ജാലകം നിത്യജീവൻ: ദൈവപുത്രന്റെ ഒറ്റുകാരന്‍

nithyajeevan

nithyajeevan

Friday, December 9, 2011

ദൈവപുത്രന്റെ ഒറ്റുകാരന്‍

                        ഈശോ അക്ഷീണനായി പാലസ്തീനായിൽ ചുറ്റി സഞ്ചരിക്കയാണ്.    അപ്പസ്തോലന്മാർ    ഒപ്പമുണ്ട്.    ഇടയ്ക്ക് ബർത്തലോമിയോ    ചോദിക്കുന്നു;    "ഗുരുവേ,   നമ്മൾ ജറീക്കോയിലേക്കാണോ   പോകുന്നത്?   അവിടെ കൊലയാളികൾ പതിയിരിക്കുന്നുണ്ടാവും എന്ന്   നിനക്കു സന്ദേഹമില്ലേ?"

"ഇല്ല, ഒരു സന്ദേഹവുമില്ല. ഞാൻ പെസഹാത്തിരുന്നാളിന് ജറുസലേമിൽ പോയത് വേറൊരു വഴിയിലൂടെയാണ്. അതിനാൽ അവർ നിരാശരായി. ആൾക്കൂട്ടത്തിന്റെ ശ്രദ്ധയിൽപ്പെടാതെ എന്നെ എങ്ങനെ പിടികൂടണമെന്ന് അവർക്കറിഞ്ഞുകൂടാ. ബർത്തലോമിയോ, എന്നെ വിശ്വസിക്കൂ, ആൾസഞ്ചാരമില്ലാത്ത വഴികളേക്കാൾ ജനവാസം അധികമുള്ള സ്ഥലങ്ങൾ എനിക്ക് അപകടം കുറഞ്ഞവയാണ്. ജനക്കൂട്ടങ്ങൾ നല്ലതും ആത്മാർത്ഥതയുള്ളതുമാണ്. അതേസമയം വികാരം കൊള്ളുന്നവരുമാണ്. അവരുടെയിടയിൽ ദൈവരാജ്യം പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുമ്പോൾ എന്നെ പിടികൂടുകയാണെങ്കിൽ അവർ എതിർക്കും. സർപ്പങ്ങൾ ഇരുട്ടിലും വിജനസ്ഥലങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. പിന്നെ... എനിക്കു ജോലിചെയ്യാൻ ഇനിയും ധാരാളം അവസരങ്ങളുണ്ട്.... പിന്നെ... സാത്താന്റെ നാഴിക വരും! നിങ്ങൾക്കു ഞാൻ  നഷ്ടപ്പെടും... എങ്കിലും കുറെക്കഴിഞ്ഞ് നിങ്ങൾ എന്നെക്കാണും. ഇത് വിശ്വസിക്കുക. ഇത് വിശ്വസിക്കുന്ന കാര്യം ഓർത്തിരിക്കുക. കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ, ഞാൻ പറഞ്ഞത് സത്യമല്ലെന്ന് തോന്നിക്കുമ്പൊൾ ഇത് ഓർത്തിരിക്കുവിൻ."

അപ്പസ്തോലന്മാർ  ആകുലരായി സ്നേഹത്തോടെ ഈശോയെ നോക്കുന്നു. തോമസ് ചോദിക്കുന്നു; "ഗുരുവേ, ഞാനൊന്നു ചോദിച്ചുകൊള്ളട്ടെ?"
"എന്താണ്?"
"കഴിഞ്ഞ ദിവസം നീ പറഞ്ഞല്ലോ രക്ഷകന്, അതായത് നിനക്ക് ഒറ്റുകാരനായി ഒരുവൻ ഉണ്ടാകുമെന്ന്. ദൈവത്തിന്റെ പുത്രനായ നിന്നെ ഒറ്റിക്കൊടുക്കുവാൻ ഒരു മനുഷ്യന് കഴിവുണ്ടാകുമോ?"

"ദൈവത്തിന്റെ പുത്രനെ, പിതാവിനെപ്പോലെ ദൈവമായ പുത്രനെ വഞ്ചിക്കുവാൻ ഒരു  മനുഷ്യന് സാധിക്കയില്ല. പക്ഷേ അതുചെയ്യുന്നത് ഒരു  മനുഷ്യനായിരിക്കയില്ല. സാത്താനായിരിക്കും. ഏറ്റവുമധികം ബാധയുള്ള, ഏറ്റം ഉപദ്രവം ചെയ്യുന്ന മനുഷ്യനായിരിക്കും. മഗ്ദലായിലെ മേരിയിൽ ഏഴു പിശാചുക്കളുണ്ടായിരുന്നു. ഏതാനും ദിവസം മുൻപ് നാം കണ്ട പിശാചുബാധിതനിൽ ബേൽസബൂബാണ് ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ എന്നെ ഒറ്റിക്കൊടുക്കുന്നവനിൽ ബേൽസബൂബും അവന്റെ പൈശാചികസംഘം മുഴുവനും ഉണ്ടായിരിക്കും. ഓ !!  നരകം മുഴുവനും  ആ ഹൃദയത്തിലുണ്ടായിരിക്കും. ആട്ടിൻകുട്ടിയെ അറവുകാരനു വിൽക്കുന്നതുപോലെ ദൈവപുത്രനെ ശത്രുക്കൾക്കു വിൽക്കണമെങ്കിൽ അതിനുള്ള ധൈര്യം ആ പിശാചുക്കളാണു നൽകുക."

"ഗുരുവേ, ആ മനുഷ്യൻ ഇപ്പോൾത്തന്നെ പിശാചുബാധിതനാണോ?" കറിയോത്തുകാരൻ യൂദാസ് ചോദിക്കുന്നു.

"അല്ല യൂദാസേ. പക്ഷേ അവൻ സാത്താനിലേക്ക് ചായ്വുള്ളവനാണ്. സാത്താനിലേക്ക്  ചായുക എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം അവന്റെ കൈയിൽ വീഴുന്ന അവസ്ഥയിലേക്ക് സ്വയം വച്ചുകൊടുക്കുക എന്നാണ്."

"ആ ചായ് വില്‍  നിന്നു മോചനം പ്രാപിക്കുവാൻ അയാൾ എന്തുകൊണ്ടാണ് നിന്റെ പക്കലേക്കു വരാത്തത്? അങ്ങനെ ഒരു ചായ് വ്  ഉണ്ടെന്ന് അയാൾക്ക് അറിയാമോ?" ആൻഡ്രൂ ചോദിക്കുന്നു.

"അവന് അറിഞ്ഞുകൂടായിരുന്നെങ്കിൽ കുറ്റമുണ്ടാകുമായിരുന്നില്ല. എന്നാൽ അവനതറിയാം.  തിന്മയിലേക്ക് ചായുന്നു എന്നത് അവനറിയാം. അതിൽനിന്ന് കരകയറുവാനുള്ള നിശ്ചയത്തിൽ അവൻ ഉറച്ചുനിൽക്കുന്നില്ല. ഉറച്ചുനിന്നിരുന്നുവെങ്കിൽ അവൻ എന്റെ പക്കൽ വരുമായിരുന്നു.... പക്ഷേ അവൻ വരുന്നില്ല. വിഷം ഉള്ളിലേക്കു തുളച്ചു കയറുന്നു;  എന്റെ സാമീപ്യം അവനെ ശുദ്ധിയാക്കുന്നില്ല. കാരണം അവൻ  അതാഗ്രഹിക്കുന്നില്ല. അവൻ   അതൊഴിവാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ തെറ്റ് ഇതാണ്; ഓ ! മനുഷ്യരേ, നിങ്ങൾക്കു് എന്നെ ഏറ്റവുമധികം ആവശ്യമുള്ളപ്പോൾ നിങ്ങൾ എന്നിൽനിന്ന് പറന്നകലുന്നു."

"അയാൾ എപ്പോഴെങ്കിലും നിന്റെ പക്കൽ വന്നിട്ടുണ്ടോ? നിനക്ക് അവനെ അറിയാമോ?"

"മാത്യു, മനുഷ്യർ എന്നെ അറിയുന്നതിനു മുൻപ് ഞാനവരെ അറിയുന്നു. നിനക്കും നിന്റെ കൂടെയുള്ളവർക്കും അതറിയാം. ഞാൻ നിങ്ങളെ വിളിച്ചത് ഞാൻ നിങ്ങളെ അറിഞ്ഞതുകൊണ്ടാണ്."