ഈശോയുടെ മരണശേഷം കാൽവരിമലയിൽ മൂന്നുതവണ അനുഭവപ്പെട്ട പ്രകൃതിക്ഷോഭങ്ങങ്ങളെത്തുടർന്ന് യഹൂദരെല്ലാം പ്രാണഭയത്തോടെ പലായനം ചെയ്തു. അവിടം വീണ്ടും നിശ്ശബ്ദമായി. മേരിയുടെ കരച്ചിൽ മാത്രമാണ് നിശ്ശബ്ദതയെ ഭഞ്ജിക്കുന്നത്. കവർച്ചക്കാർ രണ്ടുപേരും പേടിച്ചുതളർന്ന് ഒന്നും പറയുന്നില്ല.
ഈശോയുടെ തിരുശ്ശരീരം വിട്ടുകിട്ടുന്നതിന് പീലാത്തോസിന്റെ അനുമതി വാങ്ങുന്നതിനായി പ്രത്തോറിയത്തിലേക്ക് പോയ അരിമത്തിയാക്കാരൻ ജോസഫും നിക്കോദേമൂസും അനുമതി നേടി തിരിച്ച് കാൽവരിയിലെത്തി.
ലോങ്കിനൂസിന് അത്ര വിശ്വാസം വരാഞ്ഞതിനാൽ അയാൾ ഒരു കുതിരപ്പടയാളിയെ
ഗവർണറുടെ പക്കലേക്കയച്ചു. രണ്ടു കവർച്ചക്കാരുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നും ചോദിക്കാൻ പറഞ്ഞുവിട്ടു. അയാൾ വേഗം തന്നെ പോയി തിരിച്ചുവന്നു. ഈശോയുടെ ശരീരം വിട്ടുകൊടുക്കണമെന്നും കവർച്ചക്കാരുടെ കണങ്കാലുകൾ തകർക്കണമെന്നുള്ളത് യഹൂദരുടെ ആഗ്രഹമാണെന്നും അറിയിച്ചു.
ലോങ്കിനൂസ് ആരാച്ചാരന്മാരെ നാലുപേരെയും വിളിപ്പിച്ചു; കവർച്ചക്കാരെ ഗദ കൊണ്ട് അടിച്ചുകൊല്ലാൻ കൽപ്പിച്ചു. അങ്ങനെ ദീസ്മായെ കാൽമുട്ടുകളിലും നെഞ്ചിലും പ്രഹരിച്ചു. അയാൾ യാതൊരു പ്രതിഷേധവും കാണിച്ചില്ല. ഈശോയുടെ നാമം അയാളുടെ അധരങ്ങളിലുണ്ടിയിരുന്നു. മരണവേദനയിൽ ആ നാമോച്ചാരണം മുറിഞ്ഞുപോയി. മറ്റേ കുള്ളൻ ഹീനമായ ശാപവാക്കുകൾ തന്നെ ഉച്ചരിക്കുന്നു. രണ്ടുപേരുടേയും മരണവേദന കഠിനമാണ്.
ആരാച്ചാരന്മാർക്ക് ഈശോയുടെ കാര്യവും നടത്തിയാൽക്കൊള്ളാമെന്നുണ്ട്. ശരീരം കുരിശിൽ നിന്നിറക്കുവാൻ താൽപ്പര്യം.... എന്നാൽ ജോസഫും നിക്കോദേമൂസും അതനുവദിക്കുന്നില്ല. ജോസഫ് അയാളുടെ മേലങ്കി മാറ്റി. ജോണിനോടും മേലങ്കി മാറ്റാൻ ആവശ്യപ്പെട്ടു. ഏണി ഉറപ്പിച്ചു പിടിക്കുവാൻ ജോണിനെ ഏൽപ്പിച്ച് കൊടിലും മറ്റുപകരണങ്ങളുമായി അവർ രണ്ടുപേരും ഏണിയിൽക്കയറി.
മേരി വിറച്ചുകൊണ്ട് എഴുന്നറ്റു് സ്ത്രീകളുടെ സഹായത്തോടെ കുരിശിനരികിലേക്കു പോയി.
ഈ സമയത്ത് പടയാളികൾ അവരുടെ ജോലി തീർന്നതിനാൽ തിരിയെപ്പോയി. ലോങ്കിനൂസ് താഴോട്ടിറങ്ങുന്നതിനു മുമ്പ് കുതിരപ്പുറത്തു നിന്നു തിരിഞ്ഞ് മേരിയേയും ക്രൂശിതനെയും നോക്കുന്നു. പിന്നെ അവിടം വിട്ടുപോകുന്നു.
ഈശോയുടെ ഇടതകൈയിലെ ആണി അവർ ഊരി. ആ കരം ശരീരത്തിലേക്ക് വീണു. ശരീരം പകുതി വിട്ടുപോയതുപോലെ തൂങ്ങുന്നു.
അവർ ജോണിനെയും വിളിക്കുന്നു. ഏണി ഉറപ്പിച്ചു പിടിക്കുവാൻ സ്ത്രീകളെ ഏൽപ്പിച്ചശേഷം ജോൺ മുകളിലേക്ക് കയറി, ഈശോയുടെ കരം അവന്റെ കഴുത്തിനുചുറ്റി അവന്റെ തോളിൽ പൂർണ്ണമായി വഹിക്കുന്നു. അരയിൽ അവന്റെ കൈ കൊണ്ട് വട്ടം പിടിക്കുന്നു. ഇടതകൈപ്പത്തിയിലെ മുറിവ് വളരെ വലുതാണ്. പാദങ്ങളിലെ ആണിയും ഊരിയപ്പോൾ ശരീരത്തിന്റെ ഭാരം മുഴുവൻ ജോൺ താങ്ങുന്നു.
മേരി കുരിശിൻചുവട്ടിൽ പുറം കുരിശിന്മേൽ കൊള്ളിച്ച് ഇരുന്നു. മടിയിൽ ഈശോയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കയാണ്.
വലുതുകരം തറച്ചിരിക്കുന്ന ആണി ഊരുക വളരെ ശ്രമകരമായി. ജോൺ എത്ര ശ്രമിച്ചിട്ടും ശരീരം മുന്നോട്ട് ആഞ്ഞു തൂങ്ങിക്കിടക്കുകയാണ്. ആ മുറിവ് വലുതാക്കാൻ ആഗ്രഹിക്കാത്തതിനാൽ രണ്ടുപേരും കൂടെ ഏറെപ്പണിപ്പെട്ട് കൊടിൽ കൊണ്ട് ആണി പിടിച്ച് വലിച്ചൂരി.
ജോൺ ഈശോയുടെ കക്ഷത്തിൽ കൈകളിട്ട് ഈശോയുടെ ശിരസ്സ് തോളിൽ വഹിച്ചുകൊണ്ട് നിൽക്കുകയാണ്. ജോസഫും നിക്കോദേമൂസും ഈശോയുടെ തുടകളിലും കാൽമുട്ടുകളിലും പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് ഏണിയിൽ നിന്നിറങ്ങുന്നു.
താഴെയെത്തിയപ്പോൾ അവരുടെ മേലങ്കി വിരിച്ചിരിക്കുന്ന തുണിയിൽ
കിടത്തിയാൽക്കൊള്ളാമെന്ന് അവർ ചിന്തിച്ചു. പക്ഷേ അമ്മ സമ്മതിക്കുന്നില്ല. അവൾ മേലങ്കി ഒരു വശത്തേക്കു മാറ്റി, മുട്ടുകളകറ്റി ഒരു തൊട്ടിൽ ഈശോയ്ക്കായി ഒരുക്കി.
അമ്മയുടെ മടിയിലേക്കു മകനെ കൊടുക്കാൻ തിരിയുമ്പോൾ മുൾമുടിയുള്ള ശിരസ്സ് പുറകോട്ടു മറിഞ്ഞു; കൈകൾ നിലത്തേക്കു താണു. മുറിവുകൾ മണ്ണിൽ മുട്ടുമെന്നു തോന്നി. ശിഷ്യകൾ, കൈ നിലത്തു മുട്ടാതെ താങ്ങിപ്പിടിച്ചു..
ഈശോ ഇപ്പോൾ അമ്മയുടെ മടിയിലാണ്.....