നല്ല കുളിർമ്മയുള്ള ഒരു പ്രഭാതത്തിൽ ഈശോയും അപ്പസ്തോലന്മാരും യൂദാസിന്റെ നാട്ടിൻപുറത്തുള്ള വീട്ടിലെത്തുന്നു. യൂദാസിന്റെ അമ്മ മേരി, ഈശോയെക്കണ്ട് അഭിവാദ്യം ചെയ്യാനായി ഓടിയെത്തി ഈശോയുടെ പാദങ്ങൾ ചുംബിക്കാനായി കുനിഞ്ഞു. എന്നാൽ ഈശോ അവളെ തടഞ്ഞുകൊണ്ട് പറയുന്നു: "എന്റെ അപ്പസ്തോലന്മാരുടെ അമ്മമാരും ഇസ്രായേലിലെ വിശുദ്ധരായ സ്ത്രീകളും അടിമകളെപ്പോലെ എന്റെ മുമ്പിൽ താഴേണ്ട. അവർ, അവരുടെ വിശ്വസ്തതയുള്ള ആത്മാവുകളെയും അവരുടെ പുത്രന്മാരേയും എനിക്കു തന്നു. പ്രത്യേകമായ ഒരു സ്നേഹം ഞാനവർക്കു നൽകുന്നുണ്ട്."
തരളിതയായ അവൾ, ഈശോയുടെ കരം ചുംബിച്ചുകൊണ്ടു് "കർത്താവേ, നിനക്കു നന്ദി" എന്ന് താണസ്വരത്തിൽ പറയുന്നു. പിന്നീട് തലയുയർത്തി അപ്പസ്തോലന്മാരെ നോക്കി. കൂട്ടത്തിൽ അവളുടെ മകനെ കാണാത്തതിനാൽ ആകെ പരിഭ്രാന്തയായി "എന്റെ മകൻ എവിടെ?" എന്ന് ഉച്ചത്തിൽ ചോദിച്ചുകൊണ്ട് അവൾ ഈശോയെ നോക്കുന്നു.ഈശോ പറയുന്നു: "പേടിക്കേണ്ട മേരീ, ഞാൻ അവനെ തീക്ഷ്ണനായ സൈമണിനോടൊപ്പം ഒരു ദൗത്യവുമായി ലാസ്സറസ്സിന്റെ വീട്ടിലേക്ക് അയച്ചിരിക്കയാണ്. ഞാൻ വിചാരിച്ചിരുന്നതുപോലെ മസാദായിൽ കുറച്ചുകൂടി താമസിച്ചിരുന്നെങ്കിൽ അവിടെ വച്ച് ഞങ്ങൾ തമ്മിൽ കാണുമായിരുന്നു. എന്നാൽ എനിക്ക് അവിടെ താമസിക്കാൻ കുഴിഞ്ഞില്ല. ആ പട്ടണം വെറുപ്പോടെ എന്നെ നിരസിച്ചു. അതിനാൽ ഞാൻ ഉടനെ ഇങ്ങോട്ടു പോന്നു. ഒരമ്മയിൽ ആശ്വാസം കണ്ടെത്താനും അവളുടെ മകൻ കർത്താവിനു ശുശ്രൂഷ ചെയ്യുന്നു എന്നറിയുന്നതിലുള്ള ആനന്ദം അവൾക്കു് നൽകുന്നതിനുമായി." അവസാന വാക്കുകൾ കൂടുതൽ ഊന്നൽ കൊടുത്താണ് ഈശോ പറഞ്ഞത്.
വാടിത്തളർന്ന ഒരു പുഷ്പം വീണ്ടും സജീവമാകുന്നതു പോലെ മേരി ഉത്സാഹഭരിതയായി. അവൾ ചോദിക്കുന്നു: "കർത്താവേ, വാസ്തവമായും അങ്ങനെയാണോ? അവൻ നല്ലവനാണോ? നിനക്ക് അവനെ തൃപ്തിയാണോ? ഓ! അവന്റെ അമ്മയുടെ ഹൃദയത്തിന് എന്തൊരാനന്ദം! ഞാൻ എത്രയധികം പ്രാർത്ഥിച്ചു... എത്രയധികം ദാനധർമ്മം ചെയ്തു... എത്രയധികം പരിഹാരം ചെയ്തു... എന്റെ മകനെ പരിശുദ്ധനാക്കുന്നതിനായി ഞാൻ ചെയ്യാത്തത് എന്തെങ്കിലുമുണ്ടോ? എന്റെ കർത്താവേ, നന്ദി.. അവനെ ഇത്രയധികം സ്നേഹിക്കുന്നതിന് നിനക്കു നന്ദി... കാരണം നിന്റെ സ്നേഹമാണ് എന്റെ യൂദാസിനെ രക്ഷിക്കുന്നത്..."
"അതെ, നമ്മുടെ സ്നേഹമാണ് അവനെ.... താങ്ങിനിർത്തുന്നത്."
"നമ്മുടെ സ്നേഹം! കർത്താവേ, നീ എത്ര കരുണയുള്ളവൻ! പാവപ്പെട്ട എന്റെ അൽപ്പമായ സ്നേഹം നീ നിന്റെ ദൈവിക സ്നേഹത്തോട് ചേർത്തുവച്ചു. ഓ! എത്ര ഇമ്പമേറിയ വാക്കുകളാണ് നീയെന്നോടു പറഞ്ഞത്! എത്ര സമാധാനമാണ് നീയെനിക്കു തരുന്നത്! എന്റെ ദരിദ്രമായ സ്നേഹം മാത്രമാണെങ്കിൽ യൂദാസിന് അതുകൊണ്ട് വലിയ ഉപകാരമൊന്നും ഉണ്ടാകയില്ല. എന്നാൽ നീ, നിന്റെ മാപ്പു നൽകുന്ന സ്നേഹം കൊണ്ട് - അവന്റെ കുറ്റങ്ങൾ നിനക്ക് അറിയാമല്ലോ - നീ നിന്റെ സ്നേഹം വർദ്ധിപ്പിക്കുമ്പോൾ അവന് സ്വയം നിയന്ത്രിക്കാൻ കഴിയും... ഇത് ശരിയല്ലേ ഗുരുവേ?" ആ അമ്മ കൈകൾ കൂപ്പിപ്പിടിച്ച് പ്രാർത്ഥനയാണ്.
ഈശോയ്ക്ക് "ഉവ്വ്" എന്ന് അവളോടു പറയാൻ കഴിയുന്നില്ല. അതേസമയം, സമാധാനത്തിന്റെ ഈ മണിക്കൂർ അവൾക്കു് നഷ്ടമാകരുതെന്നും ഈശോ ആഗ്രഹിക്കുന്നു. അതിനു പറ്റിയ വാക്കുകൾ - കള്ളവുമല്ല, വാഗ്ദാനവുമല്ലാത്ത വാക്കുകൾ ഈശോ കണ്ടുപിടിക്കുന്നു. "അവന്റെ നല്ല മനസ്സു് നമ്മുടെ സ്നേഹത്തോടു യോജിപ്പിച്ചാൽ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും മേരീ. നിന്റെ ഹൃദയം എപ്പോഴും സമാധാനത്തിലായിരിക്കട്ടെ. ദൈവം നിന്നെ വളരെയധികം സ്നേഹിക്കുന്നു എന്ന ചിന്ത ആ സമാധാനം നിനക്കു തരും. ദൈവം നിന്നെ മനസ്സിലാക്കുന്നു. അവൻ എന്നെന്നേക്കും നിന്റെ സ്നേഹിതനായിരിക്കും."
മേരി നന്ദിയോടെ വീണ്ടും ഈശോയുടെ കരങ്ങൾ ചുംബിക്കുന്നു. അനന്തരം പറയുന്നു: "എന്റെ വീട്ടിനകത്തേക്കു വരൂ........ അനുഗൃഹീതനായ ഗുരുവേ, സ്നേഹവും സമാധാനവും ഇവിടെയുണ്ട്."