ജാലകം നിത്യജീവൻ: ഈശോയുടെ മരണം

nithyajeevan

nithyajeevan

Monday, April 18, 2011

ഈശോയുടെ മരണം

            ഗാഗുൽത്തായിൽ, കുരിശിൽ  തറയ്ക്കപ്പെട്ട്, മൂന്നു മണിക്കൂറോളം സമയം കുരിശിൽ   തൂങ്ങിക്കിടന്ന  ഈശോ മരണത്തോടടുക്കുകയാണ്. അമ്മയും പ്രിയ ശിഷ്യനായ ജോണും ഈശോയുടെ കുരിശിൽ ചുവട്ടിൽ നിൽപ്പുണ്ട്. ഈശോയുടെ മരണവേദന കണ്ട് അവർ കരയുകയാണ്...
           ശതാധിപനായ ലോങ്കിനൂസ് കുറെ സമയമായി വിശ്രമനിലപാടിലായിരുന്നു. ഈ സമയം അതു മാറ്റി അയാൾ പട്ടാളമുറയ്ക്ക് നേരെ നിൽക്കുന്നു. ഇടതുകൈ വാളിന്മേൽ പിടിച്ച് വലതുകൈ ഉടലോടു ചേർത്തു തൂക്കിയിട്ട് - രാജസിംഹാസനത്തിനടുത്തുള്ള  പടികളിൽ കാവൽ നിൽക്കുന്നതു പോലെയുണ്ട്. 
                      നറുക്കിട്ടു കളിച്ചിരുന്ന പടയാളികൾ കളി നിർത്തി, തൊപ്പി തലയിൽവച്ച്, എല്ലാം നിരീക്ഷിച്ച് മേൽത്തട്ടിലേക്കുള്ള പടികളിൽ  നിലയുറപ്പിച്ചു. കുരിശിനോടടുത്തു നിൽക്കുന്ന പടയാളികൾ അമ്മയുടെ വാക്കുകൾ കേട്ട് എന്തോ മന്ത്രിക്കുകയും തലയാട്ടുകയും ചെയ്യുന്നുണ്ട്.
             ശ്മശാനമൂകത... അന്ധകാരം പൂർണ്ണമായി. "എല്ലാം പൂർത്തിയായിരിക്കുന്നു" എന്നുള്ള ഈശോയുടെ  വാക്കുകൾ വളരെ  വ്യക്തമായി കേൾക്കുന്നു. 
               ഈശോയുടെ മരണവേദന കൂടിക്കൂടി വരുന്നു. മേരിമാരെല്ലാം കുന്നിൻതിട്ടയിൽ തല ചാരി നിന്നു കരയുകയാണ്.... ജനക്കൂട്ടം ഇപ്പോൾ നിശ്ശബ്ദമാണ്.... അവർ മരിക്കുന്ന ഗുരുവിന്റെ മരണവേദന ശ്രദ്ധിക്കുന്നു.
                 വീണ്ടും നിശ്ശബ്ദത... പിന്നെ ഈശോയുടെ  പരിമിതിയില്ലാത്ത കാരുണ്യത്തിന്റെ സമർപ്പണ പ്രാർത്ഥന: "പിതാവേ, നിന്റെ കരങ്ങളിലേക്ക് എന്റെ അരൂപിയെ ഞാൻ സമർപ്പിക്കുന്നു..."
                          വീണ്ടും നിശ്ശബ്ദത...  മരണവേദനയുടെ ശക്തി കുറഞ്ഞു. ശ്വാസം അധരങ്ങളിലും തൊണ്ടയിലും മാത്രം അനങ്ങുന്നു.
                പിന്നീട്‌ ഈശോയുടെ   അവസാനത്തെ വിഷമം. ഭയാനകമായ, വേദന നിറഞ്ഞ കോച്ചൽ... ശരീരത്തെ കുരിശിൽ നിന്നു പറിച്ചുമാറ്റുമെന്നു തോന്നിക്കുന്ന വിഷമം മൂന്നുപ്രാവശ്യം പാദം മുതൽ ശിരസ്സു വരെ ഉണ്ടായി. ശരീരം മുഴുവന്‍ വളഞ്ഞു വിറയ്ക്കുന്നു... കാഴ്ചയ്ക്ക് ഭീതി ജനിപ്പിക്കുന്നു... പിന്നെ ഒരു ശക്തമായ രോദനം അന്തരീക്ഷത്തെ ഭേദിക്കുന്നു. സുവിശേഷത്തിൽ പറയുന്ന വലിയ സ്വരത്തിലെ നിലവിളി അതാണ്. 
                      ഈശോയുടെ ശിരസ്സ് മാറിലേക്കു ചരിഞ്ഞു; ശരീരം മുമ്പോട്ട് ആഞ്ഞു; വിറയൽ തീർന്നു; ശ്വാസം  നിലച്ചു... അവൻ അന്ത്യശ്വാസം വലിച്ചു.
                   വധിക്കപ്പെട്ട നിർദ്ദോഷിയായവന്റെ കരച്ചിലിനു മറുപടിയായി ഭൂമി ഭയാനകമാംവിധം ഗർജ്ജനം തുടങ്ങി... ശക്തമായ ഇടിമുഴക്കം... മിന്നൽ തെരുതെരെ നാലുദിക്കിലേക്കും പായുന്നു.. പട്ടണത്തിലും ദേവാലയത്തിലും ജനക്കൂട്ടത്തിന്റെ മേലും അത് ഭീകരമായി മിന്നുന്നു. മിന്നലേറ്റ് പലരും നിലംപതിച്ചു. മിന്നലിന്റെ പ്രകാശമല്ലാതെ വേറെ വെളിച്ചമില്ല. ഇടിയും മിന്നലും തുടരുന്നതിനോടുകൂടിത്തന്നെ ഭൂമി കുലുക്കുന്ന ശക്തമായ ഒരു ചുഴലിക്കാറ്റ് വീശുന്നു... 
              ഗാഗുൽത്തായുടെ മുകൾഭാഗം, ഒരു ഭ്രാന്തന്റെ കൈയിലിരിക്കുന്ന പാത്രം പോലെ കുലുങ്ങുന്നു.. മൂന്നു കുരിശുകളും ആടുന്നു... മറിഞ്ഞുവീഴും എന്നു തോന്നിക്കുന്ന വിധത്തിൽ ആടിയുലയുന്നു....
                        ലോങ്കിനൂസും ജോണും പടയാളികളും വീഴാതിരിക്കുവാൻ അവർക്കു പിടികിട്ടിയ സാധനങ്ങളിന്മേൽ പിടിക്കുന്നു. ജോൺ ഒരു കൈ കൊണ്ട് കുരിശിന്മേൽ പിടിക്കുകയും മറ്റെക്കൈ കൊണ്ട് മേരിയെ താങ്ങുകയും ചെയ്യുന്നു.  മേരി, നേരെനിൽക്കാനാവാതെ ജോണിന്റെ മാറിൽച്ചാരുന്നു. പടയാളികൾ, പ്രത്യേകിച്ച് കുന്നിൻചരിവിൽ നിന്നിരുന്നവർ, ഉരുണ്ടുപോകാതിരിക്കാൻ നടുവിൽ വന്നുനിൽക്കുന്നു. കവർച്ചക്കാർ ഭയപ്പെട്ട് കൂവിക്കരയുന്നു... ജനക്കൂട്ടം അതിലും വലിയ ശബ്ദത്തിൽ കരയുകയും ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്യുന്നു... പക്ഷേ സാധിക്കുന്നില്ല. ആളുകൾ മീതെമീതെ മറ്റുള്ളവരുടെ മുകളിലേക്കു വീഴുകയാണ്... വീണവരുടെ മേൽ ചവിട്ടിപ്പോകുമ്പോൾ അവർ ഭൂമിയുടെ വിള്ളലുകളിലേക്ക് വീഴുന്നു; മുറിവേൽക്കുന്നു;  ഭ്രാന്തു പിടിച്ചതുപോലെ മലഞ്ചരിവിൽക്കൂടി ഉരുളുന്നു...
                    ഭൂമികുലുക്കവും ചുഴലിക്കാറ്റും മൂന്നു തവണ ആവർത്തിച്ചു. അതു കഴിഞ്ഞപ്പോൾ എല്ലാം നിശ്ചലമായി. മൃതമായ ഒരു ലോകം... മിന്നൽപ്പിണരുകൾ മിന്നുന്നു... ഇരുകൈകളും മുന്നോട്ടും മുകളിലേക്കും ഉയർത്തിപ്പിടിച്ച് യഹൂദർ ഓടിപ്പോകുന്നത് മിന്നൽവെളിച്ചത്തിൽ കാണാം... ഈ നിമിഷംവരെ പരിഹാസകരായിരുന്നവർക്ക് ഇപ്പോൾ ഭയമാണ്...ധാരാളം ആളുകൾ നിലത്തു വീണു കിടക്കുന്നു... പട്ടണമതിലുകൾക്കകത്ത് ഒരു വീടിനു തീ പിടിച്ചു കത്തിക്കാളുന്നു... 
                  മേരി അവളുടെ ശിരസ്സ്‌ ജോണിന്റെ മാറിൽനിന്നുയർത്തി ഈശോയെ നോക്കുന്നു... ഈശോയെ വിളിക്കുന്നുണ്ട്... പ്രകാശം തീരെയില്ലാത്തതിനാൽ ഈശോയെക്കാണാൻ കഴിയുന്നില്ല. ഈശോയെ  മൂന്നുപ്രാവശ്യം വിളിക്കുന്നു...." ഈശോ, ഈശോ, ഈശോ...." ഒരു മിന്നൽ     ഗാഗുൽത്തായുടെ മുകളിൽ മിന്നി നിന്നപ്പോൾ അവൾ ഈശോയെക്കണ്ടു... ചലനമില്ല... മുന്നോട്ട് തൂങ്ങിക്കിടക്കുന്നു.... ശിരസ്സ്‌ മുന്നോട്ട്  വളരെയധികം ചരിഞ്ഞ് വലതുവശത്തെ തോളിൽ കവിൾ മുട്ടുന്നു... താടി വാരിയെല്ലിലും... അവൾക്ക് മനസ്സിലായി.... അന്ധകാരത്തിലേക്ക് കൈകൾ നീട്ടിക്കൊണ്ട് അവൾ ഉച്ചത്തിൽ വിളിക്കുന്നു... " എന്റെ മകനേ ! എന്റെ മകനേ !" പിന്നെ അവൾ ശ്രദ്ധിച്ചു കാതോർത്തു നിൽക്കുന്നു... കണ്ണുകൾ വല്ലാതെ തുറന്നിരിക്കുന്നു..... ഈശോ ഇനിയില്ല എന്നു വിശ്വസിക്കാൻ കഴിയുന്നില്ല.
               ജോണും നോക്കിക്കണ്ടു; കേട്ടു; മനസ്സിലാക്കി; എല്ലാം കഴിഞ്ഞുവെന്ന് ധരിച്ചു. അവൻ മേരിയെ ആലിംഗനം ചെയ്തുകൊണ്ടു പറയുന്നു; "ഇനി അവനു സഹിക്കേണ്ടല്ലോ."
എന്നാൽ ജോണിന്റെ  വാക്കുകൾ തീരുന്നതിനു മുമ്പ് മേരിക്കു മനസ്സിലായി... പിടിവിടുവിച്ച് നിലത്തേക്കു കുനിഞ്ഞ് കണ്ണുകൾ പൊത്തിക്കരഞ്ഞുകൊണ്ട്  അവൾ പറയുന്നു: "എനിക്ക് ഇനിയും എന്റെ മകൻ ഇല്ല."
            അവൾ ആടുന്നു... തനിയെ നിൽക്കാൻ കഴിയുന്നില്ല. ജോൺ അവന്റെ നെഞ്ചിനോടു ചേർത്തു പിടിച്ചില്ലായിരുന്നുവെങ്കിൽ വീഴുമായിരുന്നു... ജോൺ നിലത്തിരുന്നു; മേരിയെ താങ്ങിയിരിക്കുന്നു. ഉടനെ മറ്റു മേരിമാരെല്ലാവരും വന്നു... പടയാളികൾ അവരെ തടയുന്നില്ല; കാരണം യഹൂദരെല്ലാം ഓടിപ്പോയി. ജോണിന്റെ  സ്ഥാനത്ത് മേരിയെ ആശ്വസിപ്പിക്കുന്നത് സ്ത്രീകൾ ഏറ്റെടുത്തു.
             മഗ്ദലനാമേരി ജോണിന്റെ  സ്ഥാനത്തിരുന്നു. അവൾ മേരിയെ  അവളുടെ കാൽമുട്ടുകളിൽ താങ്ങിക്കിടത്തുന്നു. മാർത്തയും സൂസന്നയും കൂടെ വിനാഗിരിയിൽ മുക്കിയ നീർപ്പഞ്ഞി കൊണ്ട് മേരിയുടെ നെറ്റിയിലും ഇരുവശങ്ങളിലും നാസികയിലും തുടയ്ക്കുന്നു. അവളുടെ ഭർതൃസഹോദരന്റെ  ഭാര്യ മേരി അവളുടെ കൈകൾ ചുബിച്ചുകൊണ്ട് ഹൃദയഭേദകമായ സ്വരത്തിൽ അവളെ വിളിക്കുന്നു.  സമാധാനമില്ലാതെ അവൾ കരയുന്നു... മറ്റു സ്ത്രീകളെല്ലാം പ്രതിധ്വനി എന്നപോലെ കരയുകയാണ്... മാർത്ത, മേരി, സൂസന്ന, ജോണിന്റെ അമ്മ സലോമി....
               ജോസഫും നിക്കോദേമൂസും അവിടേക്കു കടന്നുവന്ന്  ലോങ്കിനൂസിനോട് ഈശോയുടെ ശരീരം ആവശ്യപ്പെടുന്നു.