ജാലകം നിത്യജീവൻ: ത്യാഗങ്ങളും പ്രാർത്ഥനകളും പ്രതിസമ്മാനമില്ലാതെ പോകുന്നില്ല

nithyajeevan

nithyajeevan

Friday, November 11, 2011

ത്യാഗങ്ങളും പ്രാർത്ഥനകളും പ്രതിസമ്മാനമില്ലാതെ പോകുന്നില്ല

               ഈശോ ബത്തേർ എന്ന സ്ഥലത്ത് സുവിശേഷം പ്രസംഗിക്കുകയും ബത്തേറിലെ ഈശോയുടെ പ്രധാന ശിഷ്യയായ യോവന്ന (കൂസായുടെ ഭാര്യ) യുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്ത ശേഷം  സന്ധ്യയോടെ  അപ്പസ്തോലന്മാരുമൊത്ത് അവിടെനിന്നും യാത്രയാവുകയാണ്.  കുന്നിൻമുകളിലുള്ള  യോവന്നായുടെ മാളികയിൽ നിന്നുമിറങ്ങി താഴ്വരയിലേക്കുള്ള റോഡിലൂടെ അവർ നടക്കുന്നു.

 ഈശോ ഏറ്റവും മുമ്പിൽ നിശ്ശബ്ദനായി നടന്നുനീങ്ങുന്നു. ഈശോയുടെ പിന്നിൽ അപ്പസ്തോലന്മാരും മൗനമായി നടക്കുന്നു. അൽപ്പം അകന്ന് വേറിട്ടു നിൽക്കുന്ന യൂദാസാണ് ഏറ്റവും പിന്നിൽ. ദേഷ്യം കൊണ്ട് അവന്റെ മുഖം വികൃതമായിട്ടുണ്ട്.  ശുദ്ധമനസ്കരായ ആൻഡ്രൂവും തോമസും ഇടയ്ക്കിടെ അവനെ തിരിഞ്ഞു നോക്കുന്നു. ആൻഡ്രൂ ചോദിക്കുന്നു: " നീ ഒറ്റയ്ക്ക് എന്തിനാണ് ഇത്രയും പിന്നിലായി നടക്കുന്നത്? നിനക്കെന്താ സുഖമില്ലേ?" ചോദ്യത്തിനു് കഠിനമായ മറുപടി; "നീ നിന്റെ കാര്യം നോക്ക്..." ആൻഡ്രൂവിനു വിസ്മയം; കാരണം, ഒടുവിൽ ഒരു ചീത്തവാക്കാണ് യൂദാസിന്റെ വായിൽ നിന്നു വന്നത്.

അപ്പസ്തോലന്മാരുടെ രണ്ടാം നിരയിലായിരുന്ന പത്രോസ് ആ പരുക്കൻ മറുപടി കേട്ടു.  ഉടനെ തിരിഞ്ഞ് യൂദാസിന്റെ പക്കലേക്കു നടക്കാൻ തുടങ്ങി. എന്നാൽ ഒരുനിമിഷം ചിന്തിച്ചു; പിന്നീട് ഈശോയുടെ അടുത്തേക്ക് ഓടി. ഈശോയുടെ  കൈയിൽ ബലമായി പിടിച്ചു കുലുക്കിക്കൊണ്ടു ചോദിക്കുന്നു: "കഴിഞ്ഞ രാത്രിയിൽ നീ എന്നോടു പറഞ്ഞ കാര്യം വാസ്തവത്തിൽ ശരിയാണോ? അതായത്, ത്യാഗങ്ങളും പ്രാർത്ഥനകളും ഒരിക്കലും വിജയിക്കാതിരിക്കയില്ലെന്ന്... ഒരുപകാരവും ഇല്ലെന്ന് തോന്നിയാൽപ്പോലും..?"

 ശാന്തനും ദുഃഖിതനുമായി കാണപ്പെടുന്ന ഈശോ, ദുഃഖത്തോടെ, എന്നാൽ സമാധാനപൂർണ്ണമായ പുഞ്ചിരിയോടെ പത്രോസിനെ നോക്കുന്നു. ധിക്കാരത്തിനു മറുപടി പറയാനുള്ള പ്രവണതയ്ക്കെതിരേ യുദ്ധം ചെയ്ത് പത്രോസ് വിയർക്കുന്നു; വിറയ്ക്കുന്നു. ഈശോ പറയുന്നു: "അവ പ്രതിസമ്മാനമില്ലാതെ പോകുന്നില്ല. അക്കാര്യം നിനക്ക് ഉറപ്പായിക്കരുതാം."

 പത്രോസ് ഈശോയുടെ അടുത്തുനിന്നു പോയി. ആദ്യത്തെ സ്ഥലത്തേക്കല്ല പോയത്.  കുന്നിന്റെ ഒരു ചെരിവിലേക്കാണു നടന്നത്. വൃക്ഷങ്ങളുടെ ഇടയിലൂടെ നടന്നു് ചെറിയ മരങ്ങളും കുറ്റിക്കാടുകളും ഒടിക്കുകയാണ്. തിങ്ങിയ വികാരങ്ങൾ പുറത്തേക്കു് വിടാനൊരു മാർഗ്ഗം; വളരെ വേഗത്തിൽ ചെയ്തു തീർക്കാനുള്ള എന്തോ ജോലി പോലെയാണ് ഒടിക്കൽ.

അതുകണ്ട് മറ്റുള്ളവർ വിളിച്ചു ചോദിക്കുന്നു: "നീ എന്താണു ചെയ്യുന്നത്? ഭ്രാന്താണോ?" എന്നാൽ പത്രോസ് മറുപടി പറയുന്നില്ല. അയാൾ, ഒടിച്ച കമ്പുകളെല്ലാം കെട്ടിയെടുത്ത് തോളിൽ വച്ച്  കൂട്ടുകാരുടെ കൂടെയെത്തി. പുറങ്കുപ്പായം, തോൾസഞ്ചി, വിറകിൻകെട്ട് എല്ലാം കൂടി വഹിച്ചുകൊണ്ടു് പരുക്കൻ വഴിയിലൂടെ പത്രോസ് നടക്കുന്നു.

യൂദാസ് അതുകണ്ടു ചിരിച്ചുകൊണ്ടു പറയുന്നു; "നീ ഇപ്പോൾ ഒരു അടിമയെപ്പോലുണ്ട്."

വിഷമത്തോടെ പത്രോസ് തലയുയർത്തി നോക്കി; എന്തോ പറയാനൊരുങ്ങി. എന്നാൽ മൗനം പാലിച്ചു നടപ്പു തുടർന്നു. അനുജൻ ആൻഡ്രൂ പറയുന്നു: "ജ്യേഷ്ഠാ, ഞാൻ സഹായിക്കാം."

"വേണ്ട."

 അവർ നടപ്പു തുടർന്നു. അവസാനംഒരു ഗുഹ കാണുന്നു. "നമ്മൾ ഇവിടെ താമസിക്കയാണ്." ഈശോ പറയുന്നു. "പുലർച്ചയ്ക്ക് നമ്മൾ പോകും. അത്താഴം ഒരുക്കിക്കൊള്ളുക."

                  പത്രോസ് വിറകിൻകെട്ട് താഴെയിട്ട് അതിന്മേൽ കയറിയിരിക്കുന്നു. ആരോടും ഒരു വിശദീകരണവും പറയുന്നില്ല.
അപ്പസ്തോലന്മാരെല്ലാം ഓരോരോ കാര്യങ്ങൾക്കായി പോകുന്നു ചിലർ വെള്ളം കൊണ്ടുവരാൻ പോയി. ചിലർ ഗുഹയുടെ തറ വൃത്തിയാക്കുന്നു. ഈശോയും പത്രോസും തനിച്ചായി. ഈശോ എഴുന്നേറ്റുനിന്ന് പത്രോസിന്റെ നരച്ച മുടിയുള്ള ശിരസ്സിൽ കൈ വയ്ക്കുന്നു. പത്രോസ് ആ കരം പിടിച്ചു ചുംബിക്കുകയും കവിളിൽ അമർത്തിപ്പിടിക്കയും ചെയ്യുന്നു.  ഈശോയുടെ
വെൺമയേറിയ കൈയിൽ ഒരുതുള്ളി വെള്ളം വീണു. അത് പരമാർത്ഥിയും പരുക്കനുമായ ആ അപ്പസ്തോലന്റെ വിയർപ്പുതുള്ളിയല്ല; സ്നേഹത്തിന്റെയും സഹനത്തിന്റെയും ബുദ്ധിമുട്ടി നേടിയ വിജയത്തിന്റെയും കണ്ണുനീർത്തുള്ളിയാണ്. ഈശോ  കുനിഞ്ഞ് പത്രോസിനെ ചുംബിച്ചുകൊണ്ടു പറയുന്നു: "സൈമൺ, നിനക്കു നന്ദി."

വലിയ സന്തോഷത്തോടെയും വണക്കത്തോടെയും പത്രോസ്  ഈശോയെ നോക്കുന്നു.


പിറ്റേന്ന് രാവിലെ അവർ എമ്മാവൂസിലേക്ക് പുറപ്പെടുന്നു. വഴിയിൽ വച്ച് ഈശോ അവർക്ക് ഈ പ്രബോധനം നൽകുന്നു: "എല്ലാവരും ഇക്കാര്യം ഓർത്തിരിക്കുക. ദൈവം ലക്ഷ്യമില്ലാതെ ഒന്നും ചെയ്യുന്നില്ല. അതുപോലെ, നേർബുദ്ധിയുള്ള ആളുകൾ ചെയ്യുന്ന പ്രവൃത്തികൾക്കൊന്നിനും പ്രതിസമ്മാനമില്ലാതെ വിടുന്നുമില്ല. ഏറ്റം ചെറിയ സംഭവങ്ങളിൽപ്പോലും,  ദൈവം ചെയ്യുന്ന കാര്യങ്ങളുടെ കാരണം കാണുകയും  മനുഷ്യരുടെ ത്യാഗങ്ങൾക്ക് ദൈവം നൽകുന്ന ഉത്തരം ഗ്രഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതരാണ്."