ജാലകം നിത്യജീവൻ: ഈശോ കറിയോത്തിലെ സിനഗോഗിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Monday, November 7, 2011

ഈശോ കറിയോത്തിലെ സിനഗോഗിൽ പ്രസംഗിക്കുന്നു


ഈശോ യൂദാ സ്കറിയോത്തായുടെ നാടായ കറിയോത്തിലെ സിനഗോഗിൽ പ്രസംഗിക്കുകയാണ്. അവിശ്വസനീയമാം വിധം വമ്പിച്ച ഒരു ജനാവലി അവിടെ സന്നിഹിതമാണ്.  രഹസ്യമായി ഈശോയുടെ ഉപദേശം തേടിയ പലർക്കും ഈശോ വ്യക്തിപരമായി മറുപടി കൊടുക്കുന്നുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തിയ ശേഷം ഈശോ പരസ്യമായി പ്രസംഗിക്കാൻ തുടങ്ങി.

"കറിയോത്തിലെ ജനങ്ങളേ, ഈ ഉപമ ശ്രദ്ധിച്ചു കേൾക്കുക. എല്ലാ വിധത്തിലും പൂർണ്ണനായിരുന്ന ഒരു പിതാവിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. രണ്ടുപേരെയും ജ്ഞാനിയായ ഒരു പിതാവിന്റെ സ്നേഹത്താൽ അവൻ സ്നേഹിക്കുകയും ശരിയായ  മാർഗ്ഗത്തിലൂടെ നയിക്കുകയും ചെയ്തു. അവരെ സ്നേഹിക്കയും പഠിപ്പിക്കയും ചെയ്ത വിധത്തിൽ ഒരു വ്യത്യാസവും ഇല്ലാതിരുന്നെങ്കിലും അവർ തമ്മിൽ കാര്യമായ വ്യത്യാസം കണ്ടു. മൂത്തമകൻ എളിമയും അനുസരണവും ഉള്ളവനായിരുന്നു. അവൻ അപ്പന്റെ ആഗ്രഹങ്ങൾ ചർച്ചയ്ക്ക് വിഷയമാക്കാതെ അനുസരിച്ചു. എപ്പോഴും അവൻ സംതൃപ്തനായിരുന്നു. ഇളയവൻ പലപ്പോഴും സന്തോഷരഹിതനായി കാണപ്പെട്ടു. അവൻ അപ്പനോടു തർക്കിക്കുകയും ഉള്ളിൽ അസ്വസ്ഥത പുലർത്തുകയും ചെയ്തുവന്നു. അപ്പൻ നൽകിയ ഉപദേശങ്ങളും കൽപ്പനകളും അവ  നൽകപ്പെട്ടതുപോലെ നിർവ്വഹിക്കുന്നതിനു പകരം അവ പൂർണ്ണമായോ ഭാഗികമായോ വ്യത്യാസപ്പെടുത്തി അവന്റെ ഇഷ്ടം പോലെ ചെയ്തു, അതു നൽകിയ ആൾ ഭോഷനാണെന്ന വിധത്തിൽ!

വർഷങ്ങൾ കടന്നുപോയി. മൂത്തമകൻ കൂടുതൽ നീതിമാനായി വളർന്നു. ഇളയവൻ ദുഷ്പ്രവണതകളിലും വളർന്നുവന്നു. ഒടുവിൽ പിതാവു പറഞ്ഞു, "ഇതിന് അവസാനം വരുത്തേണ്ടത് ആവശ്യമാണ്. ഒന്നുകിൽ ഞാൻ പറയുന്നത് നീ അനുസരിക്കണം. അല്ലെങ്കിൽ എന്റെ സ്നേഹം നിനക്കു നഷ്ടമാകും." അവൻ പിതാവിനെ  എതിർത്ത് അവന്റെ കപട സ്നേഹിതരോടു വിവരം പറഞ്ഞു. അവർ പറഞ്ഞു; "നീ വിഷമിക്കേണ്ട. നിന്റെ സഹോദരനെ ഞങ്ങൾക്ക് ഏൽപ്പിച്ചു തരിക. ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം. നിനക്കു കുറ്റമൊന്നും ഉണ്ടാകയില്ല." ദുഷ്ടനായ ഇളയവൻ അവരുടെ കുതന്ത്രത്തിനു സമ്മതിച്ചു.

ഇനി നിങ്ങൾ പറയൂ, മക്കളെ രണ്ടുപേരെയും രണ്ടു വ്യത്യസ്ത രീതികളിൽ അഭ്യസിപ്പിച്ചു എന്ന് പിതാവിനെ കുറ്റപ്പെടുത്താൻ കഴിയുമോ? ഇല്ല; എങ്കിൽപ്പിന്നെ എന്തുകൊണ്ട് ഒരു മകൻ  വിശുദ്ധനായി? മറ്റവൻ ദുഷ്ടനായി?  മനുഷ്യമനസ്സ് രണ്ടു തരത്തിലുള്ളതായിരുന്നോ ആദ്യമേ തന്നെ? അല്ല, അങ്ങനെയല്ല; ഒരു വിധത്തിലുള്ള മനസ്സു മാത്രമേ എല്ലാവർക്കും  നൽകപ്പെടുന്നുള്ളൂ. എന്നാൽ അതു വ്യത്യാസപ്പെടുത്താനുള്ള സ്വാതന്ത്ര്യം മനുഷ്യനു നൽകിയിട്ടുണ്ട്. നല്ലവൻ അവന്റെ മനസ്സിനെ നല്ലതായി സൂക്ഷിക്കുന്നു. ദുഷ്ടൻ അതിനെ ദുഷ്ടമായി സൂക്ഷിക്കുന്നു.

കറിയോത്തിലെ ജനങ്ങളേ, ജ്ഞാനത്തിന്റെ വഴികൾ പിന്തുടരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. നിങ്ങളുടെ സന്മനസ്സിനെ മാത്രമേ നിങ്ങൾ പിന്തുടരാവൂ. എന്റെ ശുശ്രൂഷയുടെ അന്ത്യമെന്നു പറയാവുന്ന ഈ അവസരത്തിൽ, എന്റെ ജനനവേളയിൽ പാടിയ വാക്കുകൾ ഞാൻ ആവർത്തിക്കയാണ്: "സന്മനസ്സുള്ളവർക്ക് സമാധാനമുണ്ട്."   സമാധാനം; അതായത് വിജയം. ഭൂമിയിലും സ്വർഗ്ഗത്തിലും വിജയം. കാരണം, ദൈവം, തന്നെ അനുസരിക്കുന്നവരുടെ  കൂടെയുണ്ട്.  സ്വന്തം  ആശയങ്ങളനുസരിച്ച് വമ്പിച്ച കാര്യങ്ങൾ ചെയ്യുന്നവരെയല്ല ദൈവം പരിഗണിക്കുന്നത്; നേരെമറിച്ച്, അവനാവശ്യപ്പെടുന്ന വേല ചെയ്യുന്നതിൽ കാണിക്കുന്ന എളിമയുള്ള, ഉത്സാഹമുള്ള, വിശ്വസ്തതയുള്ള അനുസരണമാണ് അവൻ പരിഗണിക്കുന്നത്."

ഇസ്രായേലിന്റെ ചരിത്രത്തിലെ രണ്ട് സംഭവങ്ങൾ ഞാൻ  നിങ്ങളെ അനുസ്മരിപ്പിക്കുന്നു. തന്നെത്താനെ ഇഷ്ടമുള്ളതു ചെയ്യുന്നവന്റെ കൂടെയല്ല, ദൈവകൽപ്പനയെ ചവിട്ടി മെതിക്കുന്നവന്റെ കൂടെയല്ല ദൈവം എന്ന് അത് തെളിയിക്കുന്നുണ്ട്.

നമുക്കു് മക്കബായരുടെ കാര്യം നോക്കാം. യൂദാസ് മക്കബായ ജോനാഥനോടു കൂടെ ഗിലയാദിൽ യുദ്ധത്തിനു പോയപ്പോൾ, സൈമൺ തന്റെ നാട്ടുകാരെ സഹായിക്കുവാൻ ഗലീലിയയിലേക്കു പോയി. സക്കറിയായുടെ മകൻ ജോസഫും ജനപ്രമാണിയായ അസറിയായും യൂദയായിൽ താമസിച്ച് അതിനെ സംരക്ഷിക്കണമെന്ന് അവർക്ക് ആജ്ഞ നൽകി. യൂദാസ് അവരോടു പറഞ്ഞു: "ഈ ജനത്തെ കാത്തുസൂക്ഷിക്കുക. ഞങ്ങൾ  തിരിച്ചു വരുന്നതുവരെ അജ്ഞാനികളുമായി ഇടപെടാൻ തുനിയരുത്."  എന്നാല്‍ ജോസഫും അസറിയായും  മക്കബായരുടെ വൻവിജയത്തെക്കുറിച്ച് കേട്ടപ്പോൾ അവർക്കും അങ്ങനെ ചെയ്യണമെന്നു തോന്നി ഇങ്ങനെ പറഞ്ഞു; 'നമുക്കും പേരെടുക്കാനായി പോയി ചുറ്റുമുള്ള രാജ്യങ്ങളോടു യുദ്ധം ചെയ്യാം.' എന്നാൽ അവർ തോൽപ്പിക്കപ്പെട്ടു; അവർക്ക് ഓടിപ്പോകേണ്ടതായി വന്നു.  ജനങ്ങൾക്ക് അതൊരു തിരിച്ചടിയായി. കാരണം, അവർ യൂദാസിനെയും അവന്റെ സഹോദരന്മാരെയും അനുസരിച്ചില്ല; മറിച്ച് തങ്ങളുടെ തന്നെ ശക്തിയിൽ ആശ്രയിച്ചു. 'അഹങ്കാരവും അനുസരണയില്ലായ്മയും.'

രാജാക്കന്മാരുടെ പുസ്തകത്തിൽ നാം എന്താണു വായിക്കുന്നത്? സാവൂൾ അനുസരണയില്ലായ്മ നിമിത്തം ഒരുപ്രാവശ്യം ശാസിക്കപ്പെട്ടു. രണ്ടാംപ്രാവശ്യം ശാസിക്കപ്പെടുക മാത്രമല്ല ചെയ്തത്; അയാളുടെ സ്ഥാനത്ത് ദാവീദ് തെരഞ്ഞെടുക്കപ്പെട്ടു. കാരണം അയാൾ അനുസരണയില്ലായ്മ കാണിച്ചു. ഇത് ഓർത്തുകൊള്ളണം. കർത്താവ് ആഗ്രഹിക്കുന്നത് ദഹനബലികളും ബലിവസ്തുക്കളും ആണോ? അവന്റെ സ്വരത്തെ അനുസരിക്കുന്നതല്ലേ അവൻ കൂടുതൽ ഇഷ്ടപ്പെടുന്നത്? ബലിയേക്കാൾ വിലയുള്ളത് അനുസരണത്തിനാണ്.
 ഓർത്തുകൊള്ളുക. ദൈവം, താൻ ആഗ്രഹിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അഹങ്കാരവും അനുസരണക്കേടും കൊണ്ട് ദൈവഹിതത്തെ നിന്ദിക്കുന്നവരെ അവൻ നിരസിക്കുന്നു.
കറിയോത്തിലെ ജനങ്ങളേ, സ്നേഹപൂർവം നിങ്ങളെയെല്ലാവരേയും ഞാൻ അനുഗ്രഹിക്കുന്നു. നല്ലവരായിരിക്കുക. അനീതി പ്രവർത്തിക്കരുത്. ദൈവം നിങ്ങളോടു കൂടെ. കർത്താവ്, നിങ്ങളുടെ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെ പൂർണ്ണമാക്കട്ടെ."

ഈശോ കൈക
ളുയർത്തി ജനക്കൂട്ടത്തെ അനുഗ്രഹിക്കുന്നു.