ജാലകം നിത്യജീവൻ: ഈശോ ഷാരോൺ സമതലത്തിൽ ഒരു സ്ത്രീയ്ക്ക് പ്രത്യക്ഷനാകുന്നു

nithyajeevan

nithyajeevan

Sunday, May 15, 2011

ഈശോ ഷാരോൺ സമതലത്തിൽ ഒരു സ്ത്രീയ്ക്ക് പ്രത്യക്ഷനാകുന്നു

തീരപ്രദേശത്തുകൂടെയുള്ള ഒരു വഴിയിലൂടെ അതിരാവിലെ കണ്ണീരൊഴുക്കിക്കൊണ്ട് ഒരു സ്ത്രീ പോകുന്നു. അവൾ ക്ഷീണിതയാണ്. ഇടയ്ക്ക് മൈൽക്കുറ്റിയിലോ വഴിയിലോ തന്നെ അവൾ ഇരിക്കുന്നുണ്ട്. അൽപ്പം കഴിഞ്ഞ് വീണ്ടും നടക്കുന്നു. മുന്നോട്ടുതന്നെ പോകാൻ എന്തോ അവളെ പ്രേരിപ്പിക്കുന്നുണ്ട്.
ഈശോ മേലങ്കിയും ധരിച്ച് ഒരു  വഴിയാത്രക്കാരനായി അവളുടെ സമീപെ തന്നെ നടക്കുന്നു. സ്ത്രീ അവനെ നോക്കുന്നില്ല. അവൾ സ്വന്തം ദുഃഖത്തിൽ ആമഗ്നയായി നടക്കുന്നു. ഈശോ അവളോട് ചോദിക്കുന്നു: "സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? എവിടെ നിന്നാണ് നീ വരുന്നത്? എങ്ങോട്ടാണ് ഒറ്റയ്ക്കു പോകുന്നത്?"
"ഞാൻ ജറുസലേമിൽ നിന്നു വരുന്നു. വീട്ടിലേക്കാണു പോകുന്നത്."
"ദൂരെയാണോ?"
"ജോപ്പായുടേയും സെസ്സേറിയായുടേയും മദ്ധ്യത്തിലാണെന്നു പറയാം."
"നടന്നു പോകയോ?"
"താഴ്വരയിൽ വച്ച് മോഡിനിൽ എത്തുന്നതിനു മുമ്പ് കൊള്ളക്കാർ എന്റെ കഴുതയേയും അതിന്മേൽ വച്ചിരുന്നതുമെല്ലാം അപഹരിച്ചു."
"നീ ഒറ്റയ്ക്കു വന്നതു വിവേകമായില്ല. പെസഹായ്ക്ക് ഒറ്റയ്ക്കു വരുന്ന പതിവില്ലല്ലോ?"
"ഞാൻ പെസഹായ്ക്കു വന്നതല്ല. ഞാൻ വീട്ടിലിരിക്കയായിരുന്നു. കാരണം, എനിക്കു രോഗിയായ ഒരു  മകനുണ്ട്. ഇപ്പോഴും ഉണ്ടെന്നു ഞാൻ  വിചാരിക്കുന്നു. എന്റെ ഭർത്താവ് മറ്റുള്ള ആളുകളുടെ കൂടെപ്പോയി. അവനാദ്യം പോകാൻ ഞാൻ  അനുവദിച്ചു. നാലു ദിവസം കഴിഞ്ഞാണ്‌ ഞാൻ പുറപ്പെട്ടത്. കാരണം, ഞാൻ  പറഞ്ഞു,  റബ്ബി  പെസഹായ്ക്ക് 
തീർച്ചയായും ജറുസലമിൽ ഉണ്ടായിരിക്കും; ഞാനവനെ അന്വേഷിക്കും. എനിക്കു പേടിയുണ്ടായിരുന്നു; എങ്കിലും ഞാൻ പറഞ്ഞു, ഞാൻ തെറ്റു ചെയ്യുന്നില്ലല്ലോ.... ദൈവം കാണുന്നു. ഞാൻ വിശ്വസിക്കുന്നു. അവൻ നല്ലവനാണെന്ന് എനിക്കറിയാം... അവൻ എന്നെ നിരസിക്കയില്ല; കാരണം..." ഭയപ്പെട്ടതുപോലെ പെട്ടെന്നവൾ സംസാരം നിർത്തി. അവളുടെ സമീപെ നടക്കുന്ന മനുഷ്യനെ നോക്കി. അവൻ ആകെ മൂടിപ്പുതച്ചിരിക്കുന്നു. കണ്ണുകൾ മാത്രം കഷ്ടിച്ചുകാണാം.
"എന്തുകൊണ്ടാണ് നീ മൗനിയായത്? നിനക്കെന്നെ ഭയമാണോ? നീ അന്വേഷിക്കുന്നവന്റെ ശത്രുവാണു ഞാൻ എന്നു നീ വിചാരിക്കുന്നുണ്ടോ? കാരണം  നസ്രസ്സിലെ റബ്ബിയെയാണു നീ അന്വേഷിക്കുന്നത്; നിന്റെ വീട്ടിൽ വന്ന് ബാലനെ സുഖപ്പെടുത്തണം എന്നാവശ്യപ്പെടണം, ഭർത്താവ് ദൂരെയായിരിക്കുന്ന സമയത്ത്."
"നീ ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. നീ പറഞ്ഞത് ശരിയാണ്. പക്ഷേ ഞാൻ പട്ടണത്തിലെത്തിയപ്പോൾ ഗുരു മരിച്ചു കഴിഞ്ഞു... " കണ്ണീർ അവൾക്ക് ശ്വാസതടസ്സം വരുത്തി.
"അവൻ ഉയിർത്തു. നീ അതു വിശ്വസിക്കുന്നില്ലേ?"
"എനിക്കറിയാം.... ഞാനത് വിശ്വസിക്കുന്നു. പക്ഷേ ഞാൻ.....  പക്ഷേ ഞാൻ..... കുറെ ദിവസങ്ങൾ ഞാൻ വിചാരിച്ചു ഞാനവനെ കാണുമെന്ന്. അവർ പറയുന്നു, അവൻ ചിലയാളുകൾക്ക് കാണപ്പെട്ടുവെന്ന്... അതിനാൽ ഞാനെന്റെ യാത്ര നീട്ടിവച്ചു. എന്നും അതൊരു പീഡനമായിരുന്നു... കാരണം എന്റെ മകൻ അത്രയ്ക്കും രോഗിയാണ്.  എന്റെ മനസ്സ് രണ്ടുവിധത്തിൽ ചിന്തിച്ചു; ഞാൻ തിരിച്ചുപോയി അവന്റെ മരണസമയത്ത് അവന് ആശ്വാസം നൽകണമോ അതോ ഗുരുവിനെ അന്വേഷിച്ച് തുടർന്ന് താമസിക്കണമോ? ഗുരു എന്റെ വീട്ടിൽ വരണമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല; എന്നാൽ അവനെ  സുഖപ്പെടുത്താം എന്നു പറഞ്ഞെങ്കിൽ മതിയായിരുന്നു.."
"അതു നീ  വിശ്വസിക്കുമായിരുന്നോ? ദൂരെ നിന്ന് അതു ചെയ്യാൻ അവനു സാധിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ?"
"ഞാൻ വിശ്വസിക്കുന്നു... ഓ! അവനെന്നോട് ഇങ്ങനെ പറഞ്ഞെങ്കിൽ  മതിയായിരുന്നു; സമാധാനത്തിൽ പോവുക, നിന്റെ മകൻ സുഖം പ്രാപിക്കും. ഞാൻ സംശയിക്കയില്ല...   എന്നാൽ എനിക്കതിന് അർഹതയില്ല... കാരണം..."  അവൾ കരയുകയാണ്. ശിരോവസ്ത്രം അധരങ്ങളിലേക്കു ചേർത്ത് അമർത്തിപ്പിടിച്ചിരിക്കുന്നു. 
"കാരണം, നിന്റെ ഭർത്താവ്  യേശുക്രിസ്തുവിനെ കുറ്റപ്പെടുത്തുകയും കുരിശിൽ തറയ്ക്കുകയും ചെയ്തവരിൽ ഒരുവനാണ്. എന്നാൽ  യേശുക്രിസ്തു മിശിഹായാണ്. അവൻ ദൈവമാണ്. ദൈവം നീതിമാനാണ്. സ്ത്രീയേ, കുറ്റക്കാരനായ ഒരുവൻ നിമിത്തം, കുറ്റമില്ലാത്തവനെ അവൻ ശിക്ഷിക്കയില്ല. ഒരു പിതാവ് പാപിയായതു കൊണ്ട് അവൻ ഒരമ്മയെ പീഡിപ്പിക്കുകയില്ല. യേശുക്രിസ്തു ജീവിക്കുന്ന കാരുണ്യമാണ്."
"ഓ! നീ ഒരുപക്ഷേ, അവന്റെ അപ്പസ്തോലന്മാരിൽ ഒരുവനാണോ? അവൻ എവിടെയാണെന്ന് ഒരുപക്ഷേ നിനക്കറിയാമായിരിക്കും. നീ... ഒരുപക്ഷേ ഇക്കാര്യം എന്നോടു പറയാൻ അവൻ നിന്നെ അയച്ചതായിരിക്കും. അവൻ എന്റെ പ്രാർത്ഥന കേട്ടു; എന്റെ ദുഃഖം കണ്ടു. എന്റെ വിശ്വാസവും കണ്ടു. തോബിയാസിന്റെ പക്കലേക്കു് അത്യുന്നതൻ റപ്പായേലിനെ അയച്ചതുപോലെ അവൻ നിന്നെ എന്റെ പക്കലേക്കു്  അയച്ചിരിക്കയാണ്. ഇതു ശരിയാണോ എന്ന് എന്നോടു പറയൂ... ഞാനിപ്പോൾ ക്ഷീണിതയാണെങ്കിലും എനിക്കു പനി പിടിച്ചതുപോലെ തോന്നുന്നുണ്ടെങ്കിലും ഞാൻ തിരിച്ചുപോയി കർത്താവിനെ അന്വേഷിച്ചുകൊള്ളാം."
"ഞാൻ അപ്പസ്തോലനല്ല. എന്നാൽ  അപ്പസ്തോലന്മാർ അവന്റെ ഉയിർപ്പിനുശേഷം അനേക ദിവസങ്ങൾ  ജറുസലമിൽ  ഉണ്ടായിരുന്നു."
"അതു  സത്യമാണ്... എനിക്ക് അവരോടു ചോദിക്കാമായിരുന്നു."
"അങ്ങനെ, അവർ  ഗുരുവിന്റെ തുടർച്ചയാണ്."
"അവർക്കു് അത്ഭുതം ചെയ്യുവാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല."
"അവർ  എപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്."
"എന്നാൽ ഇപ്പോൾ... ഞാൻ  കേട്ടത് അവരിൽ ഒരുവൻ മാത്രമേ വിശ്വസ്തനായിരുന്നുള്ളൂ എന്നാണു്. ഞാൻ വിചാരിച്ചില്ല....."
"ശരിയാണ്. നിന്റെ ഭർത്താവ്  നിന്നോടങ്ങനെ പറഞ്ഞു. അവന്റെ തെറ്റായ വിജയാഹ്ളാദത്തിൽ നിന്നെ അവൻ നിന്ദിക്കയായിരുന്നു. എന്നാൽ ഞാൻ നിന്നോടു പറയുന്നു, മനുഷ്യൻ പാപം ചെയ്യാന്‍ പാടുണ്ട്. കാരണം, ദൈവം മാത്രമേ പരിപൂർണ്ണനായിട്ടുള്ളൂ. മനുഷ്യന് അനുതപിക്കാൻ കഴിയും. അവൻ  അനുതപിക്കയാണെങ്കിൽ അവന്റെ ശക്തി 
വർദ്ധിക്കും. ദൈവം  തന്റെ കൃപ അവനിൽ വർദ്ധിപ്പിക്കുന്നു. അത്യുന്നതനായ കർത്താവ് ദാവീദിനു മാപ്പു നൽകിയില്ലേ?"
"എന്നാൽ നീ ആരാണ്? ഇത്ര ശാന്തനായും ജ്ഞാനത്തോടെയും സംസാരിക്കുന്ന നീ അപ്പസ്തോലനല്ലെങ്കിൽ പിന്നെ ആരാണ്? ഒരുപക്ഷേ  എന്റെ മകൻ അന്ത്യശ്വാസം വലിച്ചിട്ടുണ്ടാകും... എന്നെ ഒരുക്കുവാനായിരിക്കും നീ വന്നത്?"
ഈശോ തന്റെ മേലങ്കി താഴെ വീഴ്ത്തി. സാധാരണക്കാരനായ തീർത്ഥാടകന്റെ രൂപം മാറി; മഹത്വീകൃതനായ ദൈവമനുഷ്യൻ. മരിച്ചവരിൽ നിന്നുയിർത്തവൻ. കാരുണ്യം നിറഞ്ഞ മഹിമയോടെ ഈശോ പറയുന്നു: "ഇത് ഞാനാണ്. കുരിശിൽ തറയ്ക്കപ്പെട്ട മിശിഹാ. ഞാനാണ് പുനരുത്ഥാനവും ജീവനും. സ്ത്രീയേ പൊയ്ക്കൊള്ളുക. നിന്റെ മകൻ ജീവിച്ചിരിക്കുന്നു. കാരണം, നിന്റെ വിശ്വാസത്തിനു ഞാൻ പ്രതിസമ്മാനം നൽകുന്നു.  
നിന്റെ മകൻ സുഖം പ്രാപിച്ചു. നസ്രസ്സിലെ റബ്ബി അവന്റെ ദൗത്യം പൂർത്തിയാക്കിയെങ്കിൽ, ഇമ്മാനുവലായ അവൻ, അവന്റെ ദൗത്യം കാലത്തിന്റെ അന്ത്യം വരെ തുടരുന്നു. ഏകവും ത്രിത്വവുമായ ദൈവത്തിൽ വിശ്വാസവും  പ്രത്യാശയും സ്നേഹവും അർപ്പിച്ചിരിക്കുന്നവർക്ക് അത് ലഭിക്കും. അവതരിച്ച വചനം, ആ ത്രിത്വത്തിൽ ഒരുവനാണ്. ദൈവികസ്നേഹത്താൽ അവൻ സ്വർഗ്ഗം വിട്ടിറങ്ങി വന്നു; പഠിപ്പിക്കുവാൻ, സഹിക്കുവാൻ, മനുഷ്യർക്ക് ജീവൻ പ്രദാനം ചെയ്യുന്നതിനായി മരിക്കുവാൻ. സ്ത്രീയേ, സമാധാനത്തിൽ പോകുവിൻ. വിശ്വാസത്തിൽ ദൃഢതയുള്ളവളായിരിക്കുവിൻ."


ഈശോ അവളെ  അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനാകുന്നു.