ജാലകം നിത്യജീവൻ: റബ്ബി ഗമാലിയേൽ കാൽവരിയിൽ

nithyajeevan

nithyajeevan

Wednesday, April 20, 2011

റബ്ബി ഗമാലിയേൽ കാൽവരിയിൽ

ഈശോയുടെ  മരണശേഷം, ഈശോയുടെ  രഹസ്യശിഷ്യന്മാരായിരുന്ന സൻഹെദ്രീൻ സഭാംഗങ്ങളായ അരിമത്തിയാക്കാരൻ ജോസഫും നിക്കോദേമൂസും, ശതാധിപനായ ലോങ്കിനൂസിനോട് ഈശോയുടെ ശരീരം സംസ്കരിക്കാനായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. പീലാത്തോസിന്റെ അനുമതി വാങ്ങിവരുവാൻ ലോങ്കിനൂസ് നിർദ്ദേശിച്ചതനുസരിച്ച് അതിനായി അവർ കാൽവരിയിൽ നിന്ന് യാത്രയായി.
അവർ കുത്തനെയുള്ള വഴിയിലൂടെ  താഴേക്കിറങ്ങി വരുമ്പോൾ  കുന്നിന്റെ താഴെയെത്തിയപ്പോൾ യഹൂദരുടെ മഹാറബ്ബി ഗമാലിയേലിനെ കാണുന്നു.
ആകെത്തകർന്നപോലെ കാഴ്ചയിൽ തോന്നിക്കുന്ന ഗമാലിയേലിന് ശിരോവസ്ത്രമില്ല, മേലങ്കിയില്ല. അങ്കി വിശിഷ്ടമാണെങ്കിലും മുള്ളുകൊണ്ട് കീറിയിരിക്കുന്നു. അയാൾ കൈകൾ രണ്ടും തലയിൽ വച്ചുകൊണ്ട് ഓടുകയാണ്. ജോസഫിനേയും നിക്കോദേമൂസിനേയും കണ്ട് അവരോടു സംസാരിക്കുന്നു.
"നീ ജോസഫേ, അവനെ വിട്ടിട്ടു പോന്നോ?"
"ഇല്ല, പക്ഷേ, നീയെങ്ങനെ ഇവിടെയെത്തി? ഈ അവസ്ഥയിൽ?"
"ഭയാനകമായ കാര്യങ്ങൾ!! ഞാൻ ദേവാലയത്തിലായിരുന്നു. അടയാളം !! ദേവാലയവാതിൽ,  അതുറപ്പിച്ചിരിക്കുന്ന വിജാഗിരികളിൽ നിന്നു് വിട്ടുപോന്നു! ധൂമ്രവർണ്ണമായ വിരി കീറിപ്പറിഞ്ഞു. അതിവിശുദ്ധസ്ഥലം തുറന്നുകിടക്കുന്നു. നമ്മുടെമേൽ ശാപം !!" അയാൾ മുകളിലേക്ക് ഓടിക്കൊണ്ടാണ് സംസാരിച്ചത്.
ജോസഫും നിക്കോദേമൂസും ഗമാലിയേലിന്റെ പോക്ക് നോക്കിനിൽക്കുന്നു. പിന്നെ അവർ പട്ടണത്തിലേക്കു പോകുന്നു. മലയ്ക്കും പട്ടണമതിലുകൾക്കും ഇടയിൽ അനേകം പേർ ബുദ്ധികെട്ടവരെപ്പോലെ അലഞ്ഞു തിരിയുന്നു... പട്ടണം ഭയത്തിന്റെ ഇരയായിത്തീർന്നിരിക്കുന്നു... ആളുകൾ നെഞ്ചത്തടിച്ചു കരയുകയാണ്...
അവർ പ്രത്തോറിയത്തിലെത്തി. അവിടെ ചെന്ന് പീലാത്തോസിനെക്കാണുവാൻ കാത്തിരിക്കുമ്പോഴാണ് അവർ സംഭവങ്ങൾ മുഴുവൻ അറിയുന്നത്. പല കുഴിമാടങ്ങളും ഭൂമികുലുക്കത്തിൽ തുറക്കപ്പെട്ടു... അവയിൽ നിന്ന് അസ്ഥികൾ പുറത്തുവന്നുവെന്നും അവ ഒരുനിമിഷത്തേക്ക് മനുഷ്യരൂപം പ്രാപിച്ചുവെന്നും അവർ ദൈവത്തെ വധിച്ചതിന് കാരണക്കാരായവരെ കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്തുവെന്നും ആളുകൾ സത്യം ചെയ്തു പറയുന്നു...


ഈ സമയം റബ്ബി ഗമാലിയേൽ കാൽവരിയിലേക്കുള്ള കയറ്റം കയറി ക്ഷീണിച്ചു തളർന്ന് കുരിശുകൾ നാട്ടിയിരിക്കുന്ന തുറസ്സായ സ്ഥലത്തെത്തി. നിലത്ത് സാഷ്ടാംഗം പ്രണമിച്ച് തേങ്ങിക്കരഞ്ഞുകൊണ്ട് അയാൾ പറയുന്നു; "അടയാളം ! അടയാളം ! എന്നോട് ക്ഷമിച്ചെന്നു പറയൂ... 
ഒരുവാക്കു പറഞ്ഞാൽ മതി; ഒരൊറ്റ വാക്കു മാത്രം പറഞ്ഞാൽ മതി; നീ എന്നെ 
കേൾക്കുന്നുണ്ടെന്നും  എന്നോടു ക്ഷമിച്ചെന്നും മാത്രം പറഞ്ഞാൽ മതി..."
ഗമാലിയേൽ ചിന്തിക്കുന്നത് ഈശോ മരിച്ചിട്ടില്ല എന്നാണ്. ഒരു പടയാളി കുന്തം കൊണ്ട് അയാളെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു; "എഴുന്നേൽക്കൂ... സംസാരിക്കരുത് ! അതുകൊണ്ട് ഒരുപകാരവുമില്ല. ഇക്കാര്യം നേരത്തേ ചിന്തിക്കണമായിരുന്നു. അവൻ മരിച്ചു. അജ്ഞാനിയായ ഞാൻ പറയുന്നു, ഈ മനുഷ്യൻ,  നിങ്ങൾ കുരിശിൽത്തറച്ച ഈ മനുഷ്യൻ യഥാർത്ഥത്തിൽ ദൈവത്തിന്റെ പുത്രനായിരുന്നു."
"മരിച്ചോ? നീ മരിച്ചോ?"  ഗമാലിയേലിനു ഭയമായി. ഭയത്തോടെ മുഖമുയർത്തി അയാൾ  കുരിശിലേക്കു നോക്കുന്നു. കാര്യമായിട്ടൊന്നും കാണുന്നില്ല. വെളിച്ചവും കുറവാണ്. എന്നാൽ ഈശോ മരിച്ചെന്നു ഗ്രഹിക്കാനും മാത്രം കണ്ടു.. സഹതപിക്കുന്ന ഭക്തസ്ത്രീകൾ മേരിയെ ആശ്വസിപ്പിക്കുന്നതും ജോൺ ഇടതുവശത്തു നിന്നു കരയുന്നതും അയാൾ  കണ്ടു. ലോങ്കിനൂസ് വലതുവശത്ത് ബഹുമാനപുരസ്സരം ഗൗരവമായി നിൽക്കുന്നു.

അയാൾ  മുട്ടിന്മേൽ നിന്നു; കൈകൾ വിരിച്ചു കരഞ്ഞുകൊണ്ട് പറയുന്നു; "നീ തന്നെയായിരുന്നു.. അത് നീ തന്നെയായിരുന്നു.. ഞങ്ങൾക്കു മാപ്പു ലഭിക്കയില്ല... നിന്റെ രക്തം ഞങ്ങളുടെ മേൽ പതിക്കട്ടെ എന്നു ഞങ്ങൾ ആവശ്യപ്പെട്ടു... അതു സ്വർഗ്ഗത്തിലേക്ക് കരഞ്ഞു വിളിക്കുന്നു.. 
സ്വർഗ്ഗം ഞങ്ങളെ ശപിക്കുന്നു... ഓ ! .... എന്നാൽ നീ കാരുണ്യമായിരുന്നു... ഏശയ്യാ പറയുന്നുണ്ട്... അവൻ പാപികൾക്കു വേണ്ടി വിലകൊടുത്തു... അനേകരുടെ പാപങ്ങൾ ഏറ്റെടുത്തു... എന്റേതുകൂടെയും... ഓ ! നസ്രായനായ ഈശോയെ..."
അയാൾ  എഴുന്നറ്റു നിന്നു. കുരിശിലേക്കു നോക്കി. പ്രകാശം കൂടിവരുന്നു. കുരിശ് വ്യക്തമായി കാണാറായി... അയാൾ കൂനി, വൃദ്ധനായി, നശിച്ചതുപോലെ പോകുന്നു.