ജാലകം നിത്യജീവൻ: യൂദാസിന്റെ വ്യക്തിത്വം

nithyajeevan

nithyajeevan

Wednesday, November 16, 2011

യൂദാസിന്റെ വ്യക്തിത്വം


                                     ഈശോ പറയുന്നു:  "കാലങ്ങൾ കൊണ്ട് യൂദാസിന്റെ വ്യക്തിത്വം വളരെ അലങ്കോലമായിട്ടുണ്ട്.   ഈയടുത്ത കാലത്ത് അതു വളരെ വികൃതമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ചില  പ്രബോധകര്‍ അവന്റെ സ്തുതിപാഠകരായി, രക്ഷാകര്‍മ്മത്തിന് അത്യന്താപേക്ഷിതമായ വ്യക്തിയായി യൂദാസിനെ അവതരിപ്പിക്കുന്നു. ചിലര്‍  ഇങ്ങനെയും ചിന്തിക്കുന്നുണ്ട്, അവന്‍ പ്രലോഭകന്റെ പെട്ടെന്നുള്ള കടന്നാക്രമണത്തില്‍ അകപ്പെട്ടുപോയി എന്ന്. എന്നാല്‍  ഇതു ശരിയല്ല. എല്ലാ വീഴ്ചകൾക്കും പിന്നില്‍  ദീര്‍ഘകാല ചരിത്രമുണ്ട്. അധഃപതനം എത്ര വലുതാണോ അത്രയധികമായി അതിനുവേണ്ടി ഒരുങ്ങിയിട്ടുണ്ട്. ഒരു വ്യക്തി ഉയരുന്നതും വീഴുന്നതും പെട്ടെന്നല്ല. നന്മയ്ക്കും തിന്മയ്ക്കും അതങ്ങനെയാണ്. ഇറക്കത്തിനു പിന്നില്‍   തിന്മയുടെ നീണ്ട കഥകളുണ്ട്. കയറ്റത്തിനു പിന്നില്‍  ക്ഷമയോടെയുള്ള അദ്ധ്വാനത്തിന്റെ വിശുദ്ധമായ കഥകളുമുണ്ട്. യൂദാസിന്റെ നിര്‍ഭാഗ്യകരമായ ജീവിതത്തില്‍  നിന്നു പഠിക്കുവിന്‍. സ്വയം രക്ഷിക്കേണ്ടതെങ്ങനെ? ദൈവത്തിന്റെ വഴികൾ പരിചയപ്പെടേണ്ടതെങ്ങനെ? ആഴമായ ഗര്‍ത്തത്തിലേക്കു താണുകൊണ്ടിരിക്കുന്നവര്‍, ദൈവത്തിന്റെ ക്ഷമിക്കുന്ന കാരുണ്യത്തെ, രക്ഷിക്കുന്ന കാരുണ്യത്തെ ആശ്രയിക്കേണ്ടതെങ്ങനെ?

കുറ്റം ചെയ്ത ശേഷം പൈശാചികമായ അബോധാവസ്ഥയിലാണ് യൂദാസിനെ കാണുന്നത്. നാരകീയമായ രീതികളില്‍  തഴങ്ങിയിട്ടില്ലെങ്കില്‍  അപ്രകാരമുള്ള അവസ്ഥയില്‍  എത്തുക അസാദ്ധ്യമാണ്.  വര്‍ഷങ്ങളായി അപ്രകാരമുള്ള പൈശാചിക സ്വഭാവം അവലംബിച്ചതിന്റെ ഫലമാണത്. പൊടുന്നനവെ ഉണ്ടായ ഒരു സംഭവം നിമിത്തം ചെയ്യുന്ന കുറ്റമാണെങ്കില്‍, മനസ്സിന്റെ സമനില തെറ്റിയാലും, വളരെ വിഷമം അനുഭവിക്കുന്നുണ്ടെങ്കിലും, പരിഹാരം ചെയ്യാനുള്ള പ്രാപ്തി നഷ്ടപ്പെടുന്നില്ല. കാരണം, ഹൃദയത്തിന്റെ ചില ഭാഗങ്ങളെങ്കിലും നാരകീയവിഷത്തില്‍ നിന്നു വിമുക്തമാണ. സാത്താന്‍ ഇല്ല എന്നു പറയുന്ന ലോകത്തിനു് സാത്താന്റെ അസ്തിത്വം ഞാന്‍ തെളിയിക്കുകയാണ്. ലോകം സാത്താന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിനു കാരണം, സാത്താന്റെ സാന്നിദ്ധ്യം അത്രയധികമായി ലോകത്തിലുണ്ട്. അവനെ സ്വീകരിച്ചു് അത്രയധികം സ്വാംശീകരിച്ചിരിക്കുന്നതിനാല്‍, ലോകം അവന്റെ ഒരു ഭാഗമായിത്തീര്‍ന്നിരിക്കുന്നതിനാല്‍,  അവനെ തിരിച്ചറിയുന്നില്ല. അവന്‍  നിത്യനാണ്; നിങ്ങളെ ബലിവസ്തുക്കളാക്കാനുള്ള അവന്റെ രീതിക്ക് ഒരു മാറ്റവും കുറവും വന്നിട്ടില്ല.

                                  ദൈവത്തിന്റെ ദാസരും മക്കളും എന്ന നിലയില്‍  നിന്നു വീണ് പിശാചുക്കളും ദൈവഘാതകരും ആയിത്തീരുന്നതെങ്ങനെയെന്ന്  ഈ പ്രബോധനങ്ങളില്‍ നിന്ന് നിങ്ങൾക്ക് ഗ്രഹിക്കാനാകും. കൃപാവരം നശിപ്പിക്കുമ്പോൾ തങ്ങളിലുള്ള ദൈവത്തെ വധിക്കയാണ് ചെയ്യുന്നത്. ഇതുപോലുള്ള അറിവ് നരകത്തിലേക്കു നയിക്കുന്ന പാതകളില്‍ കാലു വയ്ക്കാതിരിക്കുവാന്‍  നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ഭീകരമെങ്കിലും സാധാരണയായിത്തീര്‍ന്നിട്ടുള്ള യൂദാസിന്റെ വ്യക്തിത്വത്തെ പഠിക്കുക. എല്ലാ പ്രധാന ദുര്‍ഗ്ഗുണങ്ങളും,  ഇളക്കിവിടപ്പെട്ട പാമ്പുപോലെ ആ വ്യക്തിത്വത്തില്‍  ചലിക്കുന്നു. ഇത്, ആ വ്യക്തിയിലോ ഈ വ്യക്തിയിലോ നിങ്ങൾ കാണാനിടയാകും. 
എല്ലാ ജീവിതസ്ഥിതിയിലുമുള്ളവര്‍, എത്രയധികം പേരാണ് യൂദാസിനെ അനുകരിച്ച് സാത്താന് തങ്ങളെത്തന്നെ നല്‍കി നിത്യമരണം വരിക്കുന്നത്!!
                        എന്റെ വചനത്തിന്റെ ശക്തിയും അതിന്റെ ഫലങ്ങളിലുള്ള വൈവിദ്ധ്യവും നിങ്ങൾ ഗ്രഹിക്കുവിന്‍. വചനം  സ്വീകരിക്കുന്നവര്‍  സന്മനസ്സുള്ളവരാണോ അതോ നീതിരഹിതരായ മനുഷ്യരുടെ ദുര്‍മ്മനസ്സുള്ളവരാണോ എന്നതിനനുസൃതമായിരിക്കും   അത് ഫലം ചെയ്യുക. 

അപ്പസ്തോലന്മാരും യൂദാസും -  വൈരുദ്ധ്യമുള്ള രണ്ടു് ഉദാഹരണങ്ങൾ. ആദ്യം പറഞ്ഞവര്‍, അപൂര്‍ണ്ണതകൾ ധാരാളമുള്ളവര്‍; പരുക്കന്‍  പ്രകൃതിക്കാര്‍; പഠനമില്ലാത്തവര്‍; വികാരത്താല്‍  പൊട്ടിത്തെറിക്കുന്നവര്‍; എന്നാല്‍  നല്ല മനസ്സുള്ളവര്‍. യൂദാസ് - അവരില്‍  അധികം പേരെയുംകാൾ പഠനമുള്ളവന്‍; തലസ്ഥാന നഗരിയില്‍  ജീവിച്ച പരിഷ്കാരി; ദേവാലയത്തോട് ഇടപഴകിയവന്‍; എങ്കിലും ദുര്‍മ്മനസ്സുകാരന്‍.  ആദ്യം പറഞ്ഞവര്‍  നന്മയില്‍ വളര്‍ന്ന് പരിണാമം പ്രാപിച്ചു; അവര്‍  ഉയര്‍ന്നു. രണ്ടാമത് പറഞ്ഞവന്‍ തിന്മയില്‍ വളര്‍ന്ന് വ്യത്യസ്തനായി; അവന്‍  താണു. നല്ലവരായ പതിനൊന്നുപേര്‍  പരിപൂര്‍ണ്ണതയിലേക്കു വളര്‍ന്നു."
 
  ("ദൈവമനുഷ്യന്റെ സ്നേഹഗീത"യില്‍ നിന്ന്)