ജാലകം നിത്യജീവൻ: പൂര്‍ണ്ണമായ ബലി

nithyajeevan

nithyajeevan

Monday, December 5, 2011

പൂര്‍ണ്ണമായ ബലി

                                     ഒരു ശരത്കാല പ്രഭാതം. ഈശോയും അപ്പസ്തോലന്മാരും ഒരു ഗ്രാമത്തിലാണ്. ഈശോ വഴിവക്കിലുള്ള ഒരു ചെറുഭിത്തിയിൽ ഇരിക്കുകയാണ്. അപ്പസ്തോലന്മാരും ഗ്രാമത്തിലെ ആളുകളും ചുറ്റും നിൽപ്പുണ്ട്. ഗ്രാമീണരില്‍ ഒരാള്‍, ഒരാട്ടിടയന്‍,  ഈശോയോടു ചോദിക്കുന്നു;   "കർത്താവേ, നീ പറഞ്ഞു, ആട്ടിൻകുട്ടികളെയും മുട്ടാടുകളെയുംകാൾ  ദൈവത്തിനു് കൂടുതൽ പ്രീതികരമായ ബലികൾ ഉണ്ടെന്ന്. അതുപോലെ തന്നെ ശരീരത്തിന്റെ കുഷ്ഠത്തെക്കാൾ വലിയ കുഷ്ഠവും ഉണ്ടെന്ന്. നീ പറഞ്ഞത് എനിക്ക് വ്യക്തമായിട്ടില്ല." അയാൾ തുടരുന്നു; "ആട്ടിൻകൂട്ടത്തിലെ ഏറ്റവും അഴകുള്ള ആട്ടിൻകുട്ടിയെ, യാതൊരു വൈകല്യവുമില്ലാത്തതിനെ,  ഒരു  വയസ്സു  വരെ  നന്നായി വളർത്തിക്കൊണ്ടു  വരുന്നതിന്  എത്ര  വലിയ  ത്യാഗം ആവശ്യമാണ്! കൂട്ടത്തിലെ  മുട്ടാടായി  ഉപയോഗിക്കുവാനോ വിൽക്കുവാനോ  ഉള്ള  പ്രലോഭനത്തെ  എത്ര  പ്രാവശ്യം ജയിക്കേണ്ടി വരുന്നു!  ഒരു വർഷത്തേക്ക് ഈ ആഗ്രഹങ്ങളെല്ലാം ത്യജിച്ചു് അതിനെ വളർത്തി, അതിനെ സ്നേഹിച്ചു കഴിഞ്ഞ് ഒരു ലാഭവും കൂടാതെ വലിയ ദുഃഖത്തോടെ അതിനെ ബലി കഴിക്കുന്നത് എത്ര വലിയ ത്യാഗമാണ്!  കർത്താവിന്  അർപ്പിക്കുവാൻ അതിലും വലിയ ബലിയുണ്ടോ?"

                              "മനുഷ്യാ,  ത്യാഗം അടങ്ങിയിരിക്കുന്നത് ആ മൃഗത്തിലല്ല;  പിന്നയോ,  അതിനെ  ബലി  കഴിക്കാനായി വളർത്തുന്നതിലാണ്.  ഞാൻ  ഗൗരവമായി  പറയുന്നു, പ്രവചനത്തിൽ പറയുന്നതുപോലെ ദൈവം പറയുന്ന ദിവസം വരാൻ പോകുന്നു. "ഞാൻ ആട്ടിൻകുട്ടികളുടെയോ  മുട്ടാടുകളുടെയോ  ബലി ആഗ്രഹിക്കുന്നില്ല." അവൻ ഒരു ബലി മാത്രമേ ആവശ്യപ്പെടുന്നുള്ളൂ;  പൂർണ്ണമായ ബലി. ആ നിമിഷം മുതൽ എല്ലാ ബലികളും ആത്മീയമായിരിക്കും. എന്നാൽ കർത്താവ് ഇഷ്ടപ്പെടുന്ന ബലി ഏതാണെന്ന് യുഗങ്ങൾക്കു മുമ്പേ പറയപ്പെട്ടിട്ടുണ്ട്. ദാവീദു് കരഞ്ഞുകൊണ്ട്  വിളിച്ചുപറയുന്നു, "നീ ഒരു ബലി  ആവശ്യപ്പെട്ടിരുന്നെങ്കിൽ  ഞാനതു  നിനക്കു നൽകുമായിരുന്നു. എന്നാൽ ദഹനബലികൾ നിനക്കു  സന്തോഷം വരുത്തുന്നില്ല."   ദൈവത്തിനുള്ള  ബലി  അനുതാപമുള്ള ഒരാത്മാവാണ്. ഞാൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു; "അനുസരണയും സ്നേഹവുമുള്ള ഒരാത്മാവ്.   കാരണം,  പാപപ്പരിഹാരത്തിനു മാത്രമല്ല   ബലിയർപ്പിക്കുന്നത്,  സ്തുതിയുടേയും സന്തോഷത്തിന്റെയും  ബലികളും  അർപ്പിക്കാൻ  കഴിയും. ദൈവത്തിനുള്ള  ബലി അനുതപിക്കുന്ന ഹൃദയമാണ്. 


 പാപം ചെയ്തിട്ട് അനുതപിച്ച ഒരു ഹൃദയത്തെ നിങ്ങളുടെ പിതാവ് നിന്ദിക്കുകയില്ല. അതിനാൽ അവനെ സ്നേഹിക്കുന്ന, നിർമ്മലവും നീതി  നിറഞ്ഞതുമായ  ഒരു  ഹൃദയത്തെ  അവൻ എപ്രകാരമായിരിക്കും സ്വീകരിക്കുക? അതാണ് ദൈവത്തിനു് ഏറ്റം   പ്രീതികരമായ  ബലി.  മനുഷ്യമനസ്സിനെ ദൈവതിരുമനസ്സിന്  വിധേയമാക്കുന്ന  അനുദിനബലി. ദൈവഹിതം കൽപ്പനകളിലും സൽപ്രേരണകളിലും അനുദിന സംഭവങ്ങളിലും നിനക്കു  വ്യക്തമായി കാണിച്ചു തരുന്നു. അതുപോലെ തന്നെ മാംസത്തിന്റെ കുഷ്ഠമല്ല ഏറ്റം ഹീനമായ രോഗം   -   മനുഷ്യ സഹവാസത്തിൽ  നിന്നും പ്രാർത്ഥനാലയങ്ങളിൽ നിന്നും ബഹിഷ്കരിക്കപ്പെടുന്നതിനിടയാക്കുന്ന രോഗം;  അത് പാപമാകുന്ന കുഷ്ഠമാണ്. മനുഷ്യരാൽ ശ്രദ്ധിക്കപ്പെടാതെ പലപ്പോഴും അതു കടന്നുപോകുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ നിങ്ങൾ ജീവിക്കുന്നത് മനുഷ്യർക്കു വേണ്ടിയോ അതോ കർത്താവിനു വേണ്ടിയോ? ഇവിടം കൊണ്ട് എല്ലാം അവസാനിക്കുമോ? അതോ എല്ലാം അടുത്ത ജീവിതത്തിൽ തുടരുമോ? നിങ്ങൾക്കറിയാം. അതിനാൽ വിശുദ്ധമായി ജീവിക്കുവിൻ. ദൈവത്തിന്റെ ദൃഷ്ടിയിൽ നിങ്ങൾ  കുഷ്ഠരോഗികളാകാതിരിക്കട്ടെ.   ദൈവം മനുഷ്യഹൃദയങ്ങൾ   കാണുന്നു.   അതിനാൽ നിത്യമായി ജീവിക്കേണ്ടതിന്   നിങ്ങൾ   ആത്മാവിൽ പരിശുദ്ധിയുള്ളവരായിരിക്കുവിൻ."