ജാലകം നിത്യജീവൻ: ആട്ടിടയന്മാര്‍ ഉണ്ണിയേശുവിനെ ആരാധിക്കുന്നു

nithyajeevan

nithyajeevan

Sunday, December 25, 2011

ആട്ടിടയന്മാര്‍ ഉണ്ണിയേശുവിനെ ആരാധിക്കുന്നു

വിസ്തൃതമായ ഒരു നാട്ടിൻപുറം....  ചന്ദ്രൻ അത്യുച്ചനിലയിൽ  നക്ഷത്രനിബിഡമായ ആകാശത്തിലൂടെ ശാന്തമായി ചരിക്കുന്നു...  ആകാശം നക്ഷത്രങ്ങൾ നിറഞ്ഞതാണ്.  ചന്ദ്രന്റെ പ്രകാശം കൂടിക്കൂടി വരുന്നു.  കൂടുതൽ ശക്തിയുള്ളതായിത്തീരുന്നു.

നാലുവശവും കെട്ടിയടച്ചിരിക്കുന്ന ഒരു പരന്ന ഷെഡിൽ നിന്ന്  ഇടവിട്ട് ആടിന്റെ കരച്ചിൽ കേൾക്കുന്നു.  ഒരു ഇടയൻ ഷെഡിന്റെ വാതിൽക്കലേക്കു വന്ന് വെളിയിലേക്കു നോക്കുന്നു. ഒരു കൈ നെറ്റിയിൽ വെച്ച് കണ്ണുകൾക്കു മറയാക്കിക്കൊണ്ട് മുകളിലേക്കു നോക്കുന്നു. ചന്ദ്രന്റെ പ്രകാശത്തിൽ നിന്നു കണ്ണുകളെ രക്ഷിക്കാൻ കണ്ണിനു മറ പിടിക്കുക എന്നത് അസംഭാവ്യമായിത്തോന്നുന്നു. എന്നാൽ ഇപ്പോൾ ചന്ദ്രന്റെ പ്രകാശം വളരെ ശക്തമാണ്. ഇടയൻ കൂട്ടുകാരെയെല്ലാം വിളിക്കുന്നു.   അവരെല്ലാം വാതിൽക്കലേക്കു വരുന്നു. രോമാവൃതമായ ശരീരമുള്ള പല പ്രായക്കാരായ മനുഷ്യർ. ചിലർ ചെറുപ്പക്കാരാണ്; ചിലർ നരച്ചു തുടങ്ങി. അസാധാരണമായ ഈ  കാഴ്ചയെക്കുറിച്ച്   അവർ  തമ്മിൽത്തമ്മിൽ  ഓരോ അഭിപ്രായങ്ങൾ പറയുന്നു. പ്രായം കുറഞ്ഞവർക്കു ഭയമാകുന്നു. പന്ത്രണ്ട് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ബാലനു കൂടുതൽ പേടിയാകുന്നു. അവൻ കരയാൻ തുടങ്ങുന്നു. അതുകണ്ട് മറ്റുള്ളവരെല്ലാം അവനെ പരിഹസിക്കുന്നു.

അവരിൽ ഏറ്റം പ്രായമുള്ളയാൾ പറയുന്നു; "എടാ വിഡ്ഡീ, നീ എന്തിനാണ് പേടിക്കുന്നത്? അന്തരീക്ഷം എത്ര ശാന്തമാണെന്നു നീ കാണുന്നില്ലേ? ചന്ദ്രന്റെ തെളിവുറ്റ പ്രകാശം നീ കണ്ടിട്ടില്ലേ? നീയിപ്പോഴും അമ്മയുടെ ഉടുപ്പിൽ പിടിച്ചു തൂങ്ങി നടക്കുന്ന ശിശുവാണോ? നിനക്ക്  എന്തെല്ലാം കാര്യങ്ങൾ കാണാനുണ്ട്?  ഓ! എന്തെല്ലാം കാര്യങ്ങൾ നീ കാണും, നീ കുറെ നീണ്ടകാലത്തേക്കു ജീവിച്ചിരുന്നാൽ..."

എന്നാൽ ഇടയബാലൻ ഇപ്പോള്‍ അയാളെ ശ്രദ്ധിക്കുന്നില്ല. അവന്റെ ഭയമെല്ലാം നീങ്ങിയതുപോലെയുണ്ട്. കാരണം, അവൻ വാതിൽക്കൽ നിന്നുമാറി വെളിയിലേക്കു പോകുന്നു. ഷെഡിന്റെ മുൻഭാഗത്തുള്ള പുൽപ്രദേശത്തെ ആലയിലേക്കാണവൻ പോകുന്നത്. അവൻ മുകളിലേക്കു നോക്കിക്കൊണ്ട് എന്തോ മാസ്മര ശക്തിയാൽ  ആകർഷിക്കപ്പെട്ടതുപോലെ നടക്കുന്നു... ഒരു നിമിഷത്തിൽ അവൻ സ്വരമുയർത്തി ഓ! എന്നു പറഞ്ഞ് കൈകൾ മുന്നോട്ടു നീട്ടി, ഭയചകിതനായി, നിശ്ചലനായി നിലകൊള്ളുന്നു. അവന്റെ കൂട്ടുകാർ പരസ്പരം നോക്കി മിണ്ടാൻ കഴിയാതെ നിൽക്കുന്നു. ഒരാൾ പറയുന്നു; "നാളെത്തന്നെ അവനെ ഞാൻ അവന്റെ അമ്മയുടെ പക്കലേക്ക് പറഞ്ഞയയ്ക്കും. ആടിനെ നോക്കാൻ ഭ്രാന്തന്മാരെയൊന്നും എനിക്കാവശ്യമില്ല."

നേരത്തേ സംസാരിച്ച വൃദ്ധൻ പറയുന്നു; "അവനെ വിധിക്കുന്നതിനു മുമ്പ് നമുക്കൊന്നു പോയി നോക്കാം... ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയും വിളിക്കൂ..  വടിയും എടുത്തുകൊള്ളൂ. വല്ലകാട്ടുമൃഗങ്ങളോ കള്ളന്മാരോ ആയിരിക്കാം."

അവർ അകത്തു ചെന്നു മറ്റുള്ളവരെയും വിളിച്ചു. എല്ലാവരും പന്തങ്ങളും വടികളുമായി പുറത്തേക്കിറങ്ങുന്നു. അവർ ബാലന്റെ അടുത്തെത്തി. അവൻ പുഞ്ചിരി തൂകിക്കൊണ്ട് പറയുന്നു; "അതാ, അവിടെ! അവിടെ വൃക്ഷത്തിനു മുകളിൽ അടുത്തുവരുന്ന ആ വെളിച്ചം നോക്കൂ..."

"അത് ചന്ദ്രന്റെ രശ്മിയുടെ മീതെയാണു വരുന്നതെന്നു തോന്നുന്നു. എത്ര മനോഹരമാണത്.."

"എനിക്കു കുറെ തെളിവുള്ള പ്രകാശം കാണാനേ കഴിയുന്നുള്ളൂ.."

"എനിക്കും അങ്ങനെതന്നെ.."

 ബത്ലഹേമിനു സമീപം വച്ച് മേരിയെയും ജോസഫിനെയും കാണുകയും മേരിക്കു പാൽ കൊടുക്കുകയും ചെയ്ത  ഇടയൻ പറയുന്നു; "അല്ലാ, ഒരു ശരീരം പോലെ എന്തോ ഒന്ന് ഞാൻ  കാണുന്നു..."

"അതെ! അതൊരു ദൈവദൂതനാണ്..." ബാലനായ ഇടയൻ വിളിച്ചുപറയുന്നു.  "അവൻ താഴേക്കു വരികയാണ്... താഴേക്കു്..."    ദീർഘവും ആദരം നിറഞ്ഞതുമായ ഒരു "ഓ!" എല്ലാവരിൽ നിന്നുമുയരുന്നു.  ദൈവത്തിന്റെ ദൂതനു മുമ്പിൽ അവരെല്ലാവരും മുട്ടിന്മേൽ വീണു. ചെറുപ്പക്കാരെല്ലാം മുട്ടിന്മേൽ നിന്ന് അടുത്തടുത്തു വരുന്ന ദൈവദൂതനെ നോക്കിക്കൊണ്ടിരിക്കുന്നു... അവരുടെ ഷെഡിരിക്കുന്ന സ്ഥലത്തിനു മുകളിലെത്തിയപ്പോൾ ദൂതൻ ഇടവിതാനത്തിൽ നിശ്ചലനായി നിൽക്കുന്നു. തന്റെ വലിയ ചിറകുകൾ വീശിക്കൊണ്ട് ചന്ദ്രികയ്ക്കുള്ളിൽ മുത്തുപോലെയുള്ള പ്രകാശം പരത്തിക്കൊണ്ടു നിൽക്കുന്നു.

"ഭയപ്പെടേണ്ട, ഞാൻ നിങ്ങൾക്കു് ആപത്തൊന്നും കൊണ്ടുവരികയില്ല. ഒരു വലിയ സന്തോഷവാർത്ത ഇസ്രായേൽ ജനത്തിനും ലോകത്തിലുള്ള എല്ലാവർക്കുമായി ഞാൻ അറിയിക്കുന്നു.." ദൈവദൂതന്റെ സ്വരം, വീണയുടേയും അനേകം രാപ്പാടികളുടേയും സ്വരം ഒന്നുചേർത്തിണക്കിയതു പോലെയുണ്ട്.

"ഇന്ന്, ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ പിറന്നിരിക്കുന്നു." ഇതു പറയുമ്പോൾ ദൈവദൂതൻ തന്റെ ചിറകുകൾ  കൂടുതൽ കൂടുതൽ വിരിക്കുന്നു. അടക്കാനാവാത്ത സന്തോഷത്താൽ ചിറകുകൾ  വീശുന്നു. വിജയകമാനം തീർക്കുന്ന ഒരു മഴവില്ലു പോലെ, ദരിദ്രമായ ആ ഷെഡിനു മുകളിൽ ദൈവദൂതൻ നിൽക്കുന്നു.

"മിശിഹായാകുന്ന രക്ഷകൻ..."  ദൈവദൂതൻ കൂടുതൽ പ്രകാശമാനമായ വെളിച്ചം വീശി മിന്നുന്നു. അവന്റെ ചിറകുകൾ രണ്ടും ഇപ്പോൾ നിശ്ചലമായി മുകളിലേക്കു് നേരെ ഉയർന്നു നിൽക്കുന്നു. "കർത്താവായ മിശിഹാ..." തന്റെ മിന്നിത്തിളങ്ങുന്ന ചിറകുകൾ  ഒതുക്കി അതുകൊണ്ട് ദൈവദൂതൻ സ്വയം മൂടുന്നു. കൈകൾ രണ്ടും വിലങ്ങനെ നെഞ്ചത്തു ചേർത്തു വച്ച് തല കുനിഞ്ഞുതാണ് ആരാധനയർപ്പിക്കുന്നു. ഒതുക്കി വച്ചിരിക്കുന്ന ചിറകുകളുടെയിടയിൽ ദൈവദൂതന്റെ ശിരസ്സു മറഞ്ഞിരിക്കുന്നു. നിശ്ചലവും പ്രകാശപൂർണ്ണവുമായ ഒരു ദീർഘചതുരരൂപം മാത്രം കുറച്ചു സമയത്തേക്കു കാണപ്പെടുന്നു.

ഇപ്പോൾ ദൈവദൂതൻ ചലിക്കുന്നു. ചിറകുകൾ  വിടർത്തുന്നു... തലയുയർത്തി സ്വർഗ്ഗീയമായ ഒരു പുഞ്ചിരിയോടെ പറയുന്നു:  "ഈ അടയാളങ്ങളാൽ നിങ്ങൾ അവനെ തിരിച്ചറിയും... ബത്ലഹേമിന്റെ പിൻഭാഗത്ത് ദരിദ്രമായ ഒരു കാലിക്കൂട്ടിൽ പിള്ളക്കച്ചകളിൽപ്പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങൾ കാണും. മൃഗങ്ങളുടെ പുൽത്തൊട്ടിയിൽ അവനെക്കാണും; കാരണം, ദാവീദിന്റെ പട്ടണത്തിൽ മിശിഹായ്ക്ക് സ്ഥലം കിട്ടിയില്ല.."  ഇതു പറയുമ്പോൾ  ദൈവദൂതൻ ഗൗരവം സ്ഫുരിച്ച് ദുഃഖിതനായി കാണപ്പെടുന്നു.

പിന്നിട് സ്വർഗ്ഗത്തിൽ നിന്ന് അനേകം ദൈവദൂതന്മാർ താഴേക്കിറങ്ങി വരുന്നു... അവരുടെ ആനന്ദത്തിന്റെ സ്വർഗ്ഗീയ പ്രഭയിൽ ചന്ദ്രിക മങ്ങിപ്പോകുന്നു. വാർത്ത അറിയിച്ച ദൈവദൂതന്റെ ചുറ്റുംകൂടി അവർ ചിറകടിച്ച് സൗരഭ്യം വിതറുന്നു. മധുരമായ സംഗീതമാലപിക്കുന്നു... ദൈവദൂതന്മാരുടെ സ്തുതിഗീതം പ്രശാന്തമായ ആ നാട്ടിൻപുറത്ത് അകലങ്ങളിൽ അലിഞ്ഞുചേർന്നു... സംഗീതം സാവധാനത്തിൽ മങ്ങി ഇല്ലാതാകുന്നു... അതുപോലെ തന്നെ പ്രകാശവും... ദൈവദൂതന്മാർ സ്വർഗ്ഗത്തിലേക്കു കയറുന്നു.
ഇടയന്മാർ ആനന്ദസുഷുപ്തിയിൽ നിന്നുണർന്ന് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്കു വരുന്നു.

"നീ കേട്ടോ?"

"നമുക്കു പോയിക്കാണണ്ടേ?"

"അപ്പോൾ മൃഗങ്ങളുടെ കാര്യമെങ്ങനെ?"

"ഓ! അവയ്ക്ക് ഒന്നും സംഭവിക്കുകയില്ല. ദൈവത്തിന്റെ വചനം അനുസരിക്കാനല്ലേ  നമ്മൾ പോകുന്നത്?"

"പക്ഷേ, എങ്ങോട്ടാണ് നമ്മൾ പോവുക?"

"ഇന്നു ജനിച്ചു എന്നല്ലേ പറഞ്ഞത്? ബത്ലഹേമിൽ പാർക്കാൻ ഇടം കിട്ടിയില്ല എന്നും.."  മേരിക്കു പാൽ  കൊടുത്ത ഇടയനാണ് ഇപ്പോൾ സംസാരിക്കുന്നത്. "എന്റെ കൂടെ വരൂ.. എനിക്കറിയാം, അവർ എവിടെയാണെന്ന്. ആ സ്ത്രീയെ ഞാൻ കണ്ടിരുന്നു. എനിക്കു വളരെ ദുഃഖം തോന്നി... അവളോടു സഹതാപം തോന്നി. അവളെപ്രതി എങ്ങോട്ടു പോകണമെന്നു ഞാൻ അവർക്ക് പറഞ്ഞുകൊടുത്തു. കാരണം, അവർക്ക് താമസസ്ഥലം കിട്ടുകയില്ലെന്ന് എനിക്കു തോന്നി. അവൾക്കു കൊടുക്കാനായി ആ മനുഷ്യനു ഞാൻ കുറെ പാലും  കൊടുത്തു... അവൾ വളരെ ചെറുപ്പമാണ്. അവൾ  നല്ലവളും കരുണയുള്ളവളും  ആയിരിക്കണം; വരൂ, നമുക്കു പോയി കുറെ പാലും ചീസും ആട്ടിൻകുട്ടികളെയും നല്ല ആട്ടിൻ തോലും കൊണ്ടുവരാം. അവർ വളരെ ദരിദ്രരായിരിക്കണം... അവൻ എത്ര തണുപ്പു സഹിക്കുന്നുണ്ടായിരിക്കണം എന്നു ഞാൻ ചിന്തിക്കയാണ്.. അവന്റെ പേരുച്ചരിക്കാൻ എനിക്കു ധൈര്യം കിട്ടുന്നില്ല...  ഓർത്തുനോക്കൂ, ദരിദ്രനായ ഒരുവന്റെ ഭാര്യയോടു സംസാരിക്കുന്നതു പോലെയാണ് ഞാൻ അവന്റെ അമ്മയോടു സംസാരിച്ചത്. കഷ്ടം!"
  അവർ ഷെഡിനുള്ളിലേക്കു പോകുന്നു. അധികം താമസിയാതെ പുറത്തുവരുന്നു. ചിലരുടെ കൈയിൽ കുപ്പിയിൽ നിറച്ച പാലുണ്ട്. ചിലരുടെ കൈയിൽ ഒരുതരം വലയിൽ ഉരുണ്ടിരിക്കുന്ന ചീസ്, ചിലരുടെ കൈയിൽ കൂടയ്ക്കകത്ത് കരയുന്ന ആട്ടിൻകുട്ടികൾ, ചിലരുടെ കൈയിൽ ഊറയ്ക്കിട്ടു ശരിയാക്കിയ തോൽ... "അവർക്കു കൊടുക്കാൻ ഒരാടിനെയും കൊണ്ടുപോകാം. അതിന്റെ പാലും വളരെ നല്ലതാണ്. ആ സ്ത്രീക്ക് പാലില്ലെങ്കിൽ ഈ ആട് വലിയ ഉപകാരമായിരിക്കും. കണ്ടിട്ട് അവൾ വളരെ ചെറുപ്പമാണ്. വല്ലാതെ വിളറിയുമിരിക്കുന്നു." പാലു കൊടുത്ത ആ ഇടയൻ പറയുന്നു. അയാൾ അവർക്ക് നേതൃത്വം നൽകുന്നു. പന്തങ്ങൾ കത്തിച്ചുകൊണ്ട് നിലാവിൽ അവർ പുറപ്പടുന്നു.

അവർ ബത്ലഹേം ചുറ്റിപ്പോകുന്നു. മേരിയും ജോസഫും വന്ന വഴിയിലൂടെയല്ല, അതിനെതിരെയുള്ള വശത്തു കൂടിയാണ് അവർ വരുന്നത്. അതിനാൽ അവർ ആദ്യമേ തന്നെ വന്നെത്തിയത് ദിവ്യശിശുവിന്റെ കാലിക്കൂട്ടിലാണ്. അവർ നേരെ അതിന്റെ പ്രവേശനദ്വാരത്തിലേക്കു ചെല്ലുന്നു. ഉള്ളിലേക്കു ചെല്ലാൻ ബാലനായ ഇടയനെ പ്രേരിപ്പിക്കുന്നു. അവൻ ആദ്യം സന്ദേഹിച്ചെങ്കിലും ഉടനെ തന്നെ ആ ദ്വാരത്തിനടുത്തു ചെന്ന് വിരിയായി തൂക്കിയിട്ടിരിക്കുന്ന കുപ്പായം അൽപ്പം മാറ്റിനോക്കുന്നു.

"നീ എന്താണു് കാണുന്നത്?" ഉത്ക്കണ്ഠയോടെ, എന്നാൽ താണസ്വരതിൽ അവർ ചോദിക്കുന്നു.

പുൽത്തൊട്ടിയുടെ ഉള്ളിലേക്കു കുനിഞ്ഞുനിൽക്കുന്ന ഒരു യുവതിയെയും ഒരു മനുഷ്യനെയും എനിക്കു കാണാം. പിന്നെ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേൾക്കാം..."

"അവളെ വിളിക്കൂ..."
"ഞാൻ വിളിക്കില്ല; നീ വിളിക്കൂ... നീയാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നത്. നീയല്ലേ നേരത്തേ അവളോടു സംസാരിച്ചിട്ടുള്ളത്?"

ഇടയൻ വായ് പൊളിക്കുന്നു. എന്നാൽ ഞരക്കം പോലെ ഒരു നേരിയ ശബ്ദമേ പുറത്തുവന്നുള്ളൂ.  ജോസഫ് തിരിഞ്ഞുനോക്കി വാതിൽക്കലേക്കു വന്നു ചോദിക്കുന്നു: "നിങ്ങൾ ആരാണ്?"

"ഇടയന്മാർ. നിങ്ങൾക്കായി കുറച്ചു ഭക്ഷണവും കുറച്ചു കമ്പിളിയും കൊണ്ടുവന്നിട്ടുണ്ട്.
 രക്ഷകനെ ആരാധിക്കാനാണു ഞങ്ങൾ വന്നിരിക്കുന്നത്."
"അകത്തേക്കു വരൂ.."

"അവരെല്ലാം  അകത്തേക്കു  പ്രവേശിക്കുന്നു.  പന്തങ്ങളുടെ വെളിച്ചത്തിൽ  കാലിക്കൂടു  പ്രകാശമാനമായി.  മേരി തിരിഞ്ഞുനോക്കി പുഞ്ചിരി തൂകുന്നു. "വരൂ.." അവൾ പറയുന്നു. ഇടയബാലനെ അവൾ അരികിൽ ചേർത്തു നിർത്തുന്നു. അവൻ ആനന്ദത്തോടെ  പുൽത്തൊട്ടിയിലേക്കു നോക്കുന്നു. ജോസഫ് വിളിച്ചപ്പോൾ  മറ്റുള്ളവരും  മുന്നോട്ടുവന്നു.  തങ്ങൾ കൊണ്ടുവന്നിരിക്കുന്ന സമ്മാനങ്ങളെല്ലാം മേരിയുടെ പാദത്തിങ്കൽ വച്ച് ഏതാനുംഹൃദയസ്പർശകമായ വാക്കുകളും അവർ പറയുന്നു. പിന്നീട്   മൃദുസ്വരത്തിൽ  കരയുന്ന  ശിശുവിനെ  നോക്കി ആനന്ദാശ്രുക്കൾ പൊഴിക്കുന്നു.

മറ്റുള്ളവരെക്കാൾ ധൈര്യമുള്ള ഒരിടയൻ പറയുന്നു; "അമ്മേ, ഈ കമ്പിളി എടുത്തുകൊള്ളുക. ഇത് വൃത്തിയും മാർദ്ദവവുമുള്ളതാണ്. ജനിക്കാറായ എന്റെ ശിശുവിനു വേണ്ടി ഞാനൊരുക്കിയതാണിത്.
 എന്നാൽ  ഇതു  ഞാൻ  അമ്മയ്ക്കു  തരുന്നു.  ഈ  ശിശുവിനെ ഇതിന്മേൽ കിടത്തുക." ഇങ്ങനെ പറഞ്ഞുകൊണ്ട് അയാൾ വളരെ ഭംഗിയുള്ള ആട്ടിൻതോൽ കൊടുക്കുന്നു. മേരി ഉണ്ണിയെ എടുത്ത് അതിൽപ്പൊതിഞ്ഞ് ഇടയന്മാരെ കാണിക്കുന്നു. അവർ നിലത്ത് വയ്ക്കോലിൽ മുട്ടുകുത്തി ആനന്ദത്തോടെ ശിശുവിനെ നോക്കുന്നു.

ഒരാൾ അഭിപ്രായപ്പെടുന്നു; "കുഞ്ഞിന് ഒരു കവിൾ പാൽ കൊടുക്കണം. സ്വൽപ്പം തേനും വെള്ളവും കൊടുക്കുന്നതാണ് കുറേക്കൂടി നല്ലത്. എന്നാൽ ഇവിടെ നമുക്കു തേനില്ലല്ലോ."
"ഇവിടെ കുറച്ചു പാലുണ്ട്; അതെടുത്തുകൊള്ളൂ..."
"പക്ഷേ അതു തണുത്തതാണ്. പാൽ ചെറുചൂടുള്ളതായിരിക്കണം. ഏലിയാസെവിടെ? അവൻ ആടിനെ കൊണ്ടുവന്നിട്ടുണ്ട്."

                     നേരത്തേ  മേരിക്കു  പാൽ  കൊടുത്ത   ഇടയനാണ് ഏലിയാസ്.  എന്നാൽ  അവൻ  ആ  കൂട്ടത്തിലില്ല.   അവൻ വെളിയിൽ  നിന്നുകൊണ്ട്  ദ്വാരത്തിലൂടെ  നോക്കുകയാണ്.

"ആരാണ് നിങ്ങളെ ഇങ്ങോട്ടയച്ചത്?" ജോസഫ് ചോദിക്കുന്നു.

"ഒരു ദൈവദൂതൻ ഞങ്ങളോട് ഇവിടേക്കു വരാൻ പറഞ്ഞു. ഏലിയാസാണ്   വഴി   കാണിച്ചു  തന്നത്.  എന്നാൽ ഏലിയാസെവിടെ?"

ആടിന്റെ കരച്ചിൽ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്നു.  അവൻ ആടിനെയും കൊണ്ട് അകത്തേക്കു കയറുന്നു.

"ഓ! അതു നിങ്ങളാണോ?" ജോസഫ് അയാളെ മനസ്സിലാക്കുന്നു. മേരി അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറയുന്നു: "നിങ്ങൾ നല്ലവനാണ്."

അവർ ആടിനെ കറക്കുന്നു. ഒരു തുണിക്കഷണത്തിന്റെ അഗ്രം പാലിൽ മുക്കി മേരി ശിശുവിന്റെ അധരങ്ങൾ നനയ്ക്കുന്നു. ഉണ്ണി മധുരമുള്ള ആ പാലിന്റെ പത നുണയുന്നു. അവരെല്ലാവരും പുഞ്ചിരിക്കുന്നു.

             "പക്ഷേ, നിങ്ങൾക്കു് ഇവിടെ താമസിക്കാനാവില്ല. ഇവിടെ ആകെ  തണുപ്പും  ഈർപ്പവുമാണ്.  മൃഗങ്ങളുടെ  ദുർഗ്ഗന്ധവും ശക്തിയായിട്ടുണ്ട്. അതു നല്ലതല്ല; രക്ഷകനു് ഇത് ഒട്ടും നല്ലതല്ല."

"എനിക്കറിയാം.." ശക്തമായ നെടുവീർപ്പോടെ മേരി പറയുന്നു. ബത്ലഹേമിൽ ഞങ്ങൾക്കു സ്ഥലം കിട്ടിയില്ല."

"സ്ത്രീയേ, ധൈര്യമായിരിക്കൂ.. നിങ്ങൾക്കായി ഒരു വീട് ഞങ്ങളന്വേഷിക്കാം. എന്റെ സ്വാമിനിയോടു ഞാൻ പറയും." ഏലിയാസ് പറയുന്നു. "അവൾ നല്ലവളാണ്. തന്റെ സ്വന്തം മുറി നിങ്ങൾക്കു തരണമെങ്കിൽത്തന്നെയും അവൾ നിങ്ങളെ സ്വീകരിക്കും. പ്രഭാതമായാലുടനെ ഞാനവളോടു പറയാം.. അവളുടെ വീടു നിറയെ ആളുകളാണ്. എന്നാലും അവൾ നിങ്ങൾക്കു സ്ഥലമുണ്ടാക്കിത്തരും.."

"എന്റെ കുഞ്ഞിനെങ്കിലും സ്ഥലം കിട്ടിയാൽ മതിയായിരുന്നു..."

"സ്ത്രീയേ, ഒട്ടും വിഷമിക്കേണ്ട. ഞാനതു നോക്കിക്കൊള്ളാം. ഞങ്ങളോടു പറയപ്പെട്ട കാര്യങ്ങൾ ഞങ്ങൾ അനേകരോടു പറയും. നിങ്ങൾക്കൊന്നിനും കുറവുണ്ടാകയില്ല. തൽക്കാലത്തേക്ക് ഈ  ദരിദ്രരുടെ  ദാനങ്ങൾ  സ്വീകരിക്കൂ........  ഞങ്ങൾ ഇടയന്മാരാണ്...."

"ഞങ്ങളും ദരിദ്രരാണ്. നിങ്ങൾക്കു പ്രതിഫലം തരാൻ അശക്തരാണ്." ജോസഫ് പറയുന്നു.

"ഓ! അതൊന്നും ആവശ്യമില്ല. ഞങ്ങൾക്കൊന്നും വേണ്ടാ. നിങ്ങൾക്കു തരാൻ സാധിക്കുമെങ്കിൽത്തന്നെ ഞങ്ങൾക്കൊന്നും വേണ്ടാ. കർത്താവ് ഞങ്ങൾക്കു പ്രതിഫലം തന്നുകഴിഞ്ഞു. അവൻ എല്ലാവർക്കും സമാധാനം വാഗ്ദാനം ചെയ്തിരിക്കുന്നു. ദൈവദൂതന്മാർ പറഞ്ഞു:  "സന്മനസ്സുള്ളവർക്കു സമാധാനം"... എന്നാൽ അവൻ ഞങ്ങൾക്കിപ്പോഴേ അതു തന്നുകഴിഞ്ഞു..  ദൈവദൂതൻ പറഞ്ഞു, "ഈ ശിശുവാണു രക്ഷകൻ; കർത്താവായ ക്രിസ്തു"  എന്ന്.   ഞങ്ങൾ   ദരിദ്രരും   അറിവില്ലാത്തവരുമാണ്. എന്നാൽ   രക്ഷകൻ   സമാധാനത്തിന്റെ രാജകുമാരനായിരിക്കുമെന്നു പ്രവാചകന്മാർ പറഞ്ഞിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം. ഇവിടെ വന്ന് രക്ഷകനെ ആരാധിക്കാനും ദൈവദൂതൻ ഞങ്ങളോടു പറഞ്ഞു. അതുകൊണ്ടാണ്  അവൻ തന്റെ സമാധാനം  ഞങ്ങൾക്കു തന്നത്. അത്യുന്നതമായ സ്വർഗ്ഗത്തിൽ ദൈവത്തിന് സ്തുതിയുണ്ടാകട്ടെ. ഇവിടെയുള്ള അവന്റെ ക്രിസ്തുവിന് മഹത്വമുണ്ടാകട്ടെ. അവനെ പ്രസവിച്ച സ്ത്രീയേ, നിങ്ങൾ അനുഗൃഹീതയാകട്ടെ. അവനെ വഹിക്കുവാൻ അർഹയായതിനാൽ നീ പരിശുദ്ധയാണ്. ഞങ്ങളുടെ രാജ്ഞിയായി ഞങ്ങളോടു കൽപ്പിക്കുക. നിന്നെ സേവിക്കുന്നത് ഞങ്ങൾക്കു സന്തോഷമാണ്. ഞങ്ങൾ എന്താണു് ചെയ്യേണ്ടത്?"

"നിങ്ങൾക്കു് എന്റെ പുത്രനെ സ്നേഹിക്കാൻ കഴിയും. ഇപ്പോൾ നിങ്ങൾക്കുള്ള ഈ മനസ്ഥിതി എപ്പോഴും പാലിക്കാൻ കഴിയും."

"എന്നാൽ നിന്റെ കാര്യം എങ്ങനെ? നിനക്ക് ഒരാവശ്യവുമില്ലേ? ശിശു ജനിച്ചു എന്നറിയിക്കാൻ നിനക്കു ബന്ധുക്കളില്ലേ?"

"ഉണ്ട്; എനിക്കു ബന്ധുക്കളുണ്ട്. എന്നാൽ അവർ വളരെ ദൂരെയാണ്; അവർ ഹെബ്രോണിലാണ്."

"ഞാൻ പോകാം." ഏലിയാസ് പറയുന്നു. "ആരാണവർ?"

"പുരോഹിതനായ സക്കറിയാസും എന്റെ മാതൃസഹോദരീപുത്രി എലിസബത്തും."

"സക്കറിയാസോ? ഓ! എനിക്ക് അദ്ദേഹത്തെ നല്ലപോലെ അറിയാം. വേനൽക്കാലത്ത് ആ പർവതനിരകളിലേക്ക് ഞങ്ങൾ പോകാറുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഇടയന്റെ ഒരു സ്നേഹിതനുമാണ്. നിങ്ങൾക്കു താമസസൗകര്യം ലഭിച്ചു കഴിയുമ്പോൾ ഞാൻ സക്കറിയാസിന്റെ പക്കൽ പോകാം."

"നന്ദിയുണ്ട് ഏലിയാസേ.."

"നിങ്ങൾ എനിക്കു നന്ദി പറയേണ്ട. ഒരു സാധു ഇടയനായ ഞാൻ ഒരു പുരോഹിതനോട് "രക്ഷകൻ പിറന്നിരിക്കുന്നു" എന്നു പറയാനിടയാകുന്നത് ഒരു വലിയ ബഹുമതിയാണ്."

"അല്ല, നീ പറയേണ്ടത്,  നസ്രസ്സിലെ മേരി പറഞ്ഞയച്ചിരിക്കുന്നു; "ഈശോ പിറന്നിരിക്കുന്നു, അതിനാൽ നിങ്ങൾ ബത്ലഹേമിലേക്കു വരണമെന്നു" മാത്രമാണ്."

"ഞാൻ അങ്ങനെ പറഞ്ഞുകൊള്ളാം."

"ദൈവം നിനക്കു പ്രതിഫലം നൽകട്ടെ.  ഏലിയാസേ, നിന്നെയും - നിങ്ങളോരോരുത്തരെയും ഞാൻ ഓർത്തുകൊള്ളാം."

"നിന്റെ ശിശുവിനോടു ഞങ്ങളെക്കുറിച്ചു പറയുമോ?"

"തീർച്ചയായും ഞാൻ പറയും."

"ഞാൻ ഏലിയാസാണ്."
"എന്റെ പേരു് ലേവി." ബാലനായ ഇടയൻ പറയുന്നു.
"എന്റെ പേരു് സാമുവൽ."
"എന്റെ പേരു് ജോനാ."
"എന്റെ പേരു് ഐസക്ക്."
"ഞാൻ തോബിയാസ്."
"ഞാൻ ജോനാഥൻ."
"ഞാൻ ദാനിയേൽ."
"ഞാൻ സൈമൺ."
"ഞാൻ ജോൺ."
"ഞാൻ ജോസഫാണ്. എന്റെ സഹോദരനാണ് ബഞ്ചമിൻ. ഞങ്ങൾ ഇരട്ടകളാണ്."

"ഞാൻ നിങ്ങളുടെ പേരുകൾ ഓർത്തിരിക്കും."

"ഞങ്ങൾക്കു പോകണമല്ലോ. പക്ഷേ ഞങ്ങൾ തിരിച്ചുവരും. രക്ഷകനെ ആരാധിക്കാൻ മറ്റുള്ളവരെയും ഞങ്ങൾ കൂട്ടിക്കൊണ്ടുവരും."

"അവന്റെ ഉടുപ്പു ചുംബിക്കുവാൻ ഞങ്ങളെ അനുവദിക്കുമോ?" ബാലനായ ലേവി ചോദിക്കുന്നു.

മേരി ഉണ്ണിയെ സാവധാനത്തിൽ എടുക്കുന്നു. വയ്ക്കോലിന്മേലിരുന്ന് ആ ചെറുപാദങ്ങൾ തുണിയിൽപ്പൊതിഞ്ഞ് അവർക്കു ചുംബിക്കുവാൻ കൊടുക്കുന്നു. ഇടയന്മാർ നിലംപറ്റെത്താണ് ആ ചെറുപാദങ്ങൾ ചുംബിക്കുന്നു. പോകാറായപ്പോൾ അവർ പുറംതിരിഞ്ഞു നടക്കാതെ പിന്നോക്കം നടക്കുന്നു. മേരി ശിശുവിനെ മടിയിൽ വച്ചുകൊണ്ട് വയ്ക്കോലിന്മേലിരിക്കുന്നു. ജോസഫ്, കൈമുട്ടുകൾ രണ്ടും പുൽത്തൊട്ടിയിൽ കുത്തിച്ചാരി നിന്നുകൊണ്ട് ശിശുവിനെ നോക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)