ജാലകം നിത്യജീവൻ: ഈശോയുടെ ആനന്ദപ്രദമായ പുനരുത്ഥാനം

nithyajeevan

nithyajeevan

Saturday, April 23, 2011

ഈശോയുടെ ആനന്ദപ്രദമായ പുനരുത്ഥാനം


  ഈശോയെ കബറടക്കിയ അരിമത്തിയാ ജോസഫിന്റെ പച്ചക്കറിത്തോട്ടത്തിലുള്ള കബറിടത്തിൽ കാവൽ നിൽക്കുന്ന ദേവാലയ കാവൽക്കാർ ക്ഷീണിതരാണ്. തണുപ്പും ഉറക്കവും അവർക്ക് കൂട്ടായിട്ടുണ്ട്. 
         തോട്ടത്തിൽ ആകെ നിശ്ശബ്ദതയാണ്. പുലരി, ഇരുളിമയുള്ള സകലതിനേയും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് തള്ളിനീക്കുന്നു.  ഏതാനും ചെറിയ നക്ഷത്രങ്ങൾക്ക് അപ്രത്യക്ഷരാകാൻ മടി......  ഇടയ്ക്കിടെ ഒളിഞ്ഞുനോക്കുന്ന പോലെയുണ്ട്. 
അൽപ്പസമയത്തിനുള്ളിൽ അവയും ഓരോന്നായി വിട്ടുപോകുന്നു. അവസാനം, അങ്ങകലെ കിഴക്ക് ഒരു നക്ഷത്രം മാത്രം അവശേഷിച്ചു. 
   ഇന്ദ്രനീലപ്പട്ടു പോലുള്ള ആകാശത്തിൽ റോസ് നിറത്തിലുള്ള ഒരു രേഖ വീണപ്പോൾ ഒരു ഇളംതെന്നൽ ചെടികളെയും ഇലകളെയും തലോടിക്കൊണ്ടു പറയുന്നു: "എഴുന്നേൽക്കൂ, പ്രഭാതമായി." പക്ഷികൾ ഇനിയും ഉണർന്നിട്ടില്ല.
ആകാശത്തെ റോസ് നിറം, ഇളംചുവപ്പുനിറമായി; അത് അതിവേഗം പടരുന്നു. സൂര്യകിരണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല.  അപ്പോഴതാ, അറിയപ്പെടാത്ത ആഴങ്ങളിൽ നിന്ന് അതാവിശിഷ്ടമായ പ്രകാശധോരണിയോടെ ഒരു  പ്രകാശഗോളം ,  താങ്ങാനാവാത്ത പ്രഭയോടെ, പിന്നാലെ പ്രഭാപൂരത്തിന്റെ ഒരു പാതയുമൊരുക്കി അതിവേഗത്തിൽ ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. ശക്തമായ, ധവളമായ ഒരു പ്രകാശം.... ആകാശത്തിലെ റോസ് നിറമെല്ലാം പോയ്മറഞ്ഞു...  ആകെ ശക്തമായ ധവളപ്രകാശം....
കാവൽക്കാർ വിസ്മയത്തോടെ തലയുയർത്തി നോക്കുന്നു. പ്രകാശത്തോടൊപ്പം ശക്തമായ, ഇമ്പമേറിയ മുഴക്കവും.
പ്രകാശഗോളം, കബറിടത്തിന്റെ വാതിൽ ഇടിച്ചുതെറിപ്പിച്ചു; കാവൽക്കാരെ നിലത്തുവീഴിച്ചു; ഈ സമയം, ഈശോയുടെ പ്രാണൻ പിരിഞ്ഞപ്പോൾ ഉണ്ടായതു പോലുള്ള ഒരു  ഭൂമികുലുക്കവും ഉണ്ടായി. ആ പ്രകാശഗോളം ഇരുട്ടു നിറഞ്ഞിരുന്ന കല്ലറയിലേക്കു പ്രവേശിച്ച് അതിൽ നിറഞ്ഞുനിന്നു. കർത്താവിന്റെ അരൂപി, ശവക്കച്ചകളാൽ ചുറ്റിക്കെട്ടപ്പെട്ടു  കിടന്ന അവന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. 
തിരുക്കച്ചയ്ക്കും മുഖാവരണത്തിനുമടിയിൽ നിത്യമായ സൗന്ദര്യമായി ആ തിരുശ്ശരീരം രൂപാന്തരപ്പെടുന്നു...  മരണത്തിന്റെ  നിദ്രയിൽ നിന്ന് അതുണർന്നു.... 
ഒരു  നിമിഷം! കച്ചയുടെ അടിയിൽ ഒരു ചലനം..... ഈശോ എഴുന്നറ്റു നിൽക്കുന്നു.... 
പദാർത്ഥപരമല്ലാത്ത ഒരു വസ്ത്രംധരിച്ച് സ്വഭാവാതീതമായ വിധത്തിൽ സുന്ദരൻ...  മഹിമപ്രതാപവാൻ !!  അവനെ മഹത്വീകരിക്കുന്ന ഒരു  ഗൗരവവും; എന്നാൽ അവന്റെ സ്വഭാവം അതുപോലെതന്നെ; ഒരു   വ്യത്യാസവുമില്ലാത്തത്. ഈശോയുടെ  ശരീരത്തിൽ നിന്ന് ആകെ പ്രകാശം വീശുന്നു... 
പുറത്തേക്കു കടക്കുവാൻ അവൻ അനങ്ങിയപ്പോൾ രണ്ട് അതിമനോഹരങ്ങളായ പ്രകാശങ്ങൾ, അവരുടെ ദൈവത്തെ സാഷ്ടാംഗം പ്രണമിച്ച് ആരാധിക്കുന്നു. ഈശോ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടു് പുറത്തേക്കു പോകുന്നു...
കാവൽപ്പടയാളികൾ അവിടെയുണ്ട്; എന്നാലവർക്ക് ഈശോയെക്കാണുവാൻ കഴിയുന്നില്ല. അവർക്ക് വലിയ ആഘാതമാണുണ്ടായത്. മനുഷ്യന്റെ ദുഷിച്ചുപോയ കഴിവുകൾക്ക് ദൈവത്തെ  കാണാൻ സാധിക്കയില്ല. എന്നാൽ പ്രകൃതിയിലെ നിർമ്മലമായ ശക്തികൾ - പൂക്കൾ, പക്ഷികൾ, ചെടികൾ - അവയുടെ സൃഷ്ടാവിനെ അറിയുകയും വിസ്മയത്തോടെ ശക്തനായവനെ വണങ്ങുകയും ചെയ്യുന്നു.