ഇന്ന് ഇടവക വൈദികരുടെ സ്വർഗീയ മദ്ധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ.
ഫ്രാൻസിലെ ഡാർഡിലി എന്ന ഗ്രാമത്തിൽ, 1786 മെയ് 8 ന് മാതാപിതാക്കളുടെ നാലാമത്തെ സന്താനമായിട്ടാണ് അദ്ദേഹം ജനിച്ചത്. മാതാവിനോട് അതിയായ ഭക്തിയും സ്നേഹവും നന്നേ ചെറുപ്പത്തിൽത്തന്നെ ജോണിനുണ്ടായിരുന്നു. എന്നാൽ പഠനത്തിൽ അവൻ തീരെ പുറകിലായിരുന്നു.
സെമിനാരിയിൽ ചേരുമ്പോൾ ജോണിന് 19 വയസ്സുണ്ടായിരുന്നു. ചില കൂട്ടുകാർ പഠനത്തിൽ സഹായിച്ചെങ്കിലും അദ്ദേഹത്തിന് കാര്യമായൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും നിരാശനാകാതെ പഠനം തുടർന്നു. ദൈവത്തോടു മുട്ടിപ്പായി പ്രാർത്ഥിച്ചു. പഠനം പൂർത്തിയായപ്പോൾ പരീക്ഷ നടത്തിയ പണ്ഡിതരായ വൈദികർ ഇങ്ങനെ വിധിയെഴുതി: "മറ്റേതെങ്കിലും രൂപതയിലെ മെത്രാന് ഈ ചെറുപ്പക്കാരന് പട്ടം കൊടുക്കാൻ മനസ്സുണ്ടെങ്കിൽ അവിടെ പൊയ്ക്കൊളളട്ടെ.." എന്നാൽ പണ്ഡിതന്മാരെന്നതിനെക്കാൾ കൂടുതലായി ഭക്തരായ വൈദികരാണ് സഭയുടെ ആവശ്യമെന്നു മനസ്സിലാക്കിയിരുന്ന ലയൺസ് രൂപതയുടെ മെത്രാൻ, ജോണിനു പട്ടം നൽകുകയായിരുന്നു.
1815 ഓഗസ്റ്റ് 13ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. ഇന്ന് ലോകപ്രശസ്തമായിത്തീർന്ന ആർസ് എന്ന കുഗ്രാമമായിരുന്നു വിയാനിയച്ചൻ്റെ സേവനരംഗം. അവിടത്തെ ഇടവകപ്പളളിയിലേക്കു നിയോഗിച്ചുകൊണ്ട് മെത്രാൻ പറഞ്ഞു: "ദൈവസ്നേഹം മങ്ങിയ ഒരു നാടാണ് ആർസ്. അത് കുറച്ചെങ്കിലും അവിടെ കാണിക്കൂ.."
ആർസിലേക്കുളള വഴിയറിയുവാൻ വിയാനിയച്ചൻ ഒരു ഇടയക്കുട്ടിയുടെ സഹായം തേടി. അവനോട് അദ്ദേഹം പറഞ്ഞു: "കുഞ്ഞേ, നീ എനിക്ക് ആർസിലേക്കുളള വഴി കാണിച്ചുതരൂ.. നിനക്കു ഞാൻ സ്വർഗത്തിലേക്കുളള വഴി കാണിച്ചുതരാം.
ആർസിലെ ഇടവകജനം സാമ്പത്തികമായും ധാർമികമായും ക്ഷയിച്ച ഒരു സമൂഹമായിരുന്നു. അവരുടെ അജ്ഞതയാണ് അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഈ ലോകത്തിൽ ജീവിക്കുന്നതെന്തിനെന്നു പോലും അറിവില്ലാത്ത അനേകം ക്രിസ്ത്യാനികളുണ്ടല്ലോയെന്ന് അദ്ദേഹം ഖേദിച്ചു.
ഉപദേശങ്ങളും മാതൃകയും കൊണ്ട് ആ പാവങ്ങളെ സമുദ്ധരിക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിൻ്റെ ലളിതസുന്ദരങ്ങളായ പ്രസംഗങ്ങൾ മെല്ലെ മെല്ലെ ഫലം കണ്ടുതുടങ്ങി..
വിയാനിയച്ചൻ്റെ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രസംഗം. പ്രാർത്ഥനയായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആനന്ദം. അദ്ദേഹത്തിൻ്റ ജീവിതത്തിൻ്റെ സിംഹഭാഗവും അദ്ദേഹം കുമ്പസാരക്കൂട്ടിലാണ് കഴിച്ചുകൂട്ടിയത്. അദ്ദേഹം പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതം പാപികളുടെ മാനസാന്തരമാണ്.
വിയാനിയച്ചൻ്റെ ആത്മീയ ജീവിതവും അദ്ദേഹം മൂലം അനേകരിലുണ്ടായ മാനസാന്തരവും പിശാചുക്കളെ കോപാകുലരാക്കി. തന്മൂലം ധാരാളം പൈശാചിക ഉപദ്രവങ്ങൾ അദ്ദേഹത്തിനു നേരിടേണ്ടതായി വന്നു. എന്നാൽ അതുകൊണ്ടൊന്നും അദ്ദേഹം അധീരനായില്ല. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി എന്തും സഹിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. ക്ഷമയും സഹനവുമായിരുന്നു അദ്ദേഹത്തിൻ്റെ ആയുധങ്ങൾ.
73 വയസ്സുവരെ ആ പുണ്യജീവിതം നീണ്ടുനിന്നു. 1859 ഓഗസ്റ്റ് നാലാം തിയതി അദ്ദേഹത്തിൻ്റെ ആത്മാവ് നിത്യസമ്മാനത്തിനായി യാത്രയായി..
1925 മെയ് 31 ന് പതിനൊന്നാം പീയൂസ് മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്കുയർത്തി.