(ഈശോയിൽ നിന്നും മാതാവിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവം)
ഒരു ദിവസം ആരാധനയ്ക്കായി പരിശുദ്ധ ദിവ്യകാരുണ്യത്തിൻ്റെ മുമ്പിലിരിക്കുമ്പോൾ, വളരെ വർഷങ്ങൾക്കു മുമ്പ്, ഇരുപത്തിയെട്ടാം വയസ്സിൽ കൊക്കെയിൻ അമിതമായി കഴിച്ചതു മൂലം മരണപ്പെട്ട എൻ്റെ ഒരു സ്നേഹിതൻ്റെ ഓർമ്മ എന്നിലേക്കു കടന്നുവന്നു. മരണത്തിനു മുൻപ് അനുതപിക്കാനുളള സമയം കിട്ടിക്കാണാൻ വഴിയില്ലാഞ്ഞതിനാൽ ഈ സ്നേഹിതൻ്റെ ആത്മരക്ഷയെപ്പറ്റി എനിക്ക് ഒട്ടുംതന്നെ ഉറപ്പില്ലായിരുന്നു. എന്നാൽ ആ ആത്മാവ് നശിച്ചുപോയി എന്നു ചിന്തിക്കാനും എനിക്കു കഴിഞ്ഞിരുന്നില്ല..
വളരെക്കാലത്തിനുശേഷം ഇദ്ദേഹത്തെപ്പറ്റി ഓർക്കാൻ കാരണമെന്തെന്നു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഞാനൊരു ദർശനം കാണുകയാണ്... എൻ്റെ സ്നേഹിതൻ ഈശോയുടെ മുമ്പിൽ തൻ്റെ വിധി കാത്തു നിൽക്കുന്നു.. ഈശോയുടെ വലതു വശത്തായി ഒരു മാലാഖ കൈയിൽ ഒരു ത്രാസും പിടിച്ച് നിൽപ്പുണ്ട്. ഈശോയുടെ ഇടതു വശത്ത് സാത്താൻ നിൽക്കുന്നു.. എൻ്റെ സ്നേഹിതൻ ചെയ്ത പാപങ്ങൾ ഓരോന്നോരോന്നായി സാത്താൻ ഫറഞ്ഞുകൊണ്ടിരിക്കുമ്പോൾ ത്രാസിൻ്റെ ഒരു തട്ട് താണുകൊണ്ടിരുന്നു.. ഒടുവിൽ അതു നിലംമുട്ടി.. ഇതിനിടയിൽ, പരിശുദ്ധ അമ്മ കടന്നു വന്ന് എൻ്റെ സ്നേഹിതൻ്റെ അരികിലായി നിലയുറപ്പിച്ചിരുന്നു.. സാത്താൻ്റെ വാദം അവസാനിച്ചപ്പോൾ അമ്മ മുമ്പോട്ടുവന്ന് ത്രാസിൻ്റെ മറ്റേ തട്ടിൽ ഒരു ജപമാല വച്ചു. ആ യുവാവിനു വേണ്ടി അവൻ്റെ അമ്മ ചൊല്ലിക്കൂട്ടിയ എല്ലാ ജപമാലകളുടേയും പ്രതീകമായിരുന്നു ആ ഒരൊറ്റ ജപമാല. ജപമാല തട്ടിൽ വച്ചു കഴിഞ്ഞപ്പോൾ മറ്റേ തട്ട് ഉയരുകയും ജപമാലയുടെ തട്ട് താഴുകയും ചെയ്തു.. അങ്ങനെ, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ സ്നേഹിതൻ നിത്യശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് ഞാൻ മനസ്സിലാക്കി. ദൈവത്തിന് ഞാൻ നന്ദിയർപ്പിച്ചു..