ഈശോ അപ്പസ്തോലന്മാരോടായി ഈ ഉപമ പറയുന്നു: "ശ്രദ്ധിച്ചു കേൾക്കൂ. നല്ല കൃഷിക്കാരന്റെ ഉപമ എന്ന് ഇതിനെ വിളിക്കാം.
ധനികനായ ഒരു മനുഷ്യന് വിവിധ തരത്തിലുള്ള അത്തിവൃക്ഷങ്ങൾ ഉള്ള വിസ്തൃതവും മനോഹരവുമായ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ ജോലി ചെയ്തിരുന്ന നല്ലവനായ ഭൃത്യൻ യജമാനനെയും വൃക്ഷങ്ങളെയും സ്നേഹിച്ചിരുന്നതിനാൽ അയാളുടെ ജോലി താൽപ്പര്യപൂർവം ചെയ്തുപോന്നു. മുന്തിരിച്ചെടികളും ഫലവൃക്ഷങ്ങളും വെട്ടിയൊരുക്കുന്നതിൽ അയാൾ സമർത്ഥനായിരുന്നു. എല്ലാ വർഷവും വിളവെടുപ്പിന്റെ കാലത്ത് യജമാനൻ പലപ്രാവശ്യം തോട്ടം സന്ദർശിക്കും. ഒരു ദിവസം, വളരെ വിശേഷപ്പെട്ട ഒരു അത്തിവൃക്ഷത്തിന്റെ ഫലം അന്വേഷിച്ച് അയാൾ ചെന്നു. എന്നാൽ കഴിഞ്ഞുപോയ രണ്ടു കൊല്ലങ്ങളിലുമെന്ന പോലെ ഇപ്രാവശ്യവും ഇലകൾ ധാരാളം; പഴങ്ങളില്ല. അയാൾ ഭൃത്യനെ വിളിച്ചുപറഞ്ഞു: "മൂന്നു വർഷമായി ഈ വൃക്ഷത്തിൽ ഞാൻ ഫലങ്ങളന്വേഷിക്കുന്നു. എന്നാൽ ഇലകളല്ലാതെ ഒന്നും കാണുന്നില്ല. ഫലം നൽകൽ തീർന്നെന്നുള്ളത് വ്യക്തം. അതിനാൽ അതു വെട്ടിക്കളയൂ. അത് സ്ഥലം മിനക്കെടുത്തുന്നു.
നിന്റെ അദ്ധ്വാനം നിഷ്ഫലമായിത്തീരുകയുമാണ്. അത് വെട്ടിയിട്ട് കത്തിച്ചുകളയൂ. ആ സ്ഥാനത്ത് ഒരു പുതിയ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുക. ഏതാനും വർഷങ്ങൾക്കുള്ളിൽ അത് ഫലം തരും."
വളരെ ക്ഷമയും സ്നേഹമുള്ള ഭൃത്യൻ പറഞ്ഞു; "നീ പറഞ്ഞത് ശരിയാണ്. എന്നാൽ ഒരു വർഷം കൂടെ എനിക്കു തരിക. ഞാൻ ആ വൃക്ഷത്തിന്റെ ചുവടു കിളച്ച് വളമിട്ട് ശിഖരങ്ങൾ
വെട്ടിനിർത്താം. അത് ഒരുപക്ഷേ വീണ്ടും ഫലം തന്നേക്കും. അവസാനത്തെ ഈ പരിശ്രമവും കുഴിഞ്ഞിട്ട് ഫലമില്ലെന്നു കണ്ടാൽ ഞാനതു വെട്ടിക്കളയാം."
"വളരെ നന്ന്; പക്ഷേ ഉപമ തീർന്നിട്ടില്ല. പിറ്റേക്കൊല്ലം ആ വൃക്ഷം ഫലം നൽകിയോ?" തീക്ഷ്ണനായ സൈമൺ ചോദിക്കുന്നു.
"അത് ഫലം നൽകിയില്ല. അതിനാൽ വെട്ടി മാറ്റപ്പെട്ടു. എന്നാൽ പ്രായക്കുറവും നല്ല പുഷ്ടിയുമുണ്ടായിരുന്ന വൃക്ഷം വെട്ടിയതിൽ കൃഷിക്കാരനെ ന്യായീകരിക്കണം. കാരണം അയാളുടെ കടമ നിർവ്വഹിച്ചതിനു ശേഷമാണ് വൃക്ഷം വെട്ടി മാറ്റിയത്. ഞാനും എന്റെ മുന്തിരിത്തോട്ടത്തിൽ നിന്ന് ചിലരെയെല്ലാം വെട്ടി മാറ്റുന്നത് നീതീകരിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മുന്തിരിത്തോട്ടത്തിൽ ഫലം തരാത്തതും വിഷമുള്ളതുമായ ചെടികളുണ്ട്; പാമ്പിൻപൊത്തുകളുണ്ട്; വൃക്ഷത്തിന്റെ നീരു വലിച്ചു കുടിക്കുന്ന ജീവികളും കീടങ്ങളുമുണ്ട്. വിഷമുള്ള ജീവികൾ - കൂടെയുള്ള ശിഷ്യരെ ചീത്തയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരാണ്. ആഴത്തിൽ വേരോടിച്ച് പുഷ്ടിയായി വളരുന്നവയുണ്ട്; വിളിക്കാതെ വന്ന ഇവർ, ഒട്ടിക്കുന്നതിനോട് എതിർപ്പുള്ളവരാണ്. കാരണം, അവർ പ്രവേശിച്ചത് ചാരവൃത്തിക്കാണ്; നശിപ്പിക്കാനാണ്; എന്റെ നിലം ഫലശൂന്യമാക്കാനാണ്; അവരെ മാനസാന്തരപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ചെയ്തശേഷം അവയെ ഞാൻ ഛേദിച്ചു കളയും. തൽക്കാലം ഞാൻ കോടാലി എടുക്കുന്നില്ല. കത്രികയും കത്തിയുമുപയോഗിച്ച് തിങ്ങി നിൽക്കുന്ന ശാഖകൾ മുറിച്ചു നന്നാക്കും; ഒട്ടിക്കയും ചെയ്യും. ഓ! അത് ശ്രമകരമായ ജോലിയാണ്. അതു ചെയ്യുന്ന എനിക്കും ആരുടെ മേൽ ചെയ്യുന്നുവോ അവർക്കും വേദനാജനകമാണ്. എന്നാലും അതു ചെയ്യുക തന്നെ വേണം. സ്വർഗ്ഗത്തിലുള്ളവർക്ക് ഇങ്ങനെ പറയാൻ കഴിയണം: "അവൻ എല്ലാം ചെയ്തു; വെട്ടിയൊരുക്കി; ഒട്ടിച്ചുനോക്കി; കിളച്ചു; വളമിട്ടു; ജോലി നിമിത്തം വിയർപ്പും കണ്ണീരും രക്തവും ചിന്തി; എന്നാൽ എത്രയധികമായി അവനതു ചെയ്തുവോ അത്രയധികമായി അവർ ഫലശൂന്യരും ദുഷ്ടരുമായിത്തീർന്നു..."