ജാലകം നിത്യജീവൻ: ധനികനായ വ്യാപാരി

nithyajeevan

nithyajeevan

Saturday, December 10, 2011

ധനികനായ വ്യാപാരി

             ജോർദ്ദാന്റെ മറുകരയിൽ ഫലഭൂയിഷ്ടമായ ഒരു സമതലത്തിലൂടെ വളരെ ദൂരം നടന്ന ശേഷം ഈശോ,   അപ്പസ്തോലന്മാരും  പരിശുദ്ധഅമ്മയും  ഏതാനും ശിഷ്യകളും  
അടങ്ങുന്ന സംഘത്തോടൊപ്പം  ഒരു  ചെറുഗ്രാമത്തിൽ വിശ്രമിച്ചു. വിശ്രമത്തിനു ശേഷം അവർ ഗ്രാമത്തിൽ വച്ചു പരിചയപ്പെട്ട ഒരു  കച്ചവടസംഘത്തോടൊപ്പം വീണ്ടും യാത്രയാരംഭിച്ചു. സംഘനേതാവ് ഈശോയോടു് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അതുകണ്ട് അപ്പസ്തോലന്മാർ ചോദിക്കുന്നു; "അയാൾ ആരാണ്?"

"യുഫ്രട്ടീസിന്റെ അങ്ങേക്കരയിലുള്ള ധനികനായ ഒരു വ്യാപാരി. ഞാൻ പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലൂടെയെല്ലാം അയാൾ കടന്നുപോകും.  ഈ പർവത പ്രദേശത്തുകൂടി സ്ത്രീകളെയും കൊണ്ടു യാത്ര ചെയ്യുന്ന നമ്മുടെ മേലുള്ള ദൈവപരിപലന!"

"എന്തെങ്കിലും സംഭവിക്കുമെന്ന് നീ ഭയപ്പെടുന്നുണ്ടോ?"

"കവർച്ച ചെയ്യപ്പെടുമെന്ന് എനിക്കു ഭയമില്ല. കാരണം, നമുക്കു് സമ്പത്തൊന്നുമില്ലല്ലോ.  എന്നാൽ സ്ത്രീകളെ ഭയപ്പെടുത്താൻ അതു ധാരാളം മതി. ഈ സംഘം കൂടെയുള്ളത് നമുക്കു് സഹായകമായി.  ഇത്ര ശക്തമായ ഒരു  സംഘത്തെ ആക്രമിക്കാൻ ഒരു  പിടി കൊള്ളക്കാർ മുതിരുകയില്ല. 'നീ മ്ശിഹാ ആണോ' എന്ന് അയാൾ എന്നോടു ചോദിച്ചു. 'ഞാൻ ആണ്' എന്നു മറുപടി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, 'നീ പ്രസംഗിച്ചത് ഞാൻ കേട്ടിരുന്നു; എന്നാൽ   ആൾത്തിരക്കു നിമിത്തം എനിക്കു നിന്നെക്കാണാൻ പറ്റിയില്ല. ആകട്ടെ, ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം. നീ എന്നെയും സംരക്ഷിക്കണം. വളരെ  വിലപിടിച്ച ചരക്ക് എന്റെ പക്കലുണ്ട്' എന്ന്."

"അയാൾ മാനസാന്തരപ്പെട്ടതാണോ?"

"എനിക്കു തോന്നുന്നില്ല."

അവർ യാത്രയാരംഭിച്ചു. ഈശോ അയാളോടു ചോദിക്കുന്നു: "നീ പുതുതായി യഹൂദമതത്തിൽ ചേർന്നവനാണോ?"

"ചേരേണ്ടതായിരുന്നു. എന്റെ പൂർവികർ ഇസ്രായേല്യരായിരുന്നു.   പക്ഷേ, ഞങ്ങൾ ചെന്നുചേർന്ന നാട്ടിലെ രീതികളുമായി ചേർന്നുപോയി."

"ഒരാത്മാവിന് ചേർന്നു പോകാൻ ഒരിടം മാത്രമേയുള്ളൂ; അതായത് സ്വർഗ്ഗം."

"നീ പറഞ്ഞത് ശരിയാണ്. എന്നാലും കാര്യങ്ങൾ അങ്ങനെയൊക്കെ സംഭവിക്കുന്നു. എന്റെ വല്യപ്പന്റെ അപ്പൻ ഇസ്രായേൽക്കാരിയല്ലാത്ത ഒരുവളെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മക്കൾ വിശ്വസ്തതയിൽ പിന്നോക്കം പോയി. മക്കളുടെ മക്കളും ഇസ്രായേൽക്കാരല്ലാത്ത സ്ത്രീകളെ വിവാഹം കഴിച്ചു. അവരുടെ മക്കൾക്ക് യഹൂദനാമം മാത്രം അവശേഷിച്ചു. യഹൂദ പാരമ്പര്യമുള്ളതു കൊണ്ട് പേരു മാത്രം അവശേഷിച്ചു. എന്റെ ഊഴമായപ്പോൾ ഒന്നുമില്ലാതായി. എല്ലാവരോടും എനിക്കു സമ്പർക്കമുള്ളതുകൊണ്ട് എല്ലാം ഞാൻ സ്വീകരിച്ചു. അതിന്റെ ഫലമോ, ഞാൻ ഒരിടത്തും അല്ലാതായി..."

"ഇപ്പറഞ്ഞത് അത്ര നല്ല കാരണമൊന്നുമല്ല. അതു ഞാൻ തെളിയിക്കാം.  ശരിയാണെന്നു നിനക്കു നല്ലവണ്ണം അറിയാവുന്ന ഈ വഴിക്ക് യാത്ര ചെയ്യുമ്പോൾ അഞ്ചാറുപേരെ കണ്ടെന്നു കണ്ടെന്നു കരുതുക. അവർ പറയുന്നത്, "ഈ വഴിയേ പോകരുത്,  തിരിച്ചുപോകുക, യാത്ര നിർത്തുക, കിഴക്കോട്ടു പോവുക, പടിഞ്ഞാറോട്ടു പോവുക" ഇങ്ങനെയെല്ലാമാണെങ്കിൽ നീ എന്തുചെയ്യും?"

 "ഞാൻ പറയും, 'ഇത് ശരിയായിട്ടുള്ള റോഡാണ്; ഏറ്റം കുറഞ്ഞ ദൂരവും ഈ വഴിക്കാണ്. അതിനാൽ ഈ വഴി ഞാൻ  വിട്ടുപോകയില്ല' എന്ന്."

"അതുപോലെ കച്ചവടകാര്യങ്ങളിൽ എങ്ങനെയാണ് വർത്തിക്കേണ്ടതെന്ന് നിനക്കറിയാവുന്ന സാഹചര്യത്തിൽ മറ്റുള്ളവർ വീമ്പടിക്കാനോ കൗശലം പ്രയോഗിക്കാനോ മറ്റു മാർഗ്ഗങ്ങൾ ഉപദേശിച്ചാൽ നീ എന്തുചെയ്യും? അവരെ ശ്രവിക്കുമോ?"

"ഇല്ല. ഏറ്റം നല്ലതെന്ന് എന്റെ അനുഭവം എന്നോടു പറയുന്ന മാർഗ്ഗം മാത്രമേ ഞാൻ  സ്വീകരിക്കയുള്ളൂ."

 "കൊള്ളാം; ആയിരം വർഷങ്ങളോളം  പാരമ്പര്യമുള്ള വിശ്വാസം നിന്റെ പിന്നിലുണ്ട്. ഇസ്രായേലിന്റെ പിൻഗാമിയാണ് നീ. നീ ഭോഷനോ അറിവില്ലാത്തവനോ അല്ല.  അപ്പോൾപ്പിന്നെ മറ്റുള്ളവരുമായുള്ള സമ്പർക്കത്തിന്റെ ഫലമായി നിന്റെ വിശ്വാസത്തെ നീ നഷ്ടപ്പെടുത്തുന്നതെന്തിനാണ്? കച്ചവടകാര്യത്തിലോ വഴിയുടെ കാര്യത്തിലോ നീ അതു ചെയ്യുന്നില്ലല്ലോ. വെറും മാനുഷികമായി ചിന്തിച്ചാൽപ്പോലും പണവും വഴിയും കഴിഞ്ഞിട്ടേ, ദൈവകാര്യമുള്ളൂ എന്നു വയ്ക്കുന്നത് എത്ര പരിതാപകരമാണ്?"

"ദൈവത്തെ ഞാൻ  മാറ്റി വയ്ക്കുന്നില്ല. എന്നാൽ ഞാൻ  ദൈവത്തെ ഇപ്പോൾ കാണുന്നതേയില്ല."

"കാരണം, കച്ചവടം, പണം, ജീവിതം ഇവയെല്ലാമാണ് നിന്റെ ദൈവങ്ങൾ. എന്നാൽ ഇവയെല്ലാം നിനക്ക് അനുവദിക്കുന്നത് ദൈവം തന്നെയാണ്."

 അവർ യാത്ര തുടരുന്നു. വഴി ഇപ്പോൾ മെച്ചമായിട്ടുണ്ട്. വ്യാപാരി പറയുന്നു; "അതാ ആ കാണുന്നതാണ് ഗറേസാ പട്ടണം. ഞാനവിടെ കുറെ സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ വാണിജ്യശാല പണിയും; എന്നിട്ട് കൂടിയ വിലയ്ക്ക് അതു വിൽക്കും. ഒരുപക്ഷേ ഒരു നല്ല വീട് അവിടെ പണിയും. എന്റെ വാർദ്ധക്യകാലം അവിടെ ചെലവഴിക്കാമല്ലോ. ഇതിനിടക്ക് എന്റെ ബാലന്മാർ വളർന്നു വലുതാകും; അവർക്ക് ഗറേസായിലും ആഷ്ക്കലോണിലും ജറുസലേമിലുമുള്ള കടകൾ കൊടുക്കും; ധനികരും സുന്ദരികളുമായ പെൺകുട്ടികൾക്ക് നല്ല വിവാഹങ്ങൾ വരും. അങ്ങനെ ധാരാളം കൊച്ചുമക്കൾ എനിക്കുണ്ടാകും..."

ഈശോ ശാന്തനായി ചോദിക്കുന്നു: "അതു കഴിഞ്ഞ്?"

വ്യാപാരി ഒന്നുണർന്ന് പരിഭ്രമത്തോടെ ഈശോയെ നോക്കിക്കൊണ്ട് പറഞ്ഞു; "അതു കഴിഞ്ഞോ... അത്രയുമേയുള്ളൂ... പിന്നെ മരണം വരും. അത് ദുഃഖകരമാണ്.. എന്നാൽ അതങ്ങനെയാണ്."

"അപ്പോൾ നിന്റെ വ്യാപാരങ്ങളെല്ലാം ഉപേക്ഷിക്കുമോ? നിന്റെ പ്രിയപ്പെട്ട കാര്യങ്ങളും?"

"എന്റെ കർത്താവേ, ഉപേക്ഷിക്കാൻ എനിക്കിഷ്ടമില്ല. എന്നാൽ, ഞാൻ ജനിച്ചു; ഞാൻ മരിക്കയും വേണം. എല്ലാം ഞാൻ വിട്ടുപോകയും വേണം."

"എന്നാൽ മരിക്കുമ്പോൾ എല്ലാം ഉപേക്ഷിക്കുമെന്ന് ആരാണ് നിന്നോടു പറഞ്ഞത്?"

"ആരെന്നോ? ജീവിതസംഭവങ്ങൾ... മരിച്ചു കഴിഞ്ഞാൽ പിന്നെ - അത്ര തന്നെ... നിനക്കു കയ്യോ കണ്ണോ കാതോ ഒന്നുമില്ല."

"നീ കയ്യ്, കണ്ണ്, കാത് ഇവ മാത്രമല്ല."

"ഞാൻ ഒരു മനുഷ്യനാണു്; അത് എനിക്കറിയാം. എനിക്കു മറ്റു കാര്യങ്ങളുമുണ്ട്. എന്നാൽ മരണത്തോടെ അതെല്ലാം അവസാനിക്കും. സൂര്യാസ്തമനം പോലെയാണത്. അസ്തമനം അതിനെ നശിപ്പിക്കുന്നു."

"എന്നാൽ പ്രഭാതം അതിനെ വീണ്ടും സൃഷ്ടിക്കുന്നു; അഥവാ അതിനെ വീണ്ടും കൊണ്ടുവന്നു തരുന്നു. നീ ഒരു മനുഷ്യനാണു് എന്നാണല്ലോ നീ പറഞ്ഞത്. നീ സവാരി ചെയ്യുന്ന മൃഗത്തേപ്പോലെയല്ല നീ. ഒരു മൃഗം ചത്തു കഴിഞ്ഞാൽ  തീർന്നു. നീ അങ്ങനെയല്ല; നിനക്ക് ഒരാത്മാവുണ്ട്. അതു നിനക്കറിഞ്ഞുകൂടേ?"

കാരുണ്യപൂർവ്വമുള്ള ആ കുറ്റപ്പെടുത്തൽ  വ്യാപാരി ശ്രവിക്കുന്നു. തല താഴ്ത്തി അയാൾ പിറുപിറുക്കുന്നു; "എനിക്കറിയാം..."

"ആത്മാവ് ശരീരത്തെ അതിജീവിക്കുന്നു എന്നറിഞ്ഞുകൂടെ?''

"അറിയാം.."

"കൊള്ളാം. അടുത്ത ജീവിതത്തിൽ അത് പ്രവർത്തനനിരതമാണെന്നും നിനക്കറിഞ്ഞുകൂടേ? അത് ദുഷ്ടമാണെങ്കിൽ ദുഷ്പ്രവൃത്തി. അതിന് തീർച്ചയായും അതിന്റേതായ വികാരങ്ങളുമുണ്ട്. അത് വിശുദ്ധമാണെങ്കിൽ സ്നേഹപൂർണ്ണമായ പ്രവർത്തനങ്ങൾ; അത് നശിച്ചുപോയതാണെങ്കിൽ വിദ്വേഷത്തിന്റെ പ്രവൃത്തികൾ. ആർക്കെതിരെയാണ് വിദ്വേഷം? അതിന്റെ നാശത്തിനു കാരണമായവയോട്.. നിന്റെ കാര്യത്തിൽ നിന്റെ വ്യാപാരം, നിന്റെ വ്യാപാരകേന്ദ്രങ്ങൾ ... വെറും മാനുഷികമായ പ്രിയങ്ങൾ. ഏതു പ്രിയങ്ങൾ? ഇക്കാര്യങ്ങളോടുള്ള മമത... എന്നാൽ ദൈവത്തിന്റെ സമാധാനത്തിലായിരിക്കുന്ന ഒരാത്മാവിന് അവന്റെ കഞ്ഞുങ്ങളുടെ മേൽ എത്ര ധാരാളമായ അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയും!!"

ആ മനുഷ്യൻ ചിന്താമഗ്നനായി. അയാൾ പറയുന്നു: "സമയം വൈകിപ്പോയി. എനിക്കു വാർദ്ധക്യമായല്ലോ."

ഈശോ പുഞ്ചിരി തൂകിക്കൊണ്ട് പറയുന്നു: "ഞാൻ നിന്നെ നിർബന്ധിക്കയില്ല; ഉപദേശിക്കുക മാത്രം ചെയ്യുന്നു."