ജാലകം നിത്യജീവൻ: ഈശോ എമ്മാവൂസിലെ ശിഷ്യര്‍ക്കു പ്രത്യക്ഷനാകുന്നു

nithyajeevan

nithyajeevan

Sunday, May 8, 2011

ഈശോ എമ്മാവൂസിലെ ശിഷ്യര്‍ക്കു പ്രത്യക്ഷനാകുന്നു

                  ഒരു മലമ്പാതയിലൂടെ മദ്ധ്യവയസ്ക്കരായ രണ്ടുപേർ വേഗത്തിൽ നടന്നുപോകുന്നു. അവർ ജറുസലേംമലകൾ പിന്നിട്ടു കഴിഞ്ഞു.
                             അവർ പരസ്പരം സംസാരിച്ചുകൊണ്ടാണു നടക്കുന്നത്. കൂടുതൽ പ്രായമുള്ളവൻ പറയുന്നു; "ഞാൻ പറയുന്നത് വിശ്വസിക്കൂ.... അങ്ങനെ ചെയ്യുന്നതായിരുന്നു നല്ലത്. എനിക്ക് ഒരു കുടുംബമുണ്ട്; നിനക്കുമുണ്ട്.... ദേവാലയം തമാശ പറയുകയല്ല;  അവർക്ക് ഇക്കാര്യം തീർത്തും ഇല്ലായ്മയാക്കുക തന്നെ വേണം... അവർ  ചെയ്യുന്നത് ശരിയാണോ? തെറ്റാണോ?  എനിക്കറിഞ്ഞുകൂടാ. ഇക്കാര്യത്തിന് അന്ത്യം കുറിക്കണമെന്നു തന്നെയാണ് അവരുടെ ആഗ്രഹം."
"ഈയൊരു കുറ്റത്തിനാണോ സൈമൺ?"
"അത് ചിലതിനെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. സൻഹെദ്രീനെതിരെ ചിന്തിക്കാന്‍ സ്നേഹം നമ്മെ നിര്‍ബ്ബന്ധിക്കുന്നു.... പക്ഷേ..... ആര്‍ക്കറിയാം......"
"അങ്ങനെയല്ല; ഒരിക്കലും അങ്ങനെയല്ല. സ്നേഹം പ്രകാശിപ്പിക്കുന്നു. അതു തിന്മയിലേക്കു നയിക്കുന്നില്ല."
                         "സന്‍ഹെദ്രീനും പുരോഹിതരും ജനപ്രമാണികളും സ്നേഹിക്കുന്നുണ്ട്. അവര്‍   യഹോവയെ സ്നേഹിക്കുന്നുണ്ട്. ദൈവവും ഗോത്രപിതാക്കന്മാരുമായി ഉടമ്പടി സ്ഥാപിച്ച നാൾ മുതല്‍ അവര്‍   യഹോവയെ സ്നേഹിക്കുന്നുണ്ട്.  അതിനാല്‍  സ്നേഹം അവര്‍ക്കും പ്രകാശമാണ്;  അതു തിന്മയിലേക്കു നയിക്കുന്നില്ല."
"അവരുടെ സ്നേഹം  കര്‍ത്താവിനോടല്ല. ശരിയാണ്.. ഇസ്രായേല്‍  യുഗങ്ങളായി ആ വിശ്വാസത്തിലായിരുന്നു. പക്ഷേ, എന്നോടു പറയൂ......... ദേവാലയ പ്രമാണികളും പ്രീശരും നിയമജ്ഞരും നമുക്കു തരുന്നത് വിശ്വാസമാണോ? നിനക്കു  തന്നെ  കാണാം;  കര്‍ത്താവിനു വിശുദ്ധമായ ദേവാലയത്തിലെ നാണയം കൊണ്ട് അവര്‍  ഒറ്റുകാരനു പ്രതിഫലം നല്‍കി. ഇപ്പോൾ കാവല്‍ഭടന്മാര്‍ക്കും കൊടുക്കുന്നു. ഒറ്റുകാരനു കൊടുത്തത് ക്രിസ്തുവിനെ വഞ്ചിച്ചതിന്;
കാവല്‍ക്കാര്‍ക്കു  കൊടുത്തത്  കള്ളം പറയുവാനായിട്ടും... ഓ ! എനിക്കറിഞ്ഞുകൂടാ.... നിത്യമായ ശക്തി പട്ടണമതിലുകൾ തകര്‍ക്കുകയും ദേവാലയ  തിരശ്ശീലകൾ കീറുകയും മാത്രം ചെയ്തത്  എന്തുകൊണ്ടാണെന്ന് !!!  ഞാന്‍  പറയുന്നു;  ഈ പുതിയ ഫിലിസ്ത്യരെയെല്ലാം നാശകൂമ്പാരത്തിനടിയില്‍  കുഴിച്ചുമൂടേണ്ടതായിരുന്നു എന്ന്... എല്ലാറ്റിനേയും !"
"ക്ളെയോപ്പാസേ, നീ പ്രതികാരം തന്നെയാകും."
"അങ്ങനെ ആയിക്കൊള്ളട്ടെ. ഈശോ ഒരു  പ്രവാചകന്‍  മാത്രമായിരുന്നുവെന്ന് നമുക്ക് സമ്മതിക്കാമെന്നു തന്നെ വയ്ക്കുക. എന്നാല്‍ത്തന്നെയും കുറ്റമില്ലാത്തവനെ ശിക്ഷിക്കുന്നതു നിയമവിധേയമാണോ? കാരണം, അവന്‍  കുറ്റമില്ലാത്തവനായിരുന്നു. അവനെ വധിക്കാന്‍  അവര്‍  ആരോപിച്ച ഏതെങ്കിലും കുറ്റം അവനില്‍  നീ കണ്ടിട്ടുണ്ടോ?"
"ഇല്ല; ഒരു  കുറ്റം പോലും അവന്‍   ചെയ്തിട്ടില്ല.  പക്ഷേ, അവന് ഒരു തെറ്റുപറ്റി."
"അതെന്താണ്, സൈമൺ?"
"അവന്റെ കുരിശില്‍  നിന്ന് അവന്‍   ശക്തി പ്രകടിപ്പിച്ചില്ല. നമ്മുടെ വിശ്വാസം ഉറപ്പിക്കുന്നതിനും വിശ്വാസമില്ലാത്ത, ദൈവദോഷം ചെയ്ത ആളുകളെ  ശിക്ഷിക്കാനും അതു ചെയ്യണമായിരുന്നു. അവരുടെ വെല്ലുവിളി സ്വീകരിച്ച് അവന്‍   കുരിശില്‍  നിന്ന് ഇറങ്ങി വരണമായിരുന്നു."
"അവന്‍   അതില്‍ക്കൂടുതലും ചെയ്തല്ലോ. അവന്‍  മരിച്ചവരില്‍  നിന്ന്  ഉയിര്‍ത്തു."
"പക്ഷേ, അതു സത്യമാണോ? എങ്ങനെ ഉയിര്‍ത്തു? അരൂപിയില്‍  മാത്രമോ, അതോ അരൂപിയോടും ശരീരത്തോടും കൂടിയോ?"
"അരൂപി നിത്യമാണ്. അതിന് ഉയിര്‍ക്കേണ്ട ആവശ്യമില്ല." ക്ളെയോപ്പാസ് പറയുന്നു.
"എനിക്കും അതറിയാം. ഞാനുദ്ദേശിച്ചത് ഇതാണ്; അവന്‍  ദൈവസ്വഭാവത്തില്‍  മനുഷ്യരുടെ എല്ലാ കെണികൾക്കും മീതേ ഉയിര്‍ത്തഴുന്നേറ്റതേയുള്ളോ എന്നാണു്. കാരണം, മാനുഷികമായ, ഭീതി ജനിപ്പിക്കുന്ന ക്രൂരതയാല്‍  അവര്‍  അവനു കെണികൾ വച്ചു. നീ അതു കേട്ടില്ലായിരുന്നോ? മാര്‍ക്ക് പറഞ്ഞു, ഗദ്സെമനിയില്‍  അവന്‍  പ്രാര്‍ത്ഥിക്കാന്‍  പോയ പാറയില്‍  ധാരാളം രക്തം ഉണ്ടായിരുന്നെന്ന്. മാര്‍ക്കിനോട് ജോൺ പറഞ്ഞു, അവിടെ ചവിട്ടി നടക്കരുത്, കാരണം ദൈവമനുഷ്യന്റെ രക്തം വിയര്‍പ്പായതാണ് അവിടെ വീണു കിടക്കുന്നതെന്ന്. പീഡനങ്ങൾക്കു മുമ്പ് അവന്‍  രക്തം വിയര്‍ത്തെങ്കില്‍  അവനു പീഡനങ്ങളെക്കുറിച്ച് കടുത്ത ഭയമുണ്ടായതായിരിക്കണം!"
"ഓ ! പാവം ഗുരുവേ...!"  അവര്‍  മനസ്സിടിവു കൊണ്ടു നിശ്ശബ്ദരാകുന്നു.
                             ഈശോ അവരുടെ ഒപ്പം എത്തിക്കൊണ്ടു ചോദിക്കുന്നു; "നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? ആരാണ് കൊല്ലപ്പെട്ടത്? ഈ നിശ്ശബ്ദതയില്‍  നിങ്ങളുടെ സംസാരം ഇടയ്ക്കിടെ എനിക്കും കേൾക്കാമായിരുന്നു." ധൃതിയില്‍  നടന്നുപോകുന്ന ഒരു  സാധു വഴിപോക്കനെപ്പോലെയാണ് ഈശോ കാണപ്പെടുന്നത്.  അവര്‍  രണ്ടുപേരും ഈശോയെ മനസ്സിലാക്കിയില്ല. 
"താങ്കൾ വളരെ ദൂരെ നിന്നാണോ വരുന്നത്? താങ്കൾ  ജറുസലേമില്‍  തങ്ങിയില്ലേ?"
"ഞാന്‍   വളരെയകലെ നിന്നാണു വരുന്നത്."
"എങ്കില്‍  താങ്കൾ ക്ഷീണിച്ചുകാണും. ഇനിയും വളരെ ദൂരം പോകാനുണ്ടോ?"
"ഉണ്ട്. കുറെയധികം അകലെയാണ് എനിക്കു പോകാനുള്ളത്. ഞാന്‍   വന്ന സ്ഥലത്തേക്കാൾ കൂടുതല്‍  ദൂരം ഇനിയും പോകണം."
"താങ്കൾ കച്ചവടകാര്യങ്ങൾക്കായി  വന്നതാണോ?"
"എനിക്കു കുറേയധികം ആട്ടിന്‍ കുട്ടികളെ വാങ്ങണം; അത്യുന്നതനായ കര്‍ത്താവിനു വേണ്ടി. എനിക്കു ലോകം മുഴുവന്‍  സഞ്ചരിച്ച് ആടുകളെയും ആട്ടിന്‍കുട്ടികളെയും തെരഞ്ഞെടുക്കണം. കാട്ടാടുകളുടെ കൂട്ടത്തിലേക്കും പോകണം. അവയെ ഇണക്കിക്കഴിഞ്ഞാല്‍  നാട്ടിലുള്ളവയെക്കാൾ നല്ലതായിത്തീരും."
"ബുദ്ധിമുട്ടുള്ള ജോലിയാണ്. എങ്കിലും ജറുസലേമിൽ നിൽക്കാതെ താങ്കൾ  കടന്നുപോന്നോ?"
"എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചോദിക്കുന്നത്?"
"കാരണം, ഈ ദിവസങ്ങളിൽ അവിടെ  സംഭവിച്ചതൊന്നും അറിയാത്ത ഏകവ്യക്തി താങ്കളാണെന്നു തോന്നുന്നു."   
"എന്തു സംഭവിച്ചു?"
"താങ്കൾ വളരെ ദൂരെനിന്നു വരുന്നതു കൊണ്ടാവാം ഒരുപക്ഷേ താങ്കള്‍ക്കറിഞ്ഞു കൂടാത്തത്. എങ്കില്‍  മനസ്സിലാക്കിക്കൊള്ളൂ........ കഴിഞ്ഞ മൂന്നു വർഷങ്ങളായി നമ്മുടെ പിതൃരാജ്യത്ത് ഒരു വലിയ പ്രവാചകനുണ്ടായിരുന്നു. നസ്രസ്സിലെ ഈശോ എന്നു പേരുള്ള അവന്‍, വാക്കിലും പ്രവൃത്തിയിലും ശക്തനായിരുന്നു; ദൈവസന്നിധിയിലും മനുഷ്യരുടെ മുമ്പിലും അങ്ങനെ തന്നെ.  അവന്‍  നാട്ടിലെങ്ങും സഞ്ചരിച്ച് പ്രസംഗിച്ചിരുന്നു. അവനാണ് മിശിഹാ എന്ന് അവന്‍   പറഞ്ഞു. അവന്റെ വാക്കും പ്രവൃത്തികളും വാസ്തവത്തില്‍  ദൈവപുത്രന്റേതായിരുന്നു... അവന്‍    പറഞ്ഞതു പോലെ തന്നെ... പക്ഷേ, നീ പരിച്ഛേദിതനാണോ?"
"ഞാൻ  ആദ്യജാതനും കർത്താവിനു  പരിശുദ്ധനുമാണ്."
"എങ്കിൽ ഞങ്ങളുടെ മതത്തെക്കുറിച്ചു നിനക്കറിയാമോ?"
"അതിന്റെ വള്ളിപുള്ളി പോലും എനിക്കറിയാം."
"കൊള്ളാം; അങ്ങനെയെങ്കില്‍  നിനക്കറിയാമല്ലോ, ഇസ്രായേലിന് മിശിഹായെ വാഗ്ദാനം ചെയ്തിരുന്നു. എങ്ങനെ? ഇസ്രായേലിനെ ഒരുമിച്ചുകൂട്ടുന്ന ശക്തനായ ഒരു  രാജാവായി അവൻ   വരുമെന്ന്....... എന്നാല്‍  ഇവന്‍  അങ്ങനെയല്ലായിരുന്നു."
"എങ്ങനെയായിരുന്നു പിന്നെ?"
"അവന്‍ഭൗമികമായ അധികാരം ലക്ഷ്യമാക്കിയില്ല. അവന്‍  പറഞ്ഞത്, നിത്യമായ, ആത്മീയരാജ്യമാണ് അവന്‍  ലക്ഷ്യം വയ്ക്കുന്നത് എന്നാണ്. അവന്‍  ഇസ്രായേലിനെ ഒന്നിപ്പിച്ചില്ല; നേരെമറിച്ച്,  അതിനെ ഭിന്നിപ്പിക്കയാണ് ചെയ്തത്. കാരണം, ജനം ഇപ്പോള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു; അവനില്‍   വിശ്വസിക്കുന്നവരും അവന്‍ കുറ്റവാളിയാണെന്നു കരുതുന്നവരും. വാസ്തവത്തിൽ രാജാക്കന്മാരുടെ രീതിയൊന്നുമല്ല അവന്റേത്; കാരണം അവന്‍   ശാന്തനും തെറ്റുകൾ ക്ഷമിക്കുന്നവനും ആയിരുന്നു. അവന് അതു മാത്രം മതിയായിരുന്നു. ഈ ആയുധങ്ങൾ കൊണ്ട് കീഴ്പ്പെടുത്താനും ഭരിക്കാനും കഴിയുമോ?"
"അതുകൊണ്ട്?"
"അതുകൊണ്ട് പ്രധാന പുരോഹിതന്മാരും ഇസ്രായേലിലെ ജനപ്രമാണികളും അവനെ ബന്ധനസ്ഥനാക്കുകയും മരണത്തിനു വിധിക്കുകയും ചെയ്തു. അവന്‍  ചെയ്തിട്ടില്ലാത്ത കുറ്റങ്ങൾ അവന്റെമേല്‍  ആരോപിക്കപ്പെട്ടു. അവന്റെ ഏക കുറ്റം, അവന്‍  വളരെ നല്ലവനും കര്‍ശനക്കാരനും ആയിരുന്നു എന്നുള്ളതായിരുന്നു."
"ഇതുരണ്ടും കൂടെ എങ്ങനെയാണ് ചേര്‍ന്നുപോകുന്നത്?"
"അതു  സാധ്യമാണ്. കാരണം, ഇസ്രായേലിലെ  പ്രമാണികളോട് അവന്‍  സത്യം കര്‍ശനമായി പറഞ്ഞു; അതേസമയം, അന്യായക്കാരായ അവന്റെ ശത്രുക്കളെ അത്ഭുതം ചെയ്ത് മരണം നല്‍കി  പ്രഹരിക്കാതിരുന്നതും അവന്‍  അത്ര നല്ലവനായിരുന്നതു കൊണ്ടാണ്.

"അവൻ സ്നാപകനെപ്പോലെ കർശനക്കാരനായിരുന്നോ?"

"അതെനിക്കറിഞ്ഞുകൂടാ... അവൻ നിയമജ്ഞരേയും പ്രീശരേയും ശകാരിക്കുമായിരുന്നു; പ്രത്യേകിച്ച് ഈയടുത്ത നാളുകളിൽ അവരെ കർശനമായി ശാസിച്ചിരുന്നു. ദേവാലയ പ്രമാണികളെ, അവർ ദൈവകോപത്തിനായി അടയാളം വയ്ക്കപ്പെട്ടവരെന്നപോലെ,  ഭയപ്പടുത്തിയിരുന്നു. എന്നാൽ ഒരുവൻ യഥാർത്ഥത്തിൽ അനുതാപമുള്ളവനാണെങ്കിൽ, അവന്റെ ഹൃദയത്തിൽ അനുതാപം കണ്ടിരുന്നെങ്കിൽ, ഒരമ്മയേക്കാൾ കാരുണ്യം അവൻ കാണിച്ചിരുന്നു. ഒരു നിയമജ്ഞന് നിയമപുസ്തകം വായിക്കുവാനുള്ള കഴിവിനേക്കാൾ അധികമായ കഴിവ് മനുഷ്യഹൃദയങ്ങൾ വായിക്കുവാൻ അവനുണ്ടായിരുന്നു."

"എന്നിട്ടും നിർദ്ദോഷിയായവനെ വധിക്കാൻ റോമ്മാ അനുവദിച്ചോ?"

"പീലാത്തോസ് അവനെ മരണത്തിനു വിധിച്ചു. പക്ഷേ, അതു  ചെയ്യാൻ അവനാഗ്രഹമില്ലായിരുന്നു. അവൻ നീതിമാനാണ് എന്നു പീലാത്തോസ്  പറഞ്ഞു. പക്ഷേ, അവനെതിരായി സീസറിനോടു പരാതിപ്പെടുമെന്നു പറഞ്ഞ് അയാളെ അവർ ഭയപ്പടുത്തി. ചുരുക്കത്തിൽ അവൻ കുരിശുമരണത്തിനു വിധിക്കപ്പെട്ടു. അവൻ കുരിശിന്മേൽ മരിക്കുകയും ചെയ്തു. ആ  മരണം,  സൻഹെദ്രീനോടുള്ള ഞങ്ങളുടെ ഭയത്തെ ഒന്നുകൂടെ വർദ്ധിപ്പിച്ചു.  ഞാൻ ക്ളെയോപ്പാസിന്റെ മകൻ ക്ളെയോപ്പാസാണ്. ഇവൻ  സൈമൺ; ഞങ്ങൾ രണ്ടുപേരും എമ്മാവൂസുകാരും ബന്ധുക്കളുമാണ്. ഇയാളുടെ മൂത്തമകളുടെ ഭർത്താവാണു ഞാൻ.  ഞങ്ങൾ പ്രവാചകന്റെ ശിഷ്യരുമായിരുന്നു."
"ഇപ്പോള്‍ അങ്ങനെയല്ലേ?"
                "ഞങ്ങൾ  പ്രത്യാശിച്ചിരുന്നത് അവന്‍  ഇസ്രായേലിനെ സ്വതന്ത്രമാക്കുമെന്നും ഒരത്ഭുതം ചെയ്ത്  അവന്റെ വാക്കുകളെ ഉറപ്പിക്കുമെന്നും ആയിരുന്നു. എന്നാല്‍   നേരെ മറിച്ച്....."
"ഏതു വാക്കുകളാണ് അവന്‍  പറഞ്ഞത്?"
             "ഞങ്ങൾ  പറഞ്ഞു കഴിഞ്ഞല്ലോ, 'ഞാന്‍  ദാവീദിന്റെ രാജ്യത്തിലേക്കാണ് വന്നിരിക്കുന്നത്. ഞാന്‍   സമാധാനത്തിന്റെ രാജാവാണ്' എന്നിങ്ങനെ... അവന്‍  ഇങ്ങനെയും പറയുമായിരുന്നു; 'രാജ്യത്തിലേക്കു വരുവിന്‍.' എന്നാലവന്‍  ഞങ്ങൾക്കു രാജ്യം തന്നതുമില്ല. പിന്നെയും അവന്‍      പറഞ്ഞിട്ടുണ്ട്, 'മൂന്നാം ദിവസം ഞാന്‍   മരിച്ചവരില്‍  നിന്ന് ഉയിര്‍ക്കും' എന്ന്. ഇന്ന് അവന്‍      മരിച്ചിട്ട് മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ, അവന്‍ ഉയിര്‍ത്തിട്ടില്ല. ചില സ്ത്രീകളും കാവൽഭടന്മാരും പറയുന്നു, അവന്‍  ഉയിര്‍ത്തഴുന്നേറ്റു എന്ന്. പക്ഷേ ഞങ്ങളാരും അവനെ കണ്ടില്ല. കാവല്‍ക്കാര്‍  ഇപ്പോള്‍ പറയുന്നു, നസ്രായന്റെ ശിഷ്യര്‍  വന്ന് മൃതദേഹം മോഷ്ടിക്കുകയായിരുന്നു; അവര്‍ ആദ്യം പറഞ്ഞതു കള്ളമാണെന്ന്.... എന്നാല്‍   ശിഷ്യന്മാര്‍ ..... ഞങ്ങളെല്ലാം അവനെ ഉപേക്ഷിച്ചുപോയി.......... ഭയമായിട്ട് ഓടിപ്പോയതാണ്; അവന്‍      ജീവിച്ചിരുന്നപ്പോൾ... അവന്‍  മരിച്ചു കഴിഞ്ഞ് ഞങ്ങൾ തീര്‍ച്ചയായും  അവനെ മോഷ്ടിച്ചിട്ടില്ല. പിന്നെ സ്ത്രീകൾ..... അവരെ ആരു വിശ്വസിക്കും!? ഇതൊക്കെയാണ് ഞങ്ങൾ   സംസാരിച്ചുകൊണ്ടിരുന്നത്... ഞങ്ങൾക്ക് ഇക്കാര്യം അറിയണമെന്നുണ്ടായിരുന്നു. അവന്‍       അരൂപിയില്‍  മാത്രമാണോ ഉയിര്‍ക്കുന്നത്, അതോ ശരീരത്തോടും കൂടിയാണോ? സ്ത്രീകൾ പറയുന്നു, അവര്‍  ദൈവദൂതന്മാരെയും കണ്ടുവെന്ന്... അത് സംഭവിച്ചതായിരിക്കാം... കാരണം,  വെള്ളിയാഴ്ച ചില നീതിമാന്മാര്‍  കബറിടങ്ങളില്‍  നിന്നു പുറത്തുവന്നു... എന്നാല്‍   ഞങ്ങളില്‍  രണ്ടുപേര്‍  - പ്രധാനികളായ രണ്ടുപേര്‍ - കല്ലറയിലേക്കു പോയി. അതു ശൂന്യമായിരിക്കുന്നു എന്നവര്‍  കണ്ടു; സ്ത്രീകൾ പറഞ്ഞതു  പോലെ തന്നെ. എന്നാല്‍  അവനെ അവിടെയോ മറ്റെവിടെയെങ്കിലുമോ അവര്‍  കണ്ടില്ല. ഇതൊരു വലിയ വിഷമസന്ധിയാണ്. കാരണം, എന്താണ് ചിന്തിക്കേണ്ടതെന്നു തന്നെ ഞങ്ങൾക്കറിഞ്ഞുകൂടാ.."
"നിങ്ങൾ  എത്ര ബുദ്ധിഹീനരാണ് !  മനസ്സിലാക്കാന്‍  ബുദ്ധിമുട്ടുള്ളവര്‍; പ്രവാചകന്മാരുടെ വാക്കുകൾ വിശ്വസിക്കുന്നതില്‍  എത്രയധികം താമസമുള്ളവര്‍ !!!  ഇവയെല്ലാം  നേരത്തെ പറയപ്പെട്ടിട്ടുള്ളവയല്ലേ? ഇസ്രായേലിന്റെ അബദ്ധം ഇതാണ്; ക്രിസ്തുവിന്റെ രാജത്വം അവര്‍     തെറ്റായി  വ്യാഖ്യാനിച്ചു. അതുകൊണ്ടാണ്  അവനെ  അവര്‍  വിശ്വസിക്കാതിരുന്നത്. അതുകൊണ്ടാണ് അവനെ ഭയപ്പെട്ടത്. അതുകൊണ്ടാണ് നിങ്ങൾ  ഇപ്പോള്‍  സംശയിക്കുന്നത്.  ഉന്നതസ്ഥാനങ്ങളിലും ദേവാലയത്തിലും നാട്ടിന്‍ പുറങ്ങളിലും എല്ലായിടത്തും മാനുഷികമായ വിധത്തിലുള്ള ഒരു രാജാവിനെയാണ് ആളുകൾ പ്രതീക്ഷിച്ചത്. ഇസ്രായേല്‍  രാജ്യത്തിന്റെ പുനഃസ്ഥാപനം നിങ്ങളിലായിരുന്നു; സ്ഥലകാലപരിമിതികളിൽ അല്ലായിരുന്നു. അതാണ്‌ ദൈവഹിതം. ഒരു പ്രത്യേകസമയത്തു മാത്രം ഒതുങ്ങുന്ന പരിമിതി അതിനില്ല. ഒരു    രാജത്വവും, അതെത്ര ശക്തമായതാകട്ടെ, നിത്യമായതല്ല. പ്രബലരായിരുന്ന ഫറവോമാരുടെ കാര്യം ഓർത്തുകൊള്ളൂ. മോശയുടെ നാളുകളില്‍  യഹൂദരെ അയാൾ പീഡിപ്പിച്ചിരുന്നു. എത്ര വംശങ്ങൾ അന്ത്യംകണ്ടു? ആത്മാവില്ലാത്ത മമ്മികൾ മാത്രം രഹസ്യമായ ഭൂഗർഭ അറകളിൽ അവശേഷിക്കുന്നു. അതുണ്ടെങ്കിൽത്തന്നെ, ഒരു മണിക്കുർ സമയത്തെ, അഥവാ അതിലും കുറഞ്ഞൊരു സമയത്തെ അവരുടെ അധികാരം -  കാരണം അവർ രാജവാഴ്ച നടത്തിയ ദശവർഷങ്ങൾ, നിത്യതയോടു തുലനം ചെയ്യുമ്പോൾ യാതൊന്നുമല്ല. എന്നാല്‍    ഈ രാജ്യം   നിത്യമായിട്ടുള്ളതാണ്.സ്ഥലപരിമിതിയില്ലാത്തതാണ് ഈ രാജ്യം. അത് ഇസ്രായേലിന്റെ രാജ്യം എന്നാണു് വിളിക്കപ്പെട്ടത്. കാരണം, മനുഷ്യവംശത്തിന്റെ ഉത്ഭവം ഇസ്രായേലില്‍  നിന്നാണ് വന്നിരിക്കുന്നത്. കാരണം, ഇസ്രായേലിലാണ് ദൈവത്തിന്റെ വിത്തുള്ളത്. അതിനാല്‍  ഇസ്രായേല്‍  എന്നു പറയുമ്പോൾ ദൈവം സൃഷ്ടിച്ചവരുടെ രാജ്യം എന്നാണ ര്‍ ത്ഥം. എന്നാൽ മിശിഹായുടെ രാജത്വം, പാലസ്തീനാ എന്ന ചെറിയ സ്ഥലത്തു മാത്രമായി പരിമിതമല്ല. അതു വടക്കു നിന്നു തെക്കു വരേയും കിഴക്കു നിന്നു പടിഞ്ഞാറു വരേയും, എവിടെയെല്ലാം ശരീരത്തിൽ അരൂപിയുള്ളവരുണ്ടോ അവിടെയെല്ലാം, അതായത്, മനുഷ്യര്‍  എവിടെയുണ്ടോ അവിടെയെല്ലാം വ്യാപിച്ചിരിക്കുന്നു. ഒരു മനുഷ്യന് സകലജാതി മനുഷ്യരേയും അവന്റെ കീഴിലാക്കുവാന്‍  എങ്ങനെ കഴിയും? പരസ്പരം ശത്രുതയുള്ളവരെ എങ്ങനെ ഒരു രാജ്യമാക്കുവാന്‍  കഴിയും? രക്തപ്പുഴകൾ   ഒഴുക്കാതെ, ആയുധധാരികളെക്കൊണ്ട് ക്രൂരമർദ്ദനം നടത്താതെ സാധിക്കില്ല. അപ്പോൾ പ്രവാചകന്മാര്‍  പറയുന്ന സമാധാനത്തിന്റെ രാജാവാകുവാന്‍  അവന് എങ്ങനെ കഴിയും?
മാര്‍ഗ്ഗങ്ങളില്‍  പരിമിതിയില്ലാത്തതാണത്. മാനുഷികമായ മാര്‍ഗ്ഗം മര്‍ദ്ദനമാണെന്ന് ഞാന്‍  പറഞ്ഞുകഴിഞ്ഞു. മനുഷ്യാതീതമായ മാര്‍ഗ്ഗം  സ്നേഹമാണ്. ആദ്യം പറഞ്ഞതിനു പരിമിതിയുണ്ട്; കാരണം, മര്‍ദ്ദകനെതിരെ ആളുകൾ പ്രതിഷേധിക്കും. രണ്ടാമതു പറഞ്ഞതിനു പരിമിതിയില്ല; കാരണം, സ്നേഹം സ്നേഹിക്കപ്പെടുന്നു. സ്നേഹിക്കപ്പെടുന്നില്ലെങ്കിൽ ദ്വേഷിക്കപ്പെടുന്നു. എന്നാലത് അരൂപിയുടേതാകയാല്‍  അതിന്മേല്‍  നേരിട്ട് ആക്രമണം നടത്തുക സാദ്ധ്യമല്ല. പരിമിതിയില്ലാത്ത ദൈവം, അതേ രീതിയിലുള്ള മാര്‍ഗ്ഗമാണ് അവലംബിക്കുന്നത്. അരൂപിയുടെ മാര്‍ഗ്ഗം, അരൂപിയിലേക്കു നയിക്കുന്ന മാർഗ്ഗമാണ്  ദൈവം ആവശ്യപ്പെടുന്നത്. അതാണ്‌ പറ്റിയ അബദ്ധം. അതായത്, മനുഷ്യര്‍   കണക്കാക്കിയ മിശിഹാ ആശയം, അതിന്റെ രൂപത്തിലും മാര്‍ഗ്ഗത്തിലും തെറ്റായിരുന്നു.

ഏറ്റം വലിയ രാജത്വം ഏതാണ്‌? ദൈവത്തിന്റേത്. അങ്ങനെയല്ലേ? അതിനാല്‍ , വിസ്മയനീയനായ ഈ എമ്മാനുവല്‍ , വിശുദ്ധവും മേല്‍പ്പെട്ടതുമായ ഈ ബീജം, ശക്തന്‍, ഭാവി യുഗങ്ങളുടെ പിതാവ്, സമാധാനത്തിന്റെ  ഈ രാജാവ്, അവന്‍  പുറപ്പെട്ടുവരുന്ന അവനെപ്പോലെ ദൈവമായവന്‍, കാരണം അങ്ങനെയാണ് അവന്‍  വിളിക്കപ്പെടുക.  അവന് അവനെ ജനിപ്പിച്ചവനെപ്പോലുള്ള രാജത്വം ഉണ്ടാകയില്ലേ? തീര്‍ച്ചയായും ഉണ്ടാകും.  പൂര്‍ണ്ണമായി ആത്മീയവും നിത്യവുമായ രാജത്വം, കഠിനതയില്‍  നിന്നും രക്തച്ചൊരിച്ചിലില്‍  നിന്നും വിമുക്തമായ രാജത്വം, വഞ്ചനയും അധികാര ദുർവിനിയോഗവും അറിയാത്ത രാജത്വം. അവന്റെ രാജത്വം! നിത്യമായ നന്മ സാധുക്കളായ മനുഷ്യരുടെ മേലും ഏല്‍പ്പിച്ചു കൊടുക്കുന്ന രാജത്വം, തന്റെ വചനത്തിന് ബഹുമാനവും സന്തോഷവും നല്‍കുന്ന രാജത്വം.
എന്നാൽ ദാവീദു പറഞ്ഞില്ലേ ഈ ശക്തനായ രാജാവിന് എല്ലാം പാദപീഠം പോലെ 
കാൽക്കീഴിലുണ്ടായിരിക്കുമെന്ന്? ഏശയ്യാ അവന്റെ പീഡകളെക്കുറിച്ചു പറഞ്ഞിട്ടില്ലേ? ദാവീദ് അവന്റെ പീഡകളെ എണ്ണിയെണ്ണി പറഞ്ഞിട്ടില്ലേ? അവൻ രക്ഷകനും വീണ്ടെടുക്കുന്നവനുമാണെന്ന് ആണെന്ന് പറയപ്പെട്ടിട്ടില്ലേ?
അവന്‍  സ്വന്ത ദഹനബലിയാല്‍  പാപപങ്കിലമായ ലോകത്തെ രക്ഷിക്കുമെന്നും യോനായാണ് അവന്റെ അടയാളമെന്നും പറയപ്പെട്ടിട്ടില്ലേ? മൂന്നു ദിവസത്തേക്കു വിശപ്പടക്കാന്‍  കഴിയാത്ത ഭൂമിയുടെ ഉദരത്തിലേക്കു വിഴുങ്ങപ്പെടുമെന്ന്, പിന്നീട്‌ തിമിംഗലം പ്രവാചകനെ പുറത്താക്കിയതു പോലെ ഭൂമി അവനെ വെളിയിലാക്കും. അവന്‍   തന്നെ പറഞ്ഞില്ലേ, എന്റെ ആലയം, അതായത് എന്റെ ശരീരം നശിപ്പിക്കപ്പെട്ടു കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ തന്നെ പണിതുയർത്തും (അതായത് ദൈവത്താൽ) എന്ന്? നിങ്ങൾ എന്തു വിചാരിച്ചു? അവന്‍   മായാജാലം കൊണ്ട് ദേവാലയഭിത്തികൾ വീണ്ടും ഉയർത്തുമെന്നോ? അല്ല, ഭിത്തികളല്ല, അവനെത്തന്നെ ഉയര്‍ത്തുമെന്നാണ് അവന്‍  പറഞ്ഞത്. ദൈവത്തിനു മാത്രമേ അവനെ മരിച്ചവരില്‍  നിന്ന് ഉയിര്‍പ്പിക്കുവാന്‍  സാധിക്കുകയുള്ളൂ. യഥാര്‍ത്ഥ ദേവാലയം അവന്‍    ഉയർത്തി; ബലിയാടായ അവന്റെ ശരീരം. മോശയ്ക്കു ലഭിച്ച കല്‍പ്പനയനുസരിച്ച്, പ്രവചനമനുസരിച്ച് ബലിയാക്കപ്പെട്ട കുഞ്ഞാട്. മരണത്തില്‍  നിന്നും ജീവനിലേക്കുള്ള വഴി ഒരുക്കുവാന്‍, അടിമത്തത്തില്‍  നിന്നു സ്വാതന്ത്ര്യത്തിലേക്ക്,  സാത്താന്റെ അടിമത്തത്തില്‍  നിന്നു ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഒരുക്കുവാന്‍  ബലിയാക്കപ്പെട്ടവനെ ഉയിര്‍പ്പിച്ചു.
അവന്‍  എങ്ങനെയാണ് ഉയിര്‍ത്തത്? നിങ്ങൾ പരസ്പരം ചോദിക്കുന്നു. ഞാനതിനു മറുപടി പറയുന്നു. അവന്‍  ഉയിര്‍ത്തത് അവന്റെ യഥാര്‍ത്ഥ ശരീരത്തോടും അതില്‍  വസിക്കുന്ന അവന്റെ ദൈവിക അരൂപിയോടും കൂടെയാണ്; എല്ലാറ്റിനും പരിഹാരം ചെയ്യാനായി എല്ലാം സഹിച്ചശേഷം.... പുരാതന പാപത്തിനും മനുഷ്യവര്‍ഗ്ഗം ഓരോ ദിവസവും ചെയ്യുന്ന എണ്ണമറ്റ പാപങ്ങൾക്കും പരിഹാരം ചെയ്യുന്നതിനാണ് അവന്‍   സഹിച്ചത്... പ്രവചനങ്ങളുടെ മറയില്‍  പറയപ്പെട്ടിരുന്നതു പോലെയാണവന്‍  ഉയിര്‍ത്തത്. അവന്റെ സമയമായപ്പോൾ അവന്‍   വന്നു; സമയമായപ്പോൾ അവന്‍   ബലിയാക്കപ്പെട്ടു. ഇനി ശ്രദ്ധിക്കുക; ഓര്‍മ്മിച്ചിരിക്കുക... പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ ദൈവഘാതകരുടെ പട്ടണം അവന്റെ മരണത്തിനു ശേഷം നശിപ്പിക്കപ്പെടും.

നിങ്ങൾ ഇതാണു ചെയ്യേണ്ടത്; നിങ്ങളുടെ ആത്മാക്കളെ ഉപയോഗിച്ച് പ്രവാചകന്മാരെ വായിക്കുവിന്‍ ... അഹങ്കാരമുള്ള ബുദ്ധി കൊണ്ടല്ല വായിക്കേണ്ടത്. പുസ്തകത്തിന്റെ ആരംഭം മുതല്‍   ബലിയാക്കപ്പെട്ട വചനത്തിന്റെ വാക്കുകൾ വരെ, അവനെ ആട്ടിൻകുട്ടിയായി ചൂണ്ടിക്കാണിച്ച മുന്നോടിയെ ഓർമ്മിക്കുവിൻ... പ്രതീകമായ ആട്ടിൻകുട്ടിയുടെ അന്ത്യമെന്താണെന്ന് ഓർമ്മിക്കുവിന്‍. ആ രക്തത്തിലൂടെയാണ് ഇസ്രായേലിലെ ആദ്യജാതര്‍  രക്ഷിക്കപ്പെട്ടത്. ഈ രക്തത്തിലൂടെ ദൈവത്തിന്റെ ആദ്യജാതര്‍  രക്ഷിക്കപ്പെടും. അതായത് സന്മനസ്സോടുകൂടെ തങ്ങളെത്തന്നെ  കര്‍ത്താവിനു വിശുദ്ധരാക്കുന്നവര്‍  രക്ഷിക്കപ്പെടും. മിശിഹായെക്കുറിച്ചുള്ള ദാവീദിന്റെ പ്രവചനം, ഏശയ്യായുടെ പ്രവചനം എന്നിവ പഠിക്കുകയും ഓർമ്മിച്ചിരിക്കുകയും ചെയ്യുവിൻ. 
ദാനിയേലിനെ ഓർമ്മിക്കുവിൻ. അവയെ മനസ്സിലേക്കു വരുത്തുവിന്‍ . ഭൂമിയിലെ അഴുക്കില്‍  നിന്ന് അതിനെ ഉയര്‍ത്തി ആകാശത്തിലെ നീലിമയിലേക്കുയര്‍ത്തുക. ദൈവത്തിന്റെ  വിശുദ്ധന്റെ രാജത്വത്തെക്കുറിച്ചുള്ള  ഓർമ്മിക്കുവിന്‍.    ഇതിനേക്കാൾ ശക്തവും നീതിയായതുമായി മറ്റൊരടയാളം  നിങ്ങൾക്കു ലഭിക്കാനില്ല എന്ന് അപ്പോൾ മനസ്സിലാകും.        സ്വയം നിർവ്വഹിച്ച പുനരുത്ഥാനം അത്ര വലിയ അടയാളമാണ്‌. കുരിശിൽനിന്ന് അവന്റെ ശത്രുക്കളെ ശിക്ഷിക്കുക എന്നത് അവന്റെ കാരുണ്യത്തിനും ദൗത്യത്തിനും കടകവിരുദ്ധമാകുമായിരുന്നു. അവൻ  ആ സമയവും രക്ഷകൻ തന്നെയായിരുന്നു. അവന്റെ കൈകാലുകൾ കുരിശില്‍  തറയ്ക്കപ്പെട്ടു. എന്നാലും അവന്റെ അരൂപിയും മനസ്സും സ്വതന്ത്രമായിരുന്നു. അവന്റെ മനസ്സില്‍, കാത്തിരിക്കണമെന്ന് അവൻ ഉറച്ചു. പാപികൾക്ക് വിശ്വസിക്കുവാനും തന്റെ രക്തം അവരുടെമേല്‍  വീഴ്ത്തണമേ എന്നു പ്രാർത്ഥിക്കുവാനും....

ഇപ്പോൾ അവന്‍  ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍  എല്ലാം പൂര്‍ത്തിയാക്കി. മനുഷ്യാവതാരത്തിനു മുമ്പ് അവന്‍  മഹത്വപൂര്‍ണ്ണനായിരുന്നു. ഇപ്പോൾ  മൂന്നിരട്ടി മഹിമപ്രതാപവാനാണ് അവന്‍ ... ഒരു ശരീരത്തില്‍  വസിച്ച് സ്വയം എളിമപ്പെടുത്തി അനേകം വര്‍ഷങ്ങൾ ജീവിച്ചശേഷം അവന്‍  സ്വയം ബലിയായിത്തീര്‍ന്നു. അനുസരണയെ അങ്ങേയറ്റം ഉയര്‍ത്തി. ദൈവഹിതം നിറവേറ്റുന്നതിന് കുരിശില്‍  മരിക്കുക വരെ ചെയ്തു. ഏറ്റം മഹത്വപൂര്‍ണ്ണനായി,  മഹത്വീകൃതമായ അവന്റെ ശരീരത്തോടുകൂടെ ഇപ്പോൾ   അവന്‍      സ്വര്‍ഗ്ഗത്തിലേക്ക് കയറുന്നു. നിത്യമായ മഹത്വത്തിലേക്കു പ്രവേശിക്കുന്നു; ഇസ്രായേല്‍  ഗ്രഹിക്കാതിരുന്ന രാജ്യം ആരംഭിക്കുന്നു... ഈ രാജ്യത്തിലേക്ക് കൂടുതല്‍ക്കൂടുതല്‍  
നിര്‍ബ്ബന്ധമായി, അവന്റെ സ്നേഹത്തിന്റെയും അധീശത്വത്തിന്റെയും നിറവില്‍  നിന്ന് ലോകത്തിലെ സകല ജാതികളേയും അവന്‍  വിളിക്കുന്നു. ഇസ്രായേലിലെ നീതിമാന്മാരും പ്രവാചകന്മാരും മുന്‍കൂട്ടി കാണുകയും പ്രവചിക്കുകയും ചെയ്തതുപോലെ, സകല ജാതി ജനങ്ങളും രക്ഷകന്റെ പക്കലേക്കു വരും. അന്ന് വിവിധ ആചാരങ്ങളും വിവിധ വര്‍ണ്ണങ്ങളും എല്ലാം  ഇല്ലാതാകും. വളരെ പ്രകാശിതരായ ഒരു ജനം മാത്രമേ കാണുകയുള്ളൂ. ഒരു ഭാഷ മാത്രം. ഒരു  സ്നേഹം മാത്രം. അത് ദൈവത്തിന്റെ രാജ്യമായിരിക്കും; സ്വർഗ്ഗരാജ്യം. നിത്യനായ രാജാവ് -  ബലിയായിത്തീര്‍ന്ന ശേഷം മരിച്ചവരില്‍  നിന്നുയിര്‍ത്ത കര്‍ത്താവ്;  നിത്യരായ പ്രജകൾ - അവനില്‍  വിശ്വസിച്ചവര്‍ ...  അവരില്‍  ഉൾപ്പെടുവാനായി നിങ്ങൾ  വിശ്വസിക്കുവിന്‍ .
ഇതാ എമ്മാവൂസായല്ലോ, എന്റെ സ്നേഹിതരേ,  ഞാന്‍  കൂടുതല്‍  ദൂരത്തേക്കു പോകയാണ്. വളരെ ദൂരം പോകാനുള്ള വഴിപോക്കന് ഇടയ്ക്ക് വിശ്രമിക്കാന്‍  സാദ്ധ്യമല്ല."

 "ഗുരോ, നീ ഒരു  റബ്ബിയേക്കാൾ പഠനമുള്ളവനാണ്. ഈശോ മരിച്ചുപോയില്ലായിരുന്നെങ്കില്‍  അവനാണ് ഞങ്ങളോടു സംസാരിച്ചതെന്നു ഞങ്ങൾ പറയുമായിരുന്നു. ഞങ്ങൾക്കു നിന്നില്‍  നിന്നു കൂടുതല്‍   ശ്രവിച്ചാല്‍ക്കൊള്ളാമെന്നുണ്ട്. കാരണം, ഇപ്പോൾ   ഞങ്ങൾ    ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്.  ഇസ്രായേലിന്റെ വിരോധമാകുന്ന കൊടുങ്കാറ്റില്‍പ്പെട്ട് ഞങ്ങൾ  അസ്വസ്ഥരായിരിക്കുന്നു.  അതിനാല്‍  പുസ്തകത്തിലെ വാക്കുകൾ മനസ്സിലാക്കാന്‍  കഴിവില്ലാത്തവരായി.... ഞങ്ങൾ  നിന്റെ കൂടെ വരണമെന്നു നീ ആഗ്രഹിക്കുന്നുണ്ടോ?  നോക്കൂ... നിനക്കു തുടര്‍ന്നും ഞങ്ങളെ പഠിപ്പിക്കുവാന്‍  കുഴിയും. ഗുരു ഞങ്ങളില്‍നിന്ന് എടുക്കപ്പെട്ടു പോയല്ലോ..."

"അവന്‍   നിങ്ങളുടെ കൂടെ ദീര്‍ഘകാലം ഉണ്ടായിരുന്നിട്ടും നിങ്ങൾക്കു തരാനുള്ള പ്രബോധനങ്ങൾ പൂര്‍ണ്ണമാക്കാന്‍  അവനു കഴിഞ്ഞില്ലേ? ഇത് ഒരു സിനഗോഗല്ലേ?"

"അതേ, സിനഗോഗ് തന്നെ. ഞാന്‍  ക്ളെയോപ്പാസ്, സിനഗോഗ് തലവന്റെ പുത്രനും. എന്റെ പിതാവ്,  മിശിഹായെ പരിചയപ്പെടുവാന്‍  സാധിച്ചതിന്റെ സന്തോഷത്തില്‍  മരിച്ചുപോയി."

"എന്നിട്ട്, വ്യക്തമായ, ഉറച്ച വിശ്വാസം സം‌രക്ഷിക്കുന്നതിന്‌ നിനക്ക് ഇതുവരേയും സാധിച്ചില്ലേ? പക്ഷേ, അതു നിന്റെ കുറ്റമല്ല. രക്തം  കഴിഞ്ഞ് തീയുണ്ടാകണം. അത് ഇതുവരെ ആയിട്ടില്ല. അപ്പോൾ നീ വിശ്വസിക്കും. കാരണം, അപ്പോൾ നീ മനസ്സിലാക്കും. ദൈവം നിന്നോടുകൂടെ."
                            "ഓ! ഗുരോ, സന്ധ്യയാകാറായി ...... സൂര്യന്‍   അസ്തമിക്കാന്‍ പോകുന്നു. നീ ക്ഷീണിച്ചിരിക്കുന്നു.  ദാഹവുമുണ്ടല്ലോ... അകത്തേക്കു വരൂ... ഞങ്ങളുടെ കൂടെ താമസിക്കുക. നമ്മൾ അത്താഴം കഴിക്കുന്ന സമയത്ത് നിനക്കു  ഞങ്ങളോടു  ദൈവത്തെക്കുറിച്ചു പറയുകയും ചെയ്യാം."
ഈശോ അകത്തേക്കു ചെന്നു. യഹൂദരുടെ മുറയനുസരിച്ചുള്ള ആതിഥ്യരീതികളില്‍  അവര്‍  അവനെ ശുശ്രൂഷിക്കുന്നു. കാലു കഴുകാന്‍  വെള്ളവും ദാഹശമനത്തിനു പാനീയവും കൊടുത്തു. പിന്നീട്‌ അവര്‍  അത്താഴത്തിനിരുന്നു. ഭക്ഷണം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്ന് രണ്ടുപേരും അവനോടു യാചിച്ചു.

ഈശോ എഴുന്നറ്റുനിന്ന് അപ്പം കൈകളിലെടുത്ത് കണ്ണുകൾ ആകാശത്തിലേക്കുയര്‍ത്തി ഭക്ഷണം നൽകിയതിനു നന്ദി പറഞ്ഞശേഷം ഇരുന്നു. അപ്പം മുറിച്ച് അവര്‍ക്കു രണ്ടുപേര്‍ക്കും കൊടുത്തു. ആ കൊടുക്കലില്‍  അവര്‍ക്കു സ്വയം വെളിപ്പെടുത്തി; ഉത്ഥിതനായ കര്‍ത്താവ്; മഹത്വം നിറഞ്ഞ ഈശോ; മുറിവുകൾ വളരെ വ്യക്തമായിക്കാണാന്‍  കഴിയുന്ന കൈകൾ.... ദന്തനിറമുള്ള കൈകളില്‍  ചുവന്ന റോസാപ്പൂക്കൾ പോലെയുള്ള മുറിവുകൾ...
അവര്‍  രണ്ടുപേരും ഈശോയെ തിരിച്ചറിഞ്ഞ് മുട്ടിന്മേല്‍   വീണു.   ധൈര്യപ്പെട്ട് 
കണ്ണുകളുയര്‍ത്തിയപ്പോൾ  മുറിച്ച അപ്പമല്ലാതെ മറ്റൊന്നും അവിടെയില്ല......

അവര്‍  അതെടുത്ത് ചുംബിക്കുന്നു. ഓരോ കഷണമെടുത്ത് തൂവാലയില്‍പ്പൊതിഞ്ഞ് തിരുശേഷിപ്പു പോലെ അത നെഞ്ചോടു ചേർത്തുവയ്ക്കുന്നു.

അവര്‍  കരഞ്ഞുകൊണ്ടു പറയുന്നു; "അത് കര്‍ത്താവായിരുന്നു.... എന്നിട്ട് നമുക്കവനെ തിരിച്ചറിയുവാന്‍  കഴിഞ്ഞില്ല... എന്നാലവന്‍  സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, തിരുലിഖിതങ്ങൾ അവന്‍  വ്യാഖ്യാനിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെയുള്ളില്‍  നമ്മുടെ ഹൃദയം കത്തിയെരിഞ്ഞില്ലേ?"
"ഉവ്വ്.... ഹൃദയം കത്തിയിരുന്നു... നമുക്കു പോകാം.... എനിക്കു ക്ഷീണവുമില്ല, വിശപ്പുമില്ല. നമുക്കുപോയി ഈശോയുടെ ജറുസലേമിലുള്ള ശിഷ്യരോടു പറയാം..."
"നമുക്കു പോകാം..."
അവര്‍  വേഗം ജറുസലേമിലേക്കു പോകുന്നു.