ജാലകം നിത്യജീവൻ: ഈശോ യൂദാസിന്റെ അമ്മയോട് വിട പറയുന്നു

nithyajeevan

nithyajeevan

Monday, November 7, 2011

ഈശോ യൂദാസിന്റെ അമ്മയോട് വിട പറയുന്നു

ഈശോ തന്റെ അപ്പസ്തോലനായ യൂദാ സ്കറിയോത്തായുടെ നാടായ കറിയോത്തിൽ സുവിശേഷ പ്രഘോഷണത്തിനായി വരികയും യൂദാസിന്റെ അമ്മ മേരിയുടെ ആതിഥ്യം സ്വീകരിച്ച് ഒരുനാൾ അവരുടെ വീട്ടിൽ തങ്ങുകയും ചെയ്തു. അവിടെ നിന്നു വിടവാങ്ങുമ്പോൾ മേരി ഈശോയ്ക്ക് നന്ദി പറയുകയും ഇങ്ങനെ ചോദിക്കയും ചെയ്യുന്നു: "കർത്താവേ, കൂടുതൽ നന്മ ചെയ്യാനായി ഇനിയും നീ എന്നാണ് ഇങ്ങോട്ടു വരുന്നത്?"

"സ്ത്രീയേ, ഞാൻ  ഒരിക്കലും വരികയില്ല. എന്നാൽ എന്റെ ഹൃദയം എപ്പോഴും നിന്നോടുകൂടെയുണ്ടായിരിക്കും. ഇത് ഓർത്തുകൊള്ളണം. ഞാൻ നിന്നെ സ്നേഹിച്ചെന്നും എപ്പോഴും സ്നേഹിക്കുന്നുവെന്നും ഓർത്തുകൊള്ളണം. ഏറ്റം ഭയാനകമായ മണിക്കൂറുകളിലും ഇത് ഓർത്തുകൊള്ളണം. ദൈവം നിന്നെ കുറ്റക്കാരിയായി കരുതുന്നു എന്നു നീ ഒരിക്കലും ചിന്തിക്കരുത്. അവന്റെ കണ്ണുകളിൽ നിന്റെ ആത്മാവ് തെളിഞ്ഞു നിൽക്കുന്നു;   അത് എപ്പോഴും നിന്റെ സുകൃതങ്ങളാകുന്ന രത്നങ്ങളാലും നിന്റെ സഹനങ്ങളാകുന്ന മുത്തുകളാലും അലംകൃതമായി കാണപ്പെടും. സൈമണിന്റെ ഭാര്യ മേരീ, യൂദാസിന്റെ അമ്മേ, നിന്നെ അനുഗ്രഹിക്കാൻ ഞാനാഗ്രഹിക്കുന്നു. നിന്നെ ആലിംഗനം ചെയ്യാനും ചുംബിക്കാനും ഞാനാഗ്രഹിക്കുന്നു. കാരണം, നിന്റെ ആത്മാർത്ഥതയുള്ള, വിശ്വസ്തതയുള്ള മാതൃചുംബനം, മറ്റേതിനും പരിഹാരമായിക്കൊള്ളും. എന്റെ ചുബനം നിന്റെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരമാകും. വരൂ.. യൂദാസിന്റെ അമ്മേ, നിനക്കു നന്ദി. എനിക്കു നൽകിയ എല്ലാ സ്നേഹത്തിനും ബഹുമാനത്തിനും നന്ദി." അനന്തരം ഈശോ അവളെ ആലിംഗനം ചെയ്യുകയും ഇളയമ്മയായ മേരിയെ (അപ്പസ്തോലന്മാരായ യൂദാ തദേവൂസിന്റെയും ജയിംസിന്റെയും അമ്മ) ചുംബിക്കുന്നതു പോലെ നെറ്റിത്തടത്തിൽ ചുംബിക്കുകയും ചെയ്യുന്നു.

മേരി പറയുന്നു: "പക്ഷേ നമ്മൾ ഇനിയും കാണും. ഞാൻ പെസഹായ്ക്ക് വരുന്നുണ്ട്."

"വേണ്ട; വരേണ്ട. ഞാൻ നിന്നോടു കേണപേക്ഷിക്കയാണ്. എന്നെ സന്തോഷിപ്പിക്കാൻ നിനക്കാഗ്രഹമുണ്ടോ? എങ്കിൽ വരരുത്. അടുത്ത പെസഹായ്ക്ക് സ്ത്രീകളോ? ... വേണ്ട."

"അതെന്തുകൊണ്ടാണ്?"

"അടുത്ത പെസഹായ്ക്ക് ജറുസലേമിൽ ഭയാനകമായ ഒരു ബഹളമുണ്ടാകും. അപ്പോൾ അവിടം സ്ത്രീകൾക്കു പറ്റിയതായിരിക്കയില്ല. വേണ്ട മേരീ.... നിന്റെ ബന്ധുവിനോട് നിന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ കൽപ്പിക്കും. നിങ്ങൾ ഒരുമിച്ചു താമസിക്കണം. നിനക്ക് അയാളെ ആവശ്യമുണ്ട്. കാരണം, ഇനി യൂദാസിന് നിന്നെ സഹായിക്കാനോ ഇങ്ങോട്ടു വരാനോ സാധിക്കയില്ല."

"നീ പറയുന്നതുപോലെ ഞാൻ ചെയ്യാം...   അപ്പോൾ സ്വർഗ്ഗത്തിന്റെ സമാധാനം പ്രതിഫലിപ്പിക്കുന്ന നിന്റെ മുഖം ഞാൻ ഇനിയൊരിക്കലും കാണുകയില്ലേ? നിന്റെ കണ്ണുകളിൽ നിന്ന് എന്റെ ദുഃഖം നിറഞ്ഞ ഹൃദയത്തിലേക്ക് എത്രയധികം സമാധാനം  നീ പകർന്നു?" മേരി കരയുന്നു.

"കരയരുത്. ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രം. പിന്നീട് എന്റെ രാജ്യത്തിൽ നീ നിത്യമായി എന്നെക്കാണും."

"അപ്പോൾ നീ വിചാരിക്കുന്നത് നിന്റെ ഈ എളിയദാസി അവിടെ പ്രവേശിക്കും എന്നാണോ?"

"രക്തസാക്ഷികളുടേയും സഹരക്ഷകരുടേയും ഇരിപ്പിടങ്ങൾക്കിടയിൽ നിന്റെ ഇരിപ്പിടം ഞാൻ ഇപ്പോഴേ കാണുന്നുണ്ട്.   മേരീ, കർത്താവ് എല്ലാറ്റിനും പ്രതിസമ്മാനം നൽകും."

 ഈശോ അനുഗ്രഹം നൽകിയ ശേഷം വളരെ വേഗത്തിൽ വിടചോദിച്ച് അപ്പസ്തോലന്മാരുമൊത്ത് യാത്രയാകുന്നു. ഈശോ പോകുന്ന സമയത്ത് മേരി മുട്ടിന്മേൽ നിന്ന് കരയുകയാണ്.