുന്നുകൾ, പച്ചപിടിച്ച സമതലം, അരുവി ഇവയെല്ലാം ദൈവമാണ് നിങ്ങൾക്കു നൽകിയിരിക്കുന്നത്. നല്ല വീടുകളും കെട്ടിടങ്ങളും പണിയാൻ റോമായും  നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ പട്ടണത്തെ   വിശുദ്ധവും  നീതിയുള്ളതുമാക്കിത്തീർക്കേണ്ടത് നിങ്ങൾ തന്നെയാണ്. നഗരവാസികൾഎന്താക്കിത്തീർക്കുമോ അതുപോലെയായിരിക്കും നഗരം. കാരണം, നഗരം സമൂഹത്തിന്റെ ഒരു ഭാഗമാണ്. നഗരവാസികളാണ് നഗരം പണിയുന്നത്. നഗരം പാപം ചെയ്കയില്ല. അരുവി, വീടുകൾ, മാളികകൾ ഇവയ്ക്കൊന്നിനും പാപം ചെയ്യാൻ കഴിവില്ല.  അവ പദാർത്ഥങ്ങൾ മാത്രം; അവയ്ക്ക് ആത്മാവില്ല. എന്നാൽ വീടുകളിൽ, കടകളിൽ, എല്ലാ സ്ഥലങ്ങളിലുമുള്ളവർക്ക് പാപം ചെയ്യാൻ കഴിയും. ഒരു പട്ടണത്തിലുള്ളവർ കലഹിക്കുന്നവരും ദുഷ്ടരുമാണെങ്കിൽ ആ പട്ടണം ചീത്തയാണെന്ന് ആളുകൾ പറയും. പക്ഷേ അങ്ങനെ പറയുന്നത് തെറ്റ്... പട്ടണമല്ല, പട്ടണവാസികളാണ് ചീത്തയായിരിക്കുന്നത്. അവിടെയുള്ള വ്യക്തികളെല്ലാം ചേർന്ന സങ്കീർണ്ണമായ, ഏകമായ ഒന്നുണ്ടല്ലോ, അതിനെയാണ് പട്ടണമെന്നു വിളിക്കുന്നത്.
                      ഇനി ശ്രദ്ധിച്ചു കേൾക്കൂ.. ഒരു പട്ടണത്തിൽ പതിനായിരം പേർ നല്ലവരും  ആയിരം പേർ മാത്രം നല്ലവരല്ലാത്തവരും ആണെങ്കിൽ ആ പട്ടണം ദുഷിച്ചതാണെന്നു നമുക്കു പറയാൻ പറ്റുമോ?  ഇല്ല. അതുപോലെ തന്നെ പതിനായിരം പേരുള്ള ഒരു പട്ടണത്തിൽ സ്വന്തം  താൽപ്പര്യങ്ങൾ മാത്രം കരുതുന്ന പല ഗ്രൂപ്പുകളാണുള്ളതെങ്കിൽ ആ പട്ടണത്തിന് ഐക്യമുണ്ടെന്നു പറയാൻ പറ്റുമോ? ഇല്ല. ആ പട്ടണം വളരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല; അതു വളരുകയില്ല.

ഗറേസാ പട്ടണവാസികളായ നിങ്ങൾ ഇപ്പോൾ ഐക്യത്തോടെ നിങ്ങളുടെ പട്ടണത്തെ വളർത്താൻ ശ്രമിക്കുന്നു. നിങ്ങളെല്ലാവരും ഇതാഗ്രഹിക്കുന്നു. ഈ ലക്ഷ്യം നേടാൻ മാത്സര്യബുദ്ധ്യാ  ശ്രമിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾ വിജയിക്ക തന്നെ ചെയ്യും. എന്നാൽ നാളെ ഒരുപക്ഷേ, അഭിപ്രായഭിന്നതയുള്ള പല ഗ്രൂപ്പുകൾ രൂപം പ്രാപിച്ചാൽ ഒരു കൂട്ടർ പറയും, 'പട്ടണം കിഴക്കോട്ടാണ് വികസിപ്പിക്കേണ്ടത്'; മറ്റൊരു കൂട്ടർ പറയും, ' വടക്കാണ് കൂടുതൽ പരന്ന സ്ഥലമുള്ളത്, അതിനാൽ വടക്കോട്ടാണ് വികസിപ്പിക്കേണ്ടത്'; മൂന്നാമതൊരു കൂട്ടർ പറയും, 'കിഴക്കോട്ടും വടക്കോട്ടും വേണ്ട, നമുക്കെല്ലാവർക്കും പട്ടണത്തിന്റെ മദ്ധ്യത്തിൽ - അരുവിയുടെ അടുത്തു താമസിക്കാം' എന്ന്. അപ്പോൾ എന്തു സംഭവിക്കും?

ഇങ്ങനെയായിരിക്കും സംഭവിക്കുക. ആരംഭിച്ച പണികളെല്ലാം നിലയ്ക്കും. പണം ഇറക്കിയവരെല്ലാം അതു തിരിച്ചെടുക്കും. ഇവിടെ താമസിക്കാമെന്നു ചിന്തിച്ചവരെല്ലാം ഈ പട്ടണം വിട്ട് മറ്റു സ്ഥലങ്ങൾ തേടിപ്പോകും. ചെയ്ത പണിയെല്ലാം പാഴായിപ്പോകും; നശിക്കും. ഇതെല്ലാം എന്തിന്റെ ഫലമാണ്? പട്ടണവാസികളുടെ വഴക്കിന്റെ ഫലം. പട്ടണത്തിന്റെ  സുസ്ഥിതിക്ക് പട്ടണവാസികളുടെ ഐക്യം ആവശ്യമാണ്. കാരണം ഒരു  സമൂഹത്തിന്റെ സുസ്ഥിതി അതിലെ അംഗങ്ങളുടെ സുസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്.
                                                      നിങ്ങൾ ചിന്തിക്കുന്നത് പട്ടണത്തിലുള്ളവരുടെ സമൂഹം,   രാജ്യത്തുള്ളവരുടെ   സമൂഹം, കുടുംബസമൂഹം എന്നിവയെക്കുറിച്ചാണ്. എന്നാൽ നിങ്ങൾ പരിഗണിക്കാതിരിക്കുന്ന വിസ്തൃതമായ ഒരു സമൂഹമുണ്ട്. നിത്യമായ ഒന്ന്; പരിമിതിയില്ലാത്ത ഒന്ന്; അതായത് അരൂപികളുടെ (ആത്മാക്കളുടെ) സമൂഹം.
                 ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും ഒരാത്മാവുണ്ട്. ശരീരത്തോടൊപ്പം ആത്മാവ് മരിക്കുന്നില്ല.  അത്  ശരീരത്തെ അതിജീവിക്കുന്നു. ഓരോ മനുഷ്യനും ആത്മാവിനെ നൽകിയ സ്രഷ്ടാവായ ദൈവത്തിന്റെ ആഗ്രഹം, ഈ ആത്മാക്കളെല്ലാം  ഒരു സ്ഥലത്ത് ചെന്നു ചേരണമെന്നാണ്; അതായത് സ്വർഗ്ഗത്തിൽ.  അതിലെ ആനന്ദഭരിതരായ പ്രജകൾ  ഭൂമിയിൽ പരിശുദ്ധമായ ജീവിതം നയിച്ചവരും പാതാളത്തിൽ സമാധാനപൂർണ്ണമായ പ്രതീക്ഷയിൽ പാർത്തവരുമായ മനുഷ്യരാകുന്നു. ഭിന്നിപ്പും എതിർപ്പുമുണ്ടാക്കാൻ സാത്താൻ വന്നു.  നാശം വിതച്ച് ദൈവത്തെയും അരൂപികളെയും ദുഃഖിപ്പിക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി അവൻ മനുഷ്യ ഹൃദയത്തിൽ പാപം ഒരുക്കി വച്ചു. പാപത്തോടു കൂടെ ശരീരത്തിന് മരണവും അവൻ വരുത്തി. അരൂപിയേയും കൊല്ലാമെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ അരൂപിയുടെ (ആത്മാവിന്റെ) മരണം എന്നു പറയുന്നത് അതിന്റെ നാശമാണ്; അപ്പോഴും അതിന് അസ്തിത്വമുണ്ട്. എന്നാൽ നിത്യജീവനും സന്തോഷവുമില്ല. ദൈവത്തെക്കാണാൻ കഴിയാതെ, നിത്യമായ പ്രകാശത്തിൽ അവിടുത്തെ സ്വന്തമാക്കുവാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. മനുഷ്യവർഗ്ഗം ഭിന്നമായ താൽപ്പര്യങ്ങൾ  നിമിത്തം വിഭജിക്കപ്പെട്ടുപോയി. പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങൾ നിമിത്തം പട്ടണവാസികൾ ഭിന്നിച്ചു പോകുന്നതു പോലെ. അങ്ങനെ മനുഷ്യ വംശം നാശത്തിൽ നിപതിച്ചു.
             ഞാൻ വന്നിരിക്കുന്നത് ദൈവം സൃഷ്ടിച്ച മനുഷ്യകുലത്തോട് ദൈവത്തിനുള്ള സ്നേഹം നിമിത്തമാണ്. വിശുദ്ധമായ രാജ്യം ഒന്നുമാത്രമേ ഉള്ളൂവെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത് ദൈവരാജ്യം മാത്രം. നല്ലയാളുകൾ അതിലേക്ക് നീങ്ങുന്നതിനായി ഞാൻ പ്രസംഗിക്കുന്നു. ഓ! എല്ലാവരും, ഏറ്റം ദുഷ്ടരായവർ പോലും, തങ്ങളെ ബന്ധനസ്ഥരാക്കി വച്ചിട്ടുള്ള സാത്താന്റെ പിടിയിൽ നിന്ന് സ്വതന്ത്രരായി, മാനസാന്തരപ്പെട്ടു്, അതിലേക്കു വരണമെന്നാണെന്റെ ആഗ്രഹം. പിശാചിന്റെ ആധിപത്യം ശരീരത്തിലും അരൂപിയിലുമാകാം; അതിനാലാണ് രോഗികൾക്കു സൗഖ്യം നൽകിയും പിശാചുക്കളെ ബഹിഷ്കരിച്ചും പാപികളെ മാനസാന്തരപ്പെടുത്തിയും സുവിശേഷം പ്രസംഗിച്ചു് ഞാൻ എല്ലായിടത്തും   സഞ്ചരിക്കുന്നത്.   ദൈവം എന്നോടു കൂടെയുണ്ടെന്നു  നിങ്ങളെ  ബോദ്ധ്യപ്പെടുത്താനാണ്  ഞാൻ അത്ഭുതങ്ങൾ ചെയ്യുന്നത്.   കാരണം, ദൈവത്തെ തന്റെ സ്നേഹിതനാക്കിയിട്ടില്ലാത്ത ഒരുവനും  അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയാൽ ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുമ്പോൾ, രോഗികൾക്കു  സൗഖ്യം നൽകുമ്പോൾ, കുഷ്ഠരോഗികളെ ശുചിയാക്കുമ്പോൾ, പാപികളെ മാനസാന്തരപ്പെടുത്തുമ്പോൾ, ദൈവരാജ്യം അറിയിച്ചു് അതേക്കുറിച്ച് പ്രസംഗിക്കുമ്പോൾ, ദൈവനാമത്തിൽ ആളുകളെ ദൈവരാജ്യത്തിലേക്കു വിളിക്കുമ്പോൾ,  ദൈവം എന്നോടു കൂടെയുണ്ടെന്നുള്ള സത്യം അവിതർക്കിതമാണ്; വ്യക്തമാണ്. അവിശ്വസ്തരായ ശത്രുക്കൾ മാത്രമേ അതിനെതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്കയുള്ളൂ. ഇതെല്ലാം ദൈവരാജ്യം നിങ്ങളിലാണെന്നും അതു സ്ഥാപിക്കപ്പെടാനുള്ള സമയം ഇതാണെന്നും മനസ്സിലാക്കാനുള്ള അടയാളങ്ങളാണ്.
                      ദൈവരാജ്യം ലോകത്തിലും മനുഷ്യഹൃദയങ്ങളിലും എങ്ങനെയാണ്   സ്ഥാപിക്കപ്പെടുക?   മോശയുടെ നിയമത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട്; അതേക്കുറിച്ച് അറിഞ്ഞുകൂടെങ്കിൽ അതു പഠിച്ചുകൊണ്ട്; എന്നാൽ എല്ലാറ്റിനും ഉപരിയായി നമ്മുടെ ജീവിതത്തിന്റെ എല്ലാ സംഭവങ്ങളിലും അവയനുസരിച്ച്   ജീവിച്ചുകൊണ്ട്.   ആ  നിയമം പ്രായോഗികമാക്കാന്‍  കഴിയാത്തവണ്ണം അത്ര കഠിനമാണോ? അല്ല, അത് എളുപ്പമുള്ള പത്ത് വിശുദ്ധ പഠനങ്ങളാണ്. അവ ഇവയാണ്."
           തുടർന്ന് ഈശോ പത്തുകൽപ്പനകൾ ഓരോന്നും വിശദീകരിക്കുന്നു.